ശുഐബ് നബി (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

ലൂത്വ് നബി(അ)യുടെ ജനതയായ സദൂം നിവാസികളെ നശിപ്പിച്ചതിന് ശേഷം അടുത്തുള്ള പ്രദേശമായ മദ്‌യനിലേക്ക് അല്ലാഹു അയച്ച പ്രവാചകനായിരുന്നു ശുഐബ് നബി(അ). ക്വുര്‍ആനില്‍ 11 സ്ഥലത്ത് അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ മക്കളായ ഇസ്മാഈല്‍(അ), ഇസ്ഹാക്വ്(അ) എന്നിവര്‍ക്ക് പുറമെ വേറെയും മക്കളുണ്ടായിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് നാം പറഞ്ഞിരുന്നുവല്ലോ. അതില്‍ 'മദ്‌യന്‍' എന്ന് പേരുള്ള മകനും ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. 

അറബികളുടെ പരമ്പരയില്‍ വരുന്ന നാല് പ്രവാചകന്മാരാണുള്ളത്. ഒരിക്കല്‍ നബി ﷺ  പറഞ്ഞു: 'അബൂദര്‍റേ, നാല് പ്രവാചകന്മാര്‍ അറബികളില്‍ നിന്നാണ്. ഹൂദ്, സ്വാലിഹ്, ശുഐബ്, നിന്റെ പ്രവാചകനും' (ഇബ്‌നു ഹിബ്ബാന്‍). ഈ പ്രവാചകന്മാര്‍ ഇസ്മാഈല്‍ നബി(അ)ന്റെ സന്താന പരമ്പരയിലാണ് വരുന്നത്. 

ജനങ്ങളോട് ഏറ്റവും നല്ല ശൈലിയില്‍ സംസാരിച്ചിരുന്ന പ്രവാചകനായിരുന്നു അദ്ദേഹം. ശത്രുക്കളോട് ഭംഗിയായി സംവദിക്കുവാന്‍ അദ്ദേഹത്തിന് അല്ലാഹു പ്രത്യേക കഴിവ് നല്‍കിയിരുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ 'പ്രവാചകന്മാരിലെ പ്രഭാഷകന്‍' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

സദൂം നിവാസികള്‍ വസിച്ചിരുന്ന ജോര്‍ദാനിന് അടുത്തുള്ള മുആന്‍ എന്ന് പറയുന്ന പ്രദേശം, അവിടെ മദ്‌യന്‍ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേര്‍ത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ്‌യന്‍കാര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്. 

വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവര്‍. ബഹുദൈവാരാധനക്ക് പുറമെ മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ അവരിലും ഉണ്ടായിരുന്നു. അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ഐകത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?''(ക്വുര്‍ആന്‍ 26:176,177).

അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ കളവാക്കിയാല്‍ തന്നെ മുഴുവന്‍ പ്രവാചകന്മാരെയും കളവാക്കിയതിന് സമാനമാണ്. ശുഐബ്(അ)ന്റെ ജനതയെപ്പറ്റി അല്ലാഹു പറയുന്നതും അവര്‍ ദൈവദൂതന്മാരെ കളവാക്കി എന്നാണ്.

'ഐകത്ത്'കാര്‍ എന്ന് അവരെക്കുറിച്ച് പറയുവാന്‍ കാരണം, ആ പേരിലുള്ള ഒരു വൃക്ഷത്തെ അവര്‍ ആരാധിച്ചതാണ്.  

അല്ലാഹുവിന് മാത്രം നല്‍കേണ്ടുന്ന ആരാധനയുടെ ഏതെല്ലാം പ്രകടനങ്ങളുണ്ടോ അതെല്ലാം ഈ വൃക്ഷത്തിനും അവര്‍ സമര്‍പിച്ചിരുന്നു. അല്ലാഹുവിന് നല്‍കേണ്ട ഇബാദത്തിന്റെ ഏതെങ്കിലും ഒരു അംശം, ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ആരാധനാ മനോഭാവത്തോടെ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. മദ്‌യനുകാര്‍ ഈ 'ഐകത്ത്' എന്ന് പേരുള്ള വൃക്ഷത്തെ ആരാധിക്കുക വഴി അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു.

