അനുസരണക്കേടിന്റെ തിക്തഫലം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

മഹാ അപരാധം ചെയ്ത ബനൂഇസ്‌റാഈലുകാരെക്കുറിച്ച് അല്ലാഹു പറയുന്നു: ''മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു.അതവരോട് സംസാരിക്കുകയില്ലെന്നും അവര്ക്ക്  വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു. അവര്‍ക്കു  ഖേദം തോന്നുകയും തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും'' (ക്വുര്‍ആന്‍ 7:148,149).

തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ പശുവാരാധകരായ അവരിലെ സുമനസ്സുകളായ ആളുകള്‍ അവരുടെ കുറ്റം സമ്മതിച്ച്, രക്ഷിതാവിനോട് പാപമോചനം തേടാന്‍ തയ്യാറായി. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചത് പോലെ, അവര്‍ ചെയ്ത അക്രമത്തിന്റെ ഗൗരവത്തിനനുസരിച്ച് അവര്‍ക്ക് ശിക്ഷയുണ്ട്.

ആരാധനയുടെ പേരില്‍ നടത്തുന്ന പാട്ടിന്റെയും കൂത്തിന്റെയുമെല്ലാം പാരമ്പര്യം എത്തിച്ചേരുന്നത് സാമിരിയിലേക്കാണെന്നാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ച് തരുന്നത്. ഹിജ്‌റ 671ല്‍ മരണമടഞ്ഞ ഇമാം ക്വുര്‍ത്വുബി(റഹി) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ ഹിജ്‌റ 451ല്‍ ജനിച്ച് 520ല്‍ മരണപ്പെട്ട ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നത് കാണാം:

ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി) ചോദിക്കപ്പെട്ടു: 'സ്വൂഫീമദ്ഹബിലെ പണ്ഡിതന്മാരായ നമ്മുടെ നേതാക്കളെ (കുറിച്ച്) എന്താണ് പറയാനുള്ളത്? ആളുകളില്‍ നിന്ന് ഒരു സംഘത്തെ ഒരുമിച്ചു കൂട്ടുന്നു. എന്നിട്ട് അല്ലാഹുവിനെയും മുഹമ്മദ് നബിﷺയെയും സ്മരിക്കുന്നത് അവര്‍  അധികരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവര്‍ മൃഗത്തിന്റെ തോലില്‍നിന്നുള്ള ഒരു വസ്തുവില്‍ (ചെണ്ട) വടികൊണ്ട് അടിക്കുന്നു. അവരില്‍ ചിലര്‍ നൃത്തം ചെയ്യുന്നു. (ജനങ്ങള്‍) അവനെ മൂടുന്നത് വരെ അവന്‍ ദുഃഖം നടിക്കുകയും ചെയ്യുന്നു, ചില വസ്തുക്കളുമായി ജനങ്ങള്‍ ഹാജരാക്കപ്പെടുകയും അവര്‍ അദ്ദേഹത്തെ തീറ്റിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൂടെ ഹാജരാകല്‍ അനുവദനീയമാണോ അല്ലയോ?'

