യൂസുഫ് നബി(അ): സത്യം വെളിപ്പെടുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഏപ്രില്‍ 07 1439 റജബ് 20

(യൂസുഫ് നബി(അ): 7)

യഅ്ക്വൂബ് നബി(അ) പറഞ്ഞു: ''എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ  സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച'' (ക്വുര്‍ആന്‍ 12:87).

പ്രതിസന്ധികളില്‍ ആശയറ്റവരായി ജീവിക്കുവാനല്ല അടിമകളോട് അല്ലാഹു നിര്‍ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരവും അല്ലാഹുവില്‍ നിന്നുള്ള സഹായവും പ്രതീക്ഷിച്ച് അവനില്‍ ഭരമേല്‍പിച്ച് ജീവിക്കേണ്ടവരാണ് അല്ലാഹുവിന്റെ നല്ല അടിമകള്‍. അല്ലാഹുവിനെക്കുറിച്ച് നാം നല്ല വിചാരത്തിലൂടെ കഴിയുമ്പോള്‍ അല്ലാഹു നമ്മില്‍ അനുഗ്രഹം ചൊരിഞ്ഞും പ്രതിസന്ധികളില്‍ സഹായിച്ചും നമ്മുടെ കൂടെയുണ്ടാകും. അല്ലാഹു പറയുന്നു:

''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ  ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (ക്വുര്‍ആന്‍ 39:53).

''അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെ പറ്റി തന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ!'' (ക്വുര്‍ആന്‍ 15:55,56).

ഈ രണ്ട് സൂക്തങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശപ്പെടാന്‍ പാടില്ലെന്ന് വ്യക്തമായും നമ്മെ പഠിപ്പിക്കുന്നുണ്ട്.

പിതാവിന്റെ നിര്‍ദേശ പ്രകാരം മക്കളില്‍ ചിലര്‍ യുസുഫിനെയും ബിന്‍യാമീനെയും അന്വേഷിച്ച് പുറപ്പെട്ടു. കുറച്ച് പേര്‍ പിതാവിന്റെ അടുത്ത് തന്നെ നിന്നു. 

''അങ്ങനെ യൂസുഫിന്റെ  അടുക്കല്‍ കടന്നു ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 12:88).

യൂസുഫ്(അ)ന്റെ അടുക്കല്‍ എത്തി 'ഞങ്ങള്‍ക്ക് വലിയ ദുരിതം ബാധിച്ചിട്ടുണ്ട്. വലിയ ക്ഷാമത്തിലാണ്. ഞങ്ങളെ അങ്ങ് സഹായിക്കണം. വറുതിയും ക്ഷാമവും കാരണം നിങ്ങള്‍ നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പകരം നല്‍കുവാന്‍ മാത്രമുള്ള ചരക്കുകളൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്നിരുന്നാലും അങ്ങ് ഞങ്ങള്‍ക്കുള്ള അളവ് പൂര്‍ത്തിയാക്കിത്തരണം' എന്നും അതിന് പുറമെ ധര്‍മമായിട്ടും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം' എന്ന് പറഞ്ഞതിനെ പിടിച്ചുവെച്ച ഞങ്ങളുടെ സഹോദരനെ തിരികെ നല്‍കി ഔദാര്യം കാണിക്കണം എന്നും ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതെല്ലാം പറയുന്നത് കേട്ട യൂസുഫ്(അ)ന്റെ മനസ്സിന് അലിവ് തോന്നി. അവര്‍ക്ക് ഇതു വരെ തിരിച്ചറിയാന്‍ കഴിയാതെ പോയ ആ രഹസ്യം അദ്ദേഹം അവരുടെ മുന്നില്‍ പ്രകടമാക്കി.

''അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച!'' (ക്വുര്‍ആന്‍ 12:89,90).

വിവരവും വിവേകവും ഇല്ലാത്ത കാലത്ത് യൂസുഫിനെയും അവന്റെ സഹോദരനെയും ചെയ്തതിനെ കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവും ഉണ്ടോ (ബിന്‍യാമീനെയും അവര്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയിട്ടുണ്ടെന്നാണ് യൂസുഫ്(അ)ന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്) എന്ന് യൂസുഫ്(അ) അവരോട് ചോദിച്ചു. ഇത് കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? ഉടനെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി.

