യൂനുസ്(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

ബനൂ ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് യൂനുസ്(അ). യൂനുസ് ബ്‌നു മത്താ എന്നതാണ് പേര്. പിതാവിലേക്ക് ചേര്‍ത്തിക്കൊണ്ട് ഇപ്രകാരം നബി ﷺ പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട്.

യഅ്ക്വൂബ് നബി(അ)യുടെ സന്താന പരമ്പരകളില്‍ വന്ന പ്രവാചകനാണ് യൂനുസ്(അ). യൂനുസ്(അ)യുടെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ ഉണ്ട്. പരിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ ഈ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ തന്നെ മറ്റു രണ്ട് സ്ഥലങ്ങളില്‍  'സ്വാഹിബുല്‍ ഹൂത്,' 'ദുന്നൂന്‍' എന്നിങ്ങനെയും പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഒരു മത്സ്യവുമായി ബന്ധപ്പെട്ട സംഭവം ഉള്ളതിനാലാണ് 'മത്സ്യത്തിന്റെ ആള്‍' എന്ന അര്‍ഥത്തില്‍ ഈ പേരുകളില്‍ യൂനുസ്(അ)നെ പരാമര്‍ശിക്കുന്നത്.

ഇറാക്വിലെ മൗസ്വില്‍ എന്ന പ്രദേശത്തിന്റെ തലസ്ഥാനമായ നീനുവാ എന്ന ഭാഗത്തേക്കാണ് അല്ലാഹു യൂനുസ്(അ)നെ പ്രവാചകനായി നിയോഗിക്കുന്നത്.

നീനുവാ ദേശത്തുള്ളവര്‍ ബഹുദൈവാരാധകരും അന്ധവിശ്വാസികളും ആയിരുന്നു. ഏതൊരു പ്രവാചകന്‍ അവരുടെ  സമൂഹത്തോട് പ്രബോധനം ചെയ്തപ്പോഴും പ്രഥമവും പ്രധാനവുമായി കല്‍പിച്ചത് ഏകദൈവ വിശ്വാസമായിരുന്നുവല്ലോ. തൗഹീദിന്റെ മഹത്ത്വം അത്രത്തോളം ഉണ്ടെന്നതാണ് അതിലൂടെ നാം മനസ്സിലാക്കേണ്ടത്. യൂനുസ്(അ)ഉം തന്റെ ജനതയെ 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന തൗഹീദിന്റെ അടിത്തറയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അവരുടെ അന്ധവിശ്വാസത്തിലും ശിര്‍ക്കിലും ഉറച്ച് നില്‍ക്കുവാന്‍ അവര്‍ തീരുമാനിച്ചു.

ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും വരാനിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് യൂനുസ്(അ) അവര്‍ക്ക് ശക്തമായ താക്കീതും നല്‍കി. എന്നാല്‍ ഈ താക്കീതുകളൊന്നും തന്നെ അവരുടെ അന്ധവിശ്വാസത്തില്‍ നിന്നും ശിര്‍ക്കില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. 

യൂനുസ്(അ) തന്നാല്‍ കഴിയുന്നത് പോലെ അവരോട് ഉപദേശിച്ച് നോക്കിയിട്ടും അവരില്‍ അത് ഫലം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തില്‍ അത് വലിയ ദുഃഖം ഉണ്ടാക്കി. ആ ദുഃഖവും സങ്കടവും അല്‍പം കോപത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവസാനം യൂനുസ്(അ) ആ നാട് വിടാന്‍ തീരുമാനിച്ചു.

