അവസാനിക്കാത്ത അഹങ്കാരം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

(മൂസാനബി(അ): 12)

ആരെങ്കിലും ഒരു തിന്മ ചെയ്താല്‍ അതിനു തുല്യമായ ശിക്ഷ മാത്രമെ അല്ലാഹു അവന് നല്‍കൂ. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ഫിര്‍ഔനിന്റെ ജനതയിലെ ആ മഹാനായ വ്യക്തി അവരെ തെര്യപ്പെടുത്തുകയാണ്. ആ കാരുണ്യം മനസ്സിലാകണമെങ്കില്‍ പുണ്യം ചെയ്തവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയണം. അല്ലാഹുവിലുള്ള വിശ്വാസം ഉണ്ടായിരിക്കെ, നന്മ ചെയ്തവര്‍ക്ക് അല്ലാഹു തത്തുല്യമായ പ്രതിഫലമല്ല നല്‍കുന്നത്. കണക്കില്ലാതെ അവന്‍ പ്രതിഫലം നല്‍കും. സ്വര്‍ഗീയ ജീവിതം നല്‍കും.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും അവകാശമുള്ള മണ്ണില്‍ ജീവിക്കുന്ന നാം അല്ലാഹുവിന്റെ മതം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ എന്ത് ചെയ്തു എന്ന് ആലോചിക്കേണ്ടതുണ്ട്. നാം അറിഞ്ഞ സത്യം അറിയാത്തവരിലേക്ക് എത്തിക്കല്‍ നമ്മുടെ കടമയാണ്. തീര്‍ച്ചയായും നന്മകല്‍പിക്കലും തിന്മ വിരോധിക്കലും എല്ലാ മുസ്‌ലിമിനും നിര്‍ബന്ധമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ആ നിര്‍ബന്ധം ബന്ധപ്പെട്ട് കിടക്കുന്നത് കഴിവും സാഹചര്യവുമെല്ലാമായിട്ടാണ്. അല്ലാഹു പറയുന്നു: 

''അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കു കയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 64:16). 

നബി ﷺ പറയുന്നത് കാണുക. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''റസൂല്‍ ﷺ ഞങ്ങളോട് (ഒരിക്കല്‍ ഇപ്രകാരം) പ്രസംഗിച്ചു: '...അതിനാല്‍ ഞാന്‍ നിങ്ങളോട് വല്ല കാര്യം കൊണ്ടും കല്‍പിച്ചാല്‍ നിങ്ങള്‍ക്ക് കഴിയും വിധം അത് കൊണ്ടുവരിക. ഏതെങ്കിലും ഒരു കാര്യത്തെ തൊട്ട് ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക'' (മുസ്‌ലിം).

നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നാം ഒരിക്കലും അമാന്തം കാണിച്ചുകൂടാ. നന്മ കല്‍പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ നമുക്ക് ബാധിക്കുന്നതാണെന്ന് നബി ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹുദയ്ഫ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവന്‍ തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും തന്നെ വേണം. അല്ലെങ്കില്‍ അതുകാരണം അല്ലാഹു നിങ്ങളില്‍ ശിക്ഷ അയക്കാറായിരിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് (അതിന്) ഉത്തരം നല്‍കപ്പെടുന്നതല്ല'' (തിര്‍മിദി).

അല്ലാഹുവിന് ഇഷ്ടമുള്ളതെല്ലാം നന്മയും അല്ലാഹുവിന് ദേഷ്യമുള്ളതെല്ലാം തിന്മയുമാണ്. നന്മകള്‍ ചെയ്യുവാനും തിന്മകളില്‍ നിന്നും ജനങ്ങളെ അകറ്റുവാനും ഓരോ മുസ്‌ലിമും പ്രയത്‌നിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള കടുത്ത ശിക്ഷ വരുന്നതാണ്. പിന്നീട് ആ ശിക്ഷയില്‍ നിന്നുള്ള രക്ഷക്ക് അല്ലാഹുവിനോട് ചോദിച്ചത് കൊണ്ട് കാര്യമില്ല. അതിനാല്‍ നാം ഓരോരുത്തരും നമുക്ക് അല്ലാഹു എന്ത് കഴിവാണോ നല്‍കിയിട്ടുള്ളത് അത് ആ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ശിക്ഷ വരുന്ന വേളയില്‍ നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കാതെയാകും ബാധിക്കുക. അല്ലാഹു നമുക്ക് അതിലൂടെ മരണം വിധിച്ചിട്ടുണ്ടെങ്കില്‍ നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടാണല്ലോ ഇഹലോകം വിടുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹരായിട്ടാകും മരിക്കേണ്ടി വരിക. അല്ലാഹു പറയുന്നത് കാണുക:

''ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:25).

ഈ വചനം കേട്ടപ്പോള്‍ സൈനബ്(റ) നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ നല്ലവര്‍ ഉണ്ടായിരിക്കെ ഞങ്ങളെ നശിപ്പിക്കുമോ?''അവിടുന്ന് പറഞ്ഞു: ''അതെ, മോശപ്പെട്ടവര്‍ അധികരിച്ചാല്‍ (ശിക്ഷ വരും) നല്ലവരെയും അത് ബാധിക്കുന്നതാണ്'' (ബുഖാരി).