യൂസുഫ്(അ)ന്റെ ജീവിതം ഇപ്രകാരം ഒരു വലിയ സ്ഥാനത്തിലേക്ക് എത്തുന്നതിന് പിന്നില്‍ സഹിക്കേണ്ടി വന്ന വിഷമങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. സഹോദരങ്ങള്‍ കിണറ്റില്‍ എറിഞ്ഞത് യാത്രാ സംഘത്തിന് ലഭിക്കുവാന്‍ കാരണമായി. രാജാവിന്റെ കൊട്ടാരത്തില്‍ എത്തുവാന്‍ അടിമച്ചന്തയില്‍ തന്നെ വില്‍ക്കുവാന്‍ വെച്ചത് കാരണമായി. രാജാവിന്റെ ഭാര്യ തന്നെ വശീകരിക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹുവിനെ പേടിച്ച് പിന്‍മാറിയതും അദ്ദേഹം ജയിലിലടക്കപ്പെടുവാനും കാരണമായി. ജയിലില്‍ രാജ കൊട്ടാരത്തിലുണ്ടായിരുന്ന ചിലരോടൊപ്പം കഴിച്ചു കൂട്ടിയത് കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി ഉയരാനുള്ള തുടക്കത്തിന് കാരണമായി. രാജാവ് കണ്ട സ്വപ്‌നത്തിനുള്ള വ്യാഖ്യാനം നല്‍കിയത് രാജ്യത്തിന്റെ നന്മക്ക് യൂസുഫ് വേണ്ടപ്പെട്ടവനാണെന്ന് രാജാവിന് തോന്നുവാനും മന്ത്രി പദം ഏല്‍പിക്കപ്പെടുവാനും കാരണമായി. എല്ലാം വലിയ സ്ഥാനത്തേക്കുള്ള പ്രയാണത്തിലെ ചവിട്ടു പടികളായിരുന്നു. അവസാനം, സഹോദരങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായി വന്നത് അവരെയും ചെറിയ സഹോദരനായ ബിന്‍യാമീനെയും കാണുവാന്‍ കാരണമായി. ഭക്ഷ്യവസ്തുക്കള്‍ വാങ്ങി തിരിച്ചു പോകുമ്പോള്‍ ബിന്‍യാമീന്റെ  ഭാണ്ഡത്തില്‍ അളവുപാത്രം വെച്ചത് അവനെ കൂടെ പാര്‍പ്പിക്കുവാനും കാരണമായി. രണ്ടാമതും സഹോദരങ്ങള്‍ വന്ന് വീട്ടിലെ പ്രയാസവും കഷ്ടപ്പാടും പറഞ്ഞത് എല്ലാവരെയും പരസ്പരം തിരിച്ചറിയുന്നതിലേക്കും എത്തിച്ചു. ഇതെല്ലാം അല്ലാഹു തങ്ങളോട് ചെയ്ത അനുഗ്രഹങ്ങളാണെന്ന് യൂസുഫ്(അ) അവരെ അറിയിച്ചു.

അല്ലാഹുവിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ വരുന്നതിനെ തൊട്ട് സൂക്ഷിക്കുകയും അല്ലാഹുവിന്റെ വിധികളിലും തീരുമാനങ്ങളിലും ക്ഷമിച്ച് ജീവിക്കുകയും ചെയ്താല്‍ അവരെ അല്ലാഹു കൈവെടിയുകയില്ല എന്ന ഒരു തത്ത്വം അദ്ദേഹം അവരെ പഠിപ്പിക്കുകയും ചെയ്തു.

സഹോദരങ്ങള്‍ ചെയ്തതെല്ലാം വെളിച്ചത്തായി എന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ പറഞ്ഞു: 

''...അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു'' (12:91).

അല്ലാഹുവിന്റെ അടുക്കല്‍ യൂസുഫ് ശ്രേഷ്ഠനാണെന്നും തങ്ങളെക്കാളും സ്ഥാനമുള്ളവനാണെന്നും അവര്‍ സമ്മതിച്ചു. ചെയ്ത് പോയ അപരാധങ്ങള്‍ ഏറ്റുപറഞ്ഞു. അതിനുള്ള എന്ത് ശിക്ഷ സ്വീകരിക്കുവാനും അവര്‍ തയ്യാറാകുകയും ചെയ്തു.

''അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു'' (12:92).

