നിപുണനായ ഭരണാധികാരി

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

(ദാവൂദ് നബി(അ): 03)

പക്ഷികളുടെ പ്രകീര്‍ത്തനം 

ദാവൂദ് നബി(അ)ക്ക് വേറെയും ധാരാളം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിരുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍നിന്ന് (ധാരാളം) അനുഗ്രഹം നല്‍കുകയുണ്ടായി. (നാം നിര്‍ദേശിച്ചു) ഹേ, പര്‍വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും...'' (ക്വുര്‍ആന്‍ 34:10). 

ദാവൂദ്(അ) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ കൂടെ പക്ഷികളും പര്‍വതങ്ങളും ഉണ്ടായിരുന്നു. പക്ഷികളും പര്‍വതങ്ങളും തസ്ബീഹ് ചൊല്ലുന്നു എന്നത് അല്ലാഹുവിന്റെ വചനമാണ്. അതിനെ നിഷേധിക്കുന്നവന്‍ സത്യവിശ്വാസിയല്ല. ഇപ്രകാരം വിശ്വസിച്ചേ പറ്റൂ. ഇതേ കാര്യം അല്ലാഹു മറ്റൊരിടത്തും പറഞ്ഞിട്ടുണ്ട്:

''ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വതങ്ങളെയും പക്ഷികളെയും നാം കീഴ്‌പെടുത്തിക്കൊടുത്തു''(ക്വുര്‍ആന്‍ 21:79).

ഈ സൂക്തത്തിലും പക്ഷികളും പര്‍വതങ്ങളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്നാണല്ലോ പറയുന്നത്. പക്ഷേ, അവയുടെ പ്രകീര്‍ത്തനം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. അല്ലാഹുവിനെ പക്ഷികളും പര്‍വതങ്ങളും മാത്രമല്ല പ്രകീര്‍ത്തിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:

''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 17:44).

അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാത്ത യാതൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നതാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അത് എപ്രകാരമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ഭൗതിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവരുണ്ട്. പര്‍വത വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യപ്പെടുത്തിക്കൊടുത്തു. പക്ഷി വര്‍ഗത്തിലെ വിവിധ ഇനങ്ങളെ നാട്ടിന്റെ അഭിവൃദ്ധിക്കു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ചെയ്തു കൊടുത്തു... എന്നൊക്കെയാണ് ഈ പറഞ്ഞവയുടെ ഉദ്ദേശം എന്ന് ഇവര്‍ ജല്‍പിക്കുന്നു. ഈ ദുര്‍വ്യാഖ്യാനം നാം തള്ളിക്കളയേണ്ടതാകുന്നു. കാരണം, ക്വുര്‍ആന്‍ പലയിടങ്ങളിലായി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യത്തെ ഇങ്ങനെ വ്യാഖ്യാനിക്കുവാന്‍ യാതൊരു തെളിവുമില്ല. 

ക്വുര്‍ആനില്‍ മറ്റൊരിടത്ത് പറയുന്നത് കാണുക: 

''സന്ധ്യാസമയത്തും സൂരേ്യാദയ സമയത്തും സ്‌തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്‌പെടുത്തുക തന്നെ ചെയ്തു. ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്‌പെടുത്തി). എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു'' (ക്വുര്‍ആന്‍ 38:18,19).

ഈ വചനത്തിലും മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനത്തെ പറ്റി വ്യക്തമാക്കുന്നു. മാത്രമല്ല, അതിന്റെ സമയം വരെ അല്ലാഹു നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. തീര്‍ന്നില്ല, അവ ദാവൂദ്(അ)ന് വിനയം കാണിക്കുന്നവയായിരുന്നു എന്നും പറഞ്ഞിരിക്കുന്നു. പൂര്‍ണമായ അനുസരണയോടെയായിരുന്നു അവ നിലകൊണ്ടിരുന്നത് എന്നല്ലേ നമുക്ക് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്?!
 

തസ്ബീഹ് എങ്ങനെ?

എങ്ങനെയാണ് പക്ഷികളുടെയും മലകളുടെയും പ്രകീര്‍ത്തനം? എങ്ങനെയെന്ന് നമുക്കറിയില്ല. ഒരു കാര്യത്തിന്റെ നിജസ്ഥിതി നമുക്ക് അറിയില്ല എന്നതിനാല്‍ അങ്ങനെയൊരു കാര്യമില്ല എന്നു പറയുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ കാര്യം എന്താണെങ്കിലും അത് അപ്രകാരം അംഗീകരിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.

