ദാവൂദ് നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

(ദാവൂദ് നബി(അ): 01)

പരിശുദ്ധ ക്വുര്‍ആനില്‍ പതിനാറ് സ്ഥലങ്ങളില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ്(അ). പ്രവാചകത്വപദവിയും രാജപദവിയും ഒന്നിച്ച് നല്‍കപ്പെട്ട ആദ്യത്തെ നബിയുമാണ് ദാവൂദ്(അ). നാല്‍പത് കൊല്ലത്തോളം അദ്ദേഹം ഭരണം നടത്തി എന്ന് പറയപ്പെടുന്നു.

ദാവൂദ്(അ)യുടെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി, ചില കാര്യങ്ങള്‍ നമുക്ക് ആമുഖമായി മനസ്സിലാക്കാനുണ്ട്.

മൂസാനബി(അ)യുടെ കൂടെ ഒരു ശുശ്രൂഷകനായും, യാത്രകളിലും മറ്റും ഉണ്ടായിരുന്ന ഒരു നബിയായിരുന്നു യൂശഅ്ബ്‌നു നൂന്‍(അ). ഫലസ്തീനില്‍ പ്രവേശിച്ച ഇസ്‌റാഈല്യര്‍ മൂസാ(അ)ക്ക് ശേഷം യൂശഅ്(അ)ന്റെ കൂടെയാണ് ജീവിച്ചുപോന്നിരുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ബനൂഇസ്‌റാഈല്യര്‍ യൂശഅ്(അ)ന്റെ നിയന്ത്രണത്തിലായിരുന്നു. ഫലസ്തീനില്‍ എത്തിയ ശേഷം അവരിലെ ഓരോ ഗോത്രക്കാര്‍ക്കും അവരുടെ താമസ സ്ഥലം നിര്‍ണയിച്ച് കൊടുത്തു. അതുപോലെ അവരിലെ ഓരോ ഗോത്രക്കാരിലും ഓരോ ന്യായാധിപരെ നിശ്ചയിച്ച് കൊടുത്തിരുന്നു. ആ ന്യായാധിപന്മാര്‍ പ്രവാചകന്മാരുടെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നിയന്ത്രിച്ചു പോന്നു. 

മൂസാ(അ)ന്റെ കാലശേഷം നാല് നൂറ്റാണ്ട് കഴിഞ്ഞ് ഏതാണ്ട് പകുതിയാകുന്നത് വരെ അവരില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ല. അവരിലേക്ക് അല്ലാഹു പ്രവാചകന്മാരെ അയക്കുകയും ആ പ്രവാചകന്മാര്‍ നിയമിക്കുന്ന ന്യായാധിപന്മാരെ പിന്തുടരുകയുമായിരുന്നു പതിവ്. പ്രവാചകന്മാര്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ചില കാലങ്ങളില്‍ പ്രവാചകന്മാര്‍ തന്നെ ന്യായാധിപന്മാരായി നിലനിന്നു പോരുകയും ചെയ്തിരുന്നു.

കാലക്രമേണ ഇസ്‌റാഈല്‍ മക്കളില്‍ ബിംബാരാധന ഉടലെടുത്തു. അല്ലാഹുവിന് പുറമെ ആരാധ്യ വസ്തുക്കളായി പല പ്രതിഷ്ഠകളെയും അവര്‍ സ്ഥാപിച്ചു. അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയുണ്ടായി. ഇസ്‌റാഈല്‍ മക്കളെ നിയന്ത്രിക്കുന്ന മര്‍ദക ഭരണകൂടത്തെ അല്ലാഹു അവരില്‍ കൊണ്ടുവന്നുകൊണ്ടായിരുന്നു അവരില്‍ ശിക്ഷ നടപ്പിലാക്കിയത്.