ഉത്തരം: 'അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ. സ്വൂഫീമദ്ഹബ് ബാത്വിലും (നിരര്‍ഥകവും) അജ്ഞതയും വഴികേടുമാകുന്നു. ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തുമാകുന്നു. എന്നാല്‍ നൃത്തവും അഭിനയവും ആദ്യമായി പുതിയതായി തുടങ്ങിയത് സാമിരിയുടെ ആളുകളാകുന്നു. അവന്‍ അവര്‍ക്ക് മുക്രയിടുന്ന പശുവിന്‍െര്‍ രൂപം ഉണ്ടാക്കിയപ്പോള്‍ അവര്‍ അതിന് ചുറ്റും നൃത്തം ചെയ്യുകയും അഭിനയം കാണിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അത് സത്യനിഷേധികളുടെയും പശുപൂജകരുടെയും മതമാണ്. എന്നാല്‍ ചെണ്ടകൊട്ടല്‍ ആദ്യമായി സ്വീകരിച്ചത് നിരീശ്വരവാദികളുമാണ്. (അവര്‍ അത് ചെയ്തത്) അല്ലാഹുവിന്റെ കിതാബിനെ തൊട്ട് മുസ്‌ലിംകളെ അതുമുഖേന (മറ്റുള്ളതില്‍) വ്യാപൃതനാക്കുവാനാകുന്നു. നിശ്ചയമായും നബിﷺ അവിടുത്തെ അനുചരന്മാരോടൊത്ത് ഇരിക്കുമ്പോള്‍ ഗാംഭീര്യത്താല്‍ പറവകള്‍ അവരുടെ തലയില്‍ ഉള്ളത് പോലെയാണ് ഇരിക്കാറുണ്ടായിരുന്നത്. അതിനാല്‍ (ഓരോ നാട്ടിലെയും) രാജാക്കന്മാര്‍ക്കും അദ്ദേഹത്തിന്റെ രാജപ്രതിനിധികളും പള്ളികളിലും അല്ലാത്തിടത്തിലും (ഇവര്‍) ഹാജരാകുന്നതില്‍ നിന്ന് അവരെ തടയേണ്ടത് അനിവാര്യമാകുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അവരുടെ കൂടെ സന്നിഹിതരാകലും അവരുടെ ബാത്വിലിന് അവരെ സഹായിക്കലും അനുവദനീയമല്ല. ഇതാകുന്നു മാലിക്, അബൂഹനീഫഃ, ശാഫിഈ, അഅ്മദ് ബ്‌നു ഹമ്പല്‍(റ) (തുടങ്ങിയവരുടെയും) മറ്റു ഇമാമുമാരുടെയും മദ്ഹബ്' (തഫ്‌സീറുല്‍ ക്വുര്‍ത്വുബി).

സാമിരിയും സംഘവും കൊണ്ടുവന്ന ഈ ബാത്വിലിനെ ഇന്ന് പൗരോഹിത്യം എത്ര ആവേശത്തോടും താല്‍പര്യത്തോടെയുമാണ് കൊണ്ടു നടക്കുന്നതെന്ന് നാം സഗൗരവം ചിന്തിക്കുക. 

സാമിരിയുടെ കൂടെ കൂടിയവരില്‍ പലരും പിന്നീട് മൂസാനബി(അ)യുടെ കൂടെ തുടര്‍ന്നു എന്നും അവര്‍ പശ്ചാത്തപിച്ച് മടങ്ങി എന്നതും നാം പറഞ്ഞുവല്ലോ. പക്ഷേ, അവരുടെ അക്രമത്തിന് അവരുടെ ആ പശ്ചാത്താപം മതിയായിരുന്നില്ല. അവരുടെ ആ കടുത്ത നന്ദികേടിന് അല്ലാഹു കര്‍ശനരൂപത്തിലുള്ള നടപടിയാണ് അവരില്‍ ഏര്‍പെടുത്തിയത്. ആ നടപടി എന്തായിരുന്നു എന്ന് നാം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.

''എന്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെത്തന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 2:54).

അല്ലാഹു ഏറ്റവും വലിയ പാപമായി അറിയിച്ചിട്ടുള്ള ബഹുദൈവാരാധനയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും അതുവഴി വഴി നിങ്ങള്‍ നിങ്ങളോട് തന്നെ ഏറ്റവും കടുത്ത അക്രമമാണ് ചെയ്തതെന്നും മൂസാ(അ) അവരോട് പറഞ്ഞു. 

പരസ്പരം കൊന്നുകളയലായിരുന്നു അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ! ഇപ്രകാരം ഒരു ശിക്ഷ അല്ലാഹു വേറെ ഒരു ജനതയില്‍ നടപ്പിലാക്കിയതായി നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് അല്ലാഹു എത്രയോ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നല്‍കിയിരുന്നു. അതെല്ലാം അനുഭവിച്ചിട്ടാണ് ഈ നന്ദികേടിന് മുതിര്‍ന്നത് എന്നതാണ് അവരുടെ മേല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചത്. 

