ഇളംതലമുറയിലേക്ക് നീളുന്ന ലഹരിമാഫിയക്കൈകള്‍

പത്രാധിപർ

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

ലഹരിയുപയോഗവും ലഹരിബാധിച്ചവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനുള്ള പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ ചെയ്യുന്ന കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളുമായാണ് എന്നും ദിനപ്പത്രങ്ങള്‍ നമ്മുടെ പടികടന്നെത്തുന്നത്. 

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിയുപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ രക്ഷിതാക്കളുടെ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പോലും ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി പാര്‍ക്കിലും ബീച്ചിലും അന്യപുരുഷന്മാരുമായി 'തലകിറുങ്ങി' കറങ്ങി നടക്കുന്നു! 

ഇളംതലമുറ ലഹരിവസ്തുക്കള്‍ക്ക് വര്‍ധിച്ച തോതില്‍ അടിമകളായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതക്കു നേരെ ഉത്തരവാദപ്പെട്ടവര്‍ കണ്ണടക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍... എല്ലാവരും ഈ പുഴുക്കുത്തിനെ പിഴുതുമാറ്റുവാന്‍ ബദ്ധശ്രദ്ധരാകേണ്ടിയിരിക്കുന്നു.

ലഹരിമരുന്ന് മാഫിയകള്‍ സ്‌കൂളുകളില്‍ പോലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കി കഞ്ചാവ് വില്‍പന തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. സ്‌കൂളിലെത്തിയ ശേഷം അധ്യാപകരറിയാതെ 'മുങ്ങി'യാണ് പല വിദ്യാര്‍ഥികളും കഞ്ചാവ് കച്ചവടം നടത്തുന്നത്. സ്ഥിരം ആവശ്യക്കാര്‍ക്കാണ് ഇത്തരത്തില്‍ എത്തിക്കുക. കഞ്ചാവിന് അടിമപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കഞ്ചാവും പിന്നെ കമ്മീഷനും നല്‍കി അവര്‍ വരുതിയിലാക്കുന്നു. സഹപാഠികളെ കഞ്ചാവിലേക്ക് ആകര്‍ഷിപ്പിക്കേണ്ട ചുമതലയും ഇവര്‍ക്കുതന്നെ. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പനക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും നിര്‍ബാധം കച്ചവടം നടക്കുന്നു. 

ലഹരിയുടെ പുതുവഴികളാണ് പുതുതലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഹഷീഷ്, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയവ കൂടാതെ പുതുതലമുറയില്‍ പെട്ട എം.ഡി.എം.എ, എല്‍.എസ്ഡി സ്റ്റാമ്പുകള്‍, എക്‌സ്റ്റസി പില്‍സുകള്‍ തുടങ്ങിയ ലഹരിവസ്തുക്കളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. വൈറ്റ്‌നറും ആസ്തമക്കും ക്യാന്‍സറിനും ഉപയോഗിക്കുന്ന മരുന്നുകളുമൊക്കെ ചെലവുകുറഞ്ഞ ലഹരിവസ്തുക്കളായി ഉപയോഗിക്കപ്പെടുന്നു.

ജീവിതമെന്തിന് എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നമ്മുടെ മക്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്. തിന്നും കുടിച്ചും കൂത്താടിയും സ്വയം മറന്നും മൃഗസമാനമായി ജീവിച്ച് ഇഹലോകത്തോട് യാത്ര പറയേണ്ടവരല്ല നമ്മള്‍ എന്നും ഏറെ ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും ഉദാത്തമായ ലക്ഷ്യം ജീവിതത്തിനുണ്ടെന്നും അവര്‍ക്ക് ബോധ്യമാകണം. 

ഇവിടെയാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് പ്രസക്തമാകുന്നത്. വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരിവസ്തുക്കളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു; ലഹരിബാധിക്കാത്തത്ര ചെറിയ അളവാണെങ്കില്‍ പോലും. കാരണം, ഇസ്‌ലാം മനുഷ്യനെ ആദരിക്കുന്നു. ലഹരിയില്‍ മുങ്ങി ജീവിതം തുലക്കാന്‍ മനുഷ്യനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ലഹരിയില്‍ അലിഞ്ഞുതീരാനുള്ളതല്ല മനുഷ്യന്റെ ജീവിതം. അത്‌കൊണ്ടുതന്നെ വിശുദ്ധ ക്വുര്‍ആന്‍ മദ്യവും ചൂതാട്ടവും അടക്കമുള്ള, ശത്രുതയും വിദ്വേഷവും ഇളക്കി വിടുകയും  നാശഹേതുവുമായ എല്ലാ തിന്മകളെയും വിരോധിച്ചു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

''പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?''(5:91).