സത്യസന്ധത തെളിയിക്കപ്പെടുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

(യൂസുഫ് നബി(അ): 4)

യൂസുഫ് നബി(അ) ജയിലിലടക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്'' (ക്വുര്‍ആന്‍ 12:36).

യുസുഫ്(അ)ന്റെ വശ്യതയാര്‍ന്ന സ്വഭാവവും പെരുമാറ്റവും അറിഞ്ഞവരെല്ലാം അദ്ദേഹവുമായി നല്ല ബന്ധത്തിലായി.

യുസുഫ്(അ)ന്റെ കൂടെ രണ്ട് ചെറുപ്പക്കാരെയും തടവിലാക്കിയിരുന്നു. ആ ചെറുപ്പക്കാര്‍ക്ക് യൂസുഫ്(അ)നെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അവരുടെ പല കാര്യങ്ങളും അദ്ദേഹവുമായി അവര്‍ പങ്കുവെച്ചു.

അങ്ങനെയിരിക്കവെ അവരിലൊരാള്‍ കണ്ട ഒരു സ്വപ്‌നം അവര്‍ യൂസുഫ്(അ)യുമായി പങ്കുവെച്ചു. ഒരാള്‍ പറഞ്ഞു: 'ഞാന്‍ മദ്യം പിഴിഞ്ഞ് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നത് സ്വപ്‌നത്തില്‍ കണ്ടിരിക്കുന്നു.' രണ്ടാമന്‍ പറഞ്ഞു: 'ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു.' ഈ സ്വപ്‌നങ്ങളുടെ വ്യാഖ്യാനം പറഞ്ഞു തരുവാന്‍ അവര്‍ യൂസുഫ് നബി(അ)യോട് ആവശ്യപ്പെടുന്നു.

യൂസുഫ്(അ)യുമൊന്നിച്ചുള്ള അല്‍പ കാലത്തെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വഭാവ, പെരുമാറ്റ ഗുണങ്ങള്‍ അവര്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം നടത്തുവാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാലാണ് അവര്‍ അദ്ദേഹത്തോട് സ്വപ്‌ന വ്യഖ്യാനം അറിയുന്നതിനായി ചോദിച്ചത്. 

സ്വപ്‌നവ്യാഖ്യാനം ചോദിച്ചപ്പോഴേക്കും അദ്ദേഹം പറഞ്ഞുകൊടുത്തില്ല. അവര്‍ക്ക് തന്നോടുള്ള മതിപ്പും സ്വപ്‌ന വ്യാഖ്യാനം അറിയാനുള്ള താല്‍പര്യവും മനസ്സിലാക്കിയ യൂസുഫ് നബി(അ) അവരോട് അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിച്ച് വിവരിച്ചു കൊടുക്കുവാനുള്ള ഒരു സുവര്‍ണാവസരമായി അതിനെ കണ്ടു. അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിന് മുമ്പ് യൂസുഫ്(അ) തന്റെ കടമ നിറവേറ്റുകയാണ്. അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു:

''...നിങ്ങള്‍ക്ക് (കൊണ്ടുവന്ന്) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്റെ മുമ്പായി അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 12:37).

''എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും (ഇതര) മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല'' (12:38).

 ഈ സമയം മുതല്‍ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത് അല്ലാഹു എന്നെ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാം ഒരു കാര്യം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കി പറയുമ്പോള്‍ അതിന് ജനങ്ങള്‍ പ്രത്യേകം കാതോര്‍ക്കും. 

അവരുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം നല്‍കുന്നതിന് മുമ്പായി താന്‍ ആരാണെന്നും തന്റെ ആദര്‍ശം എന്താണെന്നും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് യൂസുഫ്(അ). അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല... ഇങ്ങനെ തൗഹീദിന്റെ മഹത്ത്വം അദ്ദേഹം അവരെ പഠിപ്പിച്ചു. 

യൂസുഫ്(അ) തന്റെ വിശ്വാസത്തെ മുന്‍ഗാമികളായ നല്ലവരിലേക്ക് ചേര്‍ത്തി പറയുകയാണ്. ആദര്‍ശത്തില്‍ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാന്‍ സാധിക്കണം. നമ്മുടെ വിശ്വാസ ആദര്‍ശ നിലപാടുകളെ പൂര്‍വികരായ സച്ചരിതരിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന പാരമ്പര്യമുള്ളവരാണ് വിജയിക്കുന്നവരുടെ സംഘം.

