ആരാണ് ഖദ്വിര്‍(അ)?

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

(മൂസാനബി(അ): 26)

ഖദ്വിര്‍(അ)നെ പറ്റി പണ്ഡിതന്മാര്‍ നടത്തിയ ചില ചര്‍ച്ചകളും സമൂഹത്തില്‍ അദ്ദേഹത്തെക്കുറിച്ച് നിലവിലുള്ള ചില തെറ്റായ വിശ്വാസത്തെയും കുറിച്ചാണ് ഇനി വിവരിക്കാന്‍ പോകുന്നത്. 

എന്ത്‌കൊണ്ട് 'ഖദ്വിര്‍' എന്ന നാമം?

'ഖദ്വിര്‍' എന്ന പദത്തിന് 'പച്ച' എന്ന് അര്‍ഥമുണ്ട്. എന്താണ് അദ്ദേഹത്തിന് അപ്രകാരം ഒരു നാമം വിളിക്കപ്പെടാന്‍ കാരണം എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''നിശ്ചയമായും അദ്ദേഹം ഖദ്വിര്‍ എന്ന് വിളിക്കപ്പെട്ടത്, അദ്ദേഹം ഉണങ്ങിയ പുല്ലിനരികില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പുറകില്‍ നിന്ന് അവയുടെ അടിഭാഗത്തുനിന്ന് പച്ച വര്‍ണത്തില്‍ ഉയര്‍ന്നുവന്നു (എന്നതിനാലാണ്).''

ഖദ്വിര്‍(അ)ന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അത്ഭുതമായിരുന്നു അത്.

നബിയോ വലിയ്യോ?

ഖദ്വിര്‍(അ) നബിയാണോ, അതല്ല അല്ലാഹുവിലേക്ക് അടുപ്പം കിട്ടിയ വലിയ്യാണോ എന്ന ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്ന് നാം മുമ്പ് പറഞ്ഞിരുന്നുവല്ലോ. പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും അദ്ദേഹം ഒരു പ്രവാചകനും (നബി) ദൂതനുമാണ് (റസൂല്‍) എന്ന അഭിപ്രായക്കാരാകുന്നു. മൂസാ(അ)-ഖദ്വിര്‍(അ) സംഭവത്തിലെ പല സന്ദര്‍ഭങ്ങളും അതിന് തെളിവായി അവര്‍ സ്വീകരിച്ചിട്ടുമുണ്ട്.

മൂന്ന് സംഭവങ്ങളുടെയും വ്യാഖ്യാനം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞത് ''അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്'' എന്നായിരുന്നു എന്ന് നാം മനസ്സിലാക്കിയതാണല്ലോ. ഈ പ്രയോഗം തന്നെ അദ്ദേഹം പ്രവാചകനാണെന്നതിന് മതിയായ തെളിവാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

അല്ലാഹു മൂസാനബി(അ)യോട് താങ്കളെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹത്തെയും തേടിയാണല്ലോ മൂസാ(അ) യാത്രയായത്. പിന്നീട് അദ്ദേഹത്തെ കണ്ട സന്ദര്‍ഭത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമായിരുന്നു: 

''അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം(റഹ്മത്ത്) നല്‍കുകയും നമ്മുടെ പക്കല്‍നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്'' (ക്വുര്‍ആന്‍ 18:65).

ഒരു പ്രവാചകനെക്കാള്‍ കൂടുതല്‍ അറിവുള്ളവരായി പ്രവാചകന്മാരല്ലാതെ വേറൊരാള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലല്ലോ. അപ്പോള്‍ മൂസാനബി(അ)യെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന്പറയുമ്പോള്‍ അതിനര്‍ഥം ഖദ്വിര്‍(അ) പ്രവാചകനാണ് എന്നായിരിക്കും. അതുപോലെ തന്നെ പ്രവാചകനെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യും ഉണ്ടായിരിക്കില്ലല്ലോ. ഇതെല്ലാം ഖദ്വിര്‍(അ) പ്രവാചകന്‍ തന്നെയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സൂക്തത്തിലെ 'റഹ്മത്ത്' എന്ന പദത്തിന്റെ ഉദ്ദേശം വഹ്‌യ് (ദിവ്യബോധനം) ആണെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.  സന്ദര്‍ഭങ്ങളും തെളിവുകളും അദ്ദേഹം നബിയായിരുന്നു എന്നതിലേക്ക് തന്നെയാണ് വെളിച്ചം തരുന്നത്.