ഇടക്കാലത്ത് അമാലിക്വ എന്ന വിഭാഗം ഭരണാധികാരം ഏറ്റടുത്തു. അമ്മോന്യര്‍, മെദ്യാനികള്‍, ഫെലസ്ത്യര്‍, മോവാബ്യര്‍ മുതലായ അമാലിക്വ വര്‍ഗക്കാരും ഇസ്‌റാഈല്‍ വര്‍ഗവും തമ്മില്‍ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. നാലാം നൂറ്റാണ്ടില്‍ ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ഇസ്‌റാഈല്യര്‍ക്ക് ദാരുണമായ പരാജയം നേരിട്ടു. മാത്രമല്ല, തങ്ങളുടെ വിജയവും രക്ഷയും ഉദ്ദേശിച്ചു കൊണ്ട് തങ്ങള്‍ ഒപ്പം കൊണ്ടുപോയിരുന്ന നിയമ പെട്ടകം എന്നറിയപ്പെടുന്ന താബൂത്തും തൗറാത്തും ഫെലസ്ത്യര്‍ പിടിച്ചെടുത്തു കൊണ്ടുപോയി. ഇതുമൂലം അവര്‍ വമ്പിച്ച വിലാപത്തിലാവുകയും അവരുടെ വീര്യവും ശൗര്യവും നശിക്കുകയും ചെയ്തു.

ഇക്കാലത്ത് ഇസ്‌റാഈല്യരില്‍ പ്രവാചകന്മാര്‍ ഉണ്ടായിരുന്നില്ല. പ്രവാചക പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലെ ഒരു സ്ത്രീ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് ഷംവീല്‍ എന്ന് പേരിടുകയും ചെയ്തു. ഒരു പ്രവാചകന്‍ ഞങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചവരായിരുന്നു അന്നുള്ളവര്‍. അവരുടെ ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി എന്ന അര്‍ഥത്തിലാണത്രെ കുഞ്ഞിന് അപ്രകാരം നാമം വിളിച്ചത്. ഷംവീല്‍ എന്നതിന് സ്വംവീല്‍ എന്നും ആ പേര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പിന്നീട് പ്രവാചകത്വവും സിദ്ധിച്ചു. അദ്ദേഹം അവരുടെ പ്രവാചകനും ന്യായാധിപനുമായിത്തിര്‍ന്നു.

അദ്ദേഹത്തിന് വാര്‍ധക്യം പിടിപെട്ടപ്പോള്‍ തങ്ങളെ നയിക്കുവാനും യുദ്ധത്തിലും മറ്റും നേതൃത്വം നല്‍കുവാനും പ്രാപ്തനായ ഒരു ന്യായാധിപന്റെ അഭാവം അവര്‍ മുന്‍കൂട്ടി മനസ്സിലാക്കി. അതിനാല്‍ അവര്‍ ആ പ്രവാചകനോട് ഒരു രാജാവിനെ നിയോഗിച്ചു തരണമെന്ന് ആവശ്യപ്പെട്ടു.

ഒരു രാജാവ് നിലവില്‍ വന്നാല്‍ അവരിലുണ്ടാകുന്ന പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അവരുമായി ഇടപഴകിയ ആ പ്രവാചകന് ഊഹിക്കാമല്ലോ. നിങ്ങള്‍ പിന്മാറി അനുസരണക്കേട് കാണിച്ചേക്കുമോ എന്ന ചോദ്യം അദ്ദേഹം ചോദിക്കുവാനുള്ള കാരണം അതായിരുന്നു. (സംഭവം വഴിയെ വിവരിക്കുന്നതാണ്, ഇന്‍ശാ അല്ലാഹ്). ഇല്ല എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും അവസാനം സംഭവിച്ചത് ആ പ്രവാചകന്റെ സംശയം പോലെ തന്നെയായിരുന്നു. ക്വുര്‍ആന്‍ അതു സംബന്ധമായി വിവരിക്കുന്നത് കാണുക: 

''മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്‌റാഈലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:246).

