മൂസാനബി(അ) ദൗത്യം ഏറ്റെടുക്കുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ജൂണ്‍ 09 1439 റമദാന്‍ 24

(മൂസാനബി(അ): 7)

മൂസാനബി(അ)യോട് അല്ലാഹു നേരിട്ട് സംസാരിച്ച ചില കാര്യങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. ഇനി, അദ്ദേഹത്തിലൂടെ അല്ലാഹു ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ചില അസാധാരണ സംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. 

അല്ലാഹു പറഞ്ഞു: ''ഹേ; മൂസാ, നിന്റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു? അദ്ദേഹം പറഞ്ഞു: ഇത് എന്റെ  വടിയാകുന്നു. ഞാനതിന്മേല്‍ ഊന്നി നില്‍ക്കുകയും അത് കൊണ്ട് എന്റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്'' (ക്വുര്‍ആന്‍ 20:17,18).

'എന്താണ് നിന്റെ വലതുകയ്യിലുള്ളത്' എന്ന് അല്ലാഹു ചോദിച്ചത് എന്താണെന്ന്  അറിയാത്തതിനാലല്ല, മറിച്ച് ശ്രദ്ധ തിരിക്കാനുള്ള ഒരു ചോദ്യം മാത്രം. ആടുകള്‍ക്ക് ഉയരത്തിലുള്ള ഇലകള്‍ അടിച്ചുവീഴ്ത്തിക്കൊടുക്കുന്നു എന്ന മറുപടിയില്‍നിന്ന് മദ്‌യനില്‍ പത്ത് കൊല്ലം ആ പിതാവിനോട് ചെയ്ത കരാറില്‍ അവരുടെ ആടുകളെ മേയ്ക്കുന്നതും ഉണ്ടായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കഴിയുന്നു. ഇനി കരാറില്‍ പെട്ടതല്ലെങ്കില്‍ പോലും ആ ജോലി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. 

മൂസാ(അ)യുടെ കയ്യിലുള്ള ആ വടിയിലൂടെ അത്‌വരെയും അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു. ഇവിടെ മൂസാ(അ) ആ വടിയുടെ പ്രത്യേകതകളായി പറഞ്ഞതെല്ലാം ഏതൊരാള്‍ക്കും ചെയ്യാവുന്നതാണ്. അത് സൃഷ്ടികളുടെ കരങ്ങളാല്‍ സാധിക്കുന്നതാണ്. അസാധാരണമായ യാതൊന്നും ഈ പറഞ്ഞതില്‍ ഇല്ല. എന്നാല്‍ ഇനിയാണ് ആ വടിയിലൂടെ ചില അസാധാരണ സംഭവങ്ങള്‍ പ്രകടമാകാന്‍ പോകുന്നത്. 

''അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്'' (ക്വുര്‍ആന്‍ 20:1921).

തന്റെ കയ്യിലുള്ള വടി നിലത്തിടുവാന്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു. മൂസാ(അ) അക്ഷരം പ്രതി അനുസരിച്ചു. അപ്പോഴതാ അത് വലിയ ഒരു പാമ്പായി ഓടുന്നു. ഇതുവരെയും ഊന്നി നില്‍ക്കുവാനും ആടുകള്‍ക്ക് ഇല പൊഴിക്കുവാനുമെല്ലാം ആണ് ആ വടി ഉപയോഗിച്ചിരുന്നത്. എന്തായിരുന്നാലും അദ്ദേഹം അതിന് മുമ്പ് പല തവണ ആ വടി നിലത്ത് ഇട്ടിട്ടുണ്ടാകുമല്ലോ. അന്നൊന്നും ആ വടിയില്‍ യാതൊരു അത്ഭുതവും അദ്ദേഹം കണ്ടിട്ടില്ല. ഇപ്പോഴിതാ, നിലത്തിട്ടപ്പോള്‍ വലിയ പാമ്പായി ഓടുന്നു. ഇതു കണ്ട മൂസാ(അ) നന്നായി പേടിച്ചു. ആ ഭാഗം സൂറത്തുല്‍ ക്വസ്വസ്വില്‍ അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

''നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 28:31).