അല്ലാഹു അവന്റെ സൃഷ്ടികളില്‍ അവന്റെ ഉദ്ദേശ്യം ഏതും നടപ്പിലാക്കാന്‍ കഴിവുള്ളവനാണ്. ഇന്ന് നാം നമ്മുടെ നാവ് കൊണ്ടാണ് സംസാരിക്കുന്നത്. എന്നാല്‍ ക്വിയാമത്ത് നാളില്‍ നമ്മുടെ മറ്റു ചില അവയവങ്ങള്‍ സംസാരിക്കുമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

''തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 41:21).

ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ തൊലികള്‍ സംസാരിക്കുമെന്നാണ് ഈ സൂക്തം നമ്മെ അറിയിക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നു? അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയുന്നവനാണെന്ന മറുപടിയേ നമുക്ക് പറയാന്‍ കഴിയൂ. ഇതിലൊന്നും അവിശ്വസനീയമായി യാതൊന്നുമില്ല. ഇനി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്ന ചില അത്ഭുതങ്ങള്‍ കാണുക:

ജാബിറുബ്‌നു സമുറ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'ഞാന്‍ പ്രവാചകനായി അയക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറഞ്ഞിരുന്ന മക്കയിലെ ഒരു കല്ലിനെ എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും എനിക്ക് അതിനെ അറിയുന്നതാകുന്നു'' (മുസ്‌ലിം).

നബിﷺക്ക് മിമ്പര്‍ നിര്‍മിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം ഖുത്വുബ പറയാന്‍ കയറിനിന്നിരുന്ന മരത്തടി ചെറിയ കുട്ടികളെ പോലെ കരഞ്ഞ സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്.

കല്ല് എങ്ങനെയാണ് സലാം പറയുക, മരത്തടി കരയുകയോ, ഇതെങ്ങെന വിശ്വസിക്കും, ഇതൊക്കെ അസംഭവ്യമാണ് എന്നെല്ലാം ചിലര്‍ പറയാറുണ്ട്. ഇതൊക്കെ വിവരക്കേടാണെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; സലാം പറഞ്ഞ കല്ലിനെപ്പറ്റി നബിﷺയാണ് നമുക്ക് പറഞ്ഞുതന്നത്. മരത്തടി കരഞ്ഞതിന് അവിടുത്തെ അനുചരന്മാരും സാക്ഷികളാണ്. മരം കരയുകയോ?  കല്ല് സംസാരിക്കുകയോ? എന്നെല്ലാം വല്ലവനും നമ്മോട് ചോദിച്ചാല്‍ യാതൊരു സംശയവും കൂടാതെ നാം പറയും അതെ എന്ന്. കാരണം ഒരിക്കലും കളവ് പറയാത്ത നബിﷺയാണ് ഇത് നമ്മെ അറിയിച്ചത്.  

പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തുകളില്‍ വിശ്വസിക്കാന്‍ ചിലരൊക്കെ വിമുഖത കാണിക്കാറുണ്ട്. ആര്‍ക്കും സ്വന്തമായി ചെയ്യാന്‍ കഴിയാത്തതും സാധാരണ സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നുവരാറില്ലാത്തതുമായ കാര്യങ്ങളാണ് മുഅ്ജിസത്ത്. മുഅ്ജിസത്ത് എന്ന അറബി പദത്തിന് നാം സാധാരണ മലയാളത്തില്‍ അര്‍ഥം പറയുന്നത് തന്നെ അസാധാരണ സംഭവം എന്നാണല്ലോ. മുഅ്ജിസത്തുകളുടെ പ്രത്യേകത മറ്റുള്ളവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്തതും സാധാരണ നടപ്പില്‍ വരാത്തതുമായ സംഭവങ്ങളാണ് എന്നതാണ്. അവ നമ്മുടെ കേവല ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. വിശ്വാസികള്‍ക്ക് അവ നന്നായി ഉള്‍ക്കൊള്ളുവാനും അവരുടെ വിശ്വാസത്തിന് കരുത്ത് പകരാന്‍ അവ നിമിത്തമാവുകയും ചെയ്യും. ദാവൂദ് നബി(അ)യുടെ  കൂടെ മലകളും പക്ഷികളും തസ്ബീഹ് ചൊല്ലാന്‍ ഒരുമിച്ചിരുന്നു എന്നത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു.  പക്ഷികളും മലകളും തസ്ബീഹ് നടത്തിയത് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ പ്രകൃത്യായുള്ള കഴിവില്‍ പെട്ടതല്ല. 