യൂനുസ്(അ) ആ നാടുവിട്ട് പോയപ്പോള്‍ നാട്ടുകാര്‍ക്ക് മാറ്റം വന്നു. യൂനുസ്(അ) പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും മനസ്സിന് മാറ്റം വരികയും ചെയ്തു. യൂനുസ്(അ) മുന്നറിയിപ്പ് നല്‍കിയ ശിക്ഷയുടെ ചില പ്രാഥമിക ഘട്ടങ്ങള്‍ അവര്‍ കാണാന്‍ തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ക്ക് മനസ്സിലായി, പ്രവാചകന്മാര്‍ കളവ് പറയില്ലെന്ന്. യൂനുസാകട്ടെ നാട് വിടുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയോ സംഭവിക്കുവാന്‍ പോകുന്നു എന്ന് അവര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി. അവരില്‍ മാറ്റം പ്രത്യക്ഷപ്പെടുവാനും തുടങ്ങി. മുന്‍ കഴിഞ്ഞ ഒരു സമൂഹത്തിലും കാണാത്ത ഒരു പ്രത്യേകതയായിരുന്നു അത്. മറ്റുള്ളവരെല്ലാം ശിക്ഷ അനുഭവിച്ചപ്പോള്‍ പാഠം പഠിച്ചവരായിരുന്നുവെങ്കില്‍ ഇവര്‍ ശിക്ഷ വരും മുമ്പെ കാര്യം ഗ്രഹിച്ച് നിലപാട് മാറ്റിയവരായിരുന്നു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാവരും അവരുടെ ആടുമാടുകളെയും ആയി ഒരു മരുഭൂമിയിലേക്ക് മാറിനിന്നു. അവര്‍ അല്ലാഹുവിനോട് പാപമോചനം നടത്തുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവരെ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

''ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ! അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിതകാലം വരെ നാം അവര്‍ക്ക്  സൗഖ്യം നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 10:98).

പ്രവാചകന്മാര്‍ അവരുടെ സമൂഹത്തോട് നേര്‍വഴി വിവരിക്കുമ്പോള്‍ അവര്‍ അതിനെ പുറകോട്ട് വലിച്ചെറിയുകയായിരുന്നല്ലോ പതിവ്. അവര്‍ പ്രവാചകന്മാരെ പിന്തുടര്‍ന്ന്, പ്രവാചകന്മാര്‍ പറയുന്നതില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അവരുടെ വിശ്വാസം അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ അവര്‍ ആരും അപ്രകാരം ചെയ്തില്ല. എന്നാല്‍ യൂനുസ്(അ)ന്റെ ജനത മാത്രം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതു കാരണം ഐഹിക ലോകത്തുവെച്ച് അവര്‍ക്ക് ഒരുക്കിവെച്ചിരുന്ന നിന്ദ്യതയുടെയും അപമാനത്തിന്റെയും ശിക്ഷയില്‍ നിന്നും അല്ലാഹു അവരെ ഒഴിവാക്കി.

ഒരു ലക്ഷത്തിലധികം ജനങ്ങളുണ്ടായിരുന്ന പ്രദേശമായിരുന്നു നീനുവാ. ക്വുര്‍ആന്‍ അവരുടെ എണ്ണം എടുത്ത് പറഞ്ഞിട്ടുണ്ട്.

''അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു''  (ക്വുര്‍ആന്‍ 37:147,148).

യൂനുസ്(അ)ന്റെ പ്രബോധനത്താല്‍ ഒരു ലക്ഷത്തിലധികം വരുന്ന നീനുവക്കാര്‍ അവരുടെ ശിര്‍ക്കും അന്ധവിശ്വാസങ്ങളും ഒഴിവാക്കി തൗഹീദും യഥാര്‍ഥ വിശ്വാസവും സ്വീകരിച്ചു. പക്ഷേ, അതിന് മുമ്പേ അവര്‍ വിശ്വസിക്കാത്തതിനാല്‍, അവരുടെ പ്രവാചകന്‍ അവരോട് ദേഷ്യം കാണിച്ച് അവിടെ നിന്നും ഒരു കപ്പല്‍വഴി നാട് വിടാന്‍ തീരുമാനിച്ചു. 

''യൂനുസും ദൂതന്മാരിലൊരാള്‍ തന്നെ. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം'' (37:139,140).

നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴും യൂനുസ്(അ) അവര്‍ക്കിടയില്‍ ക്ഷമിച്ച് പ്രബോധനം തുടരുകയായിരുന്നു വേണ്ടത്. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അറിയിപ്പ് ലഭിക്കും മുമ്പെ യൂനുസ്(അ), അവര്‍ തന്നില്‍ വിശ്വസിക്കാത്തതിലുള്ള വ്യസനം കാരണം നാടുവിട്ടു. അങ്ങനെ ധാരാളം ഭാരം നിറക്കപ്പെട്ട കപ്പലില്‍ അദ്ദേഹം കയറി. അദ്ദേഹത്തിന്റെ ആ പോക്കിനെ സംബന്ധിച്ച് ക്വുര്‍ആന്‍ മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:

''ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം'' (21:87).

തന്റെ ജനത വിശ്വസിക്കാത്തതിലുള്ള സങ്കടം ദേഷ്യമായി മാറി. പ്രവാചകന്മാര്‍ മുഴുവനും അവരുടെ സമൂഹത്തെ അളവറ്റ് സ്‌നേഹിച്ചവരും അവരോട് അങ്ങേയറ്റത്തെ ഗുണകാംക്ഷയുള്ളവരുമായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും അവരുടെ നാട്ടുകാര്‍ അവരില്‍ വിശ്വസിക്കാത്തതില്‍ അങ്ങേയറ്റം ദുഃഖിച്ചവരുമാണ്.

താന്‍ ക്ഷണിക്കുന്ന ആദര്‍ശം സ്വീകരിക്കുവാന്‍ തയ്യാറാകാത്ത പക്ഷം നരകമായിരിക്കുമല്ലോ മരണാനന്തരം ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടത് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ പ്രവാചകനായിരുന്നു യൂനുസ്(അ). അതിനാലാണ് അവരോട് ദേഷ്യപ്പെട്ട് അവിടെ നിന്നും പോകാന്‍ യൂനുസ്(അ) തീരുമാനിച്ചത്.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോള്‍ അവരോട് വെറുപ്പോ അനിഷ്ടമോ മനസ്സില്‍ വെച്ചുകൊണ്ടല്ല ക്ഷണിക്കേണ്ടത്. അവര്‍ നന്നാകണം, നരകത്തിന്റെ ഇന്ധനമാകരുത്, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ക്കായി തയ്യാര്‍ ചെയ്തിട്ടുള്ള സ്വര്‍ഗത്തിന്റെ അവകാശികളാകണം എന്ന ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെയാകണം ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടത്.

യൂനുസ്(അ) കപ്പലില്‍ കയറി. കപ്പല്‍ വലിയ ഭാരം വഹിച്ചുള്ളതായിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. കപ്പല്‍ യാത്ര ആരംഭിച്ചു. കാറ്റും കോളും വന്ന് കപ്പല്‍ മറിയാനുള്ള ഭാവത്തിലായി. ഭാരം കുറച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങി പോകും എന്ന സ്ഥിതി എത്തിയപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. കപ്പലില്‍ നിന്നും  ചിലരെ എടുത്ത് പുറത്ത് തള്ളുവാനായിരുന്നു തീരുമാനം. അധികഭാരം വഹിച്ച് കപ്പല്‍ മുന്നോട്ട് പോകില്ലെന്ന് അവര്‍ക്ക് മനസ്സിലായതിനാലാണ് ഇപ്രകാരം ഒരു തീരുമാനത്തലേക്ക് അവര്‍ എത്തിയത്. ഇത്തരം സന്ദര്‍ഭത്തില്‍ വിവേചനം കാണിച്ച് തീരുമാനത്തിലെത്തുന്നത് ശരിയല്ലല്ലോ. ആരെ പുറത്തിടും എന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുവാന്‍ കഴിയില്ല. എല്ലാവരും ജീവനുള്ള മനുഷ്യരാണല്ലോ. അവസാനം അവര്‍ നറുക്കെടുപ്പ് പരിഹാരമായി കണ്ടു. നറുക്കെടുപ്പ് നടത്തി. യൂനുസ് നബി(അ)ന്റെ പേരാണ് അതില്‍ വന്നത്. തീരുമാന പ്രകാരം അദ്ദേഹം കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു.

