അനിവാര്യമായ പതനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

(മൂസാനബി(അ): 14)

വളരെ അടുത്ത് ശത്രു സേന. എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം. ഇപ്പുറത്തോ, ദുര്‍ബലര്‍ മാത്രം. ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ അതിനുപോലും സൌകര്യമില്ലാത്ത പാവങ്ങള്‍. പക്ഷേ, മൂസാ(അ) വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നു പറഞ്ഞ് കരുത്ത് നല്‍കി. എന്താണ് സംഭവിക്കുക എന്ന് മൂസാ(അ)ന് അറിയുമോ? ഇല്ല! ഭാവികാര്യം അറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ വല്ല പേടിയും അവര്‍ക്ക് ഉണ്ടാകുമായിരുന്നോ? അല്ലാഹുവിന് വേണ്ടിയാണ് യാത്ര. അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് യാത്ര. അതിനാല്‍ അല്ലാഹു സഹായിക്കും എന്നതില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു. അല്ലാഹുവിന്റെ സഹായം മാത്രം പ്രതീക്ഷിച്ച് ത്യാഗ മനസ്സോടെ അവര്‍ ഉറച്ച് നിന്നു.

''അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔിന്റെപക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു. തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും'' (ക്വുര്‍ആന്‍ 26:63-68).

അല്ലാഹു മൂസാനബി(അ)യോട് തന്റെ കൈയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ കല്‍പിച്ചു. അപ്രകാരം ചെയ്തു. കടല്‍ പിളര്‍ന്നു. 

അല്ലാഹുവിന്റെ കല്‍പനകളെ യുക്തികൊണ്ട് അളന്ന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യലല്ല വിശ്വാസിയുടെ വഴി. യുക്തിയെ അവലംബിക്കുകയാണെങ്കില്‍ മൂസാനബി(അ) എന്താണ് ചിന്തിക്കുക? 'ഈ സമുദ്രത്തില്‍ ഒരു വടികൊണ്ട് അടിച്ചാല്‍ എന്ത് സംഭവിക്കാനാണ്? കുറച്ച് വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിക്കും എന്നതല്ലാതെ' എന്ന് ചിന്തിച്ചേക്കാം. അതല്ലാതെ സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ലല്ലോ. ഇവിടെയാണ് ദിവ്യബോധനം സ്വീകരിക്കുന്നതില്‍ പ്രവാചകന്മാരുടെ കീഴ്‌വണക്കം നാം കാണേണ്ടത്. മൂസാ(അ) മറുത്തൊന്നും ചിന്തിച്ചില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം ചെയ്തു. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള ഏത് കാര്യത്തോടും ഈ സമീപനം സ്വീകരിക്കുന്നവനാണ് വിശ്വാസി. അല്ലാത്തവരെല്ലാം നേര്‍വഴിയില്‍ നിന്നും വിദൂര മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍ ആ വെള്ളത്തിന്റെ ഓരോ പൊളിയും പര്‍വതസമാനമായിത്തീര്‍ന്നു. മൂസനബി(അ)യും വിശ്വാസികളും കടലില്‍ രൂപപ്പെട്ട വഴിയിലൂടെ നടന്ന് കരക്ക് കയറി. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും പിടികൂടാനുള്ള അത്യാഗ്രഹത്താല്‍ വേഗത്തില്‍ വരികയാണ്. അങ്ങനെ അവരും ആ വഴിയിലൂടെ മറുകര പറ്റാന്‍ നോക്കി. പക്ഷേ, അവരെ എല്ലാവരെയും അല്ലാഹു അതില്‍ മുക്കി നശിപ്പിച്ചു.

മൂസാ(അ)യും വിശ്വാസികളും മറുകരപറ്റിയ ശേഷം പുറകോട്ട് നോക്കിയപ്പോള്‍ സമുദ്രം പിളര്‍ന്ന് നില്‍ക്കുന്നതായിട്ട് തന്നെയാണ് കാണുന്നത്. ഇത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആധിയായി. അവരും ഇതിലൂടെ നമ്മുടെ അടുത്തേക്ക് വരുമോ എന്ന് അദ്ദേഹം ചിന്തിച്ചു. മൂസാ(അ) വീണ്ടും സമുദ്രത്തില്‍ അടിക്കാന്‍ ഒരുങ്ങി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:

''സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്! (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും! അവര്‍ ആഹ്ലാദപൂര്‍വംഅനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്  ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല'' (ക്വുര്‍ആന്‍ 44:24-29).

