ക്വാറൂനിന്റെ ദുരന്തം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

മൂസാനബി(അ): 22

അനേകം അനുഗ്രഹങ്ങള്‍ക്കും തെളിവുകള്‍ക്കും സാക്ഷികളായ ബനൂഇസ്‌റാഈല്യര്‍ ഒരിക്കല്‍ പോലും നന്ദി കാണിക്കുവാന്‍ തയ്യാറായില്ല. അതു കാരണത്താല്‍ അവരുടെ ഹൃദയം കല്ലിനെ പോലും തോല്‍പിക്കും വിധം കടുത്തതായി മാറി. 

മൂസാനബി(അ)യുടെ കാലത്ത് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ധിക്കാരം കാണിച്ച, ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയായ ഫിര്‍ഔനിന്റെ പതനത്തെക്കുറിച്ച് നാം മനസ്സിലാക്കിയല്ലോ. അധികാരത്തിന്റെ അഹങ്കാരം മൂത്തതിനാലുള്ള പതനത്തിന്റെ ഉദാഹരണമാണ് ഫിര്‍ഔനെങ്കില്‍ സമ്പന്നതയാല്‍ അഹങ്കാരം നടിച്ചതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ക്വാറൂന്‍. മൂസാനബി(അ)യുടെ ജനതയില്‍ പെട്ടവന്‍ തന്നെയാണ് ക്വാറൂനും. അല്ലാഹു പറയുന്നു:  

''തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28:76-78).

ക്വാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു. ക്വാറൂന്‍ ചരിത്രത്തില്‍ അറിയപ്പെട്ട വലിയ ഒരു ധനാഢ്യനാണ്. മൂസാനബി(അ)യുടെ കുടുംബത്തില്‍ പെട്ടവനായിരുന്നു അവനെന്നും പറയപ്പെടുന്നു.

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. 

സമ്പത്തിന്റെയും അധികാരത്തിന്റെയും ഗര്‍വില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും  ദീനിനോടും വെല്ലുവിളി നടത്തിയാല്‍ അല്ലാഹു അവരെ വെറുതെ വിടില്ല എന്ന് ക്വാറൂനിന്റെയും ഫിര്‍ഔനിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പും താക്കീതുമാണ്. 

ക്വാറൂനിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ അധിക പരാമര്‍ശം ഇല്ല. മൂസാനബി(അ)യുടെ ശത്രുക്കളുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വാറൂനിന്റെയും പേര് കാണാന്‍ സാധിക്കും.

''ക്വാറൂനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല'' (ക്വുര്‍ആന്‍ 29:39).

ക്വാറൂന്‍ മൂസാനബി(അ)യോട് എത്രമാത്രം ശത്രുത കാട്ടിയിരുന്നു എന്നത് ഫിര്‍ഔനിന്റെ കൂടെ അവന്റെ പേര് ചേര്‍ത്തിപ്പറഞ്ഞതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

ക്വാറൂന്‍ മൂസാനബി(അ)യുടെ കൂടെ ആദ്യനാളുകളില്‍ കൂടിയവനും ഫിര്‍ഔന്‍ എന്ന അഹങ്കാരിയെ അല്ലാഹു വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായവനും കൂടിയാണ്. എന്നാല്‍ തന്റെ ഭൗതികമായ ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ ക്വാറൂന്‍ തന്റെ പണവും അനുയായി വൃന്ദത്തിന്റെയും പരിചാരകരുടെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മറ്റും എണ്ണവും വണ്ണവും മോടിയുമെല്ലാം ചൂണ്ടിക്കാട്ടി 'ഇതെല്ലാം എനിക്കേയുള്ളൂ' എന്ന് അഹങ്കരിച്ചു. മൂസാനബി(അ)യുടെ തൗഹീദീ പ്രബോധനത്തിന് തടയിടാന്‍ അവന്‍ ശ്രമിച്ചു.

ഒരാളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂ. ആദ്യം വിശ്വാസിയാവുകയും പിന്നീട് പ്രവാചകനോട് പ്രത്യക്ഷമായും പരോക്ഷമായും ശത്രുത കാണിച്ച് വഴികേടിലാവുകയും ചെയ്തവനാണല്ലോ ക്വാറൂന്‍. അത് നമുക്കൊരു പാഠമാണ്; എപ്പോഴും നാം നമ്മുടെ ഹൃദയത്തെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം. എത്രയോ ആളുകള്‍ സത്യത്തിന് വേണ്ടി ത്യാഗം സഹിക്കുകയും പിന്നീട് വഴിതെറ്റി അധഃപതനത്തില്‍ ജീവിതം നയിച്ച് മരണമടയുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമ്മുടെ അവസാനം ഏറ്റവും നല്ല രൂപത്തില്‍ ആകാന്‍ നാം പ്രാര്‍ഥിക്കണം.

ക്വാറൂനിന്റെ ധാരണ, അവന്റെ സമ്പത്തിന്റെ ബലത്തിലാണ് മൂസാ(അ) നിലനില്‍ക്കുന്നത് എന്നായിരുന്നു. ഞാനൊന്ന് മാറി നിന്നാല്‍ മൂസാ(അ)യുടെ ശക്തി ക്ഷയിക്കുമെന്നും അവന്‍ ധരിച്ചു. എന്നിട്ട് അവന്‍ മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കുമെതിരില്‍ തിരിഞ്ഞു. അതിരുവിട്ട് പെരുമാറാന്‍ തുടങ്ങി. അവന്റെ സഹായങ്ങളെല്ലാം അവന്‍ അവസാനിപ്പിച്ചു. നീ ഇനി എന്ത് ചെയ്യും എന്ന് എനിക്കൊന്ന് കാണണം എന്ന് പറഞ്ഞ് മൂസാനബി(അ)യെ അവന്‍ വെല്ലുവിളിച്ചു.

അല്ലാഹു ഏതൊരാള്‍ക്ക് അനുഗ്രഹം നല്‍കുന്നതും ഉള്ളതില്‍ കുറവ് വരുത്തുന്നതും അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണല്ലോ. ക്വാറൂനിന് അല്ലാഹു പരീക്ഷിക്കാനായി ഭൗതിക സൗകര്യങ്ങള്‍ എമ്പാടും നല്‍കി. പക്ഷേ, ആ അനുഗ്രഹങ്ങള്‍ക്കൊന്നും അവന്‍ നന്ദി കാണിച്ചില്ല. 

അല്ലാഹുവാണ് നമുക്ക് എല്ലാം നല്‍കിയത്. അവനാണ് നല്ല സ്വഭാവത്തെയും സംസ്‌കാരത്തെയും ഉപജീവനത്തെയും നമുക്ക് വീതിച്ച് തന്നത്. നബിﷺയുടെ ഒരു വചനം കാണുക:

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉപജീവനം വീതിച്ചത് പോലെ നിങ്ങളുടെ സ്വഭാവങ്ങളും നിങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. (അതുപോലെ) അല്ലാഹു അവന് ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സമ്പത്ത് നല്‍കുകയും വിശ്വാസത്തെ അവന് ഇഷ്ടമില്ലാത്തവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തിരിക്കുന്നു''(അദബുല്‍ മുഫ്‌റദ്). 

ക്വാറൂനിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അവരിലെ മല്ലന്മാര്‍ക്ക് പോലും വഹിക്കാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ അവന്റെ സമ്പത്ത് എത്ര ഉണ്ടായിരിക്കും!

അവന്റെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണ്ഠാഭരണങ്ങളുടെയും നിധികള്‍ ആണ് ഇതിന്റെ ഉദ്ദേശം എന്ന് അഭിപ്രായപ്പെട്ട ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉണ്ട്. ഏതായിരുന്നാലും അവന്‍ അതിസമ്പന്നനായിരുന്നു എന്ന് വ്യക്തം. 

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ കൂടിയിരുന്നുവല്ലോ. ആ സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും  അഹന്തയും കാണിക്കാന്‍ തുടങ്ങി. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബി(അ)യും കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.

