ഈജിപ്ത് വിടുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മെയ് 12 1439 ശഅബാന്‍ 26

(മൂസാനബി(അ): 4)

മൂസാ(അ) ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെയിരിക്കെ ഈജിപ്ത് വിട്ട് മദ്‌യനിലേക്ക് അദ്ദേഹത്തിന് പലായനം ചെയ്യേണ്ടി വന്നു. അതിന്റെ സാഹചര്യമാണ് ഇനി  വിവരിക്കുന്നത്. ഒരു ദിവസം അദ്ദേഹം ഈജിപ്തിലെ ഒരു പട്ടണത്തിലേക്ക് ചെന്നു.  

''പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥകഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു'' (ക്വുര്‍ആന്‍ 28:15).

മൂസാ(അ) കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി പട്ടണത്തില്‍ എത്തി. അപ്പോള്‍ അവിടെ രണ്ട് ആളുകള്‍ പരസ്പരം ശണ്ഠ കൂടുന്നത് അദ്ദേഹം കാണുകയുണ്ടായി. അതില്‍ ഒരാള്‍ മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവനും (ഇസ്‌റാഈല്യരില്‍ പെട്ടവന്‍), ഒരാള്‍ ശത്രുക്കളുടെ കൂട്ടത്തില്‍ (ക്വിബ്ത്വികളില്‍) പെട്ടവനുമായിരുന്നു.

ബനൂഇസ്‌റാഈല്യരെ ക്വിബ്ത്വികള്‍ കഠിനമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന കാലമായിരുന്നുവല്ലോ അത്. മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിനെതിരില്‍ മൂസാ(അ)യോട് സഹായം (ഇസ്തിഗാസ) ചോദിച്ചു.

ക്വുര്‍ആന്‍ ഈ സംഭവം വിവരിക്കുന്നിടത്ത് മൂസാ(അ)യോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ സഹായം ചോദിച്ചു എന്ന് പറയുന്നതിന് പ്രയോഗിച്ചത് 'ഇസ്തിഗാസ' എന്ന പദമാണ്.

അല്ലാഹുവിന് പുറമെ മരണപ്പെട്ട മഹാത്മാക്കളോടു പ്രാര്‍ഥിക്കുന്നവര്‍ അവരുടെ പ്രാര്‍ഥനയെ ഇസ്തിഗാസ എന്ന് പേരു നല്‍കി ന്യായീകരണം നല്‍കുന്നത് കാണാറുണ്ടല്ലോ. ക്വുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ ഇസ്തിഗാസയുടെ രണ്ട് വിധം നമുക്ക് കാണാം. ഒന്ന് പ്രാര്‍ഥനയായതും മറ്റൊന്ന് പ്രാര്‍ഥനയല്ലാത്തതും.

ബദ്ര്‍ യുദ്ധത്തില്‍ നബിﷺയും വിശ്വാസികളും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥനയെ കുറിച്ച് ക്വുര്‍ആന്‍ പ്രയോഗിച്ചത് 'ഇസ്തിഗാസ' എന്നാണ്. ഈ ഇസ്തിഗാസ പ്രാര്‍ഥനയാണ് അഥവാ ഇബാദത്താണ്. ഇവിടെ മൂസാ(അ)നോട് തന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെയും ഇസ്തിഗാസ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. ഈ ഇസ്തിഗാസ ഇബാദത്തായ സഹായതേട്ടമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അങ്ങേയറ്റത്തെ വിനയത്തോടെയും താഴ്മയോടെയും ഉള്ള സഹായ ചോദ്യം ഇബാദത്താണ്. ആ പ്രാര്‍ഥന അല്ലാഹുവിനോടേ പാടുള്ളൂ. ആ ചോദ്യം അല്ലാഹു അല്ലാത്തവരോട് ചോദിച്ചാല്‍ അത് അവര്‍ക്കുള്ള ഇബാദത്തുമായി. അത് ശിര്‍ക്കുമാണല്ലോ. അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്നതില്‍ സംശയമില്ല.

മൂസാ(അ)നോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി വളച്ചൊടിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കാണിക്കുന്ന എത്ര വലിയ അക്രമമാണ്!

