സുലൈമാന്‍ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

(ഭാഗം: 01)

ദാവൂദ് നബി(അ)ക്ക് ധാരാളം സന്തതികള്‍ ഉണ്ടായിരുന്നു. അവരില്‍ ഏറെ പ്രത്യേകതകളുള്ള ആളായിരുന്നു സുലൈമാന്‍(അ). അദ്ദേഹത്തിന്റെ നാമം ക്വുര്‍ആനില്‍ പതിനേഴ് തവണ പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഒരു സ്ഥലത്ത് അല്ലാഹു ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്:

''സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി...'' (27:16).

ദാവൂദ് നബി(അ)യില്‍ നിന്ന് സുലൈമാന്‍(അ) അനന്തരമെടുത്തത് എന്താണെന്ന് പറഞ്ഞിട്ടില്ല. ധനമായിരുന്നോ അദ്ദേഹം അനന്തരം എടുത്തത്? ഒരിക്കലുമല്ല! കാരണം, നബിമാര്‍ വിട്ടേച്ചു പോകുന്ന ധനത്തിന്റെ അനന്തരാവകാശം സന്താനങ്ങള്‍ക്ക് ലഭിക്കില്ല; അത് അല്ലാഹു നിയമമാക്കിയതാണ്. നബിﷺ പഠിപ്പിച്ചതായി ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം നമുക്ക് ഇപ്രകാരം കാണാവുന്നതാണ്. ഞങ്ങള്‍ (പ്രവാചകന്മാര്‍) അനന്തരമെടുക്കപ്പെടുന്നവരല്ലെന്നും ഞങ്ങള്‍ ഉപേക്ഷിക്കുന്നത് സ്വദക്വയാണെന്നും അവിടുന്ന് അരുളിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അനന്തരെടുക്കത്തക്ക വിധത്തില്‍ പ്രവാചകന്മാര്‍ സമ്പത്ത് വിട്ടേച്ചു പോകുന്നവരല്ല എന്നര്‍ഥം.

''തീര്‍ച്ചയായും പണ്ഡിതന്മാര്‍ നബിമാരെ അനന്തരമെടുക്കുന്നവരാകുന്നു. തീര്‍ച്ചയായും പ്രവാചകന്മാര്‍ ദിനാറോ ദിര്‍ഹമോ അനന്തരമാക്കി പോകുന്നവരല്ല. നിശ്ചയമായും അവര്‍ അനന്തരമാക്കുന്നത് അറിവിനെയാകുന്നു'' (മിശ്കാത്ത്).

ദാവൂദ് നബി(അ)ക്ക് പതിനെട്ടോളം മക്കളുണ്ടായിരുന്നെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അവരില്‍ സുലൈമാന്‍ എന്ന പുത്രനെ മാത്രം പരാമര്‍ശിച്ചതില്‍ നിന്ന് സമ്പത്തല്ല ഇവിടെ ഉദ്ദേശം എന്ന് വ്യക്തമാണല്ലോ. അതുപോലെ പിതാവ് മരണപ്പെട്ടാല്‍ മക്കള്‍ അനന്തരമെടുക്കുമെന്നതും പ്രത്യേകം എടുത്തു പറയേണ്ടതുമില്ല. അപ്പോള്‍, നബിﷺ വിവരിച്ചത് പോലെ പ്രവാചകന്മാര്‍ ഇവിടെ സമ്പത്ത് അനന്തര സ്വത്തായി ഉപേക്ഷിച്ചു പോകുന്നവരല്ല. അറിവാണ് അവര്‍ വിട്ടേച്ചു പോകുന്നത്. അഥവാ, ദാവൂദ് നബി(അ)യില്‍ നിന്ന് മകന്‍ സുലൈമാന്‍ അനന്തരമെടുത്തത് അറിവിനെയും വിവേകത്തെയുമാണ്. പ്രവാചകത്വ പദവിയും അല്ലാഹു അദ്ദേഹത്തിന് നല്‍കി അനുഗ്രഹിച്ചു.