പ്രതികാര നടപടിക്കോ, ശിക്ഷ നടപ്പിലാക്കാനോ യൂസുഫ്(അ) തയ്യാറായില്ല. തന്നോട് ചെയ്ത അരുതായ്മകള്‍ക്ക് സഹോദരങ്ങള്‍ക്ക് പൊറുത്തു കൊടുക്കുകയും അവര്‍ക്കായി അല്ലാഹുവിനോട് പാപമോചനം നടത്തുകയുമാണ് അദ്ദേഹം ചെയ്തത്.

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പോലും പകയും വിദ്വേഷവും ഉള്ളില്‍ വെച്ച് നടക്കുകയും ഒറ്റക്ക് കിട്ടിയാല്‍ തട്ടിക്കളയാന്‍ പോലും മടി കാട്ടാതിരിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യര്‍ക്ക് യൂസുഫ്(അ) അടക്കമുള്ള പ്രവാചകന്മാരുടെ ജീവിതം മാതൃകയാണ്. എന്ത് പ്രതികാര നടപടി സ്വീകരിക്കുവാനും പറ്റിയ അവസരം. അധികാരവും സാഹചര്യവും നൂറു ശതമാനം തനിക്ക് അനുകൂലം. ഇങ്ങനെയുള്ള അവസരത്തില്‍ മാപ്പ് നല്‍കലാണ് ഏറ്റവും വലിയ നടപടി എന്ന മഹത്തായ സന്ദേശം ലോകത്തെ പഠിപ്പിക്കുന്നു പ്രവാചകന്മാര്‍. മക്കാവിജയ ദിവസം നബി(സ്വ) കാണിച്ച സമീപനവും ഇതിന് മറ്റൊരു തെളിവാണ്. പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍, കണ്‍മുന്നില്‍ വെച്ച് വേണ്ടപ്പെട്ടവരെ അറുകൊല നടത്തിയവര്‍, കൂക്കി വിളിച്ചും പരിഹസിച്ചും നടന്നവര്‍, കല്ലെറിഞ്ഞും തുപ്പിയും ദ്രോഹിച്ചവര്‍, ഇങ്ങനെ സാധ്യമാകും വിധത്തിലെല്ലാം ദ്രോഹിച്ചവര്‍ പരാജിതരായി തനിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അവിടുന്ന് മക്കക്കാരോട് ചോദിക്കുന്നു:

'ക്വുറയ്ശ് സമൂഹമേ, ഞാന്‍ നിങ്ങളില്‍ എന്ത് ചെയ്യുമെന്നാണ് വിചാരിക്കുന്നത്?' അവര്‍ പറഞ്ഞു: 'നല്ലത്. (നീ) മാന്യനായ സഹോദരനാണ്, മാന്യനായ സഹോദരന്റെ പുത്രനുമാണ്.' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'യൂസുഫ് അദ്ദേഹത്തിന്റെ സഹോദരങ്ങളോട് പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഇന്ന് നിങ്ങളുടെമേല്‍ ഒരു ആക്ഷേപവുമില്ല. നിങ്ങള്‍ എല്ലാവരും പോയിക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.'

യാതൊരു പ്രതികാര നടപടിയും സ്വീകരിക്കാതെ യൂസുഫ്(അ) തന്റെ സഹോദരങ്ങള്‍ക്ക് മാപ്പുനല്‍കി. അദ്ദേഹത്തിന് അവരോട് ആവശ്യപ്പെടാനുണ്ടായിരുന്നത് ഇതാണ്:

''നിങ്ങള്‍ എന്റെ ഇൗ കുപ്പായം കൊണ്ടുപോയി എന്റെ പിതാവിന്റെ  മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരുകയും ചെയ്യുക'' (12:93).

പിതാവ് യഅ്ക്വൂബ്(അ) വീട്ടിലാണല്ലോ. കൂടെ മക്കളില്‍ ചിലരും ഉണ്ട്. മറ്റു ചിലര്‍ യൂസുഫ്(അ)ന്റെഅടുത്തുമാണ്. വലിയ ഒരു മുഅ്ജിസത്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്. ഈ സംഘം പിതാവിന്റെഅടുത്ത് എത്തുമ്പോള്‍ തന്നെ അത്ഭുതം പ്രകടമാകാന്‍ തുടങ്ങി!

രണ്ട് പ്രവാചകന്മാരിലൂടെ മുഅ്ജിസത്ത് പ്രകടമാവുകയാണ്. മുഅ്ജിസത്ത് എന്നാല്‍ സൃഷ്ടികള്‍ക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്തതും പ്രവാചകന്മാരിലൂടെ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍  പ്രകടമാക്കുന്നതുമായ കാര്യമാണല്ലോ. 