ചുരുക്കത്തില്‍, സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ ഒരു കാര്യം ആവശ്യപ്പെടുന്നുവെങ്കില്‍ അത് ഇബാദത്തിന്റെ പരിധിയില്‍ വരില്ല. ശാരീരികമോ സാമ്പത്തികമോ ആയ സഹായം ചെയ്യാന്‍ കഴിവുള്ള ഒരാളെ സമീപിച്ച് ആ സഹായം ചോദിക്കുന്നതിനെ ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുെമങ്കിലും അത് ശിര്‍ക്കല്ല എന്നര്‍ഥം. എന്നാല്‍ സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ എന്തും ചോദിക്കാന്‍ പറ്റുമോ? അതിലും അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോട് കുടിക്കാന്‍ അല്‍പം കള്ള് തരുമോ എന്ന് ചോദിക്കാന്‍ പാടുണ്ടോ? ഇല്ല! ഇത്തരം വ്യത്യാസങ്ങള്‍ നാം മനസ്സിലാക്കണം.

മൂസാ(അ)യുടെ  കക്ഷിയില്‍ പെട്ടവന്‍ ക്വിബ്ത്വിക്കാരനെതിരില്‍ മൂസാ(അ)യോട് സഹായം ചോദിച്ചു. മൂസാ(അ) അവരില്‍ ഇടപെട്ടു. കടുത്ത അക്രമം അഴിച്ചുവിട്ട ക്വിബ്ത്വിക്കാരന് മൂസാ(അ) ഒരു ഇടി കൊടുത്തു. ആ ഇടിക്ക് അദ്ദേഹം വിചാരിച്ചതിനെക്കാള്‍ ഊക്ക് കൂടി. അത് ക്വിബ്ത്വിയുടെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അവിചാരിതമായ ഈ സംഭവം അദ്ദേഹത്തില്‍ വല്ലാത്ത പ്രയാസം ഉണ്ടാക്കി. ഉടനെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു'.

ഉച്ചസമയത്ത് കഠിനമായ ചൂട് കാരണം ജനങ്ങള്‍ വീടുകളില്‍ വിശ്രമിക്കുന്ന അവസരത്തിലാകാം ഇത് സംഭവിച്ചത്. അല്ലെങ്കില്‍ രാത്രി ആളുകളെല്ലാം പട്ടണത്തില്‍ നിന്നും ഒഴിവായതിന് ശേഷമാകാനും സാധ്യതയുണ്ട്. രണ്ട് പ്രകാരവും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഏതായിരുന്നാലും, മൂസാ(അ) പട്ടണത്തിലേക്ക് ചെന്നപ്പോള്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല.

ഏതൊരാളും രണ്ട് പേര്‍ക്കിടയിലുള്ള കലഹത്തില്‍ ഇടപെടുന്നത് പോലെ മൂസാ(അ) അവരിലും ഇടപെട്ടു. ഇടപെടുന്നവര്‍ ചിലപ്പോള്‍ കക്ഷികളോട് ദേഷ്യപ്പെടുകയോ ബലംപ്രയോഗിക്കുകയോ ഒക്കെ ചെയ്യാറുണ്ടല്ലോ. അപ്രകാരം ചെയ്യുക മാത്രമാണ് മൂസാ(അ) ചെയ്തത്. അദ്ദേഹം വിചാരിച്ചതിലും അപ്പുറം അദ്ദേഹത്തിന്റെ ഇടിക്ക് ശക്തി കൂടിപ്പോയി. അത് ക്വിബ്ത്വിയുടെ  മരണത്തിന് കാരണമാവുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടായി. കാരണം തന്റെ കരങ്ങളാലാണല്ലോ ഒരു ജീവന്‍ പൊലിഞ്ഞത്. മനഃപൂര്‍വം ചെയ്തതുമായിരുന്നില്ല. അവിചാരിതമായി സംഭവിച്ചതാണ്. അല്ലാഹുവിനോട് തന്നില്‍ വന്ന ഈ പിഴവ് അദ്ദേഹം ഏറ്റു പറഞ്ഞു.

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 28:16).

ക്വുര്‍ആനിലും ഹദീഥുകളിലും അല്ലാഹുവിനോട് പാപമോചനം തേടുന്ന പല പ്രാര്‍ഥനകളും നമുക്ക് കാണാം. പല ഇടങ്ങളിലും 'ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ' എന്ന ഒരു ശൈലി നമുക്ക് കാണാന്‍ കഴിയും. 