വടി നിലത്തിട്ടപ്പോള്‍ പാമ്പായി മാറി. ഇത് കണ്ട മൂസാ(അ) നന്നായി പേടിച്ചു. കാരണം ഇത് അപ്രതീക്ഷിതവും അസാധാരണവുമാണ്. പേടിക്കേണ്ടതില്ലെന്നും അതിനെ നീ പിടിക്കണമെന്നും നാം അതിനെ പൂര്‍വ സ്ഥിതിയിലേക്ക് തന്നെ മാറ്റുന്നതാണെന്നും പറഞ്ഞ് അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

പ്രവാചകന്മാരും ഔലിയാക്കളും സദാസമയം മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ എന്ന വിശ്വാസത്തില്‍ സൃഷ്ടികളെ പങ്കു ചേര്‍ക്കലാണിത്. മൂസാ നബി(അ)യുടെ ഈ സംഭവം ഒന്ന് ശ്രദ്ധിക്കൂ. അദ്ദേഹത്തിന്  മറഞ്ഞ കാര്യം അറിയുമായിരുന്നുവെങ്കില്‍ പേടിക്കേണ്ട വല്ല കാര്യവും ഉണ്ടോ. അദ്ദേഹത്തിന് അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് അറിയാത്തതിനാലാണല്ലോ ഇങ്ങനെ അദ്ദേഹം പേടിച്ചത്. മറഞ്ഞകാര്യം അല്ലാഹുവിനല്ലാതെ അറിയില്ലെന്ന വിശ്വാസത്തിനാണ് ഇതെല്ലാം തെളിവ്. 

ഫിര്‍ഔന്‍ അടക്കമുള്ളവരിലേക്കാണല്ലോ മൂസാ(അ) പ്രവാചകനായി അയക്കപ്പെടുന്നത്. ധിക്കാരിയും അഹങ്കാരിയും ആയ ഫിര്‍ഔനിന്റെ മുന്നിലേക്കാണ് അദ്ദേഹത്തിന് പോകാനുള്ളത്. മൂസാ(അ) അങ്ങോട്ട് പോകുന്നതിന് മുമ്പായി അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന മുഅ്ജിസതുകളില്‍ ഒന്നായ, അദ്ദേഹത്തിന്റെ കയ്യിലുള്ള വടി നിലത്തിട്ടാല്‍ പാമ്പാകുക എന്നത് ആദ്യം കാണിച്ചു കൊടുത്തു. പിന്നെയും അല്ലാഹു അദ്ദേഹത്തിന് ചില മുഅ്ജിസതുകള്‍ കാണിച്ചു കൊടുത്തു.

''നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്റെ  പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത്  പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔനിന്റെയും അവന്റെ പ്രമുഖന്മാരുടെയും അടുത്തേക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു'' (ക്വുര്‍ആന്‍ 28:32).

മൂസാ(അ)നോട് തന്റെ വലതുകൈ ഇടത് കൈയുടെ കക്ഷത്തേക്ക് പ്രവേശിക്കുവാന്‍ പറഞ്ഞു. എന്നിട്ട് കൈ അവിടെ നിന്നും എടുത്താല്‍ നല്ല വെള്ള നിറത്തില്‍ ശോഭ പരത്തുന്നതാണ്. നേരത്തെ മൂസാ(അ) നന്നായി പേടിച്ചിരുന്നല്ലോ. അതിനാല്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുവാന്‍ പറഞ്ഞു. അപ്പോള്‍ പേടി നീങ്ങുന്നതാണ്. മൂസാ(അ) അപ്രകാരം ചെയ്തു. ഭയം നീങ്ങുകയും ചെയ്തു. (ഇത് വിവരിക്കുന്നിടത്ത് മഹാന്മാരായ പണ്ഡിതന്മാര്‍ പേടിയുള്ള സന്ദര്‍ഭത്തില്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് പ്രാര്‍ഥിച്ചാല്‍ അല്‍പം ആശ്വാസം ലഭിക്കുമെന്ന് പറഞ്ഞതായി കാണാന്‍ കഴിയും). വടിയിലൂടെയുള്ള ദൃഷ്ടാന്തവും കയ്യിലൂടെയുള്ള ദൃഷ്ടാന്തവും ഫിര്‍ഔനിന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക് പോകുന്നതിന് മുമ്പായി അല്ലാഹു മൂസാനബി(അ)ക്ക് കാണിച്ചു കൊടുത്തു. ശേഷം അല്ലാഹു ഇപ്രകാരം കല്‍പിച്ചു:

