സാമിരിയുടെ കുതന്ത്രം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

മൂസാനബി(അ)ക്ക് വേദഗ്രന്ഥം നല്‍കപ്പെടുന്ന സന്ദര്‍ഭത്തെ പറ്റിയാണ് നാം പറഞ്ഞുവരുന്നത്. ആ സമയത്ത് ഉണ്ടായ ചില കാര്യങ്ങള്‍ അതിനിടയില്‍ വിവരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

''എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. ന്യായംകൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി  സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്. നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച്കളഞ്ഞവരാരോ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?'' (ക്വുര്‍ആന്‍ 7:145-147).

എല്ലാവിധ സദുപദേശങ്ങളും ഉള്‍കൊള്ളുന്ന വേദഗ്രന്ഥമാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയത്. അല്ലാഹു പലകകളില്‍ എഴുതി നല്‍കി എന്നാണ് പറഞ്ഞത്. ആ പലകകള്‍ എങ്ങനെയായിരുന്നുവെന്നോ, അല്ലാഹു എങ്ങനെയാണ് എഴുതിയത് എന്നോ, എപ്രകാരമാണ് അത് മൂസാനബി(അ)ക്ക് കൈമാറിയത് എന്നോ ക്വുര്‍ആനോ സുന്നത്തോ നമുക്ക് വിവരിച്ച് തരാത്തതിനാല്‍ അതിനെ സംബന്ധിച്ച് നാം സംസാരിക്കുന്നില്ല. 

എല്ലാ വിധത്തിലുള്ള സദുപദേശങ്ങളും ഉള്‍കൊള്ളുന്ന തൗറാത്ത് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയിട്ട് അത് മുറുകെ പിടിച്ചുകൊള്ളുക എന്ന് കല്‍പിക്കുകയും ചെയ്തു. മൂസാ(അ) മാത്രം സ്വീകരിക്കേണ്ടുന്ന സന്ദേശമല്ല അല്ലാഹു അതില്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ജനതയും അത് സ്വീകരിക്കാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. അതിനാല്‍ മൂസാനബി(അ)യോട് തന്റെ ജനതയോടും ഈ സദുപദേശങ്ങള്‍ സ്വീകരിക്കുവാന്‍ കല്‍പിക്കണമെന്ന് അല്ലാഹു പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.

അല്ലാഹു നല്‍കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗമാണ് ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ ആ നിര്‍ദേശങ്ങളെ മുഖവിലക്കെടുക്കാതെ അവയെ അവഗണിച്ച് ഇച്ഛകളെ പിന്‍പറ്റി ജീവിക്കുന്നവര്‍ അധര്‍മകാരികളാണ്.അവര്‍ക്കാകട്ടെ ചീത്ത സങ്കേതമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.

അല്ലാഹു നല്‍കുന്ന ഉപദേശങ്ങളെ സ്വീകരിക്കുന്നതിനെ തൊട്ട് മനുഷ്യര്‍ തിരിഞ്ഞുകളയുന്നതിന്റെ കാരണം അഹങ്കാരമാണ്. മക്കക്കാര്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ണ് കൊണ്ട് കണ്ടിട്ടും അത് സിഹ്‌റാണെന്ന് പറഞ്ഞ് തള്ളിയല്ലോ. അഹങ്കാരികള്‍ക്ക് സത്യം പകല്‍ പോലെ വെളിപ്പെട്ടാലും അതിനെ സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയില്ല. ഫിര്‍ഔനും സംഘവും മൂസാനബി(അ) പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിച്ചില്ലല്ലോ. അവരുടെ അഹങ്കാരം കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായില്ല. 

അങ്ങനെ സദുപദേശങ്ങളും താക്കീതുകളും അടങ്ങുന്ന തൗറാത്ത് എന്ന വേദഗ്രന്ഥം അല്ലാഹു മൂസാനബി(അ)ക്ക് സീനാപര്‍വതത്തില്‍ വെച്ച് നല്‍കി.

അദ്ദേഹം തൗറാത്ത് സ്വീകരിക്കാനായി തന്റെ ജനതയെ വിട്ട് മാറിനിന്നിട്ട് നാല്‍പത് ദിവസമായി. സഹോദരന്‍ ഹാറൂനി(അ)നെ അവരുടെ കാര്യം ഏല്‍പിച്ച് പോയതാണ്. എന്നാല്‍ ശേഷം അവര്‍ക്കിടയില്‍ എന്തെല്ലാം സംഭവിച്ചു എന്നൊന്നും മൂസാ(അ) അറിയുന്നില്ല. പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അറിയില്ലെന്നതിനുള്ള ഒരു തെളിവ് കൂടിയാണ് ഇത്. 