മൂസാ നബി(അ)ക്ക് ശേഷം ബനൂഇസ്‌റാഈല്യരിലെ പൗരപ്രമാണിമാരുടെ അവസ്ഥയെ പറ്റി നബിﷺക്ക് അല്ലാഹു വിവരിച്ചു കൊടുക്കുകയാണ്. ആ പ്രധാനികള്‍ അവരിലേക്ക് അല്ലാഹു അയച്ച പ്രവാചകനോട് (ആ പ്രവാചകന്റെ പേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തില്‍ ഷംവീല്‍ എന്ന പേരിലാണ് ആ പ്രവാചകന്‍ അറിയപ്പെടുന്നത്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ക്ക് നേത്യത്വം നല്‍കാന്‍ കഴിവുള്ള ഒരു രാജാവിനെ നിശ്ചയിച്ചു തന്നാലും എന്ന് ആവശ്യപ്പെട്ടു. അവരുടെ സ്വഭാവം നന്നായി അറിയുന്നതിനാല്‍ ആ പ്രവാചകന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ആവശ്യപ്പെട്ടത് പോലെ നിങ്ങള്‍ക്ക് യുദ്ധത്തിനുള്ള അനുവാദം ലഭിച്ചാല്‍ നിങ്ങള്‍ പിന്തിരിയുമോ? അവര്‍ ആ പ്രവാചകനോട് തിരിച്ചു ചോദിച്ചു: ഞങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യാതിരിക്കും? യുദ്ധം ചെയ്യാതിരിക്കുവാന്‍ ഞങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലല്ലോ. മാത്രവുമല്ല, യുദ്ധം ചെയ്യാനുള്ള സാഹചര്യമാണല്ലോ ഞങ്ങള്‍ക്കുള്ളത്. അവരുടെ സാഹചര്യവും അവര്‍ വിശദീകരിച്ചു. ഞങ്ങളെ ഞങ്ങളുടെ വീടുകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പുറത്താക്കി. അവരോട് യുദ്ധം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരേയൊരു തടസ്സമേ ഉള്ളൂ. അതായത്, യുദ്ധത്തിന്‌നേതൃത്വം നല്‍കാന്‍ ഒരു രാജാവില്ല. ഇതായിരുന്നു അവരുടെ ആദ്യത്തെ പ്രതികരണം.

പ്രവാചകന്റെ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് അവരുടെ അവസ്ഥ. യുദ്ധത്തിനുള്ള കല്‍പന വന്നപ്പോള്‍ പലരും പിന്തിരിഞ്ഞു. കുറച്ച് പേര്‍ മാത്രം ആ കല്‍പന സ്വീകരിക്കുയും ചെയ്തു.

അവര്‍ ആ പ്രവാചകനോട് രാജാവിനെ നിശ്ചയിച്ചു തരാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. അല്ലാഹു അവരുടെ ആശക്കൊത്ത് അവര്‍ക്ക് ഒരു രാജാവിനെ നല്‍കുകയും ചെയ്തു. അപ്പോള്‍ അവരില്‍ എന്താണ് സംഭവിച്ചത്?

''അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ വകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു'' (2:247).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് ഒരു രാജാവ് ഇല്ലാത്തതിന്റെ കുറവേ ഞങ്ങള്‍ക്ക് ഉള്ളൂ എന്ന രൂപത്തില്‍ സംസാരിച്ചവരായിരുന്നല്ലോ അവര്‍. കരുത്തനായ ഒരു രാജാവ് അവര്‍ക്ക് വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അല്ലാഹുവിന്റെ കല്‍പന പ്രകാരം ആ പ്രവാചകന്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ത്വാലൂത്തിനെ അവരുടെ രാജാവാക്കി നിശ്ചയിച്ചു. അപ്പോള്‍ അവരുടെ നിറം മാറി.

ത്വാലൂത്തിനെ അവരുടെ രാജാവായി അല്ലാഹു തെരഞ്ഞെടുത്തപ്പോള്‍ അവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ ത്വാലൂത്തിനെ രാജാവായി തൃപ്തിയോടെ സ്വീകരിച്ചതുമില്ല. രാജപദവി അവരുടെ കുടുംബത്തില്‍ നിന്നായിരിക്കുമെന്നായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. അവര്‍ വിചാരിച്ചത് പോലെ അത് സംഭവിച്ചില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഇവനെങ്ങനെ ഞങ്ങളെ ഭരിക്കാന്‍ സാധിക്കും? അവനെക്കാള്‍ അധികാരത്തിന് അര്‍ഹര്‍ ഞങ്ങളാണല്ലോ. ഒരു രാജാവ് ആകണമെങ്കില്‍ രാജ പാരമ്പര്യം വേണ്ടേ? അത് ഇവനില്ലല്ലോ. അല്ലെങ്കില്‍ പ്രവാചക പാരമ്പര്യം വേണം. അതും ഇവന് ഇല്ലല്ലോ. ഇവന്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്നവനാണ്. രാജ പാരമ്പര്യവും പ്രവാചക പാരമ്പര്യവുമെല്ലാം ഉള്ള ഞങ്ങള്‍ ഇവിടെ ഉള്ളപ്പോള്‍ ത്വാലൂത്തിനെ രാജാവായി നിശ്ചയിക്കുന്നത് ശരിയല്ല. ഇതായിരുന്നു ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാതിരിക്കാനുള്ള ഇവരുടെ ന്യായം.