''നീ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു '' (ക്വുര്‍ആന്‍ 20:24).

വലിയ ഒരു ഉത്തരവാദിത്തമാണ് അല്ലാഹു മൂസാനബി(അ)യെ ഏല്‍പിക്കുന്നത്. ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം; അവന്‍ കടുത്ത ധിക്കാരിയാണെന്ന് അല്ലാഹു തന്നെ മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

ധിക്കാരിയായ ഫിര്‍ഔനിന്റെ ചെയ്തികള്‍ ക്വുര്‍ആന്‍ തന്നെ പലയിടങ്ങളിലും വിവരിച്ചിട്ടുണ്ട്. അഹങ്കാരിയായ അവന്‍ തന്റെ അധികാരത്തിന്റെ ശക്തി പ്രയോഗിച്ച് കടുത്ത സ്വേഛാധിപത്യം വ്യാപിപ്പിച്ചു. കിരാതമായ പല നിയമങ്ങളും നാട്ടില്‍ നടപ്പില്‍ വരുത്തി. പാവങ്ങളായ ഇസ്‌റാഈല്യരെ അടിമകളാക്കി വെച്ച് പീഡിപ്പിച്ചു. അവസാനം നിങ്ങള്‍ക്കുള്ള ആരാധ്യനും ഞാന്‍ തന്നെയെന്ന് വരെ പ്രഖ്യാപിച്ചു. ഫിര്‍ഔന്‍ താന്‍ ആരാധ്യനാണെന്ന് സ്വയം പ്രഖ്യാപിച്ച് ജനങ്ങളോട് പറഞ്ഞത് അല്ലാഹു ഇപ്രകാരം നമ്മെ അറിയിക്കുന്നു:

''അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്'' (ക്വുര്‍ആന്‍ 26:29).

''ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല'' (ക്വുര്‍ആന്‍ 28:38)

''ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു'' (ക്വുര്‍ആന്‍ 79:24).

താന്‍ റബ്ബാണെന്നും ആരാധ്യനാണെന്നുമാണ് ഫിര്‍ഔന്‍ വാദിക്കുന്നത്. തന്റെ സ്വേഛാധിപത്യത്തിലൂടെ അവന്‍ ജനങ്ങളെ അവനെ ആരാധിക്കുന്നവരാക്കി മാറ്റുകയും ചെയ്തു.

ഇബാദത്ത്, റബ്ബ് എന്നീ പദങ്ങള്‍ ചേര്‍ന്നുവന്നത് ക്വുര്‍ആനിലെ പല വചനങ്ങളിലും നമുക്ക് കാണാം. ഉദാഹരണം സുറതുല്‍ ബക്വറഃ ഇരുപത്തി ഒന്നാമത്തെ സൂക്തം. അതില്‍ 'നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ ആരാധിക്കുക' എന്നാണ് പറയുന്നത്. മുഅവ്വിദതയ്‌നി (അഭയം തേടുന്ന രണ്ട് സൂറത്തുകള്‍) എന്ന് അറിയപ്പെടുന്ന സൂറതുല്‍ ഫലക്വ്, സൂറതുന്നാസ് എന്നിവയുടെ ആരംഭം 'റബ്ബിനോട് ഞാന്‍ അഭയം തേടുന്നു' എന്നാണ്. 