എന്നാല്‍ പ്രവാചകനല്ല എന്ന അഭിപ്രായവും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട് എന്നതും നാം മറന്ന് പോകരുത്. 

ഖദ്വിര്‍(അ)നെ ഒരു വലിയ്യായിട്ട് കാണുകയും അങ്ങനെത്തന്നെയാകണം എന്ന് വാശി കാണിക്കുകയും ചെയ്യന്നവരുണ്ട്. അവര്‍ക്ക് അതിന് പിന്നില്‍ ചില ദുരുദ്ദേശങ്ങളും ഉണ്ട്. ദുരുദ്ദേശങ്ങളില്ലാതെയും വലിയ്യാണെന്ന് പറഞ്ഞവരുണ്ടെന്ന് നാം നേരത്തെ സൂചിപ്പിച്ചു. 

ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനങ്ങളില്‍ നിന്നും തികച്ചും വേറിട്ട് പല വിശ്വാസങ്ങളും ലോകത്ത് പ്രചരിപ്പിക്കുന്ന പിഴച്ച കക്ഷികള്‍ ഉണ്ട്. പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഔലിയാഅ് ഉണ്ട് എന്നത് അത്തരക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു അന്ധവിശ്വാസമാണ്. അവര്‍ പറയുന്നത് 'ഔലിയാഅ് (അറിവിന്റെ) സാഗരത്തിലേക്ക് ഊളിയിട്ടപ്പോഴും അമ്പിയാഅ് സമുദ്രത്തിന്റെ തീരത്തിലായിരുന്നു' എന്നാണ്. അല്ലാഹുവില്‍ നിന്നും നേരിട്ട് ചില പ്രത്യേക അറിവുകള്‍ ഇവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്നും അത് നബിമാര്‍ക്ക് കിട്ടിയിട്ടില്ലെന്നുമാണ് ചില പിഴച്ച കക്ഷികളുടെ വാദം. ഈ വാദം ഇസ്‌ലാമികമല്ലെന്ന് നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ഖാദിയാനികള്‍ ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നത് നാം കണ്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയാണ്? ഈസാ(അ) മരിച്ചിട്ടില്ല എന്ന് വന്നാല്‍ മിര്‍സാ ഗുലാം നബിയായി വരുന്നതിനെ അവര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ അവര്‍ക്ക് ഈസാ(അ) മരണപ്പെട്ടിരിക്കുന്നു എന്ന് സ്ഥാപിക്കേണ്ടതുണ്ട്. ഇതുപോലെ ഖദ്വിര്‍(അ) നബിയാണെന്ന് വിശ്വസിച്ചാല്‍ ചിലരുടെ ചില താല്‍പര്യങ്ങള്‍ നടക്കാതെ പോകും. അതിനാല്‍ അവര്‍ ഖദ്വിര്‍(അ) വലിയ്യാണന്നേ വിശ്വസിക്കൂ. നബിയാണെന്ന് സങ്കല്‍പിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല.  

അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വിശ്വാസം പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യ് ഉണ്ടാകില്ല എന്നാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പല ത്വരീക്വത്തുകാരുടെയും വിശ്വാസം ഇതിനെതിരാണ്.  പ്രവാചകന്മാരെക്കാള്‍ വലിയ വലിയ്യ് ഉണ്ടാകുമോ? ഇബ്‌നു ഹജര്‍(റഹ്) പറയുന്നത് കാണുക:

''താങ്കളെക്കാള്‍ അറിവുള്ളവന്‍ എന്ന വാക്ക്, ഖദ്വിര്‍(അ) നബിയാണ്; അല്ല, നബിയും മുര്‍സലുമാണെന്നത് പ്രകടമാക്കുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരു ആളെക്കാള്‍ വേറൊരാള്‍ക്ക് ഉന്നതന്‍ എന്ന ശ്രേഷ്ഠത കല്‍പിക്കല്‍ അനിവാര്യമാകുന്നു. അത് നിരര്‍ഥകമായ വാക്കാണല്ലോ'' (ഫത്ഹുല്‍ബാരി).

''അദ്ദേഹം (ഖദ്വിര്‍) നബിയായിരിക്കുക എന്ന് വിശ്വസിക്കല്‍ അനിവാര്യമാക്കുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ ബാത്വിലിന്റെ കക്ഷികള്‍ അവരുടെ വാദത്തില്‍ കടിച്ച് തൂങ്ങും. (എന്താണ് അവരുടെ പിഴച്ച വാദം?) തീര്‍ച്ചയായും വലിയ്യ് നബിയെക്കാള്‍ ശ്രേഷ്ഠനാണ് (എന്നാകുന്നു). അത് ഒരിക്കലും അനുവദിച്ചുകൂടാ'' (ഫത്ഹുല്‍ബാരി).

ഔലിയാഇന് വ്യത്യസ്ത പദവികള്‍ ഉണ്ടെന്നും അതില്‍ ഉയര്‍ന്ന പദവിയില്‍ എത്തിയവര്‍ ശരീഅത്തിന് എതിരായി വല്ലതും ചെയ്യുന്നത് കണ്ടാല്‍ അതിനെ നമുക്ക് ചോദ്യം ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള പല വിതണ്ഡ വാദങ്ങളും ചില ത്വരീക്വത്തുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.  ഇതിന് തെളിവാക്കുന്നതോ ക്വുര്‍ആനിലെ മൂസാ(അ)-ഖദ്വിര്‍(അ) ചരിത്രവും! ഇവരുടെ വാദ പ്രകാരം ഖദ്വിര്‍(അ) വലിയ്യാണ്. ഖദ്വിര്‍(അ) ചെയ്ത കാര്യങ്ങളെക്കുറിച്ചൊന്നും ചോദിക്കരുത് എന്നായിരുന്നല്ലോ മൂസാനബി(അ)യോട് അദ്ദേഹം പറഞ്ഞിരുന്നത്. ത്വരീക്വത്തുകാര്‍ പറയുന്നത്; ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ ഒരു ശൈഖിനെ നാം കെണ്ടത്തുകയും അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയും ചെയ്താല്‍ പിന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാതെ, ജനാസ കുളിപ്പിക്കുന്നവന്റെ മുന്നില്‍ മയ്യിത്ത് എപ്രകാരം കിടന്ന് കൊടുക്കുമോ അങ്ങനെ നിന്ന് കൊടുക്കണം എന്നും ചോദ്യം ചെയ്യാതെ അദ്ദേഹത്തെ പിന്തുടരണം എന്നുമാണ്. എത്ര മാത്രം പിഴച്ച വിശ്വാസമാണിത്! അല്ലാഹു നമ്മെ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ.

ഈ വിശ്വാസം ഉള്ളതിനാലാണ് ഇവിടെ നമസ്‌കരിക്കാത്ത വലിയ്യ് ഹറമില്‍ നമസ്‌കരിക്കുകയാണെന്നും റമദാനില്‍ ചായ കുടിക്കുന്ന വലിയ്യിനെ അല്ലാഹു കുടിപ്പിക്കുകയാണെന്നും കള്ള് കുടിക്കുന്ന വലിയ്യ് ശുദ്ധമായ തേനാണ് കുടിക്കുന്നത് എന്നുമൊക്കെ നിര്‍ലജ്ജം ജല്‍പിക്കുന്നത്.