അല്ലാഹു നല്‍കിയ അനുഗ്രഹം ഇഷ്ടാനുസരണം കൈകാര്യം ചെയ്യുന്നതിലെ അസൂയ കാരണമാണ് ഇവര്‍ തന്നെ ഉപദേശിക്കുന്നതെന്ന് വിചാരിക്കാതിരിക്കാന്‍ അവര്‍ അവനോട്  ഇങ്ങനെയും പറഞ്ഞു:

''അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28:77).

അവര്‍ അവനെ ഉപദേശിച്ചതിലെ ചുരുക്കം ഇതാണ്: 'ഇഹലോക ജീവിതം നിശ്ചിത അവധി വരെ മാത്രമാണ്. പലതും നല്‍കപ്പെട്ട എത്രയോ വലിയവന്മാര്‍ നിന്ദ്യരായി അല്ലാഹുവിലേക്ക് മടക്കപ്പെട്ടിട്ടുണ്ട്. ഐഹിക ജീവിതത്തില്‍ തനിക്ക് കിട്ടിയ സമ്പത്ത് കെട്ടിപ്പിടിച്ച് ഇവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ സാധിക്കില്ല. മരണപ്പെട്ട് അല്ലാഹുവിലേക്ക് മടങ്ങേണ്ടതുണ്ട്. ആ മടക്കം എപ്പോഴാണ് ഓരോരുത്തര്‍ക്കും സംഭവിക്കുക എന്ന് ഒരാള്‍ക്കും അറിയില്ല. അത് നിനക്ക് വന്നെത്തുന്നതിന് മുമ്പായി അല്ലാഹു നിനക്ക് നല്‍കിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് അവന്റെ തൃപ്തി നേടുക. അല്ലാഹു നിനക്ക് നല്‍കിയത് മുഴുവനും നീ ചെലവഴിക്കണമെന്ന് ഞങ്ങള്‍ നിന്നോട് പറയുന്നില്ല. ഐഹിക ജീവിതത്തില്‍ നിനക്ക് ആവശ്യമായത് നീ അനുഭവിക്കുകയും ചെയ്ത് കൊള്ളുക. നീ തീരെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കരുത് എന്നൊന്നും ഞങ്ങള്‍ നിന്നോട് പറയുന്നില്ല. പാവപ്പെട്ടവരെ സഹായിച്ചും അവര്‍ക്ക് നന്മകള്‍ ചെയ്തും അല്ലാഹുവിലേക്ക് നീ അടുക്കുക. അല്ലാഹു നിനക്ക് നല്‍കിയ സമ്പത്ത് മുഖേന നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും ചെയ്യുക. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.'

സമ്പത്തിന്റെ ആധിക്യം പലരെയും ഇപ്രകാരം വഴികേടിലേക്ക് എത്തിക്കുന്നതാണ്. ദരിദ്രനായിരിക്കുമ്പോള്‍ പള്ളികളില്‍ ജമാഅത്തിന് പങ്കെടുത്തവന്‍ സമ്പന്നനാകുമ്പോള്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുന്നു. വിനീതനായി പുഞ്ചിരി തൂകി ആളുകളെ അഭിമുഖീകരിച്ചിരുന്നവന്‍ കാശ് കൂടിയപ്പോള്‍ആളുകളുടെ മുഖത്ത് നോക്കാതാകുന്നു! ഇത്തരം സ്വഭാവക്കാര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ പല സ്ഥലങ്ങളില്‍ താക്കീത് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒരു ഭാഗം കാണുക:

''നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം'' (ക്വുര്‍ആന്‍ 96:6-8).

ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചതിനാല്‍ അല്ലാഹുവിനെ മറക്കുകയും അതിരുവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അല്ലാഹു നമ്മെ ഓരോരുത്തരെയും ഏത് സാഹചര്യത്തിലും അല്ലാഹുവിനോട് വിധേയപ്പെട്ട് ജീവിക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ, ആമീന്‍.

ക്വാറൂനിന്ന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ക്വാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: 

''...എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്...'' 

