യഅ്ക്വൂബ്(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

ഇബ്‌റാഹീം നബി(അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാക്വ്(അ)ന്റെ പുത്രനാണ് യഅ്ക്വൂബ്(അ). വന്ധ്യയായ സാറ്യക്ക് ഇസ്ഹാക്വ് പിറക്കുമെന്നും ഇസ്ഹാക്വിന്റെ പിന്‍ഗാമിയായി യഅ്ക്വൂബ് പിറക്കുമെന്നും ഇബ്‌റാഹീം നബി(അ)ക്ക് മലക്കുകള്‍ സന്തോഷ വാര്‍ത്ത നല്‍കിയിരുന്നു.

''അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു'' (ക്വുര്‍ആന്‍ 11:71).

യഅ്ക്വൂബ് നബി(അ) ജീവിച്ചിരുന്നത് ഫലസ്ത്വീനിലായിരുന്നു. ഇസ്‌റാഈല്‍ എന്ന മറ്റൊരു നാമം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ക്വുര്‍ആന്‍ മുഖേന സ്ഥിരപ്പെട്ടതാണ്. 

യഅ്ക്വൂബ് നബി(അ)ക്ക് പന്ത്രണ്ട് സന്താനങ്ങളാണ് ഉണ്ടായിരുന്നത്. ഈ പന്ത്രണ്ട് പേരും പിന്നീട് വന്ന സന്താന പരമ്പരകളും അടക്കം ഉള്ള സമൂഹത്തെയാണ്  'ഇസ്‌റാഈല്‍ സന്തതികള്‍' എന്ന് വിളിക്കുന്നത്. 

ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ 'ബനീ ഇസ്‌റാഈല്‍' (ഇസ്‌റാഈല്‍ സന്തതികള്‍) എന്ന് പ്രയോഗിക്കപ്പെട്ടതായി കാണാം. സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ഈ ജനവിഭാഗത്തില്‍ ധാരാളം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിരുന്നു. 

യഅ്ക്വൂബ്(അ)ന്റെ പ്രബോധന ചരിത്രത്തെയോ പ്രബോധിത സമൂഹങ്ങളുടെ സ്വഭാവത്തെയോ ക്വുര്‍ആന്‍ വിവരിച്ച് കാണുന്നില്ല. കുറെ കാലം ജീവിച്ച, ധാരാളം പ്രവാചകന്മാരുടെ പ്രപിതാവായ യഅ്ക്വൂബ്(അ) തന്റെ കുടുംബത്തിലും സമൂഹത്തിലും തൗഹീദ് ഭദ്രമാക്കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് നമുക്ക് വ്യക്താമാക്കിത്തരുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണാവുന്നതാണ്.

കുടുംബത്തെ തൗഹീദിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം എത്രമാത്രം ശ്രദ്ധ ചെലുത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ വഫാത്തിന്റെ സമയത്ത് മക്കള്‍ക്ക് നല്‍കിയ ഉപദേശനമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

''ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)'' (ക്വുര്‍ആന്‍ 2:132).

''എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ക്വൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ?   അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും'' (ക്വുര്‍ആന്‍ 2:133).

യഅ്ക്വൂബ്(അ) മക്കളോട് അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ച് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജീവിതം ഇസ്‌ലാമികമായാലാണല്ലോ മരണവും ഇസ്‌ലാമികമാവുക. മുസ്‌ലിമായി മരിക്കുവാന്‍ മക്കളെ അദ്ദേഹം പ്രത്യേകം അനുശാസിക്കുന്നത് ശ്രദ്ധിക്കുക.

ശുദ്ധമായ തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതം നയിക്കുന്നവര്‍ക്കേ തങ്ങളുടെ മരണവേളയിലും മക്കള്‍ക്ക് പരലോകത്തിന്റെ കാര്യത്തില്‍ വസ്വിയ്യത്ത് നല്‍കാന്‍ സാധിക്കുകയുള്ളൂ. 'എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക' എന്ന ചോദ്യം അതാണ് നമ്മെ അറിയിക്കുന്നത്. അതിന് മക്കള്‍ നല്‍കിയ മറുപടിയാകട്ടെ ആ പിതാവിന്റെ മനം കുളിര്‍ക്കുന്നതും! 

യഅ്ക്വൂബ്(അ)ന്റെ മക്കള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരൊന്നും അല്ലായിരുന്നു. എന്നിരുന്നാലും മനസ്സിന് സമാധാനവും ഉറപ്പും ലഭിക്കുന്നതിനും മക്കളുടെ മുന്നോട്ടുള്ള ജീവിതം ഇതുവരെ പുലര്‍ത്തിപ്പോന്ന ആദര്‍ശത്തില്‍ തന്നെയായിരിക്കാനുള്ള ഓര്‍മപ്പെടുത്തലുമാണ് യഅ്ക്വൂബ് നബി(അ)യുടെ വാക്കുകളില്‍ നിഴലിക്കുന്നത്. 

യഅ്ക്വൂബ്(അ)ന്റെ ചരിത്രത്തിലെ പല ഭാഗങ്ങളും പുത്രന്‍ യൂസുഫ്(അ)ന്റെ ചരിത്ര വിവരണത്തില്‍ വരുന്നതിനാല്‍ ബാക്കി കാര്യങ്ങള്‍ അതില്‍ വിവരിക്കാം. (ഇന്‍ശാ അല്ലാഹ്).