എന്തായിരുന്നു മൂസാനബി(അ)യുടെ അനുയായികള്‍ക്കിടയില്‍ സംഭവിച്ചത്? ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്'' (ക്വുര്‍ആന്‍ 20:83,84).

അല്ലാഹുവിന്റെ കല്‍പന പ്രകാരമാണല്ലോ മൂസാ(അ) സീനാപര്‍വതത്തിലേക്ക് പോയത്. അനുയായികളെയൊന്നും കൂടെ കൂട്ടിയതുമില്ല. അവരെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചാണ് പോകുന്നത്. അതിനാല്‍ അല്ലാഹു മൂസാ(അ)നോട് ചോദിച്ചു: 'ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്?' അദ്ദേഹം അതിന് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: 'അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്.' അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. 

മൂസാനബി(അ)യുടെ ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. അതില്‍ നമുക്ക് വലിയ ഗുണപാഠം ഉണ്ടെന്ന് നമുക്ക് വ്യക്തമാക്കി തന്നിട്ടുമുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബി(അ)യുടെ മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:

'രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു.' 

കാരണം, സ്‌നേഹിക്കപ്പെടുന്നവന്റെ മുന്നില്‍ തന്റെ സ്‌നേഹം പ്രകടിപ്പിക്കുക എന്നത് സ്‌നേഹിക്കപ്പെടുന്നവന് സ്‌നേഹിക്കുന്നവന്റെ സ്‌നേഹം ആത്മാര്‍ഥമാണെന്ന് അറിയിക്കുന്നതാണ്. നാം ഒരാളോട് എനിക്ക് നിന്നോട് നല്ല സ്‌നേഹം ഉണ്ടെന്ന് പറഞ്ഞാല്‍ പോരാ, ആ സ്‌നേഹം ഉണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അതെങ്ങനെ തെളിയിക്കും? സ്‌നേഹിക്കപ്പെടുന്നവന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുക. അത് സ്രഷ്ടാവാണെങ്കില്‍ അവന്റെ വാക്കുകള്‍ക്ക് മറ്റാരുടെ വാക്കുകളെക്കാളും സ്ഥാനം നല്‍കല്‍ അനിവാര്യമാണല്ലോ. ആ തെളിയിക്കലാണ് മൂസാ(അ) ഇവിടെ പ്രകടമാക്കിയത്.

ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: 'അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍  ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ; '...അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക...' (അല്‍ജുമുഅ), 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക' (ആലുഇംറാന്‍), 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് നിങ്ങള്‍ മുന്‍കടന്നു വരുവിന്‍' (അല്‍ഹദീദ്), 'എന്നാല്‍ നിങ്ങള്‍  സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരിക' (അല്‍ബക്വറ, അല്‍മാഇദ). ആ വചനങ്ങളിലെല്ലാം കാണുന്നത് നന്മകളിലേക്ക് ധൃതികാണിക്കുവാനുള്ള കല്‍പനകളാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം. നബിﷺ പറയുന്നത് കാണുക:

''പരലോകത്തേക്കുള്ള കര്‍മങ്ങളിലൊഴികെ എല്ലാ കാര്യത്തിലും ഒരു സാവകാശം വേണം.''

ഇഹലോകത്തിന്റെ കാര്യത്തെ സംബന്ധിച്ച് ചിന്തിക്കാനും കൂടിയാലോചിക്കുവാനും നമുക്ക് സമയം കാണാം, അഥവാ പലതും സാഹചര്യമനുസരിച്ച് അപ്പോള്‍ തന്നെ ചെയ്യുകയോ പിന്നെ ചെയ്യാന്‍ നീട്ടിവെക്കുകയോ ചെയ്യാം. എന്നാല്‍ പരലോകത്തേക്കുള്ള വിഭവം ഉണ്ടാക്കുന്നതില്‍ ആലോചിക്കുവാനും ചിന്തിക്കുവാനും നമുക്ക് സമയം ഇല്ല. കാരണം മരണം എപ്പോള്‍ സംഭവിക്കുമെന്നറിയില്ല. അതിനുമുമ്പ് തന്നെ സല്‍കര്‍മങ്ങള്‍ ചെയ്താലേ രക്ഷയുള്ളൂ. അത് എത്ര പെട്ടന്ന് ചെയ്യുന്നുവോ അത്രയും നമുക്ക് ലാഭവും നന്മയുമാണ്. അതിനാല്‍ പരലോക കാര്യത്തിന് നാം മത്സരിക്കണം എന്നതാണ് ഈ നബി വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്. 

