അയോധ്യ ഒരിക്കല്‍കൂടി കലാപഭൂമിയാകുമോ?

പത്രാധിപർ

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

സ്വതന്ത്ര ഭാരതത്തില്‍ നടന്ന പരസ്യവും ആസൂത്രിതവും സംഘടിതവുമായ ഒരു ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 1992 ഡിസംബര്‍ ആറിനാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയ ആ ഹീനമായ കൃത്യം നടന്നത്. 

പള്ളി നിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന സംഘ്പരിവാര്‍ സ്വപ്‌നം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പൂവണിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോഴൊക്കെയും നാടും കാടുമിളക്കിക്കൊണ്ട് ക്ഷേത്രനിര്‍മാണമെന്ന ആശയത്തെ സജീവമാക്കി നിലനിര്‍ത്തുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരെ അതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുക എന്ന നയമാണ് ഹിന്ദുത്വവാദികള്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. അധികാരത്തിലേറാനുള്ള ആയുധമായി അവരതിനെ ഉപയോഗിക്കുന്നു എന്നര്‍ഥം. 

എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കൂടി ആസന്നമായിരിക്കുന്ന വേളയില്‍ വി.എച്ച്.പിയും ശിവസേനയും കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാര്‍ണത്തില്‍ അന്തിമപോരാട്ടം പ്രഖ്യാപിച്ച് വി.എച്ച്.പിയും ക്ഷേത്ര നിര്‍മാണം വൈകിയാല്‍ ബി.ജെ.പിക്ക് രണ്ടാമൂഴം കിട്ടില്ലെന്ന താക്കീതുമായി ശിവസേവയും രംഗത്തുവന്നിരിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ബി.െജ.പിയുടെ കൂടി ആശിര്‍വാദത്തോടെ നടക്കുന്ന നാടകമാണോ അല്ലേ എന്ന് വ്യക്തമല്ല. 

ഏതായാലും അയോധ്യയില്‍ വീണ്ടും വര്‍ഗീയതയുടെ തീ ആളിപ്പടരാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ട്. വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ നടത്തിയ ധര്‍മസഭയില്‍ പങ്കെടുത്ത പല യുവാക്കളുടെയും പക്കല്‍ കത്തിയും വാളും മുളവടിയുമൊക്കെയുണ്ടായിരുന്നു എന്നും ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടന്ന അവരെ കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല എന്നും കേള്‍ക്കുമ്പോള്‍ ഇങ്ങ് കേരളത്തിലിരിക്കുന്ന സമാധാനകാംക്ഷികളുടെ സ്വസ്ഥത പോലും നഷ്ടപ്പെടുന്നുവെങ്കില്‍ അയോധ്യയിലെ ന്യൂനപക്ഷ മുസ്‌ലിംകളുടെ അസ്ഥയെന്തായിരിക്കും? അവരില്‍ പലരും സ്വജീവനും കൊണ്ട് നാടുവീടും വിട്ട് പോയിട്ടുണ്ട്. 

മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇടമില്ലാത്ത ഒരു ദേശത്തെയും ദേശീയതയെയുമാണ് വാസ്തവത്തില്‍ സംഘ്പരിവാര്‍ സ്വപ്‌നം കാണുന്നത്. പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരെല്ലാം ഒന്നുകില്‍ മുസ്‌ലിംകളാണ്, അല്ലെങ്കില്‍ താഴ്ന്ന ജാതിക്കാരാണ്.  

പശുവിന്റെ വിശുദ്ധിയെയും അയോധ്യയില്‍ ബാബര്‍ തകര്‍ത്ത രാമക്ഷേത്രത്തെയും ചൂണ്ടിക്കാട്ടി ഹൈന്ദവ വികാരം ഉയര്‍ത്തിവിട്ട് അവ വോട്ടാക്കി മാറ്റുക എന്നതാണ് ഇവര്‍ പയറ്റുന്ന തന്ത്രം. മുസ്‌ലിംകള്‍ ഇന്ത്യയിലെത്തിയ ശേഷമാണ് ഇന്ത്യക്കാര്‍ മാട്ടിറച്ചി തിന്നാന്‍ തുടങ്ങിയത് എന്നിവര്‍ ജല്‍പിക്കുന്നു. ഈ വാദം വേദങ്ങളോട് പോലും പൊരുത്തപ്പെടുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. 

ശ്രീരാമന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം ബാബര്‍ നശിപ്പിച്ചു എന്ന പ്രചാരണം ചരിത്ര സത്യത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ബാബര്‍ മരിച്ച് വളരെക്കഴിയും മുമ്പ് തന്നെ തുളസീദാസ് രചിച്ച 'രാമചരിതമാനസി'ല്‍ അയോധ്യയിലെ രാമക്ഷേത്രം നശിപ്പിച്ചതിനെക്കുറിച്ച് ഒരു പരാമര്‍ശവും കാണാത്തതെന്തുകൊണ്ടാണ്? എന്തിനേറെ സവര്‍ക്കറുടെയോ ഗോര്‍വാള്‍ക്കറുടെയോ വിവേകാനന്ദന്റെയോ അരബിന്ദോയുടെയോ രചനകളില്‍ ഒരിടത്ത് പോലും അതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?