ത്വാലൂത്ത് ഒരു സാധാരണക്കാരനാണല്ലോ. രാജാവ് ആകണമെങ്കില്‍ കുറച്ചൊക്കെ സമ്പത്ത് വേണമല്ലോ. അതും ഞങ്ങള്‍ക്ക് തന്നെയാണ് ത്വാലൂത്തിനെക്കാള്‍ കൂടുതല്‍. ഇതായിരുന്നു അവരുടെ മറ്റൊരു ന്യായം. ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: ത്വാലൂത്തിനെ രാജാവായി തെരഞ്ഞെടുത്തത് അല്ലാഹുവാണ്. അല്ലാഹുവാണ് ആര്‍ക്ക് അധികാരം നല്‍കണം, ആരില്‍ നിന്ന് അധികാരം നീക്കം ചെയ്യണം എന്ന് നന്നായി അറിയുന്നവന്‍. അവന്‍ തെരഞ്ഞെടുത്ത ഒരാളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്? അല്ലാഹു തെരഞ്ഞെടുത്തവനെ നിങ്ങള്‍ പിന്തുടരുക. ഇതായിരുന്നു അവര്‍ക്ക് ആ പ്രവാചകന്‍ നല്‍കിയ ഒന്നാമത്തെ മറുപടി. 

വീണ്ടും തുടര്‍ന്നു: സമ്പത്ത് അദ്ദേഹത്തില്‍ കുറവാണെങ്കിലും എല്ലാവരെയും ഭരിക്കാന്‍ മാത്രം പോന്ന വിശാലമായ അറിവും നല്ല ശരീരവും അല്ലാഹു നല്‍കിയിട്ടുണ്ട്. സമ്പത്തിനെക്കാളും വലിയ നേട്ടം നല്ല അറിവും ആരോഗ്യവുമാണ്. അത് രണ്ടും ഉള്ളവര്‍ക്കേ സമ്പത്ത് നേരാംവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയൂ.

രാജാധികാരത്തിന്റെ സാക്ഷാല്‍ ഉടമ അല്ലാഹുവാണല്ലോ. അതില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കും. അതിനെ ചോദ്യംചെയ്യാന്‍ നാം ആളല്ല. അല്ലാഹു വളരെ വിശാലനും എല്ലാ കാര്യത്തെ പറ്റിയും നന്നായി അറിയുന്നവനുമാകുന്നു. ഇതെല്ലാം കേട്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവര്‍ ത്വാലൂത്തിന്റെ അധികാരത്തെ സമ്മതിച്ചു. ത്വാലൂത്തിന്റെ അധികാരത്തെ അവര്‍ സമ്മതിച്ചെങ്കിലും അവര്‍ക്കത് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ആ സംശയത്തെ നീക്കുവാനായി അവരോട് വീണ്ടും ആ പ്രവാചകന്‍ തുടര്‍ന്നു:

''അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്'' (ക്വുര്‍ആന്‍ 2:248).

താബൂത്തും തൗറാത്തും നഷ്ട്ടപ്പെട്ടതില്‍ ദുഃഖിതരായിരുന്നല്ലോ അവര്‍. അവരുടെ ആ പേടകവും തൗറാത്തും ത്വാലൂത്ത് നിങ്ങള്‍ക്ക് തിരിച്ചുകൊണ്ടുവരുന്നതാണ്. അത് നിങ്ങള്‍ക്ക് ത്വാലൂത്തിന്റെ അധികാരത്തിലെ സംശയത്തെ ഇല്ലാതെയാക്കുവാന്‍ സഹായകമാകുന്നതുമാണ്.