പരലോകത്ത് അല്ലാഹു അടിമകളെ വിചാരണ നടത്തി ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ഗമോ നരകമോ നല്‍കി തീര്‍പ്പ് കല്‍പിക്കുമല്ലോ. സ്വര്‍ഗത്തില്‍ നിന്ന് ഏതൊരാള്‍ അകറ്റപ്പെടുന്നതും അവന്റെ പാപം കാരണത്താലായിരിക്കും. അഥവാ സ്വന്തം ദേഹത്തെ നരകത്തിന്റെ വിറകാക്കുന്നത് അവനവന്‍ ചെയ്ത പാപമാണ്. അപ്പോള്‍, ഒരാള്‍ പാപം ചെയ്താല്‍ അയാള്‍ നരക ശിക്ഷക്ക് അര്‍ഹനാകുമെങ്കില്‍, അത് സ്വദേഹത്തോടുള്ള വലിയ അക്രമം തന്നെയാണ്. അതിനാലാകാം, പാപിയാണെന്ന് പറയാതെ 'ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു, അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ' എന്ന് പറയുന്നത്. 

കൊലപാതകം വന്‍പാപമാണ്. മൂസാ(അ) മനഃപൂര്‍വം കൊല നടത്തിയിട്ടില്ല. ഈ സംഭവം നടക്കുന്നത് മൂസാ(അ) നബിയാകുന്നതിന് മുമ്പാണ്. പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണല്ലോ. അവരില്‍ നിന്നും ഇത്തരം വന്‍പാപങ്ങള്‍ സംഭവിക്കുന്നതല്ല.

മൂസാ(അ) നബിയാകുന്നതിന് മുമ്പ് പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവര്‍ സ്വീകരിച്ച ശരീഅത്തിലായിരുന്നു. അതിനാല്‍ അബദ്ധം സംഭവിച്ചാല്‍ ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടണമെന്നും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങണമെന്നും അദ്ദേഹത്തിന് ശരിക്കും അറിയാമായിരുന്നു. അപ്രകാരം അദ്ദേഹം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചു. അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു.

ക്വുര്‍ആനിലെ ചില ആയത്തുകളെ, സലഫുസ്സ്വാലിഹുകള്‍ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വ്യഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചിലര്‍, പാപികള്‍ പാപം പൊറുത്തുകിട്ടുന്നതിനായി ആദ്യം അല്ലാഹുവിന്റെ റസൂലിനോടാണ് ആവശ്യപ്പെടേണ്ടതെന്ന് പറയാറുണ്ട്. എന്നാല്‍ പരിശുദ്ധ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് പാപം പൊറുത്തുകിട്ടാനായി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോടാണ് എന്നാണ്. മൂസാ നബി(അ)യുടെ മുകളില്‍ ഉദ്ധരിച്ച പ്രാര്‍ഥന നോക്കൂ. ഈ വിശ്വാസം അദ്ദേഹത്തിന് നബിയാകുന്നതിന് മുമ്പേ ലഭിച്ചത് എവിടെ നിന്നാണ്? പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവരില്‍ നിന്ന്!

തെറ്റുകള്‍ ചെയ്‌തെന്ന് കരുതി അല്ലാഹു അടിമയെ അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യില്ല. അതിനാല്‍ ആരും ഞാന്‍ ഒരു പാപിയാണ്, അല്ലാഹു ഇനി ഞാന്‍ എത്ര പൊറുക്കലിനെ തേടിയാലും പൊറുത്തുതരില്ല എന്നൊന്നും അടിമകളെ ഏറെ സ്‌നേഹിക്കുന്ന അല്ലാഹുവിനെക്കുറിച്ച് വിചാരിച്ചു കൂടാ. ഏത് പാപവും പൊറുക്കാന്‍ തേടിയാല്‍ പൊറുക്കുന്നവനാണ് നമ്മുടെ രക്ഷിതാവ്. പിഴവുകള്‍ വന്നാല്‍ അതില്‍ നിന്നും മടങ്ങുന്നതിന് പകരം അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയല്ല നാം ചെയ്യേണ്ടത്.

