ഇസ്‌ലാമും പള്ളിയും കോടതിവിധിയും

പത്രാധിപർ

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്, ഇസ്‌ലാംമതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ല മസ്ജിദെന്ന് 1994ല്‍ ഇസ്മായില്‍ ഫാറൂഖി കേസിന്റെ വിധിയില്‍ നടത്തിയ പരാമര്‍ശം പുനഃപരിശോധനയ്ക്കായി വലിയ ബെഞ്ചിനു വിടണമെന്ന ആവശ്യം സുപ്രീം കോടതി തളളിക്കളഞ്ഞിരിക്കുകയാണ്.  

ഇസ്‌ലാമില്‍ പള്ളികള്‍ക്ക് എത്രമാത്രം സ്ഥാനമുണ്ടെന്ന് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമികമായി മനസ്സിലാക്കിയവര്‍ക്കെല്ലാം അറിയാം. പള്ളികള്‍ ഇസ്‌ലാമിന്റ അടയാളമാണ്. പള്ളിയിലുള്ള നമസ്‌കാരത്തിന് പ്രത്യേകതയും ശ്രേഷ്ഠതയുമുണ്ടെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ദിനേനയുള്ള അഞ്ചുനേര നമസ്‌കാരം പുരുഷന്മാര്‍ പള്ളിയില്‍ വെച്ചാണ് നിര്‍വഹിക്കേണ്ടത്. അതിന് സാധിക്കാത്തവര്‍ക്കാണ് മറ്റിടങ്ങളില്‍ വെച്ച് നമസ്‌കരിക്കാന്‍ അനുമതിയുള്ളത്.

ബാബരി മസ്ജിദ് വിഷയത്തെ കേവലം ഒരു കെട്ടിട വിഷയമായാണ് നമ്മുടെ കോടതികള്‍ കാണുന്നത് എന്നതാണ് മനസ്സിലാകുന്ന കാര്യം. ബാബരി മസ്ജിദ് ഇന്ത്യയിലെ ജനാധിപത്യ മതേതരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് അതിന്റെ ആത്മാവ്. ഡോ. ഇസ്മായില്‍ ഫാറൂഖി എന്ന വ്യക്തി 1993ല്‍ ബാബരി മസ്ജിദിന് സമീപം 67.703 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന സാധുതയെ ചോദ്യം ചെയ്ത് ഒരു ഹര്‍ജി ഫയല്‍ ചെയ്തു. അന്നത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ല എന്നൊരു വിധി പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്ന സുന്നി വഖ്ഫ് ബോര്‍ഡ് പ്രസ്തുത വിധിയുടെ മതപരമായ മാനം പുനഃപരിശോധിക്കണം എന്ന പേരില്‍ പ്രസ്തുത കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യമാണ് ഇപ്പോള്‍ നിരാകരിക്കപ്പെട്ടിരിക്കുന്നത്.

നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ കൈവശം വെച്ചിരുന്ന പള്ളി അക്രമോല്‍സുകരായ ആള്‍ക്കൂട്ടം എല്ലാവിധ തയ്യാറെടുപ്പുകളോടെയും വന്ന് പൊളിച്ചുകളഞ്ഞു എന്നതാണ് കേസെന്ന് ലോകത്തിനറിയാം. പള്ളി പൊളിക്കുക, അമ്പലം പൊളിക്കുക എന്നത് മതവിദ്വേഷം, വര്‍ഗീയത എന്നിവയുടെ കീഴില്‍ വരും. ഇവിടെ ചിലര്‍ വരുത്താന്‍ ശ്രമിക്കുന്നത് പള്ളികള്‍ ഇസ്‌ലാമില്‍ ഒരു കെട്ടിടം മാത്രമാണ്, അതിനു ഒരു കെട്ടിടം പൊളിച്ചുകളഞ്ഞ ഗൗരവമേ നല്‍കേണ്ടൂ എന്നാണ്. 'ഭൂമി മുഴുവന്‍ പള്ളിയാക്കി' എന്ന പ്രമാണ വചനം സാധാരണ ഭൂമിയും പള്ളിയും സമമാണ് എന്ന അര്‍ഥത്തിലാണ് എന്ന് ഇവര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പള്ളിയില്‍ വെച്ച് ചെയ്യേണ്ട നമസ്‌കാരം പള്ളിയില്ല എന്ന കാരണത്താല്‍ നടക്കാതെ പോകരുത്. അങ്ങനെ വന്നാല്‍ ഭൂമിയില്‍ വൃത്തിയുള്ള എവിടെയും നമസ്‌കരിക്കാം എന്നതാണ് ഈ പ്രവാചക വചനത്തിന്റെ അര്‍ഥം. അത് പറഞ്ഞ പ്രവാചകന്‍ തന്നെയാണ് പള്ളിയുടെ പ്രാധാന്യവും പഠിപ്പിച്ചത്. പ്രവാചകന്‍ﷺ മദീനയില്‍ ചെന്ന് ആദ്യം ചെയ്തത് പള്ളി നിര്‍മാണമായിരുന്നു എന്നത് തന്നെ പള്ളികള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം വ്യക്തമാക്കുന്നു. 

പള്ളി ഇല്ലെങ്കിലും ഇസ്‌ലാമിന് കുഴപ്പമില്ല എന്ന വിധി ഭാവിയിലും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കും. ഒരു സമൂഹത്തിന്റെ വിശ്വാസത്തെയും അവകാശത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം വിധികള്‍ നമ്മെ ഭയപ്പെടുത്തുന്നു. ബാബരി മസ്ജിദ് ഒരു കെട്ടിടം പൊളിച്ച കാര്യമല്ല. ഒരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ച കാര്യമാണ്. റോഡിനും മറ്റും വേണ്ടി പള്ളികള്‍ പൊളിക്കുന്നു എന്നതാണ് മറുവാദം. അങ്ങനെ വന്നാല്‍ അതിനു പകരം സൗകര്യം കാണും. മാത്രമല്ല ആ നിലപാടും ബാബരി മസ്ജിദ് വിഷയത്തില്‍ ബാധകമല്ല. ഒരു വിഭാഗം കൈവശം വെച്ചിരുന്ന ആരാധനാലയം ശക്തിയും അധികാരവും ഉപയോഗിച്ച് പൊളിച്ചു കളയുക എന്ന ദുരന്തമാണ് ഇവിടെ സംഭവിച്ചത്. 

''പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്...'' (72:18) എന്ന ഒരേയൊരു ക്വുര്‍ആന്‍ വചനം മതി പള്ളികള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം മനസ്സിലാക്കിത്തരാന്‍.