തുടര്‍ന്ന് അല്ലാഹു പറയുന്നു: ''എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28:78).

തന്റെ യോഗ്യതകൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത് എന്നാണ് അവന്റെ വാദം. അതിനാല്‍ തന്നെ തന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് നിങ്ങളെക്കാള്‍ നന്നായി അറിയാം എന്ന് അവന്‍ ന്യായീകരണം നടത്തി. 

ഉപദേശ നിര്‍ദേശങ്ങളെല്ലാം ക്വാറൂന്‍ തള്ളിക്കളഞ്ഞു. ധിക്കാരത്തില്‍ അവന്‍ ഉറച്ചുനിന്നു. ഒടുവില്‍ അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി. 

''അങ്ങനെ അവന്‍ ജനമധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ക്വാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!''(ക്വുര്‍ആന്‍ 28:79).

ക്വാറൂനിന്റെ ആ പ്രകടനം കണ്ടപ്പോള്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിലര്‍ ആശിച്ചു പോയി; അവര്‍ ഭൗതിക തല്‍പരരായിരുന്നു. എന്നാല്‍ ചിലര്‍ ഇങ്ങനെയാണ് പറഞ്ഞത്:

''ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 28:80).

'ക്വാറൂനിന് കിട്ടിയതുപോലെ നിങ്ങള്‍ക്കും ലഭിക്കാത്തതില്‍ നിങ്ങള്‍ പരിതപിക്കുകയാണോ? അതിന്നുവേണ്ടി മോഹിക്കുകയാണോ? എന്നാല്‍ അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമമായത്. വിശ്വാസം ശരിയാക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനുള്ളതിനെ അപേക്ഷിച്ച് ക്വാറൂനിന് ഇപ്പോള്‍ ലഭിച്ചത് വളരെ നിസ്സാരമാണ്' എന്നെല്ലാം വിവേകമതികള്‍ അവരോട് പ്രതികരിച്ചു. 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് കഴിയുന്നവര്‍ക്കേ സ്വര്‍ഗം നേടാന്‍ സാധിക്കൂ. അല്ലാഹുവിന്റെപ്രീതിയും പൊരുത്തവും കാംക്ഷിച്ച് ത്യജിക്കേണ്ടവ ത്യജിക്കുവാനും നിര്‍വഹിക്കേണ്ടവ നിര്‍വഹിക്കുവാനും കഴിയണമെങ്കില്‍ ക്ഷമ അനിവാര്യമാണ്.

ദുര്‍നടപ്പുകാരായ ആളുകളോട് ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെ അവരുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുവാനായി വിശ്വാസികള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത് നാം കണ്ടല്ലോ. അപ്രകാരം സംസാരിക്കുവാനുള്ള ഭാഗ്യത്തെ കുറിച്ചാണ് 'ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല' എന്ന് പറഞ്ഞതെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്.

ക്വാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു: 

''അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല'' (ക്വുര്‍ആന്‍ 28:81).

അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെസമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി. 

അഹങ്കരിക്കുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും ഒരു പാഠമാണ് ക്വാറൂനിന്റെ ദുരന്തപര്യവസാനം. അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവരെ പിടികൂടാന്‍ അല്ലാഹു അശക്തനല്ല. ക്വാറൂനിന്റെ അന്ത്യം നോക്കിക്കണ്ട ആളുകളുടെ പ്രതികരണം കാണുക: 

''ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല'' (ക്വുര്‍ആന്‍ 28:82).

ഇന്നലെവരെ ക്വാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതിലെ അപകടം തിരിച്ചറിഞ്ഞു. 

ക്വാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു:

''ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും'' (ക്വുര്‍ആന്‍ 28:83).

അഹങ്കാരത്തോടെ അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അവന്റെ മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുന്നവര്‍ക്ക് ഭൂമിയില്‍ എത്ര സൗകര്യം ലഭിച്ചാലും വിശ്വാസികള്‍ നിരാശപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ല. അതെല്ലാം താല്‍ക്കാലികമാണ്. ആത്യന്തികവിജയം സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്.