യൂനുസ്(അ)ന്റെ മുഖപ്രസന്നതയും നിഷ്‌കളങ്ക മനോഭാവവും കണ്ട കപ്പല്‍ യാത്രക്കാര്‍ക്കെല്ലാം അദ്ദേഹത്തെ കപ്പലില്‍ നിന്നും പുറംതള്ളുന്നതില്‍ വലിയ വിഷമം ഉണ്ടായി. ആയതിനാല്‍, പല പ്രാവശ്യം നറുക്കെടുപ്പ് നടന്നു. എല്ലാത്തിലും പേര് യൂനുസ്(അ)ന്റെത് തന്നെ! (അല്ലാഹുവിന്റെ തീരുമാനത്തിന് മുകളില്‍ ആര് എന്ത് ചെയ്താലും നടപ്പില്‍ വരില്ലല്ലോ). അവസാനം യൂനുസ്(അ) സ്വയം കപ്പലില്‍ നിന്നും കടലിലേക്ക് എടുത്തു ചാടി എന്ന് ചരിത്രത്തില്‍ കാണാം.

യൂനുസ്(അ) കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു. ഉടനെ ഒരു വലിയ മത്സ്യം (തിമിംഗലം) അദ്ദേഹത്തെ വിഴുങ്ങി. അപ്പോഴും അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനായിരുന്നു. കാരണം, അല്ലാഹുവിന്റെ അനുവാദം ലഭിക്കാതെയാണ് അദ്ദേഹം നാടുവിട്ടിരിക്കുന്നത്. 

''ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (21:87).

യൂനുസ്(അ) നാട്ടുകാരെ വിട്ട് പോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഒരു കാര്യത്തിലും കുടുസ്സത നല്‍കില്ലെന്നാണ് വിചാരിച്ചത്. 

കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ട ഉടനെ ഒരു വലിയ മത്സ്യം യൂനുസ്(അ)നെ വിഴുങ്ങി എന്ന് നാം പറഞ്ഞുവല്ലോ. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിലൂടെ അല്ലാഹു ഒരു അസാധാരണ സംഭവം വെളിപ്പെടുത്തി. സാധാരണ ഒരു മത്സ്യം മനുഷ്യനെ വിഴുങ്ങുമ്പോള്‍ ആ മനുഷ്യന്റെ എല്ലുകള്‍ പൊട്ടും. ശ്വാസം കിട്ടില്ല. ഉള്ളിലെത്തിയാല്‍ ദഹിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും സംഭവിച്ചില്ല. യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റിനകത്ത് ഇരുട്ടിലായി എന്ന് മാത്രം. സമുദ്രത്തിന്റെ അടിത്തട്ടിലെ ഇരുട്ട്, മത്സ്യത്തിന്റെ വയറിനകത്തെ ഇരുട്ട്, രാത്രിയുടെ ഇരുട്ട്, യൂനുസ്(അ)ന്റെ മനസ്സില്‍ അലയടിക്കുന്ന വിഷമത്താലുള്ള ഇരുട്ട്... എന്നാലും പതര്‍ച്ചയുണ്ടായില്ല. താന്‍ വിശ്വസിക്കുന്ന, ആരാധിക്കുന്ന, ഭരമേല്‍പിച്ചിട്ടുള്ള, തന്റെ സ്രഷ്ടാവിനോട് അദ്ദേഹം മനമുരുകി പ്രാര്‍ഥിച്ചു.

