നദിയില്‍ നിന്ന് കൊട്ടാരത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മെയ് 05 1439 ശഅബാന്‍ 17

(മൂസാനബി(അ): 2)

''എന്നിട്ട് ഫിര്‍ഔനിന്റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു'' (ക്വുര്‍ആന്‍ 28:8).

തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണല്ലോ ഫിര്‍ഔനും ഹാമാനും അവരുടെ പട്ടാളവും ബനൂഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അനേകം കുഞ്ഞുമക്കളെ അറുകൊല നടത്തി. അനേകം മാതാപിതാക്കളെ കണ്ണുനീര്‍ കുടിപ്പിച്ചു. ഇങ്ങനെയെല്ലാം ക്രൂരനായ ആ രാജാവ് ചെയ്തുവെങ്കിലും രാജാക്കന്മാരെ ഭരിക്കുന്ന രാജാവിന്റെ തീരുമാനം എന്തോ അതാണല്ലോ നടപ്പില്‍ വരിക. മൂസാ എന്ന ബനൂഇസ്‌റാഈല്യരില്‍ ജനിച്ച ആണ്‍കുഞ്ഞ് ക്രൂരനായ ഭരണാധികാരിയായ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവന്റെ ചെലവില്‍, അവന്റെ കൊട്ടാരത്തിലെ സുഖം അനുഭവിച്ച് വളര്‍ന്നുവന്നു. അവര്‍ ഏതൊരു കാര്യത്തെ തൊട്ടാണോ പേടിച്ചിരുന്നത് അത് ഈ കുട്ടിയിലൂടെ സംഭവിക്കാന്‍ പോകുകയാണ്. അതിന് വേണ്ടിയാണ് അവര്‍ ആ കുഞ്ഞിനെ കൊട്ടാരത്തില്‍ നോക്കി വളര്‍ത്തുന്നതും. അവരാകട്ടെ, അതിനെ സംബന്ധിച്ച് അറിവില്ലാത്തവരുമാണ്. 

അല്ലാഹു തോന്നിപ്പിച്ചതിനനുസരിച്ച് ഉമ്മ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കി. പെട്ടി ഒഴുകി ഫിര്‍ഔനിന്റെ കൊട്ടാരത്തിന്റെ മുന്നിലെത്തി. രാജ്ഞിയുടെ ശ്രദ്ധയില്‍ അത് പെടുകയും അവര്‍ അതെടുത്ത് കൊട്ടാരത്തില്‍ എത്തിക്കുകയും ചെയ്തു. പെട്ടി തുറന്ന് നോക്കിയപ്പോള്‍ സുമുഖനായ ഒരു ആണ്‍കുട്ടി! രാജ്ഞിക്ക് ആ കുഞ്ഞില്‍ കൗതുകം തോന്നി. എന്നാല്‍ രാജാവായ ഫിര്‍ഔനിനാകട്ടെ, ആ കുഞ്ഞിനെയും കൊന്നുകളയുകയാണ് നല്ലതെന്നാണ് തോന്നിയത്. ബനൂഇസ്‌റാഈല്യരില്‍ പെട്ട കുഞ്ഞാകാം ഇതെന്നും നമ്മുടെ വിഭാഗത്തില്‍ പെട്ട, അഥവാ ക്വിബ്ത്വി വര്‍ഗത്തില്‍ പെട്ടവനാകില്ലെന്നും ഇവനെ കൊല്ലലാണ് നല്ലതെന്നും അത് നടപ്പിലാക്കുകയാണെന്നും ഫിര്‍ഔനിന്റെ സംസാരത്തില്‍ നിന്നും ഭാര്യക്ക് മനസ്സിലായി. ഉടനെ ഫിര്‍ഔനിന്റെ ഭാര്യ ഇപ്രകാരം പറഞ്ഞു:

''...എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി). അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ഥ്യം  ഗ്രഹിച്ചിരുന്നില്ല'' (ക്വുര്‍ആന്‍ 28:9).

അങ്ങനെ ഇസ്‌റാഈല്യരില്‍ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കൊല്ലുന്ന രാജാവിന്റെ തന്നെ കൊട്ടാരത്തില്‍ മൂസാ(അ) വളരുകയാണ്. എത്ര ആളുകള്‍ എന്ത് അജണ്ട നടപ്പിലാക്കാന്‍ പദ്ധതി രൂപപ്പെടുത്തിയാലും അല്ലാഹുവിന്റെ തീരുമാനമേ നടപ്പിലാവുകയുള്ളൂ എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്.