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനല്ലാത്തവരെ ആരാധിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുവാനും കഴിയുക എന്നത് അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന ഔദാര്യമാണ്. ബഹുദൈവ വിശ്വാസം എന്നത് ചൂഷണാധിഷ്ഠിതമാണല്ലോ. ചൂഷണം ചെയ്യപ്പെടാത്ത തെളിമയാര്‍ന്ന വിശ്വാസം ഏകദൈവ വിശ്വാസമാണ്. എന്നാല്‍ ഈ സത്യം അറിയുന്നവര്‍ വളരെ കുറച്ചു പേരാണ്. 

യൂസുഫ്(അ) തുടരുന്നു: 

''ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?''(12:39)

''അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല''(12:40).

അല്ലാഹുവിന് പുറമെ സൂര്യനെയും വിഗ്രഹങ്ങളെയും പശുക്കളെയും രാജാക്കന്മാരെയും വരെ പൂജിച്ചും വണങ്ങിയും ആരാധിക്കുന്നവരായിരുന്നു ഈജിപ്തുകാര്‍. ഓരോ ആവശ്യത്തിനും ഓരോ ദൈവം എന്നായിരുന്നു അവരുടെ വിശ്വാസം. അതിനാല്‍ യൂസുഫ് നബി(അ) അവരോട് ചോദിച്ചു; വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ എന്ന്.  അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതിനൊന്നും യാതൊരു തെളിവുമില്ല. ആരെയാണ് ആരാധിക്കേണ്ടതെന്ന് വിധിക്കുവാനുള്ള അധികാരം അല്ലാഹുവിനേ ഉള്ളൂ. അല്ലാഹു കല്‍പിച്ചതാകട്ടെ, അവനെ മാത്രമെ ആരാധിക്കാവൂ എന്നുമാണ്. ഇതാണ് ശരിയായ മതം. ഇങ്ങനെയെല്ലാം, കിട്ടിയ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി യൂസുഫ്(അ) അവരെ അറിയിച്ചു. അല്ലാഹുവിന്റെ ദീന്‍ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ അവസരം കിട്ടിയാല്‍ ഉപയോഗിക്കും.

ജയില്‍ വാസികളായ രണ്ടുപേരെയും അറിയിക്കേണ്ട പ്രധാന കാര്യം അറിയിച്ചതിനു ശേഷം അവരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി.

''ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു'' (ക്വുര്‍ആന്‍ 12:41,42).

ജയിലറകളില്‍ നിന്നും പുറത്ത് കടന്നാല്‍ നിങ്ങളില്‍ ഒരുവന്‍ രാജാവിന് മദ്യം കുടിപ്പിക്കുന്നവനും മറ്റേ ആള്‍ ക്രൂശിക്കപ്പെടുന്നവനുമായിരിക്കുമെന്നും അത് തീര്‍പ്പാക്കപ്പെട്ട കാര്യമാണെന്നും പ്രവാചകനായ യൂസുഫ്(അ) ദിവ്യ സന്ദേശത്തിന്റെ വെളിച്ചത്തില്‍ അവരുടെ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കി.

ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്ന് കരുതിയവനോട് യൂസുഫ്(അ), നീ നിന്റെ യജമാനന്റെ അടുത്ത് എത്തിയാല്‍ ഈ ജലിലറയില്‍ കഴിയുന്ന നിരപരാധിയായ, യാതൊരു തെറ്റും ചെയ്യാത്ത എന്നെക്കുറിച്ച് പറയണമെന്നും അറിയിച്ചു. എന്നാല്‍ ഈ കാര്യം അയാള്‍ യജമാനന്റെ അടുത്ത് എത്തിയപ്പോള്‍ പറയാന്‍ മറന്നു; പിശാച് അത് മറപ്പിച്ചു കളഞ്ഞു. തല്‍ഫലമായി യൂസുഫ്(അ) പിന്നെയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞു. 