കോഴിക്കോടിനടുത്തുള്ള സി.എം മടവൂര്‍ എന്ന ഇവരുടെ സങ്കല്‍പത്തിലെ വലിയ്യ് റമദാനില്‍ നോമ്പടുത്തവനെക്കൊണ്ട് നോമ്പ് മുറിപ്പിക്കുമായിരുന്നു. ഈയിടെ ഒരു മുസ്‌ല്യാര്‍ ഒരാളുടെ ചോദ്യത്തിന് നല്‍കിയ മറുപടി വിചിത്രമായിരുന്നു. 'വലിയ്യ് മുറിപ്പിച്ച നോമ്പ് നോറ്റു വീട്ടേണ്ടതുണ്ടോ' എന്നതായിരുന്നു ചോദ്യം. 'നോറ്റുവീട്ടേണ്ടതില്ല' എന്നായിരുന്നു മറുപടി.  'നോമ്പുകാരനായിരിക്കെ ഒരാള്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ അവന്‍ അത് പൂര്‍ത്തിയാക്കട്ടെ. കാരണം, അല്ലാഹുവാണ് അവനെ ഭക്ഷിപ്പിച്ചതും വെള്ളം കുടിപ്പിച്ചതും' എന്ന് നബിﷺ പറഞ്ഞതാണ് ഇവര്‍ക്കുള്ള തെളിവ്. അപ്പോള്‍ അല്ലാഹു വെള്ളം കുടിപ്പിച്ചവന്‍ നോമ്പ് നോറ്റ് വീട്ടേണ്ടതില്ലല്ലോ. അതുപോലെ, വലിയ്യ് ചെയ്യുന്നത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ്. അതിനാല്‍ ആ നോമ്പ് നോറ്റ് വീട്ടേണ്ടതില്ല!  എങ്ങനെയുണ്ട് തെളിവ് കണ്ടെത്തല്‍?!

ഈ പിഴച്ച വാദങ്ങള്‍ക്കെല്ലാം മൂസാ(അ)-ഖദ്വിര്‍(അ) സംഭവം തെളിവാക്കുന്നവര്‍ ക്വുര്‍ആനിലെ ചരിത്ര സംഭവങ്ങളെ അസ്ഥാനത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

ഇന്നും ജീവിച്ചിരിപ്പുണ്ടോ?

ഖദ്വിര്‍(അ) ആദംനബി(അ)യുടെ പുത്രനാണെന്നും ക്വിയാമത്ത് നാള്‍ വരെ ജീവിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ദിക്‌റ്, സ്വലാത്ത് മജ്‌ലിസുകളില്‍ അദ്ദേഹം വരുന്നുണ്ടെന്നും ശൈഖ് ജീലാനിയുടെ കാലത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ പത്തിരിയും പാലുമായി വന്നിട്ടുണ്ടെന്നും ഇരുവരും ഒന്നിച്ചിരുന്ന് അവ കഴിക്കുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ജീലാനി അദ്ദേഹത്തിന്റെ ശിഷ്യനായിട്ടുണ്ടെന്നുമെല്ലാം ഈ പിഴച്ച കക്ഷികള്‍ പ്രചരിപ്പിക്കുന്നു.

ഖദ്വിര്‍(അ) ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്ന എല്ലാ ഹദീഥുകളും വ്യര്‍ഥമാണെന്നും സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നുമാണ് ഇതു സംബന്ധമായി പണ്ഡിതന്മാര്‍ വിവരിക്കുന്നത്. ഇബ്‌നു കഥീര്‍(റഹ്) പറയുന്നത് കാണുക:

''അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നവര്‍ അവലംബിക്കുന്ന ഈ റിപ്പോര്‍ട്ടുകളും കഥകളും എല്ലാ ഹദീഥുകളും അങ്ങേയറ്റം ദുര്‍ബലമകുന്നു. ഇതുപോലുള്ളതൊന്നും മതത്തില്‍ തെളിവാക്കാവതല്ല.''