താബൂത്ത് എന്ന അവരുടെ പേടകം അവരില്‍ നിന്ന് ശത്രുക്കള്‍ പിടിച്ച് കൊണ്ട് പോയതാണണല്ലോ. അത് അവരുടെ പക്കല്‍ ഉണ്ടായിരുന്നപ്പോഴെല്ലാം അവര്‍ക്ക് വിജയമുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ആ പേടകം നിങ്ങളുടെ യാതൊരു പരിശ്രമവും ആവശ്യമില്ലാത്ത വിധം മലക്കുകള്‍ നിങ്ങള്‍ക്ക് വഹിച്ചു കൊണ്ടുവരുന്നതായിരിക്കും. ആ പേടകത്തില്‍ അല്ലാഹുവില്‍ നിന്നുള്ള സമാധാനവും ഉണ്ടായിരിക്കുന്നതാണ്. അതുപോലെ മൂസാകുടുംബവും ഹാറൂന്‍ കുടുംബവും അവശേഷിപ്പിച്ചതും അതില്‍ ഉണ്ടായിരിക്കുന്നതാണ്. തൗറാത്തിന്റെ പകര്‍പ്പാണെന്നും അല്ലെങ്കില്‍ അത് എഴുതിയ ചില പലകകളോ അതിന്റെ കഷ്ണങ്ങളോ ആകാം എന്നും അല്ലെങ്കില്‍ മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും വടികള്‍ ആകാം എന്നും അല്ലെങ്കില്‍ അവരുടെ വസ്ത്രങ്ങള്‍ ആകാം എന്നുമെല്ലാം അതിനെ പറ്റി പണ്ഡിതന്മാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലക്കുകള്‍ അതിനെ വഹിച്ചുകൊണ്ടുവരുന്നതാണ് എന്നതിനെ വിശദീകരിച്ച് ഇമാം ക്വതാദഃ(റ) പറയുന്നത് മലക്കുകള്‍ അത് ത്വാലൂത്തിന്റെ വീട്ടില്‍ കൊണ്ടുവന്നു വെച്ചു എന്നാണ്. ഒന്നോ രണ്ടോ പശുക്കളെ കെട്ടിയ ഒരു വണ്ടിയില്‍ മലക്കുകള്‍ അത് കൊണ്ടുവന്നു എന്ന് ഇമാം സൗരി(റഹി)യില്‍ നിന്നും നിവേദനം വന്നിട്ടുണ്ട്. ഏതായാലും താബൂത്തിന്റെ വരവ് ത്വാലൂത്തിന്റെ രാജത്വത്തിനു തെളിവും അടയാളവും തന്നെയായിരുന്നു.

വീണ്ടും അല്ലാഹു അവരെ പരീക്ഷിച്ചു. ഓരോ ജനതയിലും അല്ലാഹു പല രൂപത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്, അവരില്‍ ശുദ്ധീകരണം വരുത്തുന്നതിന് വേണ്ടിയായിരുന്നല്ലോ.

അവര്‍ക്ക് യുദ്ധത്തിനുള്ള കല്‍പന കിട്ടിയതിനാല്‍ അവര്‍ യുദ്ധത്തിനുള്ള പുറപ്പാടിലാണ്. യുദ്ധത്തിന് പോകുമ്പോള്‍ അയോഗ്യരുണ്ടായാല്‍ വിജയം ലഭിക്കില്ല. നല്ല കരുത്തരായ ആളുകളെ അല്ലാഹു തെരഞ്ഞെടുക്കും. അതിനായി ഇടക്കിടെ ചില പരീക്ഷണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ അതിന് അവര്‍ക്ക് തടസ്സമായിട്ടുള്ളത് നേതൃത്വം നല്‍കാന്‍ ഒരു രാജാവ് ഇല്ല എന്നതായിരുന്നു. അവര്‍ അപ്രകാരം അവരുടെ പ്രവാചകനോട് ആവശ്യപ്പെടുമ്പോള്‍ അവരുടെ എണ്ണം എണ്‍പതിനായിരം ആയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരു പരീക്ഷണം എന്ന നിലക്ക് യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ കുറെ പേര്‍ പേടിച്ച് പിന്തിരിഞ്ഞു. ഒരു വലിയ ശുദ്ധീകരണം അവര്‍ക്കിടയില്‍ അപ്പോള്‍ നടന്നു. അങ്ങനെ എണ്‍പതിനായിരത്തില്‍ നിന്ന് കുറെ എണ്ണം കുറഞ്ഞു.