വഴിയരികില്‍ ഇരുന്ന്, അതുവഴി പോകുന്ന യാത്രക്കാരെയും കച്ചവടക്കാരെയും കൊള്ളയടിച്ചും തട്ടിപ്പറിച്ചും ജീവിച്ചിരുന്ന ദുഷിച്ച സ്വഭാവത്തിന്റെ ആളുകളായിരുന്നു അവര്‍. അപ്രകാരം തന്നെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരായിരുന്നു അവര്‍. കച്ചവടത്തില്‍ വന്‍ അഴിമതിയും വഞ്ചനയും നടത്തി കൊള്ളലാഭം നേടുന്നവരായിരുന്നു അവര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച അവരെ ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. അവരോട് ശുഐബ്(അ) നടത്തിയ ഉപദേശം കാണുക:

''മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയില്‍ നന്മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:85,86).

കച്ചവടത്തില്‍ ചതിയിലൂടെ കൊള്ളലാഭമെടുത്ത ആദ്യ സമൂഹമായിരുന്നു മദ്‌യന്‍കാര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരോട് ലോകവസാനം വരേക്കുമുള്ള അല്ലാഹുവിന്റെ താക്കീത് കാണുക:

''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 83:13).

ജനങ്ങളെ വഞ്ചിച്ച് കൊള്ളലാഭം എടുത്തിരുന്ന മദ്‌യന്‍കാരോട് ശുഐബ്(അ) നല്‍കിയ ഉപദേശം നോക്കൂ:

''അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല'' (ക്വുര്‍ആന്‍ 11:86).

'അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്' എന്നതിന്റെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

'നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ച കൂടുതല്‍ ലാഭത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത്, നിങ്ങള്‍ക്ക് ലഭിക്കുന്ന (കുറഞ്ഞ) ലാഭമാണ്; അത് എത്ര കുറച്ചായിരുന്നാലും.' അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 5:100).

അല്ലാഹു അനുവദിച്ചിട്ടുള്ള മാര്‍ഗത്തിലൂടെ സമ്പാദിച്ച് ലഭിക്കുന്നത് തിന്നുമ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയുണ്ടാകും. എന്നാല്‍ അല്ലാഹു ഹറാമാക്കിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാണെങ്കില്‍ അത് തിന്നുമ്പോഴും തീറ്റിക്കുമ്പോഴും മനസ്സാക്ഷിക്കുത്തുണ്ടാകും. കാരണം, അപരന്റെ വിയര്‍പ്പിന്റെ ഫലമാണല്ലോ തിന്നുന്നത്. 

അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന മാര്‍ഗത്തില്‍ സമ്പാദിക്കുമ്പോഴാണ് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാവുക. കൊള്ളലാഭത്തിലൂടെ നേടിയ പണംകൊണ്ട് കൊട്ടാരം പണിയുന്നത് കാണുമ്പോള്‍ അതില്‍ കണ്ണഞ്ചിപ്പോകാതിരിക്കാന്‍ വിശ്വാസികള്‍ക്കേ കഴിയൂ. ഒരിക്കലും നല്ലതും ചീത്തയും സമമാകില്ല. നല്ലത് എന്നും എപ്പോഴും എങ്ങനെയും നല്ലത് തന്നെയായിരിക്കും. ചീത്ത എന്നും എപ്പോഴും എങ്ങനെയും ചീത്തയുമായിരിക്കും. നല്ല മനസ്സുള്ളവര്‍ക്കേ അത് ഉള്‍ക്കൊള്ളാന്‍ കഴിയൂ.

കൊള്ളലാഭം കൊയ്യുന്ന മേഖലയാണല്ലോ പലിശ. കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ട് മറ്റുള്ളവരെ കഷ്ടപ്പെടുത്തി ചൂഷണത്തിലൂടെ സമ്പാദിക്കുന്നതാണ് പലിശ. നഷ്ടം വരുത്താതെ സമ്പത്ത് വര്‍ധിപ്പിക്കാം എന്നാണ് ഇതിലൂടെ ഇത്തരക്കാര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക:

''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല''(ക്വുര്‍ആന്‍ 2:276).

മദ്‌യന്‍കാര്‍ ക്ഷേമത്തിലും ഐശ്വര്യത്തിലുമായിരുന്നു. പട്ടിണിയോ, ദാരിദ്ര്യമോ അവര്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ യാത്രക്കാരെയും കച്ചവടക്കാരെയുമെല്ലാം കൊള്ളചെയ്തും പിടിച്ചുപറിച്ചും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചും ജീവിച്ചു. ശുഐബ് നബി(അ) അവരെ അതിനെപ്പറ്റി ഓര്‍മിപ്പിച്ചിട്ടുമുണ്ട്:

''നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് നോക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:86).