മൂസാ(അ)യില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ ഫിര്‍ഔനും സംഘവും അവരെ ക്രൂരമായി മര്‍ദിച്ചു. അതിനെല്ലാം അവര്‍ക്ക് കടുത്ത ശിക്ഷ അല്ലാഹു നല്‍കിയിരുന്നു. തങ്ങളുടെ കൃഷിയിടങ്ങളില്‍ ഒരു തരം വെട്ടുകിളി ഇറങ്ങി സര്‍വതും നശിപ്പിച്ചതും തലയില്‍ മുഴുവന്‍ പേന്‍ നിറഞ്ഞ് സര്‍വസ്വസ്ഥതയും നഷ്ട്ടപ്പെട്ടതും പാത്രങ്ങളിലും ഭക്ഷണങ്ങളിലും എല്ലാം തവളകള്‍ നിറഞ്ഞ് പൊറുതികേട് അനുഭവിച്ചതും കിണറുകളിലും കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ മറ്റു സ്രോതസ്സുകളിലും രക്തം തളംകെട്ടിക്കിടക്കുന്നതും അനുഭവിച്ചവരാണവര്‍. ഫിര്‍ഔനും സംഘവും തങ്ങളെ കൊന്നുകളയുമെന്ന അവസ്ഥ വന്നപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മൂസാനബി(അ)യുടെ കൂടെ രക്ഷപ്പെടാന്‍ പുറപ്പെട്ടവരാണവര്‍. ആ യാത്രക്കിടയില്‍ കടല്‍പിളര്‍ന്ന് വഴി രൂപപ്പെട്ടതും ഫിര്‍ഔനും കൂട്ടരും മുക്കിക്കൊല്ലപ്പെട്ടതും അവര്‍ കണ്ടറിഞ്ഞതാണ്. ഇങ്ങനെയുള്ള അനവധി പരീക്ഷണങ്ങള്‍ അനുഭവിച്ചവരും അല്ലാഹുവിന്റെ സഹായം നേരിട്ട് ലഭിച്ചവരുമായിട്ടും പിന്നീട് അല്‍പം ദിവസത്തേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) അവരെ വിട്ട് മാറിയപ്പോഴേക്കും അവരില്‍ താന്‍ പ്രതിനിധിയായി നിശ്ചയിച്ച പ്രവാചകന്‍കൂടിയായ ഹാറൂനി(അ)ന്റെ ഉപദേശ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിച്ച് ധിക്കാരപൂര്‍വം ബഹുദൈവാരാധന സ്വീകരിച്ചവരാണിവര്‍. അതിനാലാണ് അല്ലാഹു ഇവരില്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്.

അങ്ങനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ പശ്ചാത്തപിക്കുകയും പരസ്പരം വെട്ടിക്കൊല്ലുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഈ നടപടിയില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹു അവരുടെ അക്രമത്തിന് മാപ്പ് നല്‍കി.

പിന്നെയും കുറെ ആളുകള്‍ ബാക്കിയായി. അവര്‍ ഈ കടുത്ത നടപടിക്ക് വിധേയരാകാത്തവരായിരുന്നു. അവരില്‍ നിന്ന് എഴുപത് പ്രധാനികളെ മൂസാ(അ) തെരഞ്ഞെടുത്തു. ശേഷം മൂസാ(അ) വീണ്ടും സീനാ പര്‍വതത്തിലേക്ക് നീങ്ങി.

''നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്മാര്‍ പ്രവര്‍ത്തിച്ചതിന്റെ  പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത്മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണകാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍. ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍ പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ സര്‍വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മയനിഷ്ഠ പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്  (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്'' (ക്വുര്‍ആന്‍ 7:155,156).