മൂസാ(അ) തന്നില്‍ വന്ന അപരാധം അല്ലാഹുവിനോട് ഏറ്റു പറഞ്ഞു. (ഈ സംഭവം നബിയാകുന്നതിന് മുമ്പുള്ളതാണെന്നത് നാം മറന്ന് പോകരുത്. കാരണം, നബിമാര്‍ പാപ സുരക്ഷിതരാണ്. അവരില്‍ നിന്നും ഇത്തരം ചെയ്തികള്‍ സംഭവിക്കാതെ അല്ലാഹു അവരെ സംരക്ഷിച്ചിട്ടുണ്ട്). അല്ലാഹു അദ്ദേഹത്തിന് മാപ്പ് നല്‍കി. 

അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ ഇങ്ങനെയും കാണാം:

''...എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു  സഹായം നല്‍കുന്നവനാവുകയില്ല'' (കുര്‍ആന്‍ 28:17).

മൂസാ(അ) താന്‍ ജനിച്ചത് മുതല്‍ അല്ലാഹുവില്‍നിന്ന് ലഭിച്ച സഹായങ്ങളും അനുഗ്രഹങ്ങളും ഓര്‍ത്തുകൊണ്ട് കുറ്റവാളികള്‍ക്ക് യാതൊരു കാരണവശാലും പിന്തുണ നല്‍കില്ലെന്ന് ദൃഢനിശ്ചയം ചെയ്തു.

കുറ്റം ആര് ചെയ്താലും അതിനെ ന്യായീകരിക്കുവാനോ, തെറ്റുകാരന് പിന്തുണ നല്‍കുവാനോ പാടില്ലെന്നത് ഇവിടെ നാം പ്രത്യകം മനസ്സിലാക്കുക. മഹാന്മാരായ പ്രവാചകന്മാര്‍ ആരും തന്നെ കുറ്റവാളികള്‍ക്ക് (അവര്‍ക്ക് തിന്മ ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനം കിട്ടുന്ന തരത്തില്‍) പിന്തുണ നല്‍കുന്നവരായിരുന്നില്ല.

ക്വിബ്ത്വി വംശക്കാരന്‍ കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞാല്‍ എന്താകും സംഭവിക്കുക എന്ന് ഓര്‍ത്തുനോക്കൂ! നടന്ന സംഭവത്തിന് മൂന്ന് പേരേ സാക്ഷിയായിട്ടുള്ളൂ. അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് മൂസാ(അ) വിഷമിച്ചു.

''അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു'' (ക്വുര്‍ആന്‍ 28:18).

ഇന്നലെ നടന്ന സംഭവം ആരെങ്കിലും അറിഞ്ഞിരിക്കുമോ എന്ന പേടിയോടെയാണ് മൂസാ(അ)പട്ടണത്തില്‍ എത്തുന്നത്. അപ്പോഴതാ, ഇന്നലെ തന്നോട് സഹായം ചോദിച്ചവന്‍ ഇന്നും അതുപോലെ സഹായം ആവശ്യപ്പെടുന്നു! ഒരു ക്വിബ്ത്വിക്കാരന്‍ അയാളെ വല്ലാതെ മര്‍ദിച്ച് അവശനാക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ആദ്യം ഇടപെടാന്‍ വിസമ്മതം കാണിച്ചെങ്കിലും, സ്ഥിരം വഴക്കാളിയാണെന്ന് കണ്ടതിനാല്‍ 'നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു' എന്ന് പറഞ്ഞെങ്കിലും ആ അലിവുള്ള മനസ്സിന്റെ ഉടമക്ക് അതില്‍ ഇടപെടാതെ മാറി നില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ ഈ പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടു.

''എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്. നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല'' (28:19).

ഈ വാക്കുകള്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്്. ആ ക്വിബ്ത്വിയുടെ വാക്കുകളാണ് എന്നതാണ് ഒരു വ്യാഖ്യാനം. അപ്പോള്‍ ഒരും സംശയം ഉണ്ടാകും; അയാള്‍ എങ്ങനെയാണ് ഇന്നലെ മറ്റേ ക്വിബ്ത്വി മൂസാ(അ)യുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടത് അറിഞ്ഞത്? അതിന് ഈ വ്യാഖാതാക്കള്‍ പറയുന്നത്, അത് മൂസാ തന്നെ ആയേക്കുമെന്ന് ഊഹിച്ച് പറഞ്ഞതാകാം എന്നാണ്. അങ്ങനെ വരുമ്പോള്‍ സന്ദര്‍ഭവുമായി കൂടുതല്‍ യോജിക്കുന്നത് ഈ വ്യഖ്യാനത്തിനാണ്. അഥവാ ഈ സംസാരം ഈ ക്വിബ്ത്വിക്കാരന്റെത് തന്നെയാണ് എന്നതിന്. ഈ പറഞ്ഞത് ആ ഇസാഈല്യന്‍ തന്നെയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. 'നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു' എന്ന് പറഞ്ഞശേഷം ക്വിബ്ത്വിയുടെ നേരെ ചെന്നപ്പോള്‍ തന്റെ നേര്‍ക്കാണ് വരുന്നതെന്ന് ഇസ്‌റാഈല്‍ വംശജന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടാകാം. അതിനാല്‍ ഈ ക്വിബ്ത്വിയും ഇന്നലെ നടന്ന സംഭവം അറിഞ്ഞുകാണും. ഏതായിരുന്നാലും വിവരം പുറത്തായല്ലോ. മൂസാ(അ)ന്റെ മനസ്സില്‍ ഭീതി കൂടി. 