ഉപദേശം കൊണ്ട് അവരില്‍ ഒരു മാറ്റവും വരുന്നില്ല. അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അവരോട് ശുഐബ്(അ) തന്റെ നിലപാട് വ്യക്തമാക്കിക്കൊടുക്കുന്നത് കാണുക: 

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും?). നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു'' (ക്വര്‍ആന്‍ 11:88).

'അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിന്റെ വെളിച്ചത്തിലാണ് ഞാനിതെല്ലാം പറയുന്നത്,ആ രക്ഷിതാവ് തന്നെയാണ് എനിക്ക് ഉപജീവനം നല്‍കുന്നത്, അനുവദനീയമായ വഴിയിലൂടെയാണ് ഞാന്‍ സമ്പാദിക്കുന്നത്, നിങ്ങളോട് വിലക്കുന്ന കാര്യം ഞാന്‍ ഒരിക്കലും ചെയ്യില്ല, നിങ്ങളോട് ഉപദേശിക്കുന്നതിന് ഭൗതികമായ യാതൊന്നും ഞാന്‍ കൊതിക്കുന്നില്ല, നന്മ മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്...' ശുഐബ് നബി(അ) അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചു.

ഉപദേശം മാത്രമല്ല, താക്കീതും അവര്‍ക്ക് അദ്ദേഹം നല്‍കി:

''എന്റെ ജനങ്ങളേ, നൂഹിന്റെ ജനതയ്‌ക്കോ, ഹൂദിന്റെ ജനതയ്‌ക്കോ, സ്വാലിഹിന്റെ ജനതയ്‌ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ'' (ക്വുര്‍ആന്‍ 11:89,90).

അല്ലാഹുവിങ്കല്‍ നിന്നുള്ള തെളിവാണല്ലോ പ്രവാചകന്മാര്‍ ജനങ്ങളെ അറിയിക്കുന്നത്. മുഹമ്മദ് നബി ﷺ യുടെ മുമ്പ് പല ജനതകളെയും അല്ലാഹു അവരുടെ ധിക്കാരത്തിന്റെ കാരണത്താല്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. ശുഐബ്(അ)ന്റെ ജനതക്ക് പരിചയമുള്ളവരായിരുന്നു ലൂത്വ് നബി(അ)യുടെ ജനത. അവര്‍ നശിപ്പിക്കപ്പെട്ടത് അവര്‍ക്ക് അറിയുന്നതുമാണ്. സദൂമുകാരെ പറ്റി നന്നായി അറിയുന്നവരായിരുന്നു മദ്‌യന്‍കാര്‍; അവരുടെ അടുത്ത നാട്ടുകാരാണവര്‍. അവര്‍ നശിപ്പിക്കപ്പെട്ടിട്ട് കൂടുതല്‍ കാലമായിട്ടുമില്ല. 

താക്കീത് നല്‍കല്‍ മാത്രമല്ലല്ലോ പ്രവാചകന്മാരുടെ കര്‍ത്തവ്യം. അവര്‍ സന്തോഷ വാര്‍ത്തയും നല്‍കേണ്ടവരാണ്. പ്രതീക്ഷ നട്ടുപിടിപ്പിക്കേണ്ടവരാണ്. അതിനാല്‍ അവരോട് അദ്ദേഹം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും ചെയ്തുപോയ പാപങ്ങള്‍ക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാനും അതുവഴി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അദ്ദേഹത്തോട് തര്‍ക്കിക്കുവാനും കിടമത്സരം നടത്തുവാനുമാണ് ശ്രമിച്ചത്. ചിലരെല്ലാം അത് ചെവിക്കൊള്ളാന്‍ തയ്യാറായെങ്കിലും വലിയ ഒരു വിഭാഗം അതിന് ഒരുക്കമായിരുന്നില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല'' (ക്വുര്‍ആന്‍ 11:91).

ആര്‍ക്കും സുഗ്രാഹ്യമായ, അവ്യക്തതയില്ലാത്ത ഭാഷയിലും ശൈലിയിലും സംസാരിച്ച പ്രവാചകനോട് അവര്‍ പറഞ്ഞത് 'ശുഐബേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല' എന്നാണ്. അവര്‍ക്ക് മനസ്സിലാകില്ലല്ലോ അദ്ദേഹം പറയുന്നത്. കാരണം, അവരുടെ എല്ലാ തിന്മകള്‍ക്കും കൂച്ച്‌വിലങ്ങിടുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. വക്രമനസ്സുള്ളപ്പോള്‍ എങ്ങനെയാണ് ഋജു മാര്‍ഗം സ്വീകരിക്കാന്‍ കഴിയുക. അതിനാലാണ് അവര്‍ അദ്ദേഹത്തോട് നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞത്. 