അവരെ സമുദ്രത്തില്‍ മുക്കി നശിപ്പിക്കുവാന്‍ പോകുന്നു എന്ന വിവരം അല്ലാഹു മൂസാ(അ)ന് നല്‍കി. അവരുടെ എല്ലാ ഭൗതിക സൗകര്യങ്ങളും ബാക്കിയായി. അവ ഉപയോഗിക്കാന്‍ ആരും ഇല്ലാതായി. അധികാരവും പ്രമാണിത്തവും ഭൗതിക സൗകര്യങ്ങളുമൊന്നും അവര്‍ക്ക് തുണയായില്ല. അവസാനം അതിന്റെ അനന്തരാവകാശികളായി മറ്റൊരു ജനതയെ അല്ലാഹു തെരഞ്ഞടുക്കുകയും ചെയ്തു. അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ ആരും ഉണ്ടായില്ല. നിസ്സഹായരായി അവര്‍ ഒന്നടങ്കം മുക്കി നശിപ്പിക്കപ്പെട്ടു. ഫിര്‍ഔന്‍ മുങ്ങി നശിക്കുന്ന ആ രംഗം ക്വുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നത് ഇപ്രകാരമാണ്:

''ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു. (അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്?)'' (ക്വുര്‍ആന്‍ 10:90,91).

മരണം മുന്നില്‍ കണ്ട സമയത്ത് ഫിര്‍ഔന്‍ മൂസാനബി(അ)യുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ നോക്കി. പശ്ചാത്തപിച്ച് മടങ്ങാന്‍ ശ്രമിച്ചു. മരണം മുന്നില്‍ കാണുന്ന സമയത്തുള്ള മടക്കം അല്ലാഹു സ്വീകരിക്കില്ലല്ലോ. അല്ലാഹു അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു: ഇപ്പോഴാണോ നീ സ്വീകരിക്കുന്നത്? ഇത് വരെയും നീ അനുസരണക്കേട് കാണിച്ച് കഴിഞ്ഞു. മരണം മുന്നില്‍ കണ്ടപ്പോള്‍ മടങ്ങുന്നുവല്ലേ? 

''എന്നാല്‍ നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു'' (ക്വുര്‍ആന്‍ 10:92).

കെയ്‌റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന റംസീസ് രണ്ടാമന്റെ പേരിലറിയപ്പെടുന്ന മമ്മി ഈ ഫിര്‍ഔനിന്റെതാണെന്ന് പറയപ്പെടുന്നു. ഏതായിരുന്നാലും അവന്റെ ശരീരത്തെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു രക്ഷപ്പെടുത്തും എന്നത് ഉറപ്പാണ്. 'പുറകെ വരുന്നവര്‍ക്ക്' എന്നതിന്റെ വിശദീകരണം നമുക്കജ്ഞാതമാണ്. മ്യൂസിയത്തില്‍ ഉള്ള ശരീരം അത് തന്നെയാണെന്നോ, അല്ലെന്നോ നമുക്ക് ഉറപ്പിച്ച് പറയാന്‍ നിര്‍വാഹമില്ല.

അധികാരത്തിന്റെ ലഹരിയില്‍ അഹങ്കരിക്കുകയും അക്രമം കാണിക്കുകയും ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ഏത് കാലത്തേക്കും ഗുണപാഠമായി അല്ലാഹു ഫിര്‍ഔനിന്റെ പര്യവസാനത്തപ്പറ്റി  ക്വുര്‍ആനിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

തനിച്ച നിഷേധിയായ ഫിര്‍ഔന്‍ സത്യവിശ്വാസിയായിരുന്നു എന്ന് വിശ്വസിക്കുന്ന ചിലരുണ്ട്! ചില സ്വൂഫികളുടെ പിഴച്ച വിശ്വാസമാണത്. കടലില്‍ മുക്കി നശിപ്പിച്ചതിനെ അവര്‍ വ്യാഖ്യാനിക്കുന്നത് മയ്യിത്ത് കുളിപ്പിച്ചതാണ് എന്നുമാണ്!