വിവരം നാട്ടില്‍ പരന്നതോടെ രാജകൊട്ടാരത്തില്‍ മൂസാ(അ)ക്കെതിരില്‍ ഗൂഢാലോചന നടന്നു. ഫിര്‍്യഔന്‍ തന്റെ ഭരണ കര്‍ത്താക്കളെയെല്ലാം വിളിച്ചു വരുത്തി. മൂസായെ കാണുന്നിടത്ത് വെച്ച് കൊന്നു കളയണം എന്ന കല്‍പന പുറപ്പെടുവിച്ചു.

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവരുടെ അക്രമത്തിനും അനീതിക്കും കൂട്ടുനില്‍ക്കാത്ത ഒരു നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ കുടുംബത്തില്‍ പെട്ടവനും  ആദരണീയനുമായിരുന്നു. മൂസാ(അ)ക്കെതിരില്‍ പുറപ്പെടുവിച്ച വിധി അദ്ദേഹം അറിഞ്ഞു. മൂസാ(അ)യെ കൊന്നുകളയണമെന്ന വാര്‍ത്ത അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ഫിര്‍ഔനും സംഘവും എടുത്ത തീരുമാനം മൂസാ(അ) അറിയുന്നില്ലല്ലോ. അതിനാല്‍ കിട്ടിയ വിവരം മൂസാ(അ)യെ അറിയിക്കുവാനായി അദ്ദേഹം മൂസാ(അ)യെ തേടി അവിടെ നിന്നും അതിവേഗം പുറപ്പെട്ടു.

''പട്ടണത്തിന്റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു'' (28:20).

അന്ന് പ്രവാചകനായിട്ടില്ലെങ്കിലും അല്ലാഹുവില്‍ വിശ്വാസമുള്ളതിനാല്‍ മനസ്സിന് സമാധാനിക്കുവാനും നിര്‍ഭയത്തം ലഭിക്കുവാനും ഇത് കാരണമായി. കാരണം ഏത് സമയത്തും എവിടെ വെച്ചും വിളിച്ചാല്‍ വിളികേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണല്ലോ അല്ലാഹു. മൂസാ(അ) പതറിയില്ല. 

വിവരം ലഭിച്ച ഉടനെ അദ്ദേഹം ഈജിപ്ത് വിടുകയായി. 

''അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ'' (28:21).

ഫിര്‍ഔനിന്റെ ആളുകളുടെ കയ്യില്‍ അകപ്പെട്ടാല്‍ കൊന്നുകളയുമെന്നത് തീര്‍ച്ചയാണ്. ഈ

പേടിയോടെയും കരുതലോടെയും അദ്ദേഹം ഈജിപ്ത് വിടുകയാണ്. എങ്ങോട്ട് പോകും? എങ്ങനെ പോകും? അത്താണിയായ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് മദ്‌യന് നേരെ മൂസാ(അ) യാത്ര തിരിച്ചു. യാത്രയില്‍ അദ്ദേഹം 'എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ' എന്ന് പ്രാര്‍ഥിക്കുന്നുണ്ട്.

ഭീതിയുള്ള സമയങ്ങളില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. ആരെങ്കിലും നമ്മെ കടന്നാക്രമിക്കുമെന്നോ മറ്റോ നമുക്ക് തോന്നുകയും നമുക്ക് പേടി പിടിപെടുകയും ചെയ്താല്‍ ആ ശത്രുവിനെതിരില്‍ അല്ലാഹുവിനോട് കാവല്‍ തേടാന്‍ നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നബിﷺ ഒരു സമൂഹത്തെ സംബന്ധിച്ച് ഭയം തോന്നിയാല്‍ ഇപ്രകാരം പറയും: ''അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു'' (അബൂദാവൂദ്).