യൂസുഫ്(അ) ജയിലില്‍ കഴിഞ്ഞ വര്‍ഷം എത്ര എന്ന് കൃത്യമായി ഇവിടെ പറഞ്ഞിട്ടില്ല.  'ബിള്അ സിനീന്‍' എന്നാണ് അതിനെ സംബന്ധിച്ച് പ്രയോഗിച്ചത്. 'ബിള്അ്' എന്നത് അറബിയില്‍ 3 മുതല്‍ 7 വരെയുള്ള അക്കങ്ങള്‍ക്കും ചിലപ്പോള്‍ 2 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കുമാണ് പ്രയോഗിക്കാറ്. അത്രയും കൊല്ലം യൂസുഫ്(അ) ആ ജയിലില്‍ കഴിഞ്ഞു. ഏഴ് വര്‍ഷമായിരുന്നു അദ്ദേഹം ജയിലില്‍ കഴിച്ചു കൂട്ടിയതെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം (അല്ലാഹുവാകുന്നു നന്നായി അറിയുന്നവന്‍).

വര്‍ഷങ്ങളോളം നിരപരാധിയായി ജലിലില്‍ കഴിഞ്ഞ യൂസുഫ്(അ)ന് മോചിക്കപ്പെടാനുള്ള വഴി ഒരുങ്ങുകയാണ്. ഈജിപ്തിലെ രാജാവ് ഒരു സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അവിടെയുള്ളവരോട് അദ്ദേഹം ആരാഞ്ഞു. ആ ഭാഗം ക്വുര്‍ആന്‍ ഇപ്രകാരം പ്രതിപാദിക്കുന്നു:

''(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്‌നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ'' (12:43).

താന്‍ കണ്ട ഈ സ്വപ്‌നം കേവലം ഒരു സ്വപ്‌നമല്ലെന്നും അതില്‍ എന്തോ ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രാജാവിന് തോന്നാന്‍ തുടങ്ങി. അങ്ങനെ രാജ ദര്‍ബാറിലെ ജ്യോത്സ്യന്മാരെയും കണക്കു നോട്ടക്കാരെയും എല്ലാം വിളിച്ച് വരുത്തി താന്‍ കണ്ട സ്വപനം പങ്കുവെച്ചു.

''അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല'' (ക്വുര്‍ആന്‍ 12:44).

സ്വപ്‌ന വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരെന്ന കീര്‍ത്തി ലഭിച്ചവരോടാണ് രാജാവ് സ്വപ്‌നം പങ്കുവെച്ചത്. പക്ഷേ, അവര്‍ക്ക് അതിന് വ്യാഖ്യാനം നല്‍കുവാന്‍ കഴിഞ്ഞില്ല. ഇതെല്ലാം പേക്കിനാവുകളാണെന്നും പേക്കിനാവുകളെക്കുറിച്ചുള്ള വ്യാഖ്യാനം തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. 

യജമാനന് മദ്യം വിളമ്പി നില്‍കുന്ന, ജയിലില്‍ യൂസുഫ്(അ)ന്റെ കൂടെ വസിച്ചിരുന്ന ആള്‍ ഇവര്‍ തമ്മിലുള്ള സംസാരത്തിന് സാക്ഷിയായിരുന്നു. മുമ്പ് അയാളോട് യൂസുഫ്(അ) തന്നെക്കുറിച്ച് നിന്റെ രാജാവിന്റെ അടുത്ത് സ്മരിക്കണം എന്ന് പറഞ്ഞിരുന്നുവല്ലോ. എന്നാല്‍ അത് പിശാച് അദ്ദേഹത്തെ മറപ്പിച്ചു കളയുകയാണ് ചെയ്തത്. രാജാവ് കണ്ട സ്വപ്‌നത്തിന് ശരിയായ വ്യഖ്യാനം നല്‍കുന്നതില്‍ അവിടെയുണ്ടായിരുന്നവരെല്ലാം പരാജയപ്പെട്ടു. ഈ അവസരത്തിലാണ് അയാള്‍ക്ക് യൂസുഫ്(അ)നെ ഓര്‍മ വരുന്നത്. ഉടനെ അയാള്‍ രാജാവിനോട് പറഞ്ഞു:

''...അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ (അതിന്) എന്നെ നിയോഗിച്ചേക്കൂ'' (12:45).

