മൂന്നു മക്കളുടെ നഷ്ട ദുഃഖം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മാര്‍ച്ച് 31 1439 റജബ് 13

(യൂസുഫ് നബി(അ): 6)

യൂസുഫ് നബി(അ) ഒരു സൂത്രം പ്രയോഗിച്ചു. ഭക്ഷ്യവസ്തുക്കള്‍ അളന്നു നല്‍കിയിരുന്ന പാനപാത്രം ആരും അറിയാതെ ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ ഒളിപ്പിച്ചു വെച്ചു.

''അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക്  ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്'' (ക്വുര്‍ആന്‍ 12:70).

അവര്‍ അവരുടെ ചരക്കുകളുമായി അവിടെ നിന്നും പുറപ്പെടുകയായി. അപ്പോഴാണ് 'ഹേ യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്' എന്ന് വിളിച്ചു പറയുന്നതായി കേട്ടത്.

''അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് (യാത്രാസംഘം) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് (ധാന്യം) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു'' (12:71,72).

ആ അളവു പാത്രം സ്വര്‍ണം കൊണ്ടുള്ളതായിരുന്നുവെന്നും വെള്ളികൊണ്ടുള്ളതായിരുന്നുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടുള്ളതാണെന്ന് നാം അറിയുന്നതില്‍ നമുക്ക് നന്മ ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്ക് അത് അറിയിച്ചു തരുമായിരുന്നു. അത് അറിയിച്ചു തരാത്തതിനാല്‍ അതിന്റെ പുറകെ നാം പോകുന്നില്ല. എന്തായിരുന്നാലും അത് മുന്തിയതും വിലപിടിപ്പുള്ളതുമാകാനേ വഴിയുള്ളൂ എന്ന് നമുക്ക് അനുമാനിക്കാം.

അളവ് പാത്രം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് ഒരു ഒട്ടകത്തിന് വഹിക്കുവാനുള്ള ധാന്യം ലഭിക്കുന്നതാണെന്നും എന്നെ അത് നല്‍കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പിനോട് അവര്‍ ഇപ്രകാരം പ്രതികരിച്ചു:

''അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ! ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല'' (12:73).

അപ്പോള്‍ അവരോട് ദര്‍ബാറിലുള്ളവര്‍ ചോദിച്ചു: ''...എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?'' (12:74).

''അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക്  പ്രതിഫലം നല്‍കുന്നത്'' (12:75).

മോഷ്ടിച്ചത് ആരാണോ, ആ മോഷ്ടാവിനെ ഏല്‍പിക്കലാണ് ഇബ്‌റാഹീം നബി(അ)യുടെ ശരീഅത്തില്‍ ഉണ്ടായിരുന്ന ഒരു നിയമം. ഇത് അറിയുന്നതിനാലാകാം അവര്‍ അപ്രകാരം അവരോട് പറഞ്ഞത്. ഇതാണ് കൂടുതല്‍ ശരി എന്നതാണ് അവരുടെ സംസാരത്തിലെ പ്രയോഗത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍, ഇവര്‍ എടുത്തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകാം അങ്ങനെ അവരോട് പറഞ്ഞത്. ഏതായിരുന്നാലും അവര്‍ പറഞ്ഞ പ്രകാരം തന്നെ ദര്‍ബാറുകാര്‍ അത് സ്വീകരിച്ചു. തദടിസ്ഥാനത്തില്‍ അവരുടെ ഭാണ്ഡക്കെട്ടുകള്‍ പരിശോധനക്ക് വിധേയമാക്കി.

''എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്റെ സഹോദരന്റെ ഭാണ്ഡത്തെക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്'' (12:76).

ബിന്‍യാമീന്റെ ഭാണ്ഡക്കെട്ടുകള്‍ പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെതെല്ലാം പരിശോധിച്ചു. അവസാനം ബിന്‍യാമീന്റെത് പരിശോധിച്ചു. അതില്‍ നിന്നും കാണാതായത് കണ്ടെടുക്കുകയും ചെയ്തു.