പരലോക വിജയത്തിന്റെ കാര്യം പിന്തിക്കുകയും ഇഹലോകത്തിന്റെ കാര്യത്തില്‍ ധൃതികൂട്ടുകയും ചെയ്യല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ കാപട്യം കാണിക്കലാണ്.

അബൂസഈദുല്‍ ഖുദ്‌രിയ്യ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ അവിടുത്തെ അനുചരന്മാരില്‍ ചിലര്‍ പിന്തുന്നത് കാണുകയുണ്ടായി. അപ്പോള്‍ അവരോട് നബിﷺ പറഞ്ഞു: 'നിങ്ങള്‍ മുന്നോട്ട് വരുവിന്‍. (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) എന്നെ നിങ്ങള്‍ പിന്തുടരുവിന്‍. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളെയും പിന്തുടരട്ടെ. ഒരു സമൂഹം (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) പിന്തുന്നവരായിക്കൊണ്ടേയിരിക്കും. (അങ്ങനെ)അല്ലാഹു അവരുടെ കാര്യത്തെയും പിന്തിപ്പിക്കുന്നതാണ്'(മുസ്‌ലിം). 

പരലോകവിഷയത്തില്‍ പുറകോട്ട് പോകുന്നതിനെ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്:

''സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 9:38). 

പരലോകം മറന്ന് ഐഹിക ജീവിതത്തെ തെരഞ്ഞെടുക്കുന്ന ആളുകളുടെ ആരാധന നിര്‍വഹണത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:

''തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 4:142).

''അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്'' (ക്വുര്‍ആന്‍ 9:54).

മൂസാ നബി(അ) തന്റെ അനുയായികളെ വിട്ട് പോന്നതിന് ശേഷം എന്താണ് അവരില്‍ സംഭവിച്ചതെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചു കൊടുത്തു.

''അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു'' (ക്വുര്‍ആന്‍ 20:85).

മൂസാ(അ) തന്റെ അനുചരന്മാരെ സഹോദന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ച് പോന്നതാണല്ലോ. എന്നാല്‍ മൂസാ(അ) അവരെ വിട്ട് പോന്നതിന് ശേഷം അവരെ അല്ലാഹു പരീക്ഷിച്ചു. അനുചരന്മാരില്‍ സാമിരി എന്ന ഒരാളുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളെ പിഴപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുന്നത്. ജനങ്ങള്‍ പിഴവിലാകുന്നതില്‍ പ്രവാചകന്മാര്‍ എത്രമാത്രം ദുഃഖിതരായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. മൂസാനബി(അ)ക്കും ആ വിഷമം ഉണ്ടായി. അദ്ദേഹത്തിന് അവരോടുള്ള സ്‌നേഹത്താല്‍ ദേഷ്യം വന്നു. അങ്ങനെ അദ്ദേഹം അവരിലേക്ക് ചെന്നു.

''അപ്പോള്‍ മൂസാ തന്റെ  ജനങ്ങളുടെ അടുത്തേക്ക് കുപിതനും ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?'' (ക്വുര്‍ആന്‍ 20:86).

താന്‍ ഏറെ സ്‌നേഹിക്കുന്ന അനുയായികള്‍ നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചത് മൂസാനബി(അ)യെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം തൗറാത്ത് സ്വീകരിക്കുവാന്‍ പോയതാണെന്നും ആ വേദഗ്രന്ഥം അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണെന്നും അവര്‍ക്ക് മുമ്പേ അറിയാമായിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരം അവര്‍ക്ക് ലഭിച്ചിട്ട് അധികം കാലം ആയിട്ടുമില്ല. അപ്പോഴേക്കും അവര്‍ വ്യതിചലിച്ചു. ഇതാണ് മൂസാനബി(അ)യുടെ മനസ്സില്‍ കോപവും ദുഃഖവും ഉടലെടുക്കാന്‍ നിമിത്തമായത്. അവര്‍ മൂസാനബി(അ)യില്‍നിന്ന് സ്വീകരിച്ച നേര്‍വഴി പിന്തുടരുന്നതിലൂടെയാണ് അല്ലാഹുവിന്റെ കാരുണ്യവും സഹായവും ലഭിക്കുക എന്നും  അതിന് വിരുദ്ധമായ മാര്‍ഗത്തെ പിന്തുടരുന്നതിലൂടെ അവര്‍ക്ക് അല്ലാഹുവിന്റെ കോപവും ശിക്ഷയും ഇറങ്ങുമെന്നതും അവര്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നതും ഉറപ്പാണല്ലോ. അവര്‍ മൂസാനബി(അ)യുടെ കൂടെ നേര്‍മാര്‍ഗത്തില്‍ ഉറച്ച്‌നില്‍ക്കുമെന്ന് കരാര്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അവരോടുള്ള സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. ആ കരാറുകളെല്ലാം ലംഘിച്ച്, സ്വേച്ഛയെ പിന്തുടരുകയാണ് ആ ജനത ചെയ്തത്.