കൊന്നുകളയാന്‍ ഫിഔന്‍ തീരുമാനിച്ചപ്പോഴും ഭാര്യ എതിര്‍ത്തു. അതിനെ മാനിച്ച് കൊല്ലാതിരിക്കുവാനും കൊട്ടാരത്തില്‍ വളര്‍ത്തുവാനും ഫിര്‍ഔന്‍ അനുവാദം നല്‍കി. ഇനി എന്തെല്ലാമാണ് മൂസാ(അ)യിലൂടെ സംഭവിക്കാന്‍ പോകുന്നത് എന്ന വിവരം ഇവര്‍ക്കുണ്ടോ അറിയുന്നു! 

മൂസാ(അ)യുടെ ശൈശവത്തിലെ സുപ്രധാന ഘട്ടമാണ് സൂറതുല്‍ ക്വസ്വസ്വില്‍ ഇതുവരെ വിവരിക്കപ്പെട്ടത്. ഉമ്മയാണല്ലോ കുഞ്ഞിനെ പുഴയില്‍ ഒഴുക്കിയത്. ആ ഉമ്മാക്ക് അതിനുശേഷം വല്ല സമാധാനവും ഉണ്ടാകുമോ? 

''മൂസായുടെ മാതാവിന്റെ മനസ്സ് (അന്യചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്)'' (ക്വുര്‍ആന്‍ 28:10).

തന്റെ ചോരപ്പൈതലിനെ രാജാവ് കൊന്നുകളയും എന്ന ഭയത്താല്‍ അല്ലാഹു മനസ്സില്‍ തോന്നിപ്പിച്ചതിനനുസരിച്ച് ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കിയിരിക്കുകയാണല്ലോ. കൂഞ്ഞിന്റെ സ്ഥിതിഗതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെയാകും തന്റെ പൊന്നുമോന്‍ ഉള്ളതെന്ന് അറിയില്ല. വ്യാകുലതയോടെ ആ മാതാവ് തന്റെ കുഞ്ഞിന്റെ കാര്യം മാത്രം ഓര്‍ത്തിരിക്കുകയാണ്.

അല്ലാഹു ആ മാതാവിന്റെ മനസ്സിന് നല്ല സ്ഥൈര്യം നല്‍കി. അക്ഷമ കാണിച്ച് അല്ലാഹുവിന്റെ അതൃപ്തി നേടുവാന്‍ കാരണമാകുന്ന യാതൊന്നും അവര്‍ ചെയ്തില്ല. 

അല്ലാഹു ആ ഉമ്മയുടെ മനസ്സിന് ഇപ്രകാരം ഒരു ഉറപ്പ് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അവര്‍ പരിഭ്രാന്തയായി വീട്ടില്‍നിന്നും പുറത്തിറങ്ങും. കുഞ്ഞിനെ അന്വേഷിക്കും. ബനൂഇസ്‌റാഈല്യര്‍ക്ക് പിറന്ന ഒരു കുഞ്ഞ് പുഴയില്‍ ഒഴുക്കപ്പെട്ടിട്ടുണ്ടെന്ന് നാടാകെ അറിയും. കുട്ടിയെ കിട്ടിയാല്‍ കൊന്ന് കളയുകയും ചെയ്യും. 

തൗഹീദുള്ള ഏതൊരാളും ഏത് സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ തീരുമാനത്തില്‍ നിരാശരാവില്ല. അല്ലാഹുവിന്റെ തീരുമാനത്തല്‍ ക്ഷമിച്ചും അവനില്‍ ഭരമേല്‍പിച്ചും അവനോട് മാത്രം തേടിക്കൊണ്ടിരിക്കുകയും ചെയ്യും. മൂസാ(അ)യുടെ മാതാവിന് അല്ലാഹുവില്‍ അചഞ്ചലമായ  വിശ്വാസം ഉള്ളതിനാല്‍ അല്ലാഹുവിന്റെ തീരുമാനത്തില്‍ ക്ഷമിച്ച് കഴിയുവാന്‍ സാധിച്ചു. ഇത് തൗഹീദുള്ളവര്‍ക്കേ കഴിയൂ. അല്ലാഹു അല്ലാത്തവരില്‍ നിന്ന് അഭൗതിക മാര്‍ഗത്തിലൂടെ ഗുണവും ദോഷവും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ നിര്‍ഭയത്വം ലഭിക്കില്ല.

മൂസാ(അ)ന് ഒരു മുതിര്‍ന്ന സഹോദരിയുണ്ടായിരുന്നു. അവളോട് ഉമ്മ ഇപ്രകാരം പറഞ്ഞു:

''...നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല'' (ക്വുര്‍ആന്‍ 28:11).