ധാരാളം അറിവ് നല്‍കപ്പെട്ടു 

''ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്റെ വിശ്വാസികളായ ദാസന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു'' (ക്വുര്‍ആന്‍ 27:15).

ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും ചരിത്രത്തില്‍നിന്ന് പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാനുണ്ട്. 

ദാവൂദ് നബി(അ)ക്ക് അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് നല്ല അവഗാഹം ഉണ്ടായിരുന്നു. രാജ്യഭരണം എങ്ങനെ ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്യാമെന്ന അറിവും അല്ലാഹു അദ്ദേഹത്തിന് നല്‍കി. അതുകൊണ്ട് തന്നെ നാല്‍പത് വര്‍ഷത്തോളം തന്റെ സൈന്യത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും തന്റെതായ നൈപുണ്യം തെളിയിച്ച് ദാവൂദ്(അ) ആ നാട്ടില്‍ ഭരണം നടത്തി.

ഇത്രയെല്ലാം പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടും അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുന്നതില്‍ തെല്ലും വീഴ്ച വരുത്തിയില്ല. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ അദ്ദേഹം ധാരാളം സമയം ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യഭരണം നിര്‍വഹിക്കുന്നതോടൊപ്പം ദാവൂദ് നബി(അ) നിത്യവൃത്തിക്കായി തൊഴില്‍ ചെയ്തിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ സദ്ഗുണം അദ്ദേഹത്തില്‍ ഉള്ളതിനാല്‍ അല്ലാഹു അദ്ദേഹത്തെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്:

''(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു'' (ക്വുര്‍ആന്‍ 38:17).

'നമ്മുടെ ദാസന്‍' എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന് അല്ലാഹുവിങ്കലുള്ള സ്വീകാര്യതയും സ്ഥാനവും അറിയിക്കുന്നുണ്ട്.

'ദല്‍ അയ്ദി' എന്നതിനാണ് 'കയ്യൂക്കുള്ളവന്‍' എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. 'ദല്‍ അയ്ദി'എന്ന പദത്തിന് 'ധാരാളം കൈകളുള്ള' എന്നതാണ് നേര്‍ക്കുനേരെയുള്ള അര്‍ഥം. അപ്പോള്‍ അതിന്റെ ഉദ്ദേശ്യം അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനും ശക്തനുമായിരുന്നു എന്നാകുന്നു.

അല്ലാഹുവിന്റെ പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന് നാം മുമ്പ് വിവരിച്ചിരുന്നു. അവര്‍ അല്ലാഹുവിനോട് ഏറെ വിനീതവിധേയരുമായിരുന്നു. അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടാകുമോ, സംഭവിക്കുമോ എന്ന ഭയവും ഭക്തിയും അവര്‍ക്ക് എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ ധാരാളമായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരായിരുന്നു. ദാവൂദ് നബി(അ)യെ പറ്റി 'തീര്‍ച്ചയായും അദ്ദേഹം ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു' എന്നു പറഞ്ഞത് ശ്രദ്ധിക്കുക.

പ്രവാചകത്വം, രാജഭരണം, കായികബലം, അറിവ് തുടങ്ങിയവ കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ട മഹാനായ  ദാവൂദ്(അ) അതിന്റെ പേരില്‍ അല്‍പം പോലും അഹങ്കരിച്ചില്ല. അല്ലാഹുവിനോടുള്ള  കടപ്പാടുകള്‍ നിറവേറ്റി നന്ദിയുള്ള ദാസനായി ജീവിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. നബിﷺ പറയുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''എന്നോട് അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നോമ്പ് ദാവൂദിന്റെ നോമ്പാകുന്നു. അദ്ദേഹം ഒരു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നമസ്‌കാരം ദാവൂദിന്റെ നമസ്‌കാരമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതി ഉറങ്ങുകയും എന്നിട്ട് അതിന്റെ മൂന്നില്‍ ഒന്ന് നില്‍ക്കുകയും (നമസ്‌കരിക്കുകയും) അതിന്റെ ആറില്‍ ഒന്ന് ഉറങ്ങുകയും ചെയ്യുന്ന ആളായിരുന്നു'' (ബുഖാരി, മുസ്‌ലിം).

