പിന്തിരിയുന്നവന്‍ ലക്ഷ്യം കാണില്ല

പത്രാധിപർ

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

ഗുഗ്ലിയേല്‍മോ മാര്‍ക്കോണി അന്തരീക്ഷത്തിലൂടെ വെദ്യുത കാന്തിക തരംഗങ്ങള്‍ ദൂരദേശങ്ങളിലേക്ക് അയക്കാനാവുമോ എന്ന പരീക്ഷണങ്ങളുമായി വീട്ടിലെ കളപ്പുരയില്‍ അടഞ്ഞുകൂടിയിരിപ്പാണ്. ഹെര്‍ട്‌സിയന്‍ തരംഗങ്ങള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കാനാവുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ തല നിറയെ.

യഥാര്‍ഥത്തില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ കണ്ടെത്തിയ ഹെര്‍ട്‌സിന് പോലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ മാര്‍ക്കോണിയുടെ പരീക്ഷണങ്ങളെ പലരും ചിരിച്ചുതള്ളി.

ശൂന്യതയിലൂടെ പറന്നെത്തുന്ന സന്ദേശങ്ങള്‍ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്ന മാര്‍ക്കോണി വിഡ്ഢികളുടെ സ്വര്‍ഗത്തിലാെണന്നു പറഞ്ഞ് പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ മാര്‍ക്കോണി പിന്മാറിയില്ല. അദ്ദേഹം അന്ന് പിന്മാറിയിരുന്നെങ്കില്‍ ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് 1912 ഏപ്രില്‍ 14ന് അതിന്റെ കന്നിയാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ചുതകര്‍ന്ന വാര്‍ത്ത പുറംലോകമറിയില്ലായിരുന്നു. തകര്‍ന്ന കപ്പലിലെ 2200 യാത്രക്കാരില്‍ 700 പേരെയെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് ആ കപ്പലില്‍ മാര്‍ക്കോണി സ്ഥാപിച്ചിരുന്ന വയര്‍ലെസ് യന്ത്രത്തിന്റെ സഹായത്താലായിരുന്നു. 

വയര്‍ലെസിന്റെയും റേഡിയോയുടെയും ആദ്യരൂപം മെനഞ്ഞെടുക്കുന്നതിന്റെ തീവ്രശ്രമങ്ങള്‍ക്കിടെ മാര്‍ക്കോണിയെ പരിഹസിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഉറ്റബന്ധുക്കള്‍ മുതല്‍ അടുത്ത സ്‌നേഹിതന്മാര്‍ വരെ ഉണ്ടായിരുന്നു. എന്നിട്ടും മാര്‍ക്കോണി പിന്തിരിഞ്ഞില്ല. 

പിന്തിരിഞ്ഞു കളയുന്നവന്‍ ഒരിക്കലും ലക്ഷ്യം കാണുകയില്ല. ലക്ഷ്യം കണ്ടെത്തുന്നവര്‍ ഒരിക്കലും പിന്തിരിഞ്ഞോടിക്കളയുന്നവരാകില്ല. 

ഭ്രാന്താണെന്ന നിഗമനത്തില്‍ മനോരോഗ വിദഗ്ധന്റെ അടുക്കല്‍ എത്തിച്ചിട്ട് പോലും മാര്‍ക്കോണി പിന്തിരിയാതിരുന്നത് ഈ തിരിച്ചറിവിന്റെ ബലത്തിലാണ്. 

പരാജയം കാണുന്നിടത്ത് പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ ലോകത്ത് ഇന്ന് ഒരു മനുഷ്യനും എഴുന്നേറ്റ് നടക്കില്ലായിരുന്നു. കാരണം കുഞ്ഞുനാളില്‍ പല തവണ വീണിട്ടും വീണ്ടും വീണ്ടും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും ശ്രമിച്ചതിനാലാണ് ഓരോ മനുഷ്യനും നടക്കാന്‍ ശീലിച്ചത്.

ലക്ഷ്യപ്രാപ്തിയിലേക്ക് ക്ലേശങ്ങള്‍ സഹിച്ച് മുന്നേറുവാനും പരാജയങ്ങളില്‍ നിന്ന് പാഠമുള്‍െക്കാണ്ട് വിജയത്തിലേക്ക് കുതിക്കുവാനുമാണ് വിശ്വാസികളോട് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്.  

ഭൗതിക ലോകത്തിന്റെ നിസ്സാരതയും പാരത്രിക ലോകത്തിന്റെ അനശ്വരതയും മനസ്സിലാക്കുകയും ഈ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ ഈ ലോകത്ത് അല്‍പമൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും അത് പാരത്രിക ലോകത്തേക്കുള്ള സമ്പാദ്യമാക്കി മാറ്റാന്‍ വിശ്വാസികള്‍ക്ക് കഴിയും. തന്റെ ആഗ്രഹങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കുമുപരി അല്ലാഹുവിന്റെ തീരുമാനമാണ് നടപ്പിലാവുക എന്ന് മനസ്സിലാകുന്ന വിശ്വാസി നന്മയ്ക്കായി അധ്വാനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതോടൊപ്പം താന്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ നിരാശപ്പെടാതിരിക്കുകയും വേണം.