അല്ലാഹുവേ, നീയല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാണ്. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു എന്ന് അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു. ഏത് പ്രതിസന്ധിയിലും അല്ലാത്തപ്പോഴും നാം പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണല്ലോ. ചിലര്‍ വിചാരിക്കുന്നത് പ്രതിസന്ധിയില്‍ വിളിക്കുന്ന വിളി മാത്രമെ ദുആ (പ്രാര്‍ഥന) ആകുകയുള്ളൂ എന്നാണ്. അത് ഒരിക്കലും ശരിയല്ല. സന്തോഷത്താലും അല്ലാഹുവിനെ വിളിക്കാറില്ലേ, അതും പ്രാര്‍ഥനയാണല്ലോ.

അല്ലാഹു യൂനുസ്(അ)ന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി: ''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (21:88).

യൂനുസ് നബി(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു. അദ്ദേഹം അനുഭവിച്ച വിഷമത്തില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

എത്ര കാലം ആ മത്സ്യത്തിന്റെ വയറ്റില്‍ അദ്ദേഹം കഴിച്ചു കൂട്ടി എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞത് നമുക്ക് കാണുവാന്‍ സാധിക്കും. പ്രബലമായ രണ്ട് അഭിപ്രായമായി വന്നിട്ടുള്ളത് ഒരു ദിവസം എന്നും മൂന്ന് ദിവസം എന്നുമാണ്.

യൂനുസ്(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആളായിരുന്നു. അതിനെ പറ്റി ക്വുര്‍ആന്‍ ഇപ്രകാരം നമുക്ക് സൂചന നല്‍കുന്നു: 

''എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു'' (37:143,144).

പ്രയാസം നേരുടന്ന വേളയില്‍ മാത്രം അല്ലാഹുവിനെ വിളിക്കുന്ന ആളായിരുന്നില്ല യൂനുസ്(അ). പ്രയാസത്തിന്റെ സമയത്ത് മാത്രം അല്ലാഹുവിനെ വിളിച്ചാല്‍ ആ വിളിക്ക് ഉത്തരം ലഭിച്ചു കൊള്ളണമെന്നില്ല. 

പ്രയാസ വേളയില്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുകയും അവനിലേക്ക് താഴ്മയോടെ മടങ്ങുകയും സന്തോഷ വേളയില്‍ അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രങ്ങളെ മുഴുവനും വിസ്മരിച്ച് തള്ളി ധിക്കാരത്തോടെ ജീവിക്കുന്നത് അല്ലാഹുവിനോട് കാണിക്കുന്നത് നന്ദികേടാണെന്നത് പറയേണ്ടതില്ലല്ലോ. 

സമ്പത്തും അധികാരവും ആള്‍ബലവും ഉണ്ടാകുമ്പോള്‍ അല്ലാഹുവിനോട് ധിക്കാരം കാണിച്ച് ജീവിക്കുകയും മരണ സമയം ആകുമ്പോള്‍ അല്ലാഹുവിലേക്ക് മടങ്ങാനുള്ള മനസ്സ് കാണിക്കുകയും ചെയ്താല്‍, അല്ലാഹു അത്തരക്കാരുടെ മടക്കത്തെ പരിഗണിക്കുന്നതല്ല. യൂനുസ്(അ) അത്തരക്കാരില്‍ ആകാത്തതിനാല്‍ അല്ലാഹു അവിടുത്തെ വിളി കേട്ടു, സഹായിച്ചു. എന്നാല്‍ ഫിര്‍ഔന്‍ അത്തരക്കാരില്‍ പെട്ടവനായിരുന്നു. അവന്റെ വിളി അല്ലാഹു പരിഗണിച്ചില്ല. അധികാരത്തിന്റെ അഹങ്കാരത്തില്‍ താന്‍ റബ്ബാണെന്ന് വാദിച്ചും നാട്ടുകാരെ മുഴുവന്‍ അപ്രകാരം വിശ്വസിപ്പിച്ചും ജീവിച്ച ഫിര്‍ഔന്‍ മൂസാ നബി(അ)യും ഹാറൂന്‍ നബി(അ)യും പരിചയപ്പെടുത്തിയ റബ്ബിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. അവസാനം അല്ലാഹു എന്നെന്നേക്കുമായി പിടിച്ചപ്പോള്‍ ഫിര്‍ഔന്‍ പറഞ്ഞത് ക്വുര്‍ആന്‍ നമ്മെ ഇപ്രകാരം ഉണര്‍ത്തുന്നു:

''അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു'' (10:90).

യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന നാം ഓരോരുത്തരും മനഃപാഠമാക്കേണ്ടതുണ്ട്. കാരണം, നമുക്ക് വല്ല ആവശ്യവും നേരിടുന്ന വേളയില്‍ അല്ലാഹുവിനോട് ആ പ്രാര്‍ഥന നടത്തിയാല്‍ അതിന് ഉത്തരം നല്‍കപ്പെടുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്.

സഅദ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞു:''യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ ആയിരിക്കെ പ്രാര്‍ഥിച്ച പ്രാര്‍ഥന- '(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു'- നിശ്ചയമായും ഒരു മുസ്‌ലിമായ ആള്‍ ഏതൊരു കാര്യത്തില്‍ ഇത് കൊണ്ട് പ്രാര്‍ഥിക്കുന്നുവോ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കില്ല'' (തിര്‍മിദി).

ആവശ്യം പൂര്‍ത്തീകരിച്ചുതരാന്‍ അല്ലാഹുവിനേ സാധിക്കൂ. അതിനാണ് ഈ പ്രാര്‍ഥനയില്‍ അല്ലാഹുവിന്റെ ഏകത്വം ആദ്യം നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുന്നത്. ആഗ്രഹ സഫലീകരണത്തിനും ഉദ്ദേശ്യ ലബ്ധിക്കുമായി ജാറങ്ങളിലും മക്വ്ബറകളിലും പോയി, അവിടെ മറമാടപ്പെട്ടിരിക്കുന്ന ആളോട് പ്രാര്‍ഥിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ ഏത് വിഷമ ഘട്ടത്തിലും, ആവശ്യ പൂര്‍ത്തീകരണത്തിനും നാം തേടേണ്ടത് ഏകനും സര്‍വലോക പരിപാലകനുമായ, എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, ഭാഷ പ്രശ്‌നമല്ലാത്ത, ദേശം പ്രശ്‌നമല്ലാത്ത, സമയം പ്രശ്‌നമല്ലാത്ത, ഉറക്കമില്ലാത്ത, തളര്‍ച്ചയില്ലാത്ത, എല്ലാവരെയും കാണുന്ന, എല്ലാവരെയും കേള്‍ക്കുന്ന അല്ലാഹുവിനോടായിരിക്കണം. 

യൂനുസ്(അ)നെ അല്ലാഹു രക്ഷപ്പെടുത്തിയ ഘട്ടത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:

''എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യക്വ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു'' (10:145,146).

ജനവാസമില്ലാത്ത ഒരു സ്ഥലത്തേക്ക് ആ മത്സ്യം അദ്ദേഹത്തെ തുപ്പിക്കളഞ്ഞു. മത്സ്യത്തിന്റെ വയറ്റിലായിരുന്നുവല്ലോ അതുവരെയും അദ്ദേഹം ഉണ്ടായിരുന്നത്. എല്ലുകള്‍ പൊട്ടുകയോ മാംസം ദ്രവിക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം അവശനായിരുന്നു.

