സാമൂഹ്യമാധ്യമങ്ങള്‍ അന്യരെ അപമാനിക്കാനുള്ളതോ?‍

പത്രാധിപർ

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

വിവരസാങ്കേതികവിദ്യയുടെ പുതിയ കാലഘട്ടം വിവരദോഷത്തിന്റെ കൂടി കാലഘട്ടമായി മാറിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം, തനിക്കിഷ്ടമില്ലാത്തവരുടെ അഭിമാനത്തെ പിച്ചിച്ചീന്താം എന്ന അവസ്ഥയാണുള്ളത്. 

ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുഹമ്മദ് നബിﷺ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അറഫയില്‍ സമ്മേളിച്ച ഹജ്ജ് തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ''ജനങ്ങളേ! നിങ്ങളുടെ ജീവനും നിങ്ങളുടെ ധനവും നിങ്ങളുടെ അഭിമാനവും ഈ സുദിനവും ഈ മാസവും ഈ സ്ഥലവും പോലെ പവിത്രങ്ങളാകുന്നു.''

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം  മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസരിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 49:11-12).

'ഞാന്‍ നിങ്ങളെ അക്രമികളും മര്‍ദകരുമായല്ല ജനങ്ങളുടെ മാര്‍ഗദര്‍ശികളും നേതാക്കളുമായാണ് നിയോഗിക്കുന്നത്. ജനങ്ങളെ മര്‍ദിച്ചുകൊണ്ട് അവരെ പതിതരും അഭിമാന വ്രണിതരുമാക്കുന്നത് സൂക്ഷിച്ചുകൊള്ളുക' എന്ന് പ്രവിശ്യകളിലേക്ക് ഗവര്‍ണര്‍മാരെ നിശ്ചയിക്കുമ്പോള്‍ ഉമര്‍്യ  അവരെ ഉപദേശിക്കാറുണ്ടായിരുന്നു. 

ഒരു വാക്ക് മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. അത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതോടുകൂടി നിമിഷങ്ങള്‍ക്കകം ആയിരങ്ങളിലേക്ക് അത് എത്തിച്ചേരും. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാതെ കിട്ടിയവര്‍ കിട്ടിയവര്‍ ഷെയര്‍ ചെയ്തുകൊണ്ടേയിരിക്കും. 

നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെറിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ എമ്പാടുമുണ്ട്. അത്തരക്കാര്‍ ഈ നബിവചനം ഓര്‍ക്കുക:

അബൂഹുറയ്‌റ(റ) വില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ''വല്ലവനും അപരന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുകയോ അതിക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഉപകരിക്കാത്ത ആ ദിനം വന്നെത്തുംമുമ്പ് ഈ ലോകത്ത് വെച്ചുതന്നെ മാപ്പ് ചോദിച്ച് തന്റെ പാപത്തില്‍നിന്ന് മോചനം നേടിക്കൊള്ളട്ടെ. അല്ലാത്തപക്ഷം അന്ത്യദിനത്തില്‍ അവന്റെ സല്‍കര്‍മങ്ങള്‍ അക്രമിക്കപ്പെട്ടവന് പകരം നല്‍കുന്നതായിരിക്കും. അവന്റെ പക്കല്‍ സല്‍കര്‍മങ്ങളൊന്നും ഇല്ലെങ്കില്‍ അക്രമിക്കപ്പെട്ടവന്റെ ദുഷ്‌കര്‍മങ്ങള്‍ അവന്റെമേല്‍ ചുമത്തപ്പെടുന്നതായിരിക്കും'' (ബുഖാരി). 

ആരുടെയെങ്കിലും അഭിമാനത്തിന് വാക്കാലോ, പ്രവൃത്തിയാലോ ക്ഷതം വരുത്തിയിട്ടുണ്ടെങ്കില്‍ നേരില്‍ കണ്ട് മാപ്പ് ചോദിക്കുക. അല്ലാത്തപക്ഷം എന്ത് സംഭവിക്കുമെന്ന് മുകളില്‍ ഉദ്ധരിച്ച നബിവചനത്തിന്റെ അവസാനത്തിലുള്ള മുന്നറിയിപ്പില്‍നിന്ന് മനസ്സിലാക്കുക.