മറ്റുള്ളവര്‍ പറയുന്നതെല്ലാം കേള്‍ക്കുവാന്‍ സന്നദ്ധത കാണിക്കുന്നവനല്ല ഫിര്‍ഔന്‍; നിഷ്പക്ഷ മനോഭാവമുള്ളവനുമല്ല. ഒരു സാധാരണക്കാരന്റെ അടുത്തേക്ക് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയല്ല അഹങ്കാരിയും സ്വേഛാധിപതിയുമായ ഒരാളുടെ അടുത്തേക്ക് പോകുമ്പോള്‍ ഉണ്ടാകുക. ചെല്ലുന്നവരുടെ മനസ്സില്‍ പേടിയും ആധിയും ഉണ്ടാകുക സ്വാഭാവികം. 

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുകയാണ്. അല്ലാഹു തന്നില്‍ ഏല്‍പിച്ച ദൗത്യം ഭാരിച്ചതാണെന്ന് മൂസാ(അ)ന് നല്ല ബോധ്യമുണ്ടായിരുന്നു. താന്‍ പോകാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് എന്ത് നെറികേടും ചെയ്യാന്‍ മുതിരുന്ന ഒരു ധിക്കാരിയുടെ അടുക്കലേക്കാണ്. തനിക്ക് ഇഷ്ടമില്ലാത്തത് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കാത്തവനാണവന്‍. അവന്റെ അടുത്തേക്ക് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സന്ദേശവുമായി ചെന്നാല്‍ അവന്‍ എതിര്‍ക്കുമെന്നത് തീര്‍ച്ചയാണല്ലോ. ആയതിനാല്‍ മാനസികമായ ധൈര്യവും ശാരീരികമായ ആരോഗ്യവും അത്യാവശ്യമാണ്. അത് ലഭിക്കേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. അതിനായി മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ. ഞങ്ങള്‍ ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി'' (ക്വുര്‍ആന്‍ 20:2534).

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും ചെയ്തികള്‍ ശരിക്കും അറിയുന്ന ആളാണല്ലോ മൂസാ(അ). അവന്റെ അടുത്ത് പോയി പറയാനുള്ളതാകട്ടെ, അവന്‍ സ്വയം വാദിക്കുന്നതിനെ തകര്‍ത്ത് കളയുന്ന സൃഷ്ടിപൂജക്കെതിരെയുള്ള കാര്യങ്ങളും. സ്രഷ്ടാവായ റബ്ബിലേക്ക് ക്ഷണിക്കുമ്പോള്‍ അവനില്‍ നിന്ന് എന്ത് പ്രതികരണവും പ്രതീക്ഷിക്കേണ്ടി വരുമല്ലോ. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഹൃദയ വിശാലതയാണ്. പ്രബോധിതരുടെ ഭാഗത്ത് നിന്നും പ്രബോധകന് ഇഷ്ടമില്ലാത്തതോ വിഷമം ഉണ്ടാക്കുന്നതോ ആയ വാക്കുകളോ പ്രവര്‍ത്തികളോ നേരിട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അക്ഷമ കാണിക്കുന്നത് ശരിയല്ലല്ലോ. നല്ല ക്ഷമ ആവശ്യമായി വരുന്ന സന്ദര്‍ഭമാണത്. ക്ഷമയും സ്ഥൈര്യവും കിട്ടുവാന്‍ അല്ലാഹുവിനോട് ചോദിക്കുകയും വേണം. അതാണ് മൂസാ(അ) ചോദിച്ചത്.

പ്രബോധിത സമൂഹത്തില്‍ നിന്നും പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ ഉണ്ടാകുമ്പോഴേക്കും പുറകോട്ട് പോകുന്ന മനസ്സായിരുന്നില്ല പ്രവാചകന്മാരുടെത്. അവര്‍ എല്ലാം സഹിച്ചു. സമൂഹം രക്ഷപ്പെടണം എന്ന് അതിയായി കൊതിച്ചു. അതിന് പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ അവര്‍ക്ക് തടസ്സമായിട്ടില്ല. മൂഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ എടുത്ത് പറയുന്ന കൂട്ടത്തില്‍ അല്ലാഹു ആദ്യം തന്നെ പറയുന്നത് കാണുക:

''നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?'' (ക്വുര്‍ആന്‍ 94:1).