അല്ലാഹു യൂസുഫ്(അ)ന് വേണ്ടി പ്രയോഗിച്ച ഒരു തന്ത്രമാണിത്. ബിന്‍യാമീനെ പിടിച്ചുവെക്കുവാനായി ഒരു കാരണം ഇവിടെ സൃഷ്ടിക്കുകയാണ് ചെയ്തത്. 

അവര്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച ശിക്ഷ വിധിക്കുകയും ചെയ്തു. അങ്ങനെ ബിന്‍യാമീനെ യൂസുഫ്(അ)ന്റെ അടുക്കല്‍ നിര്‍ത്തി. അല്ലാഹു ഇപ്രകാരം ഒരു തന്ത്രം യൂസുഫ്(അ)ന് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ ബിന്‍യാമീനെ തന്റെ വസതിയില്‍ തടഞ്ഞു നിര്‍ത്താന്‍ യൂസുഫ്(അ)ന് സാധിക്കില്ലായിരുന്നു.

പിതാവ് ഏറെ സ്‌നേഹിക്കുന്ന എളിയ മകന്‍ മോഷണക്കേസില്‍ പിടിയിലായിരിക്കുന്നു! അവരുടെ മനസ്സില്‍ യുസുഫിന്റെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന പകയും അസൂയയും പുറത്തുവന്നു. നീയും നിന്റെ സഹോദരന്‍ യൂസുഫും മോഷ്ടാക്കളാണെന്ന് ആരോപിച്ചു. അവര്‍ യൂസുഫ്(അ)നും ബിന്‍യാമീനും എതിരെ നടത്തിയ പ്രസ്താവന കാണുക:

''അവര്‍ (സഹോദരന്മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ  മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്'' (12:77).

യൂസുഫ്(അ)യും ബിന്‍യാമീനും ഒരു ഉമ്മാക്കും മറ്റു പത്ത് പേര്‍ വേറെ ഉമ്മാക്കും പിറന്നവരാണ്. 'അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്' എന്ന് പറഞ്ഞത് അവരുടെ പാരമ്പര്യം മോശമാണെന്ന് സൂചിപ്പിക്കുവാനാനാണ് എന്ന് മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ ഇവര്‍ എല്ലാവരും സഹോദരങ്ങളാണ്. എന്നിട്ടും യൂസുഫ്(അ)നെ മാത്രം അതിലേക്ക് ചേര്‍ത്താന്‍ കാരണം മാതാവ് വേറെ ആയതിനാലാകാം.

അസൂയ ഒരാളില്‍ ഉണ്ടായാല്‍ അത് മനസ്സില്‍ നിന്നും മാറിപ്പോകണമെങ്കില്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തന്നെ വേണം. ഒരു കവി പറയുന്നത് കാണുക.

''ഒരു അസൂയാലുവിന്റെ കണ്ണ് എന്നും നിന്റെ നേരെ (നിന്റെ ഓരോ കാര്യവും) നിരീക്ഷിച്ച് ഉണ്ടാകുന്നതാണ്. മോശപ്പെട്ടവയെല്ലാം അത് പുറത്തെടുത്തു കാണിക്കുകയും നന്മകളെയെല്ലാം മറപ്പിച്ചു വെക്കുന്നതുമാണ്. മുഖപ്രസന്നതയോടെ നിന്നെ അവന്‍ അഭിമുഖീകരിക്കുകയും അവന്റെ മുന്‍പല്ലുകള്‍ വരെ അവര്‍ക്ക് അവന്‍ വെളിവാക്കുകയും ചെയ്യും. അപ്പോഴും അവന്റെ ഹൃദയത്തില്‍ എന്തിനോടാണോ അസൂയ ഉള്ളത് അത് ഉള്ളില്‍ വെച്ചു നടക്കുന്നവനായിരിക്കും അവന്‍.'' 