വിജയവും പരാജയവും തീരുമാനിക്കുന്നതും ആരുടെ തീരുമാനവും നടപ്പില്‍ വരുത്തുന്നതും അല്ലാഹുവാണല്ലോ. അതിനാല്‍ കാവല്‍ ചോദിക്കേണ്ടതും അല്ലാഹുവിനോടായിരിക്കണം. ഇതാണ് നമ്മുടെ പ്രതിരോധ മാര്‍ഗം. അല്ലാഹുവിനെക്കാളും വലിയ സഹായി മറ്റാരുമില്ല. ഭീതിയോടെ ജീവിക്കുന്നതിന് പകരം അല്ലാഹുവിനോട് കാവല്‍ തേടി ജീവിക്കുകയാണ് വിശ്വാസികള്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്. 

അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ മദ്‌യന്‍ പ്രദേശത്തേക്ക് നീങ്ങുവാന്‍ തോന്നിപ്പിച്ചു. ഈജിപ്തില്‍ നിന്നും 800 മൈല്‍ ദൂരെയുള്ള പ്രദേശം. ഇരുട്ടില്‍ വഴികാട്ടാന്‍ വെളിച്ചമില്ല. വിശപ്പകറ്റാന്‍ ഭക്ഷണമില്ല. ദാഹം മാറ്റാന്‍ വെള്ളമില്ല. മിണ്ടിപ്പറയാന്‍ ഒരു കൂട്ടില്ല. അങ്ങനെ പ്രയാസങ്ങള്‍ ഏറെ സഹിച്ച് അദ്ദേഹം ഈജിപ്തില്‍ നിന്നും മദ്‌യന്‍ ലക്ഷ്യമാക്കി നീങ്ങി.

''മദ്‌യന്റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം'' (28:22).

അല്ലാഹു മൂസാ(അ)യുടെ മനസ്സില്‍ മദ്‌യനിലേക്ക് പോകാന്‍ തോന്നിപ്പിച്ചത് എന്തിനാണ്? മദ്‌യനും മൂസാ(അ)യും തമ്മില്‍ ഒരു ബന്ധമുണ്ട്. മൂസാ(അ) ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയില്‍ പെട്ട ആളാണല്ലോ. ഈ കുടുംബ പരമ്പര മദ്‌യനില്‍ താമസിക്കുന്നുണ്ട്. അത് കൊണ്ടാവാം അല്ലാഹു മദ്‌യന്‍ തിരഞ്ഞെടുത്തത്. ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയ പണ്ഡിതന്മാരുണ്ട്.

നാട് വിടുമ്പോള്‍ ശത്രുവിന്റെ അധികാരം കയ്യാളുന്നിടത്തേക്ക് തന്നെ പോയിട്ട് കാര്യമില്ലല്ലോ. വേറെ നാട്ടിലേക്ക് പോകണം. ഫറോവയുടെ നിയമ വാഴ്ചയുള്ള പ്രദേശത്തേക്ക് പോയാല്‍ തന്റെ കാര്യത്തില്‍ അവരെടുത്ത തീരുമാനം നടപ്പിലാക്കുവാന്‍ നിഷ്പ്രയാസം കഴിയുമല്ലോ. അതിനാല്‍ ഫറോവയുടെ അധികാര പരിധിയില്‍ പെടാത്ത, ഏറെ ദൂരം സ്ഥിതിചെയ്യുന്ന രാജ്യം തിരഞ്ഞെടുക്കണം. അതിനാല്‍ റബ്ബ് അദ്ദേഹത്തിന്റെ മനസ്സില്‍ അതിന് പറ്റിയ പ്രദേശമായി മദ്‌യനെ തോന്നിപ്പിച്ചു കൊടുത്തു. 

ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുന്നത് വരെയുണ്ടായ കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തന്നിട്ടില്ല. നാം അറിയേണ്ടതെല്ലാം നമ്മെ അല്ലാഹു അറിയിച്ചു. അറിയേണ്ടതില്ലാത്തതൊന്നും നമ്മെ അറിയിച്ചിട്ടുമില്ല. (തുടരും)