മൂസാ(അ) ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഹൃദയ വിശാലതക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിന്റെ പൊരുള്‍ മനസ്സിലായല്ലോ. 

പിന്നീട് അദ്ദേഹം തേടുന്നത് 'എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ' എന്നാണ്. പ്രബോധന പ്രവര്‍ത്തനത്തില്‍ വിജയം കൈവരിക്കുവാന്‍ ആവശ്യമായ എന്തെല്ലാം ഉണ്ടോ അതെല്ലാം എളുപ്പമാകണം. അതുപോലെ താന്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയണമെങ്കില്‍ സംസാര വൈഭവം വേണം. തപ്പിപ്പിഴ ഉണ്ടാകുവാന്‍ പാടില്ല. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് അതിനായി പ്രാര്‍ഥിച്ചു. മൂസാ(അ) മദ്‌യനിലേക്ക് വരുന്നതിന് മുമ്പ് ജീവിച്ചിരുന്നത് ഈജിപ്തിലായിരുന്നുവല്ലോ. പിന്നീട് മദ്‌യനിലെത്തി. അവിടെ കുറെ കാലം താമസിച്ചു. സ്വദേശത്ത് നിന്ന് വിദേശത്തേക്ക് മാറിയപ്പോള്‍ സ്വദേശത്തെ സംസാരഭാഷ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യം മൂസാനബി(അ)ക്ക് ഉണ്ടായതുമില്ല.ഇന്നത്തെ പോലെ അന്ന് മീഡിയകളൊന്നും ഇല്ലല്ലോ പരസ്പരം ബന്ധപ്പെടുവാന്‍. കുറെ കൊല്ലം മദ് യനില്‍ താമസിച്ചതിനാല്‍ പഴയ ഭാഷ സംസാരിക്കുമ്പോള്‍ വിഷമം അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാ(അ) പോകുന്നത്. അപ്പോള്‍ ഫിര്‍ഔനടക്കം ഉള്ളവരോട് സംസാരിക്കുമ്പോള്‍ ഇതൊരു തടസ്സമാകുമോ എന്നൊരു മാനസിക പ്രയാസം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാല്‍ ആ പ്രയാസം നീങ്ങിക്കിട്ടുവാനാണ് ഇപ്രകാരം പ്രാര്‍ഥിച്ചത്.  

മൂസാനബി(അ)ക്ക് സംസാരത്തിന്റെ വൈഭവത്തില്‍ അല്‍പം കുറവുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകളിലെല്ലാം വന്നിട്ടുണ്ട്. അതിനുള്ള കാരണം പല രൂപത്തില്‍ പറയുന്നതും കാണാം. മൂസാ(അ) കുഞ്ഞായിരിക്കെ ഫിര്‍ഔനിന്റെ കൊട്ടാരത്തിലാണല്ലോ വളര്‍ന്നിരുന്നത്. അങ്ങനെ ഫിര്‍ഔനിന്റെ മടിത്തട്ടില്‍ കളിച്ച് വളരുമ്പോള്‍ ഫിര്‍ഔനിന്റെ മുഖത്ത് ഒരു അടി കൊടുത്തു പോലും. അപ്പോള്‍ ഫിര്‍ഔനിന് ദേഷ്യം വന്നു. അങ്ങനെ കുഞ്ഞിനെ കൊന്നു കളയാന്‍ ഫിര്‍ഔന്‍ ഒരുങ്ങി. അപ്പോള്‍ ഫിര്‍ഔനിന്റെ ഭാര്യ ഇടപെട്ടു. കുഞ്ഞല്ലേ, വിവരം ഇല്ലല്ലോ. ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ഫിര്‍ഔന്‍ അതിനെ എതിര്‍ത്തു. കുഞ്ഞിന് വിവരം ഉണ്ടോ ഇല്ലേ എന്ന് പരീക്ഷിക്കുന്നതിനായി ഭാര്യ ഒരു കാര്യം ഫിര്‍ഔനിന്റെ മുന്നില്‍ വെച്ചു. അങ്ങനെ കുഞ്ഞിന് വിവരമുണ്ടോ എന്ന് തിരിച്ചറിയുവാന്‍ ഒരു പാത്രത്തില്‍ തീക്കട്ടയും വേറൊരു പാത്രത്തില്‍ കാരക്കയും വെച്ചു. കുട്ടി ഏതാണ് എടുക്കുക എന്ന് നോക്കി. കുഞ്ഞ് ആ തീക്കട്ട എടുത്തു വായിലിട്ടു. അങ്ങനെ നാവ് പൊള്ളി. അതുകാരണം, മൂസാ(അ)യുടെ നാവിന് ഒരു കൊഞ്ഞം വന്നു എന്നെല്ലാം പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ ഇതൊന്നും കൃത്യമായ പരമ്പരയോടെ രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടുകളാണെന്ന് നാം മനസ്സിലാക്കണം. ഇങ്ങനെ ചിലരെല്ലാം അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നതല്ലാതെ അതിനൊന്നും വ്യക്തമായ രേഖ ഇല്ല എന്നര്‍ഥം.