സൂറത്തുല്‍ അഅ്‌റാഫില്‍ മൂസാ(അ) അവരിലേക്ക് മടങ്ങി വന്നതിനെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് ഇപ്രകാരവും നമുക്ക് കാണാം:

''കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ  അടുത്തേക്ക് വലിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 7:150).

അല്ലാഹുവിങ്കല്‍ നിന്നുള്ള ഗ്രന്ഥം ലഭിക്കുന്നതിന് മുമ്പേ അവരില്‍ നിന്നുള്ള ഒരുത്തന്‍ സ്വയം മെനഞ്ഞുണ്ടാക്കിയ തെറ്റായവഴി സ്വീകരിക്കുവാന്‍ അവര്‍ ധൃതിപ്പെട്ടു. ഹാറൂന്‍ നബി(അ)യുടെ  ഉപദേശങ്ങള്‍ക്ക് അവര്‍ കാത് കൊടുത്തില്ല.

ദുഃഖവും ദേഷ്യവും കാരണം തന്റെ കൈയിലുള്ള തൗറാത്തിന്റെ പലകകള്‍ അദ്ദേഹം താഴെയിട്ടു. എന്നിട്ട് സഹോദരന്‍ ഹാറൂനിന്റെ തലക്കും താടിക്കും പിടിച്ച് അദ്ദേഹത്തിലേക്ക് വലിച്ചു.

മൂസാ(അ) അനുചരന്മാരോട് കൂറെ കാര്യങ്ങള്‍ ചോദിച്ചത് നാം കണ്ടല്ലോ. അതിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

''അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ ( അനേ്യാന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്‍ക്ക്  യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ? മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും എന്റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ, ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 20:87-91).

മൂസാനബി(അ)യോടുള്ള കരാര്‍ അവര്‍ ലംഘിച്ചുവല്ലോ. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെചോദ്യത്തിനുള്ള അവരുടെ പ്രതികരണമാണ് ഈ സൂക്തത്തില്‍ കാണുന്നത്. ഈജിപ്തില്‍ നിന്നും രക്ഷപ്പെടുന്ന സമയത്ത് സ്വര്‍ണവും വെള്ളിയുമടങ്ങുന്ന കുറെ ആഭരണങ്ങളും അലങ്കാരങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. അതെല്ലാം വഹിച്ചു കൊണ്ടാണ് അവര്‍ മൂസാനബി(അ)യുടെ കൂടെ വരുന്നത്. മൂസാനബി(അ) തൗറാത്ത് വാങ്ങാന്‍ പോയ സമയത്ത് ഈ ലോഹങ്ങളെല്ലാം സാമിരി തീയിലിട്ട് ഉരുക്കിഅത് കൊണ്ട് ഒരു പശുക്കുട്ടിയുടെ രൂപം അതിവിദഗ്ധമായി ഉണ്ടാക്കി. ആ രൂപത്തെ കാറ്റിന്റെ ദിശക്കനുസരിച്ച് വെച്ചാല്‍ കാളക്കുട്ടന്‍ മുക്രയിടുന്നപോലെയുള്ള ഒരു ശബ്ദം അതില്‍നിന്ന് വരും. 'ഇതാണ് നിങ്ങളുടെയും മൂസായുടെയും ആരാധ്യന്‍. പക്ഷേ, മൂസാ അതിനെ പറ്റി മറന്നുപോയതാണ്. ഈ ആരാധ്യനെയും തേടിയാണ് മൂസാ പോയത്. ഇതിനെ ഇവിടെ കിട്ടിയ വിവരം മൂസാക്ക് അറിയില്ല' എന്നെല്ലാം പറഞ്ഞ് അവരെ പറ്റിച്ചു; അവരെ വഴികേടിലാക്കി.