യുദ്ധമുഖത്തേക്ക് പോകുമ്പോള്‍ ശരിയായ ഈമാന്‍ ഇല്ലാത്തവരാണെങ്കില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരും. അഥവാ യുദ്ധത്തിന് പോകുന്നവര്‍ വിശ്വാസം അടിയുറച്ചവരായിരിക്കണം. അതിനായി അടുത്ത ഒരു പരീക്ഷണം അവരില്‍ നടക്കുകയാണ്.

ഇസ്‌റാഈല്യരില്‍ അച്ചടക്കരാഹിത്യവും വിശ്വാസ ദൗര്‍ബല്യവും ഉള്ളവരും രാജാവിനെ കുറിച്ച് ആശങ്ക പുലര്‍ത്തുന്നവരും ത്യാഗസന്നദ്ധരല്ലാത്തവരും ഉണ്ടായിരിക്കുമല്ലോ. അങ്ങനെയുള്ളവരെയും നിഷ്‌കളങ്കരെയും രണ്ടായി തന്നെ വേര്‍തിരിക്കപ്പെടണം. അതിനായി അല്ലാഹു അവരെ ഒരു പരീക്ഷണം നടത്തി.

''അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്...'' (ക്വുര്‍ആന്‍ 2:248).

ത്വാലൂത്ത് തന്റെ കൂടെയുള്ളവരുമായി യുദ്ധത്തിന് യാത്രയായി. അവര്‍ സഞ്ചരിക്കുന്ന വഴിയില്‍ പ്രസിദ്ധമായ ഒരു നദിയുണ്ടായിരുന്നു; ജോര്‍ദാന്‍ നദി. ഫലസ്തീനില്‍ ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണത്. ആ നദിയില്‍ നിന്ന് പിരിഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന പല പോഷക നദികളും ഉണ്ടായിരുന്നു. അതിലെ ഒരു നദി മുറിച്ച് കടന്നിട്ട് വേണം ത്വാലൂത്തിനും സംഘത്തിനും ശത്രുക്കളോട് അടരാടാന്‍ പോകാന്‍. ഇനി ശത്രുക്കളുടെ മുന്നില്‍ എത്തുമ്പോള്‍ വളരെ കറകളഞ്ഞ വിശ്വാസികളാകണം ഉണ്ടാകേണ്ടത്. അതിനായി അവരെ പരീക്ഷിക്കുന്നതിനായി ത്വാലൂത്ത് അവരോട് പറഞ്ഞു: 'അല്ലാഹു നിങ്ങളെ ഒരു നദി മുഖേന പരീക്ഷിക്കുന്നതാണ്.' ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: 'നല്ല ഉഷ്ണവും ദാഹവും ഉള്ള സന്ദര്‍ഭത്തിലായിരുന്നു അവരുടെ യാത്ര.' 

അത്തരം ഒരു സന്ദര്‍ഭത്തില്‍ നദി മുറിച്ച് കടക്കുമ്പോള്‍ അതില്‍ നിന്ന് കുടിക്കരുതെന്ന് പറയുമ്പോള്‍ അത് വലിയ പരീക്ഷണം തന്നെയാണ്. വെള്ളത്തിന് ആവശ്യമുള്ളപ്പോള്‍ ആര് അത് ഒഴിവാക്കും എന്ന് അറിയുന്നതിലാണല്ലോ പരീക്ഷണമുള്ളത്. അതിനാല്‍ ആ നദി മുഖേന അല്ലാഹു അവരെ പരീക്ഷിക്കുന്നതാണെന്ന് ത്വാലൂത്ത് അവരോട് പറഞ്ഞു. പരീക്ഷണം എങ്ങനെയാണെന്നും അദ്ദേഹം അവരെ അറിയിച്ചു:

''...അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെ കൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്...''(2:249).

ആര് ആ നദിയില്‍ നിന്ന് തന്റെ കൈകൊണ്ട് ഒരു കോരലിനപ്പുറം കുടിക്കുന്നുവോ അവര്‍ എന്റെ കൂടെ പുറപ്പെടേണ്ടതില്ല. അവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ല. നല്ല ചൂടും ദാഹവും ഉള്ള കാലമാണല്ലോ. തീരെ കുടിക്കാതെ പ്രയാസപ്പെടുത്തിയില്ല. ഒരു കോരല്‍ അവര്‍ക്ക് അനുവദിച്ചു. എന്നാല്‍ അതിനപ്പുറം അവര്‍ക്ക് അനുവദിച്ചതുമില്ല. എന്താണ് അവരില്‍ സംഭവിച്ചെതന്ന് കാണുക:

''...അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു...''(2:249).