നന്മ കല്‍പിക്കാതിരിക്കുകയും തിന്മയെ വിലക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു കടുത്ത ശിക്ഷ അയക്കുന്നതാണ്. ആ ശിക്ഷ മൊത്തത്തില്‍ എല്ലാവരെയും ബാധിക്കുന്നതുമായിരിക്കും. പ്രാര്‍ഥനക്ക് ഉത്തരം പോലും തടയപ്പെടാന്‍ മാത്രം വലിയ പാതകമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും!

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ആരെയും കൂസാതെ സത്യം വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയാണ് ആ മഹാനായ മനുഷ്യന്‍:

''എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു'' (ക്വുര്‍ആന്‍ 40:41,42).

''നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ഥനയും ഉണ്ടാകാവുന്നതല്ല എന്നതും നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു'' (ക്വുര്‍ആന്‍ 40:43).

സ്രഷ്ടാവും സംരക്ഷകനും അന്നം നല്‍കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ് അല്ലാഹു.ഇതിലൊന്നും തെല്ലും അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത പടപ്പുകളെ വണങ്ങുന്ന അന്ധവിശ്വാസത്തിനെതിരിലാണല്ലോ പ്രവാചകന്മാര്‍ പൊരുതിയത്.

ഈ മഹാനായ മനുഷ്യന്‍ സത്യശബ്ദം അവരെ കേള്‍പിച്ച് നേര്‍വഴിയിലാക്കാന്‍ നോക്കുമ്പോള്‍, അവര്‍ അദ്ദേഹത്തെ അല്ലാഹുവില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവര്‍ ക്ഷണിക്കുന്ന മാര്‍ഗമാകട്ടെ ഐഹികവും പാരത്രികവുമായ യാതൊരു നന്മയും അടങ്ങിയിട്ടില്ലാത്തതും! അദ്ദേഹം അവരെ ഗുണകാംക്ഷയോടെ സത്യത്തിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്കത് സ്വീകരിക്കുവാനുള്ള മനസ്സ് വന്നില്ല. അവസാനം അദ്ദേഹം തന്റെ സംസാരം നിര്‍ത്തുന്ന വേളയില്‍ ഒരു താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു:

''എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു'' ക്വുര്‍ആന്‍ 40:44).

അദ്ദേഹം അവരോട് പറയാനുള്ളതെല്ലാം പറഞ്ഞു. ബാക്കി അല്ലാഹുവിലേക്ക് വിട്ടു. അല്ലാഹു എല്ലാവരെയും നന്നായി കണ്ടറിയുന്നവനാണല്ലോ.

പ്രബോധകന് ഉണ്ടായിരിക്കേണ്ട വലിയ ഒരു ഗുണമാണ് തവക്കുല്‍. പ്രതിബന്ധങ്ങള്‍ അനേകം ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പതര്‍ച്ച നേരിടാന്‍ പാടില്ല. ഇദ്ദേഹം ഫിര്‍ഔനിന്റെ സദസ്സില്‍ സത്യത്തിന്റെ ശബ്ദം മുഴക്കിയപ്പോള്‍ ഭീഷണി വന്നിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത്. എന്തായിരുന്നാലും അദ്ദേഹം ഒട്ടും പതറിയിട്ടില്ല. എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് ധീരമായി സത്യം പറഞ്ഞു. അതിലൂടെ അദ്ദേഹത്തിന് വിജയം കിട്ടി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

''അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔനിന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി'' (ക്വുര്‍ആന്‍ 40:45).

അദ്ദേഹം സത്യം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിനെതിരില്‍ അവര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ഏത് അജണ്ടയും നടപ്പിലാകണമെങ്കില്‍ ഉപരിയിലുള്ളവന്‍ തീരുമാനിക്കണമല്ലോ. അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുമെന്നത് അവന്റെ വാഗ്ദാനമാണ്. ഒരു പോറലുപോലും ഏല്‍ക്കാതെ അല്ലാഹു അദ്ദേഹത്തെ അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയവരുടെ അവസ്ഥയോ? മോശമായ ശിക്ഷകൡലൂടെ അവരെ പിടികൂടി. ഇഹലോകത്ത് വെച്ച് തന്നെ ധാരാളം അവര്‍ക്ക് കിട്ടി. മരണത്തിന് ശേഷമോ അതികഠിനമായ ശിക്ഷയും.

''നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും)'' (ക്വുര്‍ആന്‍ 40:46).

മരണത്തിന് ശേഷം അന്ത്യനാള്‍ വരെ, നല്ലവരാണെങ്കില്‍ സ്വര്‍ഗീയ ജീവിതവും നല്ലവരല്ലെങ്കില്‍ നരകീയ ജീവിതവുമായിരിക്കും ഉണ്ടാകുക. ബര്‍സഖില്‍ ശിക്ഷയില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ക്വുര്‍ആന്‍ വചനം. ചിലരെല്ലാം ക്വബ്ര്‍ ശിക്ഷയെ ലോക്കപ്പ് മര്‍ദനം എന്ന് പറഞ്ഞ് പരിഹസിക്കാറുണ്ട്. ക്വബ്‌റിലെ രക്ഷാശിക്ഷകളെ പറ്റിയുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം അത് യഥാര്‍ഥമാണ് എന്നതാണ്.