അസൂയാലുവിന്റെ ചിരിക്കുന്ന മുഖം നാം കണ്ടേക്കാം, തോളില്‍ കയ്യിട്ട് നമ്മോട് ഒത്തു ചേരുന്നുണ്ടായേക്കാം. പക്ഷേ, അവന്റെ മനസ്സ് അസൂയ കാരണം അസ്വസ്ഥതയിലായിരിക്കും. അവസരം കിട്ടിയാല്‍ അത് പ്രകടമാക്കും. നന്മകളെ അത് കാണില്ല. തിന്മകളെ എത്ര ചെറുതാണെങ്കിലും ഭീകരമാക്കി കാണിക്കാന്‍ ശ്രമിക്കും. 

യൂസുഫ്(അ)ലേക്കും അവര്‍ മോഷണം ചേര്‍ത്തി പറഞ്ഞു. യൂസുഫ്(അ) അതെല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. അറിയാത്തത് പോലെ നടിച്ചു. മനസ്സില്‍ അദ്ദേഹം അവരുടെ ഈ മോശപ്പെട്ട സമീപനത്തെ പറ്റി പറയുകയും ചെയ്തു. അവരോട് കയര്‍ക്കുവാനോ പക്വത വിട്ട് സംസാരിക്കുവാനോ തുനിഞ്ഞില്ല. ശക്തമായ ക്ഷമ കൈകൊള്ളുകയാണ് ചെയ്തത്. ഈ കടുത്ത സഹനമാണല്ലോ യൂസുഫ്(അ)ന് ഇത്തരം ഒരു സ്ഥാനത്തേക്ക് എത്താന്‍ കാരണമായതും.

നഷ്ടപ്പെട്ട വസ്തു ആരില്‍ നിന്നാണോ കണ്ടെടുക്കുന്നത്, അവരെ പിടിച്ചു വെക്കുക എന്നതാണ് ശിക്ഷ എന്നത് ഇരു പക്ഷവും സമ്മതിച്ചു. ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ നിന്ന് അത് കണ്ടെടുക്കുകയും ചെയ്തു. തീരുമാനിക്കപ്പെട്ടത് പോലെ ബിന്‍യാമീന്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്ക് മനസ്സിലായി. അതാകട്ടെ, അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതുമാണ്. കാരണം, അത്രയും നിര്‍ബന്ധിച്ച് പറഞ്ഞിട്ടാണല്ലോ അവരോടൊപ്പം അദ്ദേഹം പറഞ്ഞുവിട്ടത്. ബിന്‍യാമീന്‍ കൂടെയില്ലാതെ പിതാവിന്റെ അടുത്തേക്ക് മടങ്ങി ച്ചെല്ലുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ അവര്‍ യൂസുഫ്(അ)നോട് ഇപ്രകാരം അപേക്ഷിച്ചു:

''അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍ പെട്ട ഒരാളായിട്ടാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും'' (12:78,79).

'അയ്യുഹല്‍ അസീസ്' എന്നത് മന്ത്രിയെ ബഹുമാനിച്ചും ആദരിച്ചുമുള്ള വിളിയാണ്. ഇപ്രകാരം അവര്‍ യൂസുഫിനെ അഭിസംബോധന ചെയ്തു. എന്നിട്ട് അവര്‍ ഒരു കാര്യം ആവശ്യപ്പെടുകയാണ്: 'ഇവന് പ്രായം ചെന്ന ഒരു പിതാവുണ്ട്. അതിനാല്‍ ഇവന് പകരം ഞങ്ങളില്‍ നിന്ന് ആരെയെങ്കിലും പകരം സ്വീകരിച്ചാലും. അവനില്ലാതെ ഞങ്ങള്‍ പിതാവിന്റെ അടുത്തേക്ക് തിരിച്ച് ചെന്നാല്‍ പിതാവിന് അത് വലിയ പ്രയാസം ഉണ്ടാക്കും. അങ്ങയെ നല്ല ഒരാളായിട്ടാണ് ഞങ്ങള്‍ കാണുന്നത്.'