ഇബ്‌നു കഥീര്‍(റഹ്) തന്റെ തഫ്‌സീറിലും ഈ വിഷയകമായി വന്നിട്ടുള്ള ഹദീഥുകളുടെ അസ്വീകാര്യത പറഞ്ഞിട്ടുണ്ട്. 

ഇബ്‌നു ഹജര്‍(റഹ്) പറയുന്നതും കാണുക: ''ഇല്യാസ്(അ) നബിﷺയുമായി സംഗമിച്ചിട്ടുണ്ടെന്ന് അനസ്(റ)വില്‍ നിന്ന് മക്ഹൂലി(റ)ന്റെ വഴിയിലൂടെ (ഉദ്ധരിച്ച്) ഇബ്‌നുഅബിദ്ദുന്‍യാ(റ) പറഞ്ഞിട്ടുണ്ട്. (അതില്‍ അനസ്(റ) പറയുന്നത്) 'ഇല്‍യാസ്(അ) നബിﷺയുടെ കാലം വരെ അവശേഷിക്കുന്നത് സംഭവ്യമാണെങ്കില്‍ ഖദ്വിര്‍(അ) അവശേഷിക്കുന്നതും സംഭവ്യമാകുമല്ലോ.' ഇതാണ് അദ്ദേഹം പറഞ്ഞതിന്റെചുരുക്കം. (ഇതിന്) അബുല്‍ ഖത്വാബ് ഇബ്‌നു ദഹ്‌യ മറുപടി നല്‍കി: 'അതിലേക്ക് സൂചന നല്‍കുന്ന വഴികള്‍ ഒന്നും തന്നെ സ്വീകാര്യമായി വന്നിട്ടില്ല. (അതുപോലെ) ഖദ്വിര്‍(അ), അല്ലാഹു വിവരിച്ചു തന്നതുപോലെ മൂസാ(അ)ന്റെ കൂടെയല്ലാതെ ഏതെങ്കിലും പ്രവാചകന്മാരോടു കൂടെ സംഗമിച്ചു എന്നതും സ്ഥിരപ്പെട്ടതല്ല.' ഇബ്‌നു ദഹ്‌യ പറയുന്നു: 'അദ്ദേഹം (ഇന്നും) ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും സ്വഹീഹായി വന്നിട്ടില്ല. അതില്‍ നിവേദകന്മാര്‍ ഏകോപിച്ചിരിക്കുന്നു.' അത്തരം വാര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തവരെ പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. (എന്നാല്‍) അവരുടെ ന്യൂനതയെ പറ്റി അദ്ദേഹം സംസാരിച്ചിട്ടില്ല. ഒന്നുകില്‍ അദ്ദേഹത്തിന് അത് അറിയാത്തതിനാലോ (ആ റിപ്പോര്‍ട്ടര്‍മാരൊന്നും പ്രസിദ്ധരല്ലെന്നര്‍ഥം) അഹ്‌ലുല്‍ ഹദീഥിന്റെ അടുക്കല്‍ അവരെ സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനാലോ ആകാം'' (അസ്സഹ്‌റുന്നള്ര്‍ ഫീ ഹാലില്‍ ഖദ്വിര്‍).

ഖദ്വിര്‍(അ) ഇന്നും നമുക്കിടയില്‍ വരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന പലരെയും കാണാം. ഹസ്തദാനം ചെയ്യുമ്പോള്‍ എല്ലുണ്ടോ എന്ന് അറിയാന്‍ വിരലില്‍ പിടിക്കുന്നവരുണ്ട്; എല്ലില്ലെങ്കില്‍ അത് ഖദ്വിര്‍(അ) ആണെന്നാണ് പോലും വിശ്വാസം!