മുഹമ്മദ് നബി ﷺ യോട് ക്വുറൈശികളും 'മുഹമ്മദേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നീ ഞങ്ങളോട് ഉപദേശിക്കുവാനും വരേണ്ടതില്ല' എന്നെല്ലാം  പറഞ്ഞിരുന്നുവല്ലോ.

'അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു'' (ക്വുര്‍ആന്‍ 41:5).

ശുഐബ്(അ) അവരോട് പറഞ്ഞു: ''ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍'' (ക്വുര്‍ആന്‍ 7:87).

ചിലരെല്ലാം അദ്ദേഹത്തില്‍ വിശ്വസിച്ചു. വലിയ ഒരു വിഭാഗം അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചു നിന്നു, പരിഹസിച്ചു. അവരോട് അദ്ദേഹം പറഞ്ഞു: നിങ്ങേളാട് അറിയിക്കേണ്ടതെല്ലാം ഞാന്‍ അറിയിച്ചു കഴിഞ്ഞു. നിര്‍ബന്ധിച്ച് കൂടെ കൂട്ടാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ പരിഹസിച്ച് കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ ശിക്ഷയെ ക്ഷമിച്ച് കാത്തിരിക്കുക. നമുക്കിടയില്‍ തീര്‍പ് കല്‍പിക്കുവാന്‍ അല്ലാഹുവിനേ സാധിക്കൂ. 

ശുഐബ്(അ) കേവലം അവരിലെ സാമൂഹ്യ തിന്മകളെ മാത്രമായിരുന്നില്ല ചോദ്യം ചെയ്തിരുന്നത്. അവരിലെ ബഹുദൈവാരാധനയെയും അദ്ദേഹം എതിര്‍ത്തിരുന്നു. അതിനാല്‍ അവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: 

''അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ''(ക്വുര്‍ആന്‍ 11:87).

ശുഐബ്(അ)നോട് അവര്‍ പരിഹാസത്തോടെ ചോദിക്കുന്ന ചില കാര്യങ്ങളാണ് ഈ വചനത്തിലുള്ളത്.

1) ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുപോരുന്നതിനെയാണല്ലോ ഞങ്ങളും ആരാധിക്കുന്നത്. അതില്‍ നിന്ന് നിന്നെ തടഞ്ഞു നിര്‍ത്തുന്നത് നിന്റെ നമസ്‌കാരമാണോ? 

2) ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഞങ്ങളുടെ ഇഷ്ടാനുസരണം ചെലവഴിക്കുന്നത് പോലെ, നിന്റെ പണം നിന്റെ ഇഷ്ടത്തിന് ചെലവഴിക്കുന്നതിന് നിന്നെ തടയിടുന്നത് നിന്റെ നമസ്‌കാരമാണോ? 

3) നീ ഒരു സഹനശീലനും വിവേകിയും തന്നെയാണ് (ഇത് അവര്‍ പരിഹസിച്ച് പറഞ്ഞതായിരുന്നുവെങ്കിലും അതൊരു വസ്തുതയാണ്).

നമസ്‌കാരം ഒരു ശ്രേഷ്ഠമായ ആരാധനയാണ്. അത് മ്ലേഛതകളില്‍ നിന്ന് നമ്മെ തടയുന്നതാണല്ലോ. നമസ്‌കാരം അല്ലാഹുവിനോടുള്ള അനുസരണത്തെയും കീഴൊതുക്കത്തെയും പഠിപ്പിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലാകമാനം അത് സ്വാധീനം ചെലുത്തുന്നതാണ്. കൃത്യനിഷ്ഠത, അടക്കവും ഒതുക്കവും, അച്ചടക്കം, സ്‌നേഹം, സാഹോദര്യം, സഹകരണം തുടങ്ങിയവയെല്ലാം പള്ളിയില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ നമുക്ക് കാണാം. ക്വുര്‍ആന്‍ തന്നെ നമസ്‌കാരത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

''(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു'' (ക്വുര്‍ആന്‍ 29:45).

നമസ്‌കാരം ബഹുദൈവാരാധനയില്‍നിന്ന് തടയുന്നതിനും ക്രയവിക്രയത്തില്‍ മാന്യത കാണിക്കുന്നതിനും കാരണമാണെന്നതില്‍ സംശയമില്ല; അത് ആത്മാര്‍ഥമായി ചെയ്യുകയാണെങ്കില്‍.