അഹങ്കാരിയും ധിക്കാരിയും ക്രൂരനുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികം. പേടി വരുമ്പോള്‍ തന്നെ സംസാരിക്കുന്നതിന് ഒഴുക്ക് നഷ്ടപ്പെടുമല്ലോ. 

കൂടെ ഒരാള്‍ പിന്തുണക്കുവാനും സഹായിക്കുവാനും ഉണ്ടെങ്കില്‍ ദഅ്‌വത്തിന് ഒരു സൗകര്യമാകുമല്ലോ. അതിനാല്‍ സഹോദരനെ സഹായിയാക്കിത്തരുവാന്‍ അദ്ദേഹം അല്ലാഹുവിനോട് സഹായം തേടി. 

പ്രബോധന മാര്‍ഗത്തില്‍ വിയര്‍ക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ലഭിക്കുന്ന നിര്‍വൃതി ചെറുതൊന്നുമല്ലല്ലോ. ഒരാള്‍ക്ക് നാം സത്യം എത്തിക്കുന്നു. അത് അദ്ദേഹം  സ്വീകരിക്കുകയും ചെയ്യുന്നു. എങ്കില്‍ നാം മനസ്സ് അറിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കും. അയാള്‍ അത് സ്വീകരിക്കുവാന്‍ കൂട്ടാക്കാതെ പോയാലോ, നാം അല്ലാഹുവിനോട് അയാളുടെ ഹിദായത്തിന് വേണ്ടി ചോദിക്കും. അതോടൊപ്പം സത്യം എത്തിച്ച് കൊടുത്തല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യും. അഥവാ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സായിരിക്കും ഒരു പ്രബോധകന് എപ്പോഴും ഉണ്ടാകുക.

ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നവനാകണം. അല്ലാഹു വിശ്വാസികളോട് അപ്രകാരം കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.  അല്ലാഹുവിനെ ധാരാളം ഓര്‍ക്കുകയും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മനസ്സ് നമുക്ക് വേണം. അത് നമുക്ക് പ്രതിസന്ധികളില്‍  മുതല്‍ക്കൂട്ടാണ്. യൂനുസ്‌നബി(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചിരുന്നു എന്ന് പ്രത്യേകം ക്വുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുള്ളതായി കാണാം. അത് അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ ഒരു കാരണവുമായിട്ടുണ്ട്. അല്ലാഹുവിനെ ഓര്‍ക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു വിസ്മരിക്കുകയില്ല. 

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹു കൈവിടില്ലല്ലോ. മൂസാ(അ) ആരുടെ അടുത്തേക്കാണ് പോകുന്നതെന്നും അതില്‍ അദ്ദേഹത്തിനുള്ള പ്രയാസവും എല്ലാം അല്ലാഹു നല്ല വണ്ണം കണ്ടറിയുന്നവനാണല്ലോ. അതും മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ എടുത്തു പറയുന്നുണ്ട്.

''തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 20:35).