തന്നെ കാണാത്തതില്‍ ദുഃഖിക്കുകയും കരയുകയും ചെയ്തതിനാല്‍ തന്റെ പിതാവിന്റെ കാഴ്ച വരെ നഷ്ടമായിട്ടുണ്ടെന്ന് യൂസുഫ്(അ) വഹ്‌യിലൂടെ അറിഞ്ഞിട്ടുണ്ട്. അതിനാലാണ് തന്റെ കുപ്പായം സഹോദരങ്ങളെ ഏല്‍പിക്കുന്നത്. ആ കുപ്പായം സാധാരണ കുപ്പായം തന്നെയാണ്. മറ്റു പ്രത്യേകതകളൊന്നും ഇല്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം യൂസുഫ്(അ) ചെയ്യുന്നു എന്ന് മാത്രം. 

എത്രയോ ദിവസങ്ങള്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരമാണ് ഈജിപ്തില്‍ നിന്നും കന്‍ആനിലേക്കുള്ളത്. എന്നാല്‍ ഈജിപ്തില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പേ യൂസുഫിന്റെ മണം പിതാവ് അനുഭവിച്ച് തുടങ്ങി. അത് യഅ്ക്വൂബ്(അ)ന് അല്ലാഹു നല്‍കിയ മുഅ്ജിസത്താണ്. അത് അവിടെയുള്ള മറ്റുള്ള ആരും അനുഭവിക്കുന്നുമില്ല താനും. 

''യാത്രാസംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്)'' (ക്വുര്‍ആന്‍ 12:94).

പ്രായം അങ്ങേയറ്റത്ത് എത്തിയതിനാലാണ് ഉപ്പ ഇങ്ങനെ പറയുന്നതെന്ന് മക്കള്‍ വിചാരിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. എന്നാല്‍ മക്കള്‍ മനസ്സിലാക്കിയത് പ്രായം കാരണം പിതാവ് എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നാണ്. അവര്‍ പിതാവിനോട് അത് പറയുകയും ചെയ്തു:

''അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്'' (12:95).

ഈജിപ്തില്‍ നിന്നും മടങ്ങിയവരില്‍ ഒരാള്‍ നേരത്തെ പുറപ്പെട്ടിട്ടുണ്ട്. അവന്‍ വന്ന് പിതാവിന്റെ മുഖത്ത് യൂസുഫിന്റെ കുപ്പായം ഇട്ടു; കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇതാണ് ഇവിടെ സംഭവിച്ച മുഅ്ജിസത്ത്.

''അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?'' (12:96).

നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടിയതിന് ശേഷം അദ്ദേഹം താന്‍ വഴികേടിലാണെന്നെല്ലാം പറഞ്ഞ മക്കളോട് ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?' യൂസുഫിന്റെയും ബിന്‍യാമീന്റെയും കാര്യത്തില്‍ എന്തോ ചില കാര്യങ്ങള്‍ ഇവര്‍ മുഖേന നടന്നിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിക്കാണണം. കാരണം യൂസുഫിനെ നഷ്ടമായപ്പോഴും ബിന്‍യാമീന്‍ പിടിക്കപ്പെട്ടപ്പോഴും എല്ലാം അദ്ദേഹം പറഞ്ഞത് നിങ്ങളുടെ മനസ്സുകള്‍ക്ക് ചില കാര്യങ്ങള്‍ നല്ലതായി തോന്നിയിരിക്കുന്നു എന്നാണ്. അതുപോലെ അവരെ അന്വേഷിച്ച് കണ്ടെത്തുവാനായി മക്കളോട് പറയുകയും ചെയ്തിരുന്നല്ലോ. 

യഅ്ക്വൂബ്(അ) യൂസുഫിനെയും ബിന്‍യാമീനെയും കന്‍ആനില്‍ ഇരുന്ന് കാണുന്നില്ല. യഅ്ക്വൂബ്(അ) അല്ലാഹുവില്‍ നിന്നും ചില കാര്യങ്ങള്‍ ഞാന്‍ അറിയുന്നുണ്ട് എന്ന് പറഞ്ഞത് യൂസുഫ്(അ)ന്റെ ജീവിതത്തിലുണ്ടായ വേദനപ്പിക്കുന്ന കാര്യങ്ങളല്ലായിരുന്നു. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം കാഴ്ച നഷ്ടപ്പെടുമാറ് കരയുകയും ദുഃഖിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.