ഫിര്‍ഔനും കൂട്ടരും അന്നു മുതല്‍ അന്ത്യനാള്‍ വരെ ഈ ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കും. അന്ത്യനാളിലാകട്ടെ, അതിലേറെ കടുത്ത ശിക്ഷയായിരിക്കും അവര്‍ക്ക് ഉണ്ടായിരിക്കുക.

ഐഹിക ജീവിതത്തില്‍ സത്യത്തിനെതിരെ വാദപ്രതിവാദവും സംവാദവുമൊക്കെ നടത്തി കാലം കഴിക്കുന്നവര്‍ നരകത്തില്‍ എത്തുന്ന വേളയില്‍ പരസ്പരം ശത്രുക്കളായി മാറുന്ന അവസ്ഥ വരെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്:

''നരകത്തില്‍ അവര്‍ അനേ്യാന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന്ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു'' (ക്വുര്‍ആന്‍ 40:47,48).

ഇത്രയെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ അഹങ്കാരത്തില്‍ തന്നെ ഉറച്ചുനിന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിന് അവരെ തടസ്സപ്പെടുത്തി. നമസ്‌കാരം ആരും കാണാത്തിടത്ത് വെച്ച് നിര്‍വഹിക്കേണ്ടുന്ന സാഹചര്യം വന്നു. ആ സമയത്ത് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞു:

''മൂസായ്ക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകര്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ ക്വിബ്‌ലയാക്കുകയും നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത  അറിയിക്കുക'' (ക്വുര്‍ആന്‍ 10:87).

ഫിര്‍ഔനും കൂട്ടരും മൂസാ(അ)യെയും കൂട്ടരെയും അവരുടെ ആരാധനാലയങ്ങളില്‍ വെച്ച് ആരാധിക്കാന്‍ സമ്മതിക്കാതെയായി. അവര്‍ സമ്മതിക്കാത്തതിനാല്‍ ആരാധനകള്‍ ഒഴിവാക്കാന്‍ പാടില്ലല്ലോ. ആരാധനകള്‍ സമയത്ത് തന്നെ നിര്‍വഹിക്കേണ്ടതുണ്ട്. അതിനാല്‍ വീട്ടില്‍ നിന്ന് ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിക്കണമെന്നും നമസ്‌കാരം സമയത്ത് തന്നെ നിര്‍വഹിക്കണമെന്നും അല്ലാഹു അവരോട് കല്‍പിച്ചു.

കഅ്ബഃയിലേക്ക് തന്നെ തിരിഞ്ഞ് നമസ്‌കരിക്കാനുള്ള കല്‍പനയായിരുന്നു ഇത് എന്ന് മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നു. എല്ലാ നബിമാരുടെയും ക്വിബ്‌ല കഅ്ബയായിരുന്നു. ബൈത്തുല്‍ മക്വ്ദിസിലേക്ക് തിരിയാനാണ് എന്നും അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടവര്‍ ഉണ്ട്.

നമസ്‌കാരം യാതൊരു കാരണത്താലും പാഴാക്കരുതെന്നും അത് നിര്‍വഹിക്കുന്നതില്‍ നല്ല ശ്രദ്ധ കാണിക്കണമെന്നും അല്ലാഹു പറഞ്ഞതിന്റെ കൂടെ അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുവാനും അല്ലാഹു മൂസാനബി(അ)യോട് കല്‍പിച്ചു. അഥവാ വിജയം അടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത.

അവരുടെ നമസ്‌കാരത്തിന്റെ സമയം, രൂപം തുടങ്ങിയവയെക്കുറിച്ചൊന്നും നമുക്ക് അറിയില്ല. അവര്‍ക്കും നമസ്‌കാരം നിശ്ചയിക്കപ്പെട്ടിരുന്നു എന്നത് സുവ്യക്തവുമാണ്.

സഹനവും നമസ്‌കാരവും നമുക്കുള്ള രക്ഷാകവചമാണ്. നമസ്‌കാരത്തിലൂടെ ശത്രുക്കളുടെ കെടുതികളില്‍ നിന്നും നബി ﷺ രക്ഷതേടാറുണ്ടായിരുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഏറ്റവും വലിയ നന്മ കല്‍പിക്കുന്നു എന്നതിന്റെ പേരില്‍, ആ ആദര്‍ശം സ്വീകരിച്ചു എന്നതിന്റെ പേരില്‍, ശിര്‍ക്ക് എന്ന ഏറ്റവും വലിയ തിന്മയെ തൊട്ട് സമൂഹത്തെ വിലക്കുന്നു എന്നതിന്റെ പേരില്‍ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും കടുത്ത പീഡനത്തിന് ഇരകളാക്കുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. എല്ലാം അവര്‍ അല്ലാഹുവിന് വേണ്ടി ക്ഷമിച്ചുകൊണ്ടേയിരുന്നു.