ഉമ്മയുടെ കല്‍പനയനുസരിച്ച് കുഞ്ഞിനെയും അന്വേഷിച്ച് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി. അങ്ങനെ ദൂരെ ഒരു കുട്ടിയുടെ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും കുട്ടിയെ പറ്റി സംസാരിക്കുന്നതും അവള്‍ കണ്ടു. കുട്ടിയുടെ ചുറ്റിനും നില്‍ക്കുന്നവര്‍ക്ക് ഇത് കുട്ടിയുടെ സഹോദരിയാണെന്ന് മനസ്സിലായതുമില്ല. മൂസാ(അ)യുടെ സഹോദരി കുട്ടിയുടെ അടുത്തേക്ക് ചെന്നു. ആ സമയം ദാഹവും വിശപ്പും കാരണം കുഞ്ഞ് വാവിട്ട് കരയുന്നുമുണ്ട്. കൈക്കുഞ്ഞാണല്ലോ. മുലപ്പാലാണ് നല്‍കേണ്ടത്. മുലയൂട്ടാനായി അവരുടെ പരിചയത്തിലുള്ള പല സ്ത്രീകളെയും അവിടേക്ക് കൊണ്ടുവന്നു. അവരെല്ലാം കുഞ്ഞിന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. കൊട്ടാരത്തിലുള്ളവരും നാട്ടിലുള്ളവരുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പാല്‍ കുടിക്കാന്‍ കൂട്ടാക്കുന്നില്ല.

''അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 28:12).

വിശപ്പും ദാഹവും ഉണ്ടായിട്ടും മുലയൂട്ടാന്‍ വന്ന സ്ത്രീകളില്‍ ഒരാളുടെയും പാല്‍ കുഞ്ഞ് കുടിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തില്‍ നിശ്ചയിച്ച ഒരു അത്ഭുതമായിരുന്നു അത്. പെറ്റുമ്മയല്ലാത്ത മറ്റു സ്ത്രീകളുടെ പാല്‍ കുടിക്കുന്നതില്‍ നിന്നും അല്ലാഹു ആ കുഞ്ഞിനെ തടഞ്ഞു എന്നര്‍ഥം.

മൂസാ(അ)യുടെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവിടെയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷം നല്‍കി. അവര്‍ അത് അംഗീകരിച്ചു.

അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മൂസാ(അ) സ്വന്തം മാതാവിന്റെ മടിത്തട്ടിലേക്ക് മടങ്ങുകയാണ്. അല്ലാഹു അക്ബര്‍. സൃഷ്ടികള്‍ എന്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചാലും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കുവാന്‍ സാധ്യമല്ല എന്ന് വ്യക്തം.

കുട്ടിയെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കാന്‍ അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിച്ചപ്പോള്‍ തന്നെ 'തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതാണ്' എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നല്ലോ. അത് അല്ലാഹു പൂര്‍ത്തിയാക്കുകയാണ്.

''അങ്ങനെ അവന്റെ  മാതാവിന്റെ കണ്ണ് കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും അല്ലാഹുവിന്റെ  വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ ക്ക്  തിരിച്ചേല്‍പിച്ചു. പക്ഷേ, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 28:13).

തെറ്റോ പിഴവോ തെല്ലും ഏല്‍ക്കാത്ത അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിനൊടുവില്‍ ഉമ്മാക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ്. 

കുഞ്ഞിനെ ഉമ്മയിലേക്ക് തന്നെ തിരിച്ച് ഏല്‍പിച്ചതില്‍ ചില കാര്യങ്ങളുണ്ട്. ഉമ്മയുടെ കണ്ണിന് കുളിര്‍മ ലഭിക്കുക, ദുഃഖം ഇല്ലാതാകുക, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അറിയിക്കുക എന്നിവയാണവ.

അല്ലാഹുവിന്റെ തീരുമാനം നമുക്ക് അനുമാനിക്കുവാനോ ചിന്തിക്കുവാനോ കഴിയാത്ത  മാര്‍ഗത്തിലൂടെ അവന്‍ നടപ്പിലാക്കുന്നു. മൂസാ(അ) എന്ന കൈക്കുഞ്ഞിനെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കുമ്പോള്‍ ഉമ്മാക്ക് ഒരിക്കലും ഇപ്രകാരം ആയിരിക്കും ഇതിന്റെ പര്യവസാനം എന്ന് അറിയുമായിരുന്നില്ല.