ഇസ്‌റാഈല്യരുടെ നന്ദികേടിന്റെ ആഴം എത്രയാണെന്ന് നാം ആലോചിക്കുക. കണ്ടാലും കൊണ്ടാലും പാഠം പഠിക്കാന്‍ കഴിയാത്ത ഒരു ജനത. ബനൂഇസ്‌റാഈല്യരുടെ ഈ വ്യത്യസ്ത മുഖങ്ങള്‍ അല്ലാഹു നമുക്ക് അറിയിച്ച് തരുന്നത് നാം ഗുണപാഠം സ്വീകരിക്കുന്നതിന് വേണ്ടിയാണ്.

ബനൂഇസ്‌റാഈല്യരോളം അനുഗ്രഹം നല്‍കപ്പെട്ടവരും നന്ദികേട് കാണിച്ചവരും മുമ്പ് കഴിഞ്ഞ് പോയിട്ടില്ല. ഇന്നും ആ പാരമ്പര്യം ജൂതന്മാരില്‍ നിലനില്‍ക്കുകയാണ്. ആ ധിക്കാര മനസ്ഥിതിയും ചോദ്യം ചെയ്യലും അനുസരണക്കേടിന്റെ ചിന്താഗതിയും അരാജകത്വത്തിന്റെയും അക്രമത്തിന്റെയും ചതിയുടെയും പാരമ്പര്യം അവരുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചത് പോലെ പ്രകടമാണ്.

മൂസാനബി(അ)യുടെ കൂടെയുള്ള എഴുപത് പേരുടെ നിലപാട് അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ എന്നായിരുന്നു! അവരുടെ ഈ കടുത്ത ധിക്കാര മനഃസ്ഥിതി കാരണം അവരെ അല്ലാഹു പിടികൂടി. അതു സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക.

''ഓ; മൂസാ! ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്ഭം? (ഓര്‍ക്കുക). തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി''(ക്വുര്‍ആന്‍ 2:55,56).

മൂസാ(അ) അല്ലാഹുവുമായി സംസാരിച്ചത് അവര്‍ക്ക് അറിയാം. 'മൂസാ, നീ അല്ലാഹുവിനോട് സംസാരിച്ചിട്ടല്ലേ ഉള്ളൂ. ഞങ്ങള്‍ക്ക് അല്ലാഹുവിനെ പരസ്യമായി നോക്കിക്കാണണം. എങ്കിലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുള്ളൂ' എന്നായി അവരുടെ വാശി. ഈ കടുത്ത അഹങ്കാരത്തിന്റെ ഫലമായാണ് അല്ലാഹു അവരെ ശക്തമായ ഇടിത്തീ മുഖേന പിടികൂടിയത്. അതിന് അവര്‍ സാക്ഷികളായി. എന്നാല്‍ ഈ എഴുപത് പേര്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരില്‍ നിന്ന് അല്ലാഹു ഒരു പ്രത്യേകത നല്‍കി. അവരെ അല്ലാഹു മരിപ്പിച്ചതിന് ശേഷം വീണ്ടും എഴുന്നേല്‍പിച്ചു. 

മരണപ്പെട്ടതിന് ശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത് അന്ത്യനാളിലാണല്ലോ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു ചിലരെ ഇഹലോകത്ത് വെച്ച് തന്നെ രണ്ടാമതും ഉയര്‍ത്തെഴുന്നേല്‍പിച്ചിട്ടുണ്ട്. സൂറത്തുല്‍ ബക്വറയില്‍ തന്നെ അഞ്ച് സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഈ പറഞ്ഞതാണ്. മറ്റു സന്ദര്‍ഭങ്ങള്‍ താഴെ വരുന്നവയാണ്:

''അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു'' (2:73). ഇതും ബനൂഇസ്‌റാഈല്യരെ സംബന്ധിച്ചുള്ളതാണ്. ഇതിന്റെ വിശദീകരണം ശേഷം വരുന്നതാണ്, ഇന്‍ശാ അല്ലാഹ്. 