'മന്‍ഖൂസ് മൗലിദ്; ചോദ്യവും മറുപടിയും' എന്ന പുസ്തകത്തില്‍ കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ കല്ലൂര്‍ എഴുതുന്നത് കാണുക: ''ഖിള്ര്‍(അ), ഇമാം അബൂഹനീഫ തങ്ങള്‍ ഫിക്വ്ഹ് മസ്അല പഠിപ്പിക്കുന്ന സദസ്സില്‍ എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ചെന്ന് ഇല്‍മ് ശരീഅഃ പഠിക്കുന്നവരായിരുന്നു. അതിനിടയില്‍ ഇമാം അബൂഹനീഫ(റ) മരണപ്പെട്ടു. തുടര്‍ന്ന് ഖിള്ര്‍(അ) ഇമാം അബൂഹനീഫ(റ)യുടെ ആത്മാവിനെ ഖബറിലുള്ള ജഡത്തിലേക്ക് മടക്കുവാനും തന്റെ ശരീഅത്ത് പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യം നല്‍കാനും വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തു. അതു ഫലമായി പതിവു പ്രകാരം എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ഖിള്ര്‍(അ) ഇമാം അബൂ ഹനീഫ(റ)യുടെ ഖബറിന്റെ അരികെ വരികയും ഖബറില്‍ നിന്ന് ശരീഅത്ത് നിയമങ്ങളെ കേട്ട് പഠിക്കുകയും ചെയ്തിരുന്നു'' (പേ.35). 

ഖദ്വിര്‍(അ) അബൂഹനീഫ(റഹ്)യുടെ അടുത്ത് വന്ന് കര്‍മശാസ്ത്രം (ഫിക്വ്ഹ്)  പഠിക്കാറുണ്ടായിരുന്നെന്നും അങ്ങനെയിരിക്കെ ഇമാം അവര്‍കള്‍ മരണപ്പെട്ടപ്പോള്‍, അല്ലാഹുവേ എന്റെ ശരീഅഃ കോഴ്‌സ് പഠനം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ അബൂഹനീഫ(റഹ്)യുടെ ആത്മാവിനെ ക്വബ്‌റിലേക്ക് (പഠനം പൂര്‍ണമാകുന്നത് വരെ) തിരിച്ച് നല്‍കണമെന്നു പ്രാര്‍ഥിച്ചുവെന്നും, അതിന്റെ ഫലമായി പതിനഞ്ച് കൊല്ലത്തോളം ക്വബ്‌റില്‍ നിന്ന് അബൂഹനീഫ(റ) പറയുന്നത് കേട്ട് ഖദ്വിര്‍(അ) പഠിച്ചുവെന്നും പച്ചയായ കളവ് മഹാന്മാരുടെ പേരില്‍ വെച്ച് കെട്ടുകയാണ് ചെയ്തിരിക്കുന്നത്. സ്വീകാര്യ യോഗ്യമായ യാതൊരു പരമ്പരയും ഇല്ലാതെ, നിര്‍മിത കഥകളിലൂടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനെ നാം തിരിച്ചറിയേണ്ടതുണ്ട്.

അതുപോലെ, ചില ത്വരീക്വത്തുകാര്‍ ഞങ്ങള്‍ക്ക് 'ഖിദ്വ്ര്‍ നബി പഠിപ്പിച്ചതാണ്' എന്നും പറഞ്ഞ് ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് ദിക്‌റ് എന്ന പേരില്‍ ഒച്ചയിടാറുണ്ട്. ഇതെല്ലാം കള്ളത്തരങ്ങളും സ്വയം നിര്‍മിതിയുമാണെന്നും മഹാനായ ഖദ്വിര്‍(അ) ഇതിനൊന്നും ഉത്തരവാദിയല്ലെന്നും നാം മനസ്സിലാക്കുക.

ചുരുക്കത്തില്‍, ഏത് വിഷയത്തിലും നമ്മുടെ നിലപാട്, പ്രമാണങ്ങള്‍ പഠിപ്പിക്കുന്നിടത്ത് നില്‍ക്കുക എന്നതായിരിക്കണം. അതിനപ്പുറമുള്ളത് തള്ളിക്കളയണം. ഖദ്വിര്‍(അ)ന്റെ വിഷയത്തിലും ഈ സമീപനം തന്നെയാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.