അല്ലാഹുവിനോട് നാം പല കാര്യങ്ങളിലും സഹായം തേടാറുണ്ടല്ലോ. ആവശ്യപ്പെട്ട കാര്യം എങ്ങനെയാണ് സഫലമാകുക എന്ന് ചോദിക്കുന്ന വേളയില്‍ ഒരു അടിമക്കും അറിയില്ല. കാര്യം സഫലമാകുമ്പോഴാണ് നിസ്സാരനായ അടിമ ആ കാര്യം അറിയുന്നത്. ഇപ്രകാരമാണ് അല്ലാഹുവിന്റെ ഇടപെടലുകള്‍. മറഞ്ഞ വഴിക്ക് അഥവാ അഭൗതികമായി ഏതെങ്കിലും സൃഷ്ടിയില്‍ ഏതെങ്കിലും സൃഷ്ടിക്ക് ഇടപെടാന്‍ കഴിയും എന്ന വിശ്വാസം ശിര്‍ക്കാണ്. കാരണം, സ്രഷ്ടാവിനേ മറഞ്ഞ വഴിക്ക് ഇടപെടാന്‍ കഴിയൂ. ഒരു സൃഷ്ടിക്കും അതിന് കഴിയില്ല. 

പല കാര്യങ്ങളും നാം തീരുമാനിക്കാറുണ്ട്. ചില കാര്യങ്ങളെല്ലാം നാം പ്രയാസമോ വിഷമമോ കാരണം ഒഴിവാക്കുകയും ചെയ്യാറുണ്ട്. നമ്മള്‍ വിചാരിക്കും, നാം തിരഞ്ഞെടുത്തതാണ് നല്ലതെന്ന്. എന്നാല്‍ നാം ചിലപ്പോള്‍ നല്ലതല്ലാത്തതായി കാണുന്നത് നമുക്ക് ഗുണകരവും നല്ലതായി കാണുന്നത് നമുക്ക് ദോഷകരവും ആകാറുണ്ട്. എന്നാല്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങള്‍ നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. 

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ മൂസാ(അ) കുറെ കാലം താമസിച്ചു. എത്ര കാലം താമസിച്ചുവെന്നത് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന രൂപത്തില്‍ ക്വുര്‍ആനിലോ ഹദീഥിലോ അതു സംബന്ധിച്ചു യാതൊന്നും നാം കാണുന്നില്ല. എന്നിരുന്നാലും കുറെ വര്‍ഷം അവിടെ കഴിച്ചുകൂട്ടിയിട്ടുണ്ടെന്നത് പില്‍ക്കാലത്ത് മൂസാ(അ)നോട് ഫിര്‍ഔന്‍ പറയുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

മൂസാ(അ)ന് മുലയൂട്ടുന്ന ഈ സ്ത്രീയെ പറ്റി കൊട്ടാരത്തിലുള്ളവര്‍ക്ക് യാതൊരു പിടിപാടുമില്ല. അവിടെയുള്ളവര്‍ക്കിടയില്‍ മൂസായുടെ ഉമ്മ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അവര്‍ പോറ്റുമ്മ എന്ന അര്‍ഥത്തിലാണ് അപ്രകാരം വിളിച്ചിരുന്നതെങ്കിലും അവര്‍ കേവലം ഒരു പോറ്റുമ്മ മാത്രമായിരുന്നില്ലല്ലോ. 

കൊട്ടാരത്തില്‍ വളരുന്ന കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക എന്ന വലിയ ഒരു സ്ഥാനം അവര്‍ക്കുണ്ടല്ലോ. അതിന് ഭൗതികമായ പല നേട്ടങ്ങളും രാജകൊട്ടാരത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവുകയും ചെയ്യും.

മൂസാ(അ) കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെ അല്ലാഹു അദ്ദേഹത്തിന് കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള വിവേകവും അറിവും എല്ലാം നല്‍കി.

''അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്'' (ക്വുര്‍ആന്‍ 28:14).

ഈ സമയത്തൊന്നും മൂസാ(അ) നബിയായിട്ടില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇവിടെ അല്ലാഹു അദ്ദേഹത്തിന് വിവേകവും അറിവും നല്‍കി എന്ന് പറഞ്ഞത് എന്താണെന്ന് സംശയം ഉണ്ടാകും. ഇമാം മുജാഹിദ്(റ) പറയുന്നു: ''അത് പ്രവാചകത്വത്തിന് മുമ്പുള്ള അറിവും ബുദ്ധി ശക്തിയും പ്രവൃത്തിയുമാണ്.'' ഇബ്‌നു ഇസ്ഹാക്വ്(റ) പറയുന്നു: ''അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളുടെയും മതത്തിലുള്ള അറിവും, അദ്ദേഹത്തിന്റെ മത കാര്യത്തിലുള്ള അറിവും അതിലെ നിയമങ്ങളും അതിന്റെ ശിക്ഷാമുറകളിലുള്ള അറിവും.'' (ത്വബരി).

അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി എന്ന് പറഞ്ഞത് പ്രവാചകത്വത്തിന് മുമ്പുള്ള കാര്യത്തെ പറ്റിയാണെന്ന് മഹാന്മാരുടെ വിശദീകരണത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അത് പ്രവാചകത്വത്തെ കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. (തുടരും)