'തെറ്റ് ചെയ്തവന് പകരം വേറെ ഒരാളെ പിടിച്ചു വെക്കാന്‍ കഴിയില്ല. ആരാണോ കുറ്റക്കാരന്‍ അവനാണ് ശിക്ഷക്ക് അര്‍ഹന്‍. തെറ്റുകാരനെ വെറുതെ വിടുകയും നിരപരാധിയെ ശിക്ഷിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ വലിയ അക്രമികളായി മാറും' എന്നായിരുന്നു യൂസുഫി(അ)ന്റെ മറുപടി.

ബിന്‍യാമീനെ വിട്ടുകിട്ടില്ലെന്ന് അവര്‍ക്ക് ഉറപ്പായി. ബിന്‍യാമീനെ കൂടാതെ പിതാവിനെ എങ്ങനെ അഭിമുഖീകരിക്കും? എല്ലാവരും വലിയ ധര്‍മ സങ്കടത്തിലായി. അവര്‍ പരസ്പരം കൂടിയാലോചന നടത്തി.

''അങ്ങനെ അവനെ(സഹോദരനെ)പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടേ? അതിനാല്‍ എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ: ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ'' (12:80,81).

അങ്ങനെ അവര്‍ മടങ്ങിച്ചെന്ന് പിതാവിനെ കാര്യം ധരിപ്പിച്ചു. വിശ്വാസം വരാന്‍ ഇങ്ങനെയും പറഞ്ഞു:

''ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്) ഒന്നിച്ച് യാത്രചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു'' (12:82).

കന്‍ആന്‍ ദേശത്തു നിന്നും വന്ന ഒരു സംഘത്തില്‍ നിന്നും ഒരാള്‍ മന്ത്രിയുടെ അളവുപാത്രം മോഷ്ടിച്ചെടുത്തിട്ടുണ്ടെന്നത് പരസ്യമായ സത്യമാണ്. ഉപ്പാക്ക് വേണമെങ്കില്‍ അവിടെ വന്ന് ആ നാട്ടുകാരോട് ചോദിക്കാം. അല്ലെങ്കില്‍, ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റു യാത്രാ സംഘങ്ങളോടും ഉപ്പാക്ക് ചോദിക്കാം. പിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.

''അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോ കാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്'' (12:83,84).

എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിട്ടുണ്ട്. പക്ഷേ, എന്താണെന്ന് കൃത്യമായി അറിയുന്നുമില്ല. അതിനാല്‍ കടുത്ത ക്ഷമ സ്വീകരിച്ചു.

ആദ്യം യുസുഫിനെ നഷ്ടമായി. ഇപ്പോള്‍ ബിന്‍യാമീനെയും. യൂസുഫിന്റെയും ബിന്‍യാമീന്റെയുംനഷ്ടത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് വ്യസനം. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. യഅ്ക്വൂബ്(അ) പറഞ്ഞത് ഇപ്രകാരമാണ്. 

''അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്'' 'ബിഹിം' (അവരെയെല്ലാവരയും) എന്ന സര്‍വനാമം മൂന്നോ അതില്‍ കൂടുതലോ ഉള്ളപ്പോഴാണ് പ്രയോഗിക്കുക. ഇത് മൂന്ന് മക്കളുടെയും (യൂസുഫ്,  ബിന്‍യാമീന്‍, നാട്ടിലേക്ക് മടങ്ങാതിരുന്ന മകന്‍) നഷ്ടത്തില്‍ അദ്ദേഹം ദുഃഖിതാനാണെന്ന് മനസ്സിലാക്കിത്തരുന്നു.

