പരസ്യങ്ങളുടെ രഹസ്യങ്ങള്‍

പത്രാധിപർ

2018 നവംബര്‍ 03 1440 സഫര്‍ 23

സാധനങ്ങളെയും സേവനങ്ങളെയും ഉപഭോക്തൃസമൂഹത്തിന്റെ മുമ്പില്‍ പരസ്യപ്പെടുത്തുക എന്ന വ്യാപാരതന്ത്രം പുതിയതല്ല. തങ്ങളുടെ ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ ഗുണപരമായ മൂല്യം ബോധ്യപ്പെടുത്തുവാനുള്ള അവകാശം ഓരോ ഉല്‍പാദകനും സേവനദാതാവിനുമുണ്ട്. ബാനറുകളിലും മതിലുകളിലും പത്രമാധ്യമങ്ങളിലും ഒതുങ്ങിനിന്നിരുന്ന പരസ്യം ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ പുതിയരൂപം കൈവരിച്ചു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് പരസ്യങ്ങളെ ഫലപ്രദമായി വിനിമയം ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല അത് അവരുടെ മുഖ്യവരുമാനമാര്‍ഗം കൂടിയാണ്. 

ഒരു പരിധിവരെ പരസ്യങ്ങള്‍ ഉപഭോക്തൃസമൂഹത്തിന് ഗുണകരമാണ്. പുതിയ സാധനങ്ങളെയും സേവനങ്ങളെയും കുറിച്ചറിയാന്‍ അത് സഹായകമാണ്. ഒരേ ഉല്‍പന്നം തന്നെ വിവിധ ഉല്‍പാദകര്‍ നിര്‍മിക്കുന്നുണ്ട്. ഇവയുടെ ഗുണദോഷങ്ങള്‍ പരസ്യങ്ങളില്‍നിന്ന് മനസ്സിലാകാനും ആവശ്യമുള്ളത് തിരഞ്ഞെടുക്കാനും പരസ്യങ്ങള്‍ സഹായിക്കുന്നു. പുതിയ സേവനങ്ങളെക്കുറിച്ചറിയാനും അവ പ്രയോജനപ്പെടുത്തി ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും പരസ്യങ്ങള്‍ വഴി സാധിക്കും. 

പരസ്യങ്ങള്‍ സമൂഹജീവിതത്തെ സമസ്തമേഖലകളിലും നിയന്ത്രിച്ചുതുടങ്ങിയതോടെയാണ് അവ വരുത്തിവയ്ക്കുന്ന വിപത്ത് സമൂഹം മനസ്സിലാക്കിത്തുടങ്ങിയതും അവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതും. ഇന്ന് ഉപഭോഗസംസ്‌കൃതി പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്ത സംസ്‌കാരത്തിന്റെ ചൂണ്ടയിലെ ഇരകളാണ് പരസ്യങ്ങള്‍. ഈ ഇരകളെ വിഴുങ്ങുന്നതാകട്ടെ സാധാരണക്കാരായ ജനങ്ങളും.

ആവശ്യം, അനാവശ്യം എന്ന വിവേചനങ്ങളെ പരസ്യം ഇല്ലാതാക്കുന്നു. അത് ആവശ്യത്തെ അനാവശ്യമായും അനാവശ്യത്തെ ആവശ്യമായും അവതരിപ്പിക്കുന്നു. ഇല്ലാത്ത ഗുണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച് പരസ്യം ഉപഭോക്താവിനെ മാനസികമായി അടിമപ്പെടുത്തുന്നു. 

യുവതലമുറയാണ് കൂടുതലായും പരസ്യത്തിനടിമപ്പെടുന്നത്. അവര്‍ പരസ്യത്തിലെ നായികാനായകന്‍മാരെ മാതൃകയാക്കുക കൂടി ചെയ്യുന്നു! ചെറിയ കുട്ടികള്‍ പരസ്യത്തിന്റെ നിറപ്പൊലിമയിലും സംഗീതാത്മകതയിലും ഭ്രമിച്ച് അതില്‍ കാണുന്ന സാഹസിക രംഗങ്ങളെ അനുകരിക്കാന്‍ ശ്രമിച്ച് അപകടത്തിലായ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. 

പരസ്യം മനുഷ്യരില്‍ ചില അപകര്‍ഷ ബോധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വരുമാനത്തിനൊത്ത് ചെലവു ചെയ്യാനുള്ള ഒരുവന്റെ ആന്തരിക ചോദനയെ അത് അട്ടിമറിക്കുന്നു. ഉപയോഗത്തില്‍ നിന്നും ഉപഭോഗത്തിലേക്ക് ഒരാളെ നയിക്കുവാന്‍ പരസ്യത്തിന് കഴിയുന്നു. കടക്കെണിയിലേക്കും നെരാശ്യത്തിലേക്കും കൂപ്പുകുത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിലുള്ള പരസ്യങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ല.

പരസ്യത്തെ മുഖ്യവരുമാനമായി സ്വീകരിച്ചിരിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് ചെയ്യുന്നത് വലിയ പാതകമാണ്. അറിയേണ്ടത് അറിയിക്കാതിരിക്കാനും അറിയിക്കേണ്ടാത്തത് അറിയിക്കാനും പരസ്യദാതാക്കളെ ഭയന്ന് അവര്‍ തയ്യാറാകുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന കോടികളുടെ പരസ്യം മുടങ്ങരുത് എന്ന ചിന്തയാല്‍ മാധ്യമധര്‍മം കാറ്റില്‍ പറത്തുന്നു. വിശ്വാസത്തെയും ജീവിതവീക്ഷണത്തെയുമൊക്കെ മാറ്റിമറിക്കാന്‍ പരസ്യങ്ങള്‍ക്ക് കഴിയുന്നു. സ്വന്തം വ്യക്തിത്വത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും തിരഞ്ഞെടുപ്പിനുള്ള കഴിവിനെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കേ ആധുനികലോകത്തെ പരസ്യങ്ങളില്‍നിന്ന് കുതറിമാറാനാവുകയുള്ളൂ.