ധൂര്‍ത്തിന്റെ നോമ്പുതുറക്ക് കടിഞ്ഞാണിടുക

പത്രാധിപർ

2018 മെയ് 19 1439 റമദാന്‍ 03

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളില്‍ നിന്നും വികാരപൂര്‍ത്തീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരു കര്‍മമാണ് ഇസ്‌ലാമിലെ വ്രതം.  വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന്ന് വിശ്വാസികളെ സജ്ജമാക്കുന്നു. ദൈവഹിതത്തെ മാത്രം മാനിച്ചുകൊണ്ട് ആഹാരപാനീയങ്ങള്‍ വെടിയുകയും വികാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരാളില്‍ ദൈവബോധവും സൂക്ഷ്മതയും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

വ്യക്തിയെ സ്വയംനിയന്ത്രണത്തിന് പാത്രമാക്കുകയും മ്ലേഛമായ സ്വഭാവങ്ങളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്ന മഹത്തായ ഒരു ആരാധനയാണ് വ്രതം എന്നിരിക്കെ അനിയന്ത്രിതമായ ജീവിതം നയിക്കുകയും മ്ലേഛതകളില്‍ വിഹരിക്കുകയും ചെയ്യുന്നവരായി നോമ്പുകാരില്‍ ചിലരെങ്കിലും മാറുന്നുവെങ്കില്‍ അവര്‍ നോമ്പിന്റെ ആത്മാവ് തൊട്ടറിയാത്തവരും അതിന്റെ  ചൈതന്യം ഉള്‍ക്കൊള്ളാത്തവരുമായിരിക്കുമെന്നതില്‍ സംശയമില്ല. 

ജീവിതത്തില്‍ ഉത്തമമായ മാറ്റത്തിന് വിധേയമാവാന്‍ നോമ്പുകൊണ്ട് കഴിയേണ്ടതുണ്ട്. സംസാരത്തിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും അത് സാധീനം ചെലുത്തേണ്ടതുണ്ട്. പകല്‍ സമയം ഭക്ഷണ പാനീയങ്ങള്‍ വര്‍ജിക്കുന്നതിന് പകരമെന്നോണം രാത്രിയെ തീറ്റയാല്‍ സജീവമാക്കുന്ന പ്രവണതയാണിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വിശപ്പും ദാഹവും തീര്‍ക്കുക എന്നതിനപ്പുറം മൂക്കറ്റം വാരിവലിച്ചുതിന്ന് ഇശാഅ് നമസ്‌കാരത്തിനോ തറാവീഹ് നമസ്‌കാരത്തിനോ പോകാന്‍ കഴിയാതെ മയങ്ങിക്കിടക്കുന്ന അവസ്ഥയിലേക്കുവരെ പലരും ചെന്നെത്താറുണ്ട്. 

നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നത് വളരെയധികം പ്രതിഫലാര്‍ഹമായ കാര്യമാണ്. എന്നാല്‍ ഇന്ന് പല നോമ്പുതുറകളും ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആഘോഷ വേളകളാണ്. നോമ്പ് തുറപ്പിക്കുന്നതിന്റെ പുണ്യം നേടുക എന്നതല്ല, അതിഗംഭീരമായ നോമ്പുതുറ നടത്തി എന്ന  ഖ്യാതി നേടലാണ് പലരുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ അത്തരം നോമ്പുതുറകളില്‍ നിന്ന് നോമ്പുള്ള സാധാരണക്കാര്‍ അകറ്റപ്പെടുകയും നോമ്പുള്ളവരും ഇല്ലാത്തവരുമായ സമ്പന്നര്‍ ക്ഷണിക്കപ്പെടുകയും ചെയ്യലാണ് പതിവ്. 

ഗംഭീരമായ നോമ്പുതുറ നടത്തുവാന്‍ കയ്യില്‍ കാശില്ലാത്ത ചിലര്‍ പലിശക്ക് കടംവാങ്ങി വരെ നോമ്പുതുറ നടത്താറുള്ളത് വാസ്തവമാണ്. പുണ്യം നേടാന്‍ ഹറാമിന്റെ മാര്‍ഗം സ്വീകരിക്കുന്നതിലെ വൈരുധ്യത്തെക്കുറിച്ച് ചിന്തിക്കുക.  നോമ്പ് തുറക്കുന്ന വേളയില്‍ ഡസന്‍ കണക്കിന് എണ്ണപ്പലഹാരങ്ങളും ഇഷ്ടം പോലെ പഴവര്‍ഗങ്ങളും നിരത്തിവെക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. പിന്നെ മഗ്‌രിബ് നമസ്‌കാര ശേഷം കഴിക്കാന്‍ വിളമ്പുന്നത് ബിരിയാണി, കഫ്‌സ, പത്തിരി, പൊറോട്ട, ചിക്കന്‍, ബീഫ് തുടങ്ങി അനേകം വിഭവങ്ങളും. അവസാനം നല്ലൊരു ശതമാനം ഭക്ഷണവും വേസ്റ്റ് കുഴിയില്‍ വലിച്ചെറിയപ്പെടുന്നു. 

ഇതില്‍ ഒരു മാറ്റം വരേണ്ടത് അനിവര്യമാണ്. റമദാന്‍ എന്നു പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് തീറ്റയുടെ ആഘോഷമാണ് എന്ന് മറ്റുള്ളവര്‍ വിചാരിക്കുന്ന അവസ്ഥയാണിന്നുള്ളത്. നമ്മള്‍ തന്നെയാണ് ഇതിനു കാരണക്കാര്‍. അതിനാല്‍ മാറേണ്ടത് നമ്മളാണ്, നമ്മുടെ മനോഗതിയാണ്. തിന്നുന്നതിലും കുടിക്കുന്നതിലുമെല്ലാം മിതത്വം പാലിക്കുവാന്‍ കല്‍പിച്ച മതമാണ് ഇസ്‌ലാം. 

റമദാനിന്റെ ദിനരാത്രങ്ങളെ ആരാധനയാല്‍ സജീവമാക്കുന്നതിലാണ് വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്; നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യങ്ങളിലല്ല.