യൂസുഫ്(അ) ചെറിയ കുട്ടിയായിരിക്കവെ കണ്ട സ്വപ്‌നം യഅ്ക്വൂബ്(അ)ന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വന്തം മക്കളെ കാണാത്തതില്‍ വ്യസനമുണ്ടെങ്കിലും എല്ലാം അറിയുന്ന അല്ലാഹുവില്‍ ഭരമേല്‍പിച്ച് ക്ഷമയോടെ കഴിയുകയാണ് പിതാവ് യഅ്ക്വൂബ്(അ).

ദുഃഖമുണ്ടാകുമ്പോള്‍ കരയലും കണ്ണുനീര് വരലും മനുഷ്യ പ്രകൃതമാണ്. പ്രവാചകന്മാര്‍ മനുഷ്യരാണല്ലോ. അവര്‍ക്കും ഇതെല്ലാം ഉണ്ടാകും. ഇതൊന്നും അക്ഷമയുടെ അടയാളമായി കാണാന്‍ പാടില്ല. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായേ ഇതിനെ നാം കാണാവൂ. ക്ഷമകേട് കാണിക്കലും വേവലാതിപ്പെട്ടുകൊണ്ടിരിക്കലും നിരാശപ്പെടലും അല്ലാഹുവല്ലാത്തവരോട് സങ്കടം ബോധിപ്പിക്കലുമെല്ലാമാണ് ആക്ഷേപാര്‍ഹമായത്. ഈ ആക്ഷേപ പ്രകടനങ്ങള്‍ പ്രവാചകന്മാരില്‍ കാണില്ല.

നബി ﷺ  പുത്രന്‍ ഇബ്‌റാഹീം(അ) മരണപ്പെട്ട വേളയില്‍ കരഞ്ഞത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി ﷺ യോട് സ്വഹാബികള്‍ 'അങ്ങും കരയുന്നോ പ്രവാചകരേ' എന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് 'തീര്‍ച്ചയായും കണ്ണ് കരയും, ഹൃദയം ദുഃഖിക്കും, എന്നാല്‍ നമ്മുടെ റബ്ബിന് തൃപ്തിയില്ലാത്ത യാതൊന്നും നാം പറയില്ല. ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്' എന്നായിരുന്നു. (ബുഖാരി).

പിതാവിന്റെ ദുഃഖവും വ്യസനവും കണ്ട മക്കള്‍ക്ക് പിതാവിനോട് വലിയ അനുകമ്പ തോന്നി. അവര്‍ പറഞ്ഞു

''അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും  അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണ്ടേയിരിക്കും'' (12:85).

അവര്‍ പിതാവിനെ ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. അതിന് പിതാവ് അവരോട് ഇപ്രകാരം പ്രതികരിച്ചു:

''അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്'' (12:86).

യഅ്ക്വൂബ്(അ)ന് അല്ലാഹുവില്‍ നിന്നും വലിയ പ്രതീക്ഷയുണ്ടായിരുന്നു. കാരണം, യൂസുഫ് കണ്ട സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അതിനാല്‍ കാണാതായ മക്കളെ മുഴുവനും തിരിച്ച് ലഭിക്കും എന്ന ശുഭ പ്രതീക്ഷ അദ്ദേഹത്തിലുണ്ട്. വഹ്‌യ് ലഭിക്കുന്ന പ്രവാചകനാണല്ലോ. അതുപോലെ ബിന്‍യാമീന്‍ എന്ന പുത്രന്‍ മോഷ്ടിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഇതെല്ലാം അദ്ദേഹത്തില്‍ മക്കളെ തിരിച്ചു ലഭിക്കും എന്ന ശുഭപ്രതീക്ഷക്ക് ശക്തി പകരുന്നതാണ്. എന്നാലും ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും യഅ്ക്വൂബ്(അ)ന് അറിയുന്നില്ല. മറ്റു മക്കളോട് അദ്ദേഹം അവരെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടു.