ജയിലില്‍നിന്നും അധികാരത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മാര്‍ച്ച് 24 1439 റജബ് 06

(യൂസുഫ് നബി(അ): 5)

രാജാവിന് യൂസുഫ് നബി(അ)യെ സംബന്ധിച്ചുള്ള മതിപ്പ് വര്‍ധിച്ചു. നേരത്തെ തന്നെ യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് കുപ്പായം കീറിയതിന്റെ അടയാളത്തില്‍ നിന്നും അദ്ദേഹം മനസ്സിലാക്കിയതാണ്. പിന്നെ അര്‍ഥവത്തായ സ്വപ്‌ന വ്യാഖ്യാനവും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാലല്ലാതെ ഈ ജയിലറയില്‍ നിന്ന് പുറത്തേക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും രാജാവിനെ കൂടുതല്‍ സ്വാധീനിച്ചു. രാജാവ് പറഞ്ഞു:

''...നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ടുവരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ  ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും'' (ക്വുര്‍ആന്‍ 12: 54,55).

രാജാവ് യൂസുഫ്(അ)ന് പ്രത്യേക സ്ഥാനം നല്‍കി. ഖജനാവുകളുടെ അധികാരം നല്‍കാന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ അധികാരം ചോദിക്കുന്നവന് അത് നല്‍കരുതെന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമം. എന്നാല്‍ ഒരാള്‍ സ്വാര്‍ഥതയില്ലാതെ, തന്നെക്കാള്‍ പ്രാപ്തനായ ഒരാളെ ആ സ്ഥാനത്തേക്ക് കാണാതെ വരുമ്പോള്‍ നാടിന്റെ നന്മക്കായി ആവശ്യപ്പെടുന്നത് തെറ്റല്ല. 

അനിസ്‌ലാമിക ഭരണധികാരിയുടെ കീഴില്‍ ജോലി ചെയ്യുന്നതും ശമ്പളം പറ്റുന്നതും ശിര്‍ക്കും കുഫ്‌റുമാണെന്ന് ചിലരൊക്കെ വാദിച്ചിട്ടുണ്ട്. വ്യതിയാന ചിന്തകളുടെ വിവിധ രൂപങ്ങള്‍ മാറി മാറി വന്നിട്ടുണ്ട്. എന്നാല്‍ യൂസുഫ്(അ)ന്റെ ചരിത്രം ഈ വാദത്തിന് മറുപടിയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

രാജാവ് യൂസുഫ്(അ)ന് സാമ്പത്തിക ഭക്ഷ്യ വകുപ്പുകള്‍ ഏല്‍പിച്ചു കൊടുത്തു. 

''അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക്  പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം'' (12:56,57).

ജീവിതത്തില്‍ എന്ത് കഷ്ടപ്പാടുകള്‍ നാം അഭിമുഖീകരിക്കുമ്പോഴും അല്ലാഹുവിന്റെ വിധിയാണെന്നും അതില്‍ നന്മയേ ഉണ്ടാകൂ എന്നും നാം നമ്മുടെ മനസ്സിനെ നന്നായി പഠിപ്പിക്കണം. യൂസുഫ്(അ)ന്റെജീവിതത്തില്‍ ഇത്രയും നാം വിവരിച്ചതില്‍ എത്ര പരീക്ഷണത്തിന് വിധേയമായത് നാം കണ്ടു. അവസാനം അല്ലാഹു വലിയ നന്മയിലേക്ക് എത്തിച്ചു. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്കാണ് നന്മയുടെ പര്യവസാനം.

ഈജിപ്തിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് യൂസുഫ്(അ) ആയി. ബുദ്ധിമാനും കഴിവുള്ളവനും അതിലുപരി സത്യസന്ധനും വിശ്വസ്തനുമാണ് മഹാനായ യൂസുഫ്(അ). രാജാവ് കണ്ട സ്വപ്‌നത്തിന്റെ വ്യഖ്യാനം നല്‍കിയ പ്രകാരം തന്നെ യൂസുഫ്(അ) അവയെല്ലാം നിയന്ത്രിച്ചു. ഏഴ് കൊല്ലം സുഭിക്ഷവും ഐശ്വര്യവുമുള്ളതായി തീര്‍ന്നു. ഈ ഏഴ് കൊല്ലം ധൂര്‍ത്തില്ലാതെ എല്ലാം നിയന്ത്രണ വിധേയമാക്കി. പിന്നീട് ഏഴ് കൊല്ലത്തെ കടുത്ത ക്ഷാമത്തില്‍ വലിയ പ്രയാസങ്ങളൊന്നും നേരിടാതെ സൂക്ഷിച്ചു വെച്ചതെല്ലാം വിതരണം ചെയ്ത് പ്രയാസങ്ങള്‍ നികത്തുവാന്‍ യൂസുഫ്(അ)ന് ഒരു പരിധി വരെ സാധിച്ചു.

ഈജിപ്തിന്റെ പരിസരത്തെല്ലാം ഈജിപ്തിലെ ഈ നല്ല ഭരണാധികാരിയെ കുറിച്ചുള്ള സംസാരമായി. അദ്ദേഹത്തിന്റെ അടുത്ത് പോയാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കും എന്ന് അവിടത്തുകാരെല്ലാം പറയാന്‍ തുടങ്ങി. അങ്ങനെ 'കന്‍ആന്‍' എന്ന തന്റെ ജന്മദേശത്തും ഈജിപ്ത് ചര്‍ച്ചയായി. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അവര്‍ക്കും അവലംബിക്കാവുന്ന ഒരു പ്രദേശമായി ഈജിപ്ത്. ദൂരെ നിന്നും വരുന്ന ദുരിത ബാധിതര്‍ക്കും ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് യൂസുഫ്(അ) തീരുമാനിച്ചിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് ആളുകളുടെ എണ്ണം നോക്കി ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ചരക്ക് നല്‍കുവാനും യൂസുഫ്(അ) തീരുമാനിച്ചിരുന്നു.

ഈജിപ്തിലെ ഈ പുതിയ മന്ത്രിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരം യഅ്ക്വൂബ്(അ)യുടെ കാതിലുമെത്തി. തന്റെ പത്ത് മക്കളെയും അവിടേക്ക് പറഞ്ഞു വിടാം; എന്നാല്‍ അത്രയും വിഭവം ലഭിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ബിന്‍യാമീനെ അവരോടൊപ്പം വിട്ടില്ല. കാരണം മുമ്പ് യൂസുഫ്(അ)ന്റെ കാര്യത്തിലെ ഭീതി ബിന്‍യാമീനെ സംബന്ധിച്ചും യഅ്ക്വൂബ്(അ)ന് ഉണ്ടായി. യഅ്ക്വൂബ്(അ)ന് പത്ത് മക്കള്‍ ഒരു ഭാര്യയിലും രണ്ട് മക്കള്‍ മറ്റൊരു ഭാര്യയിലുമാണ് ഉണ്ടായത്. 

യൂസുഫ്(അ)ന്റെ പത്ത് സഹോദരങ്ങള്‍ കന്‍ആനില്‍ നിന്നും ഈജിപ്തിലേക്ക് ചരക്കുകള്‍ക്കായി എത്തി. 

''യൂസുഫിന്റെ സഹോദരന്‍മാര്‍ വന്നു, അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്ത്‌കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ട് വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്റെ അടുക്കല്‍നിന്ന് അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല. അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്റെ കാര്യത്തില്‍ അവന്റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം.തീര്‍ച്ചയായും ഞങ്ങളത് ചെയ്യും'' (12:58-61).

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി. യൂസുഫ്(അ) അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. ചെറുപ്പത്തില്‍ കണ്ടതാണല്ലോ. സ്വാഭാവികമായ ശാരീരിക മാറ്റങ്ങള്‍കൊണ്ടാവണം തിരിച്ചറിയാതെ പോയത്. യൂസുഫ്(അ) വീട്ടിലുള്ള അംഗങ്ങളെ കുറിച്ചെല്ലാം ചോദിച്ചു. അവര്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. യൂസുഫിനെ വരെ അതില്‍ പരാമര്‍ശിച്ചു. വീട്ടില്‍ ബിന്‍യാമീന്‍ എന്ന ഒരു സഹോദരനുമുണ്ട്. അവനെ പിതാവ് ഞങ്ങളുടെ കൂടെയൊന്നും പുറത്തേക്ക് വിടില്ല എന്നെല്ലാം അവര്‍ പറഞ്ഞു.

യൂസുഫ്(അ) അവര്‍ക്ക് ആവശ്യമുള്ള ചരക്കുകള്‍ തയ്യാറാക്കി നല്‍കി. അവര്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അടുത്ത പ്രാവശ്യം  വരുമ്പോള്‍ ബിന്‍യാമീനെ കൊണ്ടുവരാനും അവരോട് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്യാമെന്നും പിതാവിനോട് അതിനായി ശ്രമിക്കാമെന്നും യൂസുഫ്(അ)ന് വാക്ക് നല്‍കി. അവര്‍ മടങ്ങുമ്പോള്‍ യൂസുഫ്(അ) വേറൊരു സൂത്രവും പ്രയോഗിച്ചു.

''അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ട് വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം'' (12:62).

അവര്‍ വീട്ടിലെത്തി ഭാണ്ഡം തുറക്കുമ്പോള്‍ രാജാവിന് തങ്ങള്‍ കൊടുത്തത് തിരിച്ച് തങ്ങള്‍ക്ക് തന്നെ തന്നത് കാണും, അവരില്‍ അത് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ മതിപ്പുളവാക്കുകയും വീട്ടിലുള്ള എളിയ സഹോദരനെയും കൊണ്ട് വീണ്ടും ഈജിപ്തിലേക്ക് മടങ്ങുവാന്‍ അത്  പ്രേരണയാകുകയും ചെയ്യും.

അങ്ങനെ അവര്‍ അവരുടെ ഭാണ്ഡവുമായി കന്‍ആനിലേക്ക് മടങ്ങി. പിതാവിനോട് മന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം വിവരിച്ചു.

''അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുതരുന്നത് മുടക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നതാണ്. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. അദ്ദേഹം (പിതാവ്) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു'' (12:63,64).

യഅ്ക്വൂബ്(അ) മക്കള്‍ മുമ്പ് യൂസുഫിനെ കൊണ്ടുപോയതെല്ലാം ഓര്‍ത്തു. പിന്നീട് അല്ലാഹു സൂക്ഷിച്ചുകൊള്ളും എന്ന ദൃഢനിശ്ചയത്തില്‍ അവരോടൊപ്പം ബിന്‍യാമീനെ പറഞ്ഞുവിടാന്‍ സമ്മതം നല്‍കി. പിതാവിന്റെ സമ്മതം ലഭിച്ചതിന് ശേഷം അവര്‍ക്ക് ഈജിപ്തില്‍ നിന്നും കിട്ടിയ ചരക്ക് തുറക്കാന്‍ തുടങ്ങി.

''അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക്  തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചു നല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്'' (ക്വുര്‍ആന്‍ 12:65).

ചരക്കുകള്‍ തുറന്ന് നോക്കിയപ്പോള്‍ അവര്‍ അങ്ങോട്ട് കൊടുത്തതെല്ലാം തിരിച്ചു തന്നതായി കാണുകയാണ്. തികച്ചും സൗജന്യമായിട്ടാണ് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത തവണ പോകുമ്പോള്‍ ബിന്‍യാമീനെ കൂടി ഞങ്ങളോടൊപ്പം വിട്ടാല്‍ ഒരു ഒട്ടകത്തിന് കൂടി വഹിക്കുവാനുള്ള ചരക്ക് നമുക്ക് ലഭിക്കുമെന്നും ഇവന്‍ ഞങ്ങളോടൊപ്പം ഉണ്ടെങ്കിലേ അത് ഞങ്ങള്‍ക്ക് ലഭിക്കുകയുമുള്ളൂ എന്നും അവര്‍ പിതാവിനെ ധരിപ്പിച്ചു. പറഞ്ഞു.

പിതാവ് അവരോട് പറഞ്ഞു: ''...തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ട് വന്നു തരുമെന്ന് അല്ലാഹുവിന്റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു'' (12:66).

നിങ്ങള്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ വല്ല ആപത്തും പിണഞ്ഞാലല്ലാതെ അവന് ഒന്നും സംഭവിക്കരുത്. അവനെ എനിക്ക് തന്നെ തിരികെ ഏല്‍പിക്കും എന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് ഒരു ഉറപ്പ് തന്നാലല്ലാതെ ഞാന്‍ അവനെ നിങ്ങളുടെ കൂടെ അയക്കുന്നതല്ല എന്ന് യഅ്ക്വൂബ്(അ) മക്കളോട് പറഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ പേരില്‍ അവര്‍ പിതാവിന് അപ്രകാരം ഉറപ്പ് നല്‍കി. പരസ്പരം എടുത്ത കരാറുകള്‍ക്കും സംസാരത്തിനും എല്ലാം അല്ലാഹു മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവരെ ഉണര്‍ത്തുകയും ചെയ്തു.

ഞങ്ങള്‍ അവനെ സൂക്ഷിച്ചു കൊള്ളാം എന്ന് പിതാവിനോട് മക്കള്‍ ആദ്യം പറഞ്ഞപ്പോള്‍ നിങ്ങളുടെ മേല്‍നോട്ടത്തിലല്ല എന്റെ വിശാലമായ പ്രതീക്ഷയെന്നും അല്ലാഹു ആകുന്നു ഏറ്റവും നന്നായി അവനെ സംരക്ഷിക്കുന്നവനെന്നും അവരോട് പറയുന്നത് യഅ്ക്വൂബ് നബി(അ)യുടെ അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തെയാണ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. പിന്നീട് പിതാവിന് അവര്‍ കരാര്‍ നല്‍കിയ വേളയിലും അല്ലാഹുവിന്റെ മേല്‍നോട്ടത്തെ കുറിച്ച് അവരെ ഒന്ന് അറിയിക്കുന്നതോടൊപ്പം സ്വയം ഒരു ആശ്വാസം കണ്ടെത്തലും അതിലുള്ളതായി നമുക്ക് മനസ്സിലാക്കാം.

അങ്ങനെ മക്കള്‍ പതിനൊന്ന് പേരും ഈജിപ്തിലേക്ക് പേകുമ്പോള്‍ അവര്‍ക്ക് അദ്ദേഹം മറ്റൊരു നിര്‍ദേശം നല്‍കി:

''അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെമേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്'' (12:67).

ഈജിപ്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ, അല്ലെങ്കില്‍ രാജ ദര്‍ബാറിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ ആകാം പിതാവ് അവരോട് സംസാരിച്ചത്.

അവിടേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ പതിനൊന്ന് പേരും ഒരേ വാതിലിലൂടേ  പ്രവേശിക്കരുതെന്നും വ്യത്യസ്ത കവാടത്തിലൂടെ പ്രവേശിക്കണമെന്നും അവരോട് അദ്ദേഹം നിര്‍ദേശിച്ചു. പിതാവ് അവരോട് ഇപ്രകാരം ഒരു നിര്‍ദേശം നല്‍കുവാനുള്ള കാരണം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഒന്ന്, യഅ്ക്വൂബ്(അ)ന്റെ മനസ്സില്‍ തോന്നിയ എന്തോ ഒരു ആവശ്യം അവരുമായി അദ്ദേഹം പങ്കുവെച്ചു എന്നാണ് അതിന്റെ ഉദ്ദേശ്യം. കാരണം ശേഷം വരുന്ന വചനത്തില്‍ (യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം) എന്ന് വന്നിട്ടുണ്ട്.ആ ആവശ്യം എന്തായിരുന്നുവെന്ന് അല്ലാഹുവോ പ്രവാചകന്‍ ﷺ യോ നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അത് എന്താണെന്ന് ചൂഴ്ന്ന് അറിയേണ്ട ആവശ്യവും നമുക്കില്ല. ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു.

രണ്ട്, കാഴ്ചയില്‍ ഈ മക്കള്‍ എല്ലാം ഏതാണ്ട് ഒരുപോലെയാണ്. അതോടൊപ്പം എല്ലാവരും നല്ല സുന്ദരന്മാരും. ആ സൗന്ദര്യവും അവരുടെ പ്രഭാവവും കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. ഒരേ പിതാവിന്റെ പതിനൊന്ന് പേരടങ്ങുന്ന മക്കള്‍ എല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ അസൂയാലുക്കളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് പിതാവ് അങ്ങനെ നിര്‍ദേശിച്ചതെന്ന് പറഞ്ഞ മുഫസ്സിറുകളും ധാരാളം ഉണ്ട്. അതില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ).  അദ്ദേഹത്തിന് പുറമെ മുഹമ്മദ്ബ്‌നു കഅ്ബ്, മുജാഹിദ്, ള്വഹ്ഹാക്, ക്വതാദഃ, സുദ്ദി മുതലായവരും ഈ വിവരണം നല്‍കിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏതാണ്ട് എല്ലാവരും ഈ അഭിപ്രായത്തെ പ്രത്യകം പരിഗണന നല്‍കി സ്വീകരിച്ചിട്ടുമുണ്ട്. 

കണ്ണേറിനെ ഭയന്നിട്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം മക്കളോട് പറഞ്ഞതെന്ന് അല്ലാഹുവോ, റസൂലോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കണ്ണേറിന് യാഥാര്‍ഥ്യം ഉണ്ടെന്ന് തെളിയിക്കുന്ന ബലപ്പെട്ട ഹദീഥുകള്‍  ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിലും ഇതിന് എതിരായി യാതൊന്നും വന്നിട്ടില്ല. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉറുക്കും ഏലസ്സും കെട്ടലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം; മറിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രവുമാണ്.

മൂന്ന്, ഒരു കൂട്ടം ആളുകളെ പെട്ടെന്ന് കാണുമ്പോള്‍, അവരെ പറ്റി പല സംശയങ്ങളും ജനങ്ങള്‍ക്ക് തോന്നുവാന്‍ ഇടയുള്ളതുകൊണ്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം പറഞ്ഞത്. 

''അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (12:68).

അവര്‍ എല്ലാവരും യൂസുഫ്(അ)ന്റെ സന്നിധിയില്‍ എത്തി. 

''അവര്‍ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്റെ  സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല'' (12:69).

യൂസുഫ്(അ) സഹോദരന്‍ ബിന്‍യാമിനെ ആശ്ലേഷിക്കുകയും ബിന്‍യാമിനോട് ഞാന്‍ നിന്റെ സഹോദരനാണെന്നും അവരുടെ ചെയ്തികളിലൊന്നും നീ ദുഃഖിക്കേണ്ടതില്ലെന്നും സ്വകാര്യത്തില്‍ അറിയിക്കുകയും ചെയ്തു.

ഒരു പക്ഷേ, ഇബ്‌നു കഥീര്‍(റ) സൂചിപ്പിച്ചത് പോലെ, നിന്നെ ഇവിടെ എന്റെ അടുക്കല്‍ തന്നെ നിറുത്തുവാനും അവരുടെ കൂടെ ഒന്നിച്ച് തിരിച്ചയക്കാതിരിക്കുന്നതിനും വല്ല മാര്‍ഗവും ഞാന്‍ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യം യൂസുഫ്(അ) ബിന്‍യാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ. അല്ലെങ്കില്‍ ബിന്‍യാമീന്‍ പിടിപ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടുവാനും വിഷമിക്കുവാനും കാരണം ആകുമല്ലോ.