മൂസാനബി(അ)യുടെ പ്രാര്‍ഥന അല്ലാഹു കേട്ടു; ഉത്തരം നല്‍കി:

''അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍20:36).

പ്രവാചകന്മാര്‍ അല്ലാഹുവുമായി വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും അടുത്തവരായിരുന്നു. അല്ലാഹു കല്‍പിച്ചതെല്ലാം ചെയ്യുന്നവരും വിരോധിച്ചതെല്ലാം വെടിയുന്നവരുമായിരുന്നു അവര്‍. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് ഉടനെ ഉത്തരം നല്‍കപ്പെട്ടു. പ്രബോധനമാര്‍ഗത്തില്‍ മുന്നേറുവാന്‍ ഉത്തരം ലഭിക്കല്‍ അവര്‍ക്ക് ആവശ്യവുമായിരുന്നു. 

അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യങ്ങള്‍ എല്ലാം നാം ശരിയാം വിധം അനുഷ്ഠിക്കുകവഴി അല്ലാഹുവിലേക്ക് നമുക്ക് അടുക്കുവാന്‍ സാധിക്കുന്നതാണ്. അല്ലാഹു വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനിന്ന്, അഥവാ വല്ല ഹറാമും ചെയ്താല്‍ ഉടനെ അതില്‍ നിന്ന് മാറി, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് പുറമെ, ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങളും നാം  ചെയ്യണം. അതിലൂടെ അടിമക്ക് അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുവാന്‍ സാധിക്കുന്നതാണ്. അങ്ങനെ അടുത്താല്‍ 'അവന്റെ കണ്ണും കാതും കൈയും കാലും ഞാനായിത്തീരുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അഥവാ ആ കണ്ണ് അല്ലാഹുവിന് ഇഷ്ടമുള്ളതേ കാണൂ. അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കണ്ണ് പിന്നെ അടിമ ഉപയോഗപ്പെടുത്തൂ. ആ കാത് അല്ലാഹുവിന് ഇഷ്ടമുള്ളതേ കേള്‍ക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കാത് ഉപയോഗപ്പെടുത്തൂ. ആ കൈകൊണ്ട് അല്ലാഹുവിന് ഇഷ്ടമുള്ളതേ ചെയ്യൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കൈ ഉപയോഗപ്പെടുത്തൂ. ആ കാല് അല്ലാഹുവിന് ഇഷ്ടമുള്ളിടത്തേക്കേ നടക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേക്കേ ആ കാല് ഉപയോഗപ്പെടുത്തൂ. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കുന്ന ഒരു അടിമ അല്ലാഹുവിനോട് വല്ലതും ചോദിച്ചാല്‍ അല്ലാഹു അത് നല്‍കുന്നതാണ്. ആ അടിമ  അല്ലാഹുവിനോട് കാവല്‍ തേടിയാല്‍ കാവല്‍ നല്‍കുന്നതാണ്. ഇത് അല്ലാഹു നമ്മെ അറിയിച്ചിട്ടുള്ള സുവിശേഷമാണ്. ഈ കാര്യം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. അഥവാ ഞാനും എന്റെ റബ്ബും തമ്മിലുള്ള ബന്ധം എത്രയുണ്ടെന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.

ഏത് കാര്യത്തിന് നാം ഇറങ്ങുമ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഇറങ്ങണം എന്ന ഒരു പാഠവും ഈ ചരിത്രം നമുക്ക് നല്‍കുന്നുണ്ട്. അല്ലെങ്കിലും ഏത് കാര്യത്തിനാണ് നമുക്ക് പ്രാര്‍ഥനയും ദിക്‌റും പഠിപ്പിക്കപ്പെടാതെ പോയിട്ടുള്ളത്! ഏതൊരു കാര്യം അല്ലാഹുവിന്റെ നാമത്താല്‍ നാം തുടങ്ങുന്നില്ലയോ, അതില്‍ അല്ലാഹുവിന്റെ ബറകത്ത് ഉണ്ടാകില്ലെന്ന് നബി ﷺ നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.