സ്വപ്‌നത്തിന് ശരിയായ വ്യാഖ്യാനം നല്‍കുന്ന ഒരു നല്ല മനുഷ്യനുണ്ടെന്നും അദ്ദേഹം അതിന് പ്രാപ്തനാണെന്നും രാജാവിനോട് ഇയാള്‍ പറഞ്ഞു. തന്നെ ജയിലിലേക്ക് പറഞ്ഞു വിടുകയാണെങ്കില്‍ താന്‍ അദ്ദേഹത്തോട് ഇതിന്റെ വ്യാഖ്യാനം ചോദിച്ച് വരാം എന്നും അയാള്‍ പറഞ്ഞു. രാജാവ് അതിന് സമ്മതം നല്‍കി. അയാള്‍ ജയിലിലേക്ക് പോയി. യൂസുഫ്(അ)നെ കണ്ടു. രാജാവ് കണ്ട സ്വപ്‌നം യൂസുഫ്(അ)നെ അദ്ദേഹം ധരിപ്പിച്ചു:

 ''(അവന്‍ യൂസുഫിന്റെ  അടുത്ത് ചെന്ന് പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ'' (12:46).

യൂസുഫ്(അ)ന്റെ മുന്നില്‍ ചെന്ന് അയാള്‍ തന്റെ വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോള്‍ ഇത്രയും കാലം തന്നെപ്പറ്റി രാജാവിനോട് പറയാത്തതിന്റെ പേരില്‍ അദ്ദേഹം അനിഷ്ടം കാണിച്ചില്ല. സ്വപ്‌നത്തിന്റെവ്യഖ്യാനം യൂസുഫ്(അ) വിവരിച്ചു നല്‍കി:

''അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക. പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീട് അതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും'' (12:47-49).

യൂസുഫ്(അ)ന്റെ സ്വപ്‌ന വ്യഖ്യാനം കേട്ട മാത്രയില്‍ തന്നെ രാജാവ് അത്ഭുതപ്പെട്ടു. (യൂസുഫ്(അ) അല്ലാഹുവിന്റെ വഹ്‌യ് മുഖേനയാണ് സ്വപ്‌ന വ്യഖ്യാനം നല്‍കുന്നതെന്ന് മറക്കരുത്). തന്റെ ഭരണ കാലത്ത് നാട് നേരിടാനിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് ഈ സ്വപ്‌നത്തിലടങ്ങിയതെന്ന  വ്യഖ്യാനം രാജാവിനെ വല്ലാതെ ആകൃഷ്ടനാക്കി. താന്‍ ജയിലിലടച്ചിട്ടുള്ള ആ 'ജയില്‍പുള്ളി' സാധാരണക്കാരനല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹത്തെ തനിക്ക് എത്രയും പെട്ടെന്ന് കാണേണ്ടതുണ്ടെന്ന് ദര്‍ബാറിലുള്ളവരെ രാജാവ് അറിയിക്കുകയും ചെയ്തു.

''രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ  അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്റെ യജമാനന്റെ  അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു'' (12:50).

യൂസുഫ്(അ)നെ വിളിക്കാനായി രാജാവിന്റെ ദൂതന്‍ യൂസുഫ്(അ)ന്റെ അടുത്ത് എത്തി; രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം അറിയിച്ചു. സ്വാഭാവികമായും ജയിലറയില്‍ വസിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന ചിന്തയായിരിക്കും ആര്‍ക്കുമുണ്ടാവുക. എന്നാല്‍ രാജാവിന്റെ ഉത്തരവ് പ്രകാരം യൂസുഫ്(അ)ന്റെ അടുത്തെത്തിയ ദൂതനോട് യൂസുഫ്(അ) ഇപ്രകാരം പറഞ്ഞു: ''നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക.'' താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടാതെ രാജാവിന്റെ ഒരു ആവശ്യം തന്നാല്‍ സാക്ഷാല്‍കരിക്കപ്പെട്ടതിന് പുറത്തിറങ്ങുകയോ? അങ്ങനെ ഞാന്‍ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് പല സംസാരങ്ങളും ഉണ്ടാകും. അതിനാല്‍ തനിക്ക് വലുത് രാജാവിന്റെ അംഗീകാരമല്ലെന്നും തന്റെ സത്യസന്ധത മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടലാണ് തനിക്ക് വലുതെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം രാജാവിന്റെ ദൂതനെ തിരിച്ചയച്ചു. രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം കിട്ടിയപ്പോഴേക്ക് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന യൂസുഫ്(അ)ന്റെ നിലപാടിനെ പ്രശംസിച്ച് നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി:

''യൂസുഫ്(അ) (ജയിലില്‍) താമസിച്ച അത്ര കാലം ഞാന്‍ ജയിലില്‍ താമസിച്ചിരുന്നുവെങ്കില്‍ ആ ക്ഷണിതാവിന് ഞാന്‍ ഉത്തരം നല്‍കുമായിരുന്നു'' (മുസ്‌ലിം). 

ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''ഞാനായിരുന്നുവെങ്കില്‍ മറുപടി പെട്ടെന്ന് ആക്കുമായിരുന്നു. (അതിന്) യാതൊരു ഒഴികഴിവും പ്രതീക്ഷിക്കുമായിരുന്നില്ല.''

യൂസുഫ്(അ) തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ ജയിലില്‍ നിന്നും പുറത്തിറങ്ങാതെ ക്ഷമയോടെ കാത്തിരുന്നു. 

ദര്‍ബാറിലെ എല്ലാ സ്ത്രീകളെയും മറ്റു ആളുകളെയും വിളിച്ചു വരുത്തി. യൂസുഫ്(അ) അന്വേഷിക്കാനായി പറഞ്ഞ കാര്യത്തിന് തുടക്കം കുറിച്ചു:

''(ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ  രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(12:51-53).

യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ശ്രമിച്ച മുഴുവന്‍ സ്ത്രീകളും യൂസുഫ്(അ) നിരപരാധിയാണെന്ന് രാജാവിന്റെ മുന്നില്‍ തുറന്ന് പറഞ്ഞു. രാജാവിന്റെ ഭാര്യയും ആ സന്ദര്‍ഭത്തില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവളും ഖേദത്തോടെ തന്റെ ദുര്‍വൃത്തിയെ സമ്മതിക്കുകയും യൂസുഫ്(അ)നെ നിരപരാധിയായി എല്ലാവരുടെയും മുന്നില്‍ തുറന്ന് പറയുകയും ചെയ്തു.

'അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു'എന്നതിന് പണ്ഡിതന്മാര്‍ രണ്ട് വിവരണങ്ങള്‍ നല്‍കിയത് കാണാം. ഒന്ന്, യൂസുഫിന്റെ അഭാവത്തില്‍ യൂസുഫിനെ ഞാന്‍ ചതിക്കില്ലെന്ന് യൂസുഫ് അറിയുന്നതിന് വേണ്ടി. രണ്ട്, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിനെ ഞാന്‍ ചതിക്കില്ലെന്ന് ഭര്‍ത്താവ് അറിയുന്നതിന് വേണ്ടി. ഒന്നാമത്തെതാണ് കൂടുതല്‍ ശരിയായി കാണുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

താന്‍ ചെയ്ത തെറ്റ് അവള്‍ സമ്മതിച്ചു. 'തീര്‍ച്ചായായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു' എന്ന അവരുടെ പ്രസ്താവന ശ്രദ്ധേയമാണ്. 

മനുഷ്യന്റെ മനസ്സ് മൂന്ന് തരത്തിലാണെന്ന് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നതായി കാണാം. 

1. ചീത്ത കൊണ്ട് കല്‍പിക്കുന്ന മനസ്സ്. ഈ മനസ്സിന്റെ ഉടമക്ക് മനസ്സ് എപ്പോഴും തിന്മക്ക് പ്രേരണ നല്‍കും.

2. ആക്ഷേപിക്കുന്ന മനസ്സ്. ചെയ്തു പോയ വീഴ്ചകളും തിന്മകളും വേട്ടയാടുന്ന മനസ്സാണിത്. തിന്മ പ്രവര്‍ത്തിച്ചതിന് ശേഷം കുറ്റബോധവും മടങ്ങാനുള്ള തേട്ടവും ഉള്ള മനസ്സാണിത്. ഈ മനസ്സുള്ളവര്‍ക്കേ തൗബ ചെയ്യുന്നതിനും കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കുന്നതിനും സാധിക്കുകയുള്ളു..

3. ശാന്തിയടഞ്ഞ മനസ്സ്: പാപങ്ങളൊന്നും സ്പര്‍ശിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത മനസ്സ്. അഥവാ പ്രവാചകന്മാരുടെ മനസ്സ്. യുസുഫ്(അ)ന്റെ മനസ്സ് ഇത്തരത്തിലുള്ളതായിരുന്നു.