നന്മയുടെ നറുമണം

പത്രാധിപർ

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

പ്രളയസമയത്ത് ജാതിയും മതവും പാര്‍ട്ടിയും മറന്നാണ് രക്ഷാപ്രവര്‍ത്തനങ്ങളിലും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിലുമെല്ലാം ജനങ്ങള്‍ ഏര്‍പെട്ടത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം നന്മകള്‍ ചെയ്യല്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഭൗതികമായ ലാഭേച്ഛയില്ലാതെ സകല നന്മകളിലും തന്നാലാകും വിധം പങ്കാളിയാവുക എന്നത് അവരുടെ ബാധ്യതയാണ്.

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തല്‍ അനിവാര്യമാണെന്ന്  ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബിﷺ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. മനുഷ്യനോട്, സമൂഹത്തില്‍ നിന്നുമകന്ന് ആരുമായും യാതൊരു ബന്ധവും പുലര്‍ത്താതെ ആരെയും യാതൊരുനിലയ്ക്കും സഹായിക്കാതെ ആരാധനകളില്‍ നിരതനായി ഒറ്റപ്പെട്ടു ജീവിക്കുവാനല്ല ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. അവന്‍ സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവനുള്ള റോളുകളില്‍നിന്ന് അവന്‍ ഒളിച്ചോടുവാന്‍ പാടില്ല. മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, സഹോദരീ സഹോദരന്മാരോട്, കുടുംബക്കാരോട്, അയല്‍വാസികളോട്, അഗതികളോട്, അനാഥരോട്, ജീവജാലങ്ങളോട്.... അങ്ങനെ എല്ലാവരോടും എല്ലാറ്റിനോടും നന്മയില്‍ വര്‍ത്തിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. 

സത്യസന്ധത, കാരുണ്യം, ദയ, വിശ്വസ്തത, വിട്ടുവീഴ്ച, ക്ഷമ, വിനയം, നന്മയില്‍ സഹകരിക്കല്‍ തുടങ്ങിയ, മനുഷ്യബന്ധങ്ങളെ സ്‌നിഗ്ധമാക്കുന്ന മുഴുവന്‍ ഗുണങ്ങളും ഉള്‍ക്കൊള്ളുവാനും  കളവ്, വഞ്ചന, അഹങ്കാരം, പാരുഷ്യം, കോപം, അസൂയ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളും വെടിയുവാനും പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങിയ മുഴുവന്‍ ദുശ്‌ചെയ്തികളും വര്‍ജിക്കുവാനും ഒരു മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്.  

ദൈവത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ ദൈവത്താല്‍ നിയുക്തരായിരുന്ന ദൈവദൂതന്മാര്‍ നന്മകളില്‍ ധൃതികാണിക്കുന്നവരായിരുന്നു: ''...തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) നന്മകളിലേക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു'' (21:90).

നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവരുടെ ഗുണങ്ങള്‍ അല്ലാഹു വിവരിക്കുന്നതു കാണുക: ''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും'' (23:57-61).

നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍ക്കാണ് വിജയം. അത് മഹത്തായ അനുഗ്രഹമാണ്: ''...അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം'' (35:32).

അബൂദര്‍റ് ജുന്‍ദബിബ്‌നുജുനാദഃ(റ)യില്‍നിന്ന് നിവേദനം. നബിﷺ എന്നോട് പറഞ്ഞു: ''നന്മയില്‍ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും'' (മുസ്‌ലിം).

നിസ്സാരമായ ഒരു നന്മയ്ക്കുപോലും ഇസ്‌ലാം നല്‍കുന്ന സ്ഥാനം ഈ നബിവചനത്തില്‍നിന്നു തന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കേണ്ടതില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും. പുഞ്ചിരിയോടെ ഒരാളെ അഭിമുഖീകരിക്കുക എന്നതുപോലും അവഗണിക്കാവുന്നതല്ല. മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാത്തവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. ചില്ലറ പിണക്കം പോലും ഒരു പുഞ്ചിരിയില്‍ മാഞ്ഞുപോകുമെന്നതാണ് യാഥാര്‍ഥ്യം.  സ്രഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും എന്തെല്ലാമെന്ന് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യല്‍ സത്യവിശ്വാസിയുെട കടമയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല'' (6:161).