മൂസാനബി(അ)യുടെ കാലത്ത് ഒരു വധക്കേസില്‍ പ്രതി ആരാണെന്ന് അറിയാതെ വന്നപ്പോള്‍, മയ്യിത്തിന്റെ ശരീരത്തില്‍ ഒരു പശുവിനെ അറുത്ത് അതിന്റെ ചില ഭാഗങ്ങള്‍ കൊണ്ട് അടിച്ചാല്‍ ആ മയ്യിത്തിന് ജീവന്‍ ലഭിക്കുന്നതാണെന്നും എന്നിട്ട് ആരാണ് ഘാതകന്‍ എന്ന് അയാള്‍ പറയുന്നതാണെന്നും അല്ലാഹു അറിയിച്ചു. അവര്‍ അപ്രകാരം ചെയ്തു. ഘാതകന്‍ തിരിച്ചറിയപ്പെടുകയും ചെയ്തു. 

''ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല'' (ക്വുര്‍ആന്‍ 243). ഇതും നാം വിവരിക്കുവാന്‍ പോകുന്ന സംഭവാണ്.

ഒരു കഴുതയുമായി ഒരാള്‍ നടന്ന് പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു രാജ്യം പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത് അയാള്‍ കാണുകയുണ്ടായി. ഈ നാടിനെ ഇനി അതിന്റെ പഴയ നാഗരികതയിലേക്ക് എങ്ങെനയാണ് അല്ലാഹു തിരിച്ച്‌കൊണ്ടുവരിക എന്ന് അയാള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹു നൂറ് കൊല്ലം അയാളെ നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്ത സംഭവമാണ് അടുത്തത്. അത് ഇപ്രകാരം അല്ലാഹു പറഞ്ഞുതരുന്നു:

''അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടര്‍ന്ന്  അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്ഷം  കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ (അതെങ്ങനെയുണ്ടെന്ന്). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും  കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു'' (2:259). 

''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്ഹാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്  അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (260). ഇത് നാം ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ച സ്ഥലത്ത് വിവരിച്ചതാണ്. ഇതാണ് ജീവന്‍ പോയതിന് ശേഷം വീണ്ടും അല്ലാഹു ജീവന്‍ നല്‍കിയതിനുള്ള ചില ഉദാഹരണങ്ങള്‍. 

നാം ദിവസവും അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ പതിനേഴ് തവണയും അല്ലാതെയും 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല' എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ.

അല്ലാഹു അനുഗ്രഹിച്ചവര്‍ പ്രവാചകന്മാരും സ്വിദ്ദീക്വുകളും സ്വാലിഹുകളും ശുഹദാഉമാണല്ലോ. അല്ലാഹുവിനോട് അനുസരണ കാണിക്കുന്ന വിഷയത്തില്‍ മുന്‍പന്തിയില്‍ ഉള്ള മഹാന്മാരാണല്ലോ അവര്‍. ഇബ്‌റാഹീംനബി(അ)യോട് അല്ലാഹു കീഴ്‌പെടൂ എന്ന് കല്‍പിച്ച സമയത്ത് താമസം കൂടാതെ ഞാനിതാ ലോക രക്ഷിതാവിന് കീഴ്‌പെട്ടിരിക്കുന്നൂ എന്ന് പറഞ്ഞത് നാം മനസ്സിലാക്കിയതാണ്. അപ്രകാരം അല്ലാഹുവിനോട് അനുസരണ കാണിക്കുന്നവാന്‍ യാതൊരു വിഷമവും കൂടാതെ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ കോപത്തിന് കാരണക്കാരായവരായ ഈ ഇസ്‌റാഈല്യരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും മനോഭാവങ്ങളും നമ്മില്‍ ഒരിക്കലും ഉണ്ടായിക്കൂടാ.