കുറെ പേര്‍ രാജാവിന്റെ കല്‍പനയെ അനുസരിക്കാതെ ഇഷ്ടാനുസരണം അതില്‍ നിന്നും വെള്ളം കുടിച്ചു. അതോടെ സൈന്യത്തിലെ എണ്ണം കുറഞ്ഞു. ഓരോ പരീക്ഷണത്തിലും വിശ്വാസത്തിന്റെ ദൗര്‍ബല്യം കാരണം എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. എണ്‍പതിനായിരം പേരുണ്ടായിരുന്ന ഇവര്‍ യുദ്ധത്തിന്റെ സമയത്ത് എത്ര പേരായി ചുരുങ്ങി എന്ന് നബിﷺ വിവരിച്ചു തരുന്നുണ്ട്.

രാജാവിന്റെ കല്‍പന അനുസരിച്ചവരെ മാത്രമായി കൊണ്ട് രാജാവ് അവരെയും കൊണ്ട് പുറപ്പെട്ടു. 

''...അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി(ഗോലിയത്ത്)നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല...'' (ക്വുര്‍ആന്‍ 2:249).

നദി മുറിച്ചുകടന്ന് ശത്രുക്കളുടെ ഭാഗത്ത് അവര്‍ എത്തി. ശത്രുപാളയത്തിന്റെ സേനാ നായകനാണ് ജാലൂത്ത്. അയാളോടാണ് ഇവര്‍ക്ക് പോരാടാനുള്ളത്. അയാളും അയാളുടെ സൈന്യവും സര്‍വ യുദ്ധ സന്നാഹങ്ങളോടെയും നില്‍ക്കുന്നിടത്തേക്കാണ് ത്വാലൂത്തും സംഘവും എത്തുന്നത്. ഈ യുദ്ധ സന്നദ്ധരായ സൈന്യത്തെ കണ്ടപ്പോള്‍ വിശ്വാസം ഉറക്കാത്തവര്‍ക്ക് വീണ്ടും പതര്‍ച്ച തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഈ വലിയ സംഘത്തോട് നാം എങ്ങനെ പോരാടും? യുദ്ധക്കോപ്പുകളുമായി തയ്യാറെടുത്ത് നില്‍ക്കുകയാണ് ജാലൂത്തും സംഘവും. നമുക്ക് അവരോട് പോരാടാന്‍ കഴിയില്ല എന്നും പറഞ്ഞ് കുറെ പേര്‍ വീണ്ടും പിന്‍മാറി. എന്നാല്‍ ഉറച്ച വിശ്വാസമുള്ള ആളുകള്‍ ഒരു പതര്‍ച്ചയും കൂടാതെ പ്രഖ്യാപിച്ചു: 

''...തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു''(ക്വുര്‍ആന്‍ 2:249).

പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്ന വിശ്വാസം ഉറച്ചവരായ ആ നല്ലവര്‍ അവരോട് പറഞ്ഞു: ആള്‍ബലത്തിലോ ആയുധബലത്തിലോ അല്ലല്ലോ വിജയം. ആരെല്ലാം ഒന്നിച്ചാലും അല്ലാഹുവിന്റെ സംഘത്തെ പരാജയപ്പെടുത്താന്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ നടക്കില്ല. അതിനാല്‍ ധൈര്യമായി നാം മുന്നോട്ട് വരിക. യഥാര്‍ഥത്തില്‍ ഈമാന്‍ മനസ്സില്‍ ദൃഢമായവര്‍ക്ക് അല്ലാഹുവിന്റെ ദീനിന് വേണ്ടി യുദ്ധം ചെയ്യുന്നതിന് എതിര്‍കക്ഷിയുടെ അംഗബലമോ ആയുധബലമോ ഒന്നും ഭീതിപ്പെടുത്തുന്നതായില്ല.

(അവസാനിച്ചില്ല)