മത പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള പല സംഭവങ്ങളും ബുദ്ധികൊണ്ട് അളന്ന് തള്ളുകയും കൊള്ളുകയും ചെയ്യുന്ന മതയുക്തിവാദികള്‍ ഉണ്ട്. ഹദീഥുകളില്‍ വന്നിട്ടുള്ള ചില കാര്യങ്ങളെ 'അത് ഹദീഥല്ലേ' എന്നും പറഞ്ഞ് തള്ളുന്നവര്‍ ക്വുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം സംഭവങ്ങളെ എന്ത് ചെയ്യും? എങ്ങനെ ഇതെല്ലാം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കും? പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട സംഭവങ്ങളെ സംശയം തെല്ലുമില്ലാതെ സ്വീകരിക്കുവാനും സത്യമാണെന്ന് അംഗീകരിക്കുവാനും സാധിക്കുന്ന മഹത്തായ ഒരു മനസ്സ് തന്ന അല്ലാഹുവിനെ സദാസമയവും നാം സ്തുതിക്കുകയും മഹത്ത്വപ്പടുത്തുകയും വേണം. 

അവശനായി കരയിലെത്തിയ യൂനുസ്(അ)ന് അല്ലാഹു ആരോഗ്യം നല്‍കി. അതിനായി യൂനുസ്(അ)യെ പുറംതള്ളിയ ആ സ്ഥലത്ത് ചുരങ്ങ വര്‍ഗത്തില്‍ പെട്ട ഒരു ചെടി അല്ലാഹു മുളപ്പിച്ചു.

'ശജറത്' എന്നത് മരത്തിനും ചെടികള്‍ക്കും പ്രയോഗിക്കുന്ന പദമാണ്. 'യക്വ്ത്വീന്‍' എന്ന് പന്തലുകളില്‍ വളരുന്ന; കുമ്പളം, മത്തന്‍ പോലെയുള്ള ചെടികള്‍ക്കാണ് പ്രയോഗിക്കുക.

ആ ചെടി വാഴയായിരുന്നുവെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അത് എന്തായിരുന്നാലും ശരി, അദ്ദേഹത്തിന് ആരോഗ്യവും സൗഖ്യവും ലഭിക്കുവാന്‍ ഉതകുന്ന രൂപത്തില്‍ അവിടെ അല്ലാഹു ഒരു ചെടി സൗകര്യപ്പെടുത്തി എന്ന് മനസ്സിലാക്കാം.

പിന്നീട്, യൂനുസ്(അ)നെ അല്ലാഹു തന്റെ നാട്ടിലേക്ക് തന്നെ പറഞ്ഞയച്ചു.

യൂനുസ് നബി(അ)ക്ക് തന്റെ ജനത വിശ്വസിക്കാത്തതിനാല്‍ വലിയ സങ്കടം വന്നു. അത് അവരോട് ദേഷ്യം ആയി മാറുകയും ചെയ്തു. ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ മുഹമ്മദ് നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി:

''അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്‌നനായിക്കൊണ്ട് വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു'' (68:48-50).

മുഹമ്മദ് നബി ﷺ ഇരുപത്തിമൂന്ന് കൊല്ലത്തെ പ്രവാചക ജീവിതത്തില്‍ എത്രമാത്രം പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ബഹിഷ്‌കരണങ്ങള്‍ക്കും ഇരയായി എന്നത് ചരിത്രമാണല്ലോ. വേണ്ടപ്പെട്ടവര്‍ മരണപ്പെടാന്‍ കിടക്കുന്ന സമയത്ത് പോലും ഇസ്‌ലാം സ്വീകരിക്കുവാന്‍ ഉപദേശിച്ചു നോക്കി. നിരാശയായിരുന്നുവല്ലോ ഫലം. പ്രവാചകന്‍ യൂനുസ്(അ)ന്റെ ചരിത്രം നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി. യൂനുസ്(അ) നീനുവക്കാര്‍ വിശ്വസിക്കാത്തതില്‍ മനസ്സ് വേദനിച്ച് നാടുവിട്ട് പോയതു പോലെ താങ്കള്‍ ആകരുത്. ക്ഷമിച്ച് നാട്ടുകാരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊള്ളുക എന്ന ഒരു പാഠവും ഇതിലൂടെ നല്‍കി.