നിര്‍ബന്ധ നോമ്പിനെ കുറിച്ചോ നിര്‍ബന്ധനമസ്‌കാരത്തെ കുറിച്ചോ അല്ല ഇവിടെ നബിﷺ നമുക്ക് അറിയിച്ചു തരുന്നത്; ഐച്ഛികമായ ആരാധനകളെ കുറിച്ചാണ്. എല്ലാ ദിവസവും ഐച്ഛികമായ നോമ്പ് നോല്‍ക്കാതെ ഇടവിട്ടുള്ള ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നു. രാത്രിയുടെ മുഴുവന്‍ സമയവും നമസ്‌കാരത്തില്‍ മുഴുകി സ്വന്തത്തെ പീഡിപ്പിച്ചില്ല. കണ്ണിനോടും ഇണയോടുമെല്ലാമുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു. എന്നാല്‍ രാത്രിയില്‍ ദീര്‍ഘമായി നമസ്‌കരിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അപ്രകാരമുള്ള നോമ്പും രാത്രി നമസ്‌കാരവും അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതാണെന്ന് നബിﷺ ഇതിലൂടെ നമുക്ക് വിവരിച്ചു തരുന്നു.

മഹാനായ അംറുബ്‌നുല്‍ ആസ്വ്(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവം ഇതിന്റെ കൂടെ നാം വായിക്കേണ്ടതുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറഞ്ഞു: ''അല്ലാഹുവാണെ സത്യം! ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പകല്‍ മുഴുവന്‍ നോമ്പ് എടുക്കുക തന്നെ ചെയ്യുന്നതാണ്. (അതുപോലെ) രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യും എന്ന് ഞാന്‍ പറയുന്നതായ വിവരം അല്ലാഹുവിന്റെ ദൂതന് അറിയിക്കപ്പെടുകയുണ്ടായി. അങ്ങനെ ഞാന്‍ നബിﷺനോട് പറഞ്ഞു: 'എന്റെ ഉമ്മയെയും ഉപ്പയെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിരിക്കുന്നു.' അപ്പോള്‍ നബിﷺ പറഞ്ഞു: 'തീര്‍ച്ചയായും നിനക്ക് അത് (തുടര്‍ത്തിക്കൊണ്ടുപോകാന്‍) സാധിക്കുകയില്ല. അതിനാല്‍ നീ നോമ്പ് എടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുക. രാത്രിയില്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. (അതിനായി) മാസത്തില്‍ മൂന്ന് ദിവസങ്ങളില്‍ നോമ്പ് എടുക്കുകയും ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും അത് (ഒരോന്നും) പത്തിന് തുല്യമാകുന്നതാകുന്നു. അത് ഒരു വര്‍ഷത്തെ നോമ്പിന് തുല്യവുമാകുന്നു.' (അപ്പോള്‍) ഞാന്‍ പറഞ്ഞു: 'തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.' നബിﷺ പറഞ്ഞു: 'എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും രണ്ട് ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക.' ഞാന്‍ പറഞ്ഞു: 'തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.' നബിﷺ പറഞ്ഞു: 'എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക. അതാകുന്നു ദാവൂദ്(അ)ന്റെ നോമ്പ്. അതാകുന്നു നോമ്പുകളില്‍ ശ്രേഷ്ഠമായതും.' ഞാന്‍ പറഞ്ഞു: 'തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.' നബിﷺ പറഞ്ഞു: 'അതിനെക്കാള്‍ ശ്രേഷ്ഠമായത് ഇല്ല''  (ബുഖാരി).

ഭരണ നൈപുണ്യം, ആധിപത്യം

ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഒരു പ്രത്യേക അനുഗ്രമായിരുന്നു ഭരണത്തിലെ നൈപുണ്യം. ക്വുര്‍ആന്‍ പറയുന്നത് കാണുക.

''അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന് നാം തത്ത്വജ്ഞാനവും തീര്‍പ്പു കല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 38:20).

ദാവൂദ് നബി(അ)യുടെ ഭരണകാലത്ത് ആ നാട് വളരെ കെട്ടുറപ്പുള്ള ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ സൈന്യം ഏത് കാര്യത്തിനും സുസജ്ജമായി നിലകൊണ്ടു. പ്രവാചകത്വവും തത്ത്വജ്ഞാനവും സംസാര വൈഭവവുമെല്ലാം അല്ലാഹു അദ്ദേഹത്തിന് നല്‍കി.