യൂനുസ്(അ)നെ സംബന്ധിച്ചോ മറ്റു പ്രവാചകന്മാരെ സംബന്ധിച്ചോ മോശമായ യാതൊരു വിചാരവും നമുക്ക് ഉണ്ടായിക്കൂടാ. എന്തിനാണ് യൂനുസ്(അ) ജനങ്ങളോട് ദേഷ്യപ്പെട്ടതെന്നോ, അവരില്‍ നിന്നും ഓടിപ്പോയതെന്നോ, അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനല്ലേ എന്നോ നാം ചിന്തിച്ചുകൂടാ. കാരണം, യൂനുസ്(അ) അവര്‍ നന്നാകുവാന്‍ തയ്യാറല്ലാത്തതിനാലുള്ള വിഷമം കാരണമാണ് ആ നാടുവിടുന്നത്. യൂനുസ്(അ)നെ കുറിച്ച് അല്ലാഹു തന്നെ പറഞ്ഞത്, അദ്ദേഹത്തെ അല്ലാഹു തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്വാലിഹുകളില്‍ പെട്ട ആളാണെന്നുമാണ്. യൂനുസ്(അ)ന്റെ ചരിത്രം ഓതിത്തന്ന മുഹമ്മദ് നബി ﷺ തന്നെ യൂനുസ്(അ)നെ കുറിച്ച് പറയുന്നത് എത്ര മാത്രം ശ്രദ്ധേയമാണ്.

ക്വുദ്‌സിയായ ഹദീഥില്‍ പ്രവാചകനില്‍നിന്ന് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: അല്ലാഹു പറഞ്ഞു: ''നിശ്ചയമായും താന്‍ യൂനുസ്ബ്‌നു മത്തയെക്കാളും നല്ലവനായ ഒരാളാണെന്ന് പറയുക എന്നത് ഒരു അടിമക്ക് ചേര്‍ന്നതല്ല'' (ബുഖാരി).

യൂനുസ്(അ) മഹാനായ പ്രവാചകനാണ്. യുനുസ്(അ) ചെയ്ത ആ കാര്യം നാം നമ്മുടെ വീക്ഷണ പ്രകാരം നോക്കുമ്പോള്‍ അദ്ദേഹം ഒരു ശരിയല്ലാത്തതും ചെയ്തിട്ടില്ല. കാരണം, ഭൗതികമായ സൗകര്യങ്ങള്‍ നാട്ടുകാരില്‍ നിന്ന് കിട്ടാത്തതിനാലോ, തന്റെതായ ഭൗതികമായ ഒരു ആവശ്യം നാട്ടുകാര്‍ നിവൃത്തിച്ച് തരാത്തതിലോ മനംനൊന്ത് നാട് വിട്ടതല്ല. നരകത്തിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുന്ന തന്റെ നാട്ടുകാര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തിട്ടും അതിലൂടെ അവര്‍ ചലിക്കാന്‍ തയ്യാറാകുന്നില്ല എന്ന അവരോടുള്ള അളവറ്റ  സ്‌നേഹം കൊണ്ടായിരുന്നു. എന്നിരുന്നാലും അവരില്‍ ക്ഷമിച്ച് നില്‍ക്കേണ്ടതിന് പകരം പെട്ടെന്ന് അവിടെ നിന്നും മാറിപ്പോയ യൂനുസ് നബി(അ)യുടെ നിലപാട് അത്ര ശരിയായില്ല. പക്ഷേ, അല്ലാഹുവിനെ സുഖദുഃഖങ്ങളിലെല്ലാം ഓര്‍ക്കുന്ന ആ മഹാനായ പ്രവാചകനെ അല്ലാഹു കൈവിട്ടില്ല. അവന്റെ അടിമകളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മഹാനായിരുന്നു യൂനുസ്(അ).