ഓരോ പ്രവാചകനും വ്യത്യസ്തങ്ങളായ പ്രത്യേകതകള്‍ അല്ലാഹു നല്‍കിയത് നമുക്ക് കാണാന്‍ കഴിയും. അപ്രകാരം സുലൈമാന്‍ നബി(അ)ക്കും അല്ലാഹു ചില പ്രത്യേകതകള്‍ നല്‍കിയിരുന്നു. ക്വുര്‍ആന്‍ അത് സംബന്ധമായി പറയുന്നത് കാണുക:

''സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം'' (27:16).

സുലൈമാന്‍(അ), അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ ജനങ്ങളുടെ മുന്നില്‍ അറിയിക്കുന്നതാണ് ഈ വചനത്തിലൂടെ നാം കാണുന്നത്. അല്ലാഹു അദ്ദേഹത്തിന് പക്ഷികളുടെ സംസാരം പഠിപ്പിച്ചു കൊടുത്തിരുന്നു എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിലെ അംഗങ്ങള്‍  മനുഷ്യര്‍ മാത്രമായിരുന്നില്ല. അല്ലാഹു പറയുന്നു:

''സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു'' (ക്വുര്‍ആന്‍ 27:17).

സൂലൈമാന്‍ നബി(അ)യുടെ സൈന്യത്തില്‍ ജിന്നുകളും മനുഷ്യരും പക്ഷികളും ഉണ്ടായിരുന്നു എന്നാണ് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹു അവന്റെ ഓരോ സൃഷ്ടിക്കും അതിന്റെതായ കഴിവും പ്രകൃതവും നല്‍കിയവനാണ്. അത് അനുസരിച്ച് ഓരോ സൃഷ്ടിയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പല സൃഷ്ടികളും പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. പലതിനെ പറ്റിയും നാം അറിയുന്നു. പലതിനെ പറ്റിയും നാം അജ്ഞരുമാണ്. നമുക്ക് സാധാരണ നിലയില്‍ കാണാന്‍ കഴിയാത്ത ഒരു സൃഷ്ടി അല്ലാഹു അതിന് നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ നമ്മില്‍ ഇടപെടുന്നുണ്ടെന്ന് വിശ്വസിക്കുന്നത് മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ നമ്മില്‍ ഇടപെടാന്‍ സാധിക്കൂ എന്ന വിശ്വാസത്തിന് എതിരല്ല. അഥവാ തൗഹീദിന് വിരുദ്ധമല്ല. മറഞ്ഞ മാര്‍ഗവും തെളിഞ്ഞ മാര്‍ഗവും നാം വേര്‍തിരിക്കേണ്ടത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് നോക്കിയാണ്. 

ജിന്നുകളും മലക്കുകളും അഭൗതികസൃഷ്ടികളാണെന്നും അവര്‍ നമ്മില്‍ ഇടപെടുന്നുണ്ട് എന്ന് വിശ്വസിക്കുന്നത് ശിര്‍ക്ക് ആണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. 'ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തില്ലേ? അത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്താണ്. മുഅ്ജിസത്ത് കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതുമാണ്. അപ്പോള്‍ ജിന്നുകള്‍ കാര്യകാരണ ബന്ധത്തിന് അപ്പുറത്തല്ലേ? അതിനാല്‍ അവര്‍ നമ്മില്‍ ഇടപെടാന്‍ കഴിയും എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാണ്' എന്നാണ് ഇവരുടെ വ്യാഖ്യാനം.

ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തില്‍ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തതിന്റെ കൂട്ടത്തില്‍ ജിന്നുകള്‍ മാത്രമാണോ ഉള്ളത്? പക്ഷികളെയും കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷികള്‍ക്ക് നമ്മില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെടാന്‍ കഴിയും എന്നതില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? എങ്കില്‍ ആ വിശ്വാസവും ശിര്‍ക്കാണെന്ന് പറയേണ്ടിവരില്ലേ? അപ്പോള്‍ ആരാണ് ശിര്‍ക്കില്‍ നിന്ന് മുക്തരാവുക? വിശ്വാസം സ്വന്തമായി ഉണ്ടാക്കി അതിനനുസരിച്ച് പ്രമാണങ്ങളെ വ്യഖ്യാനിക്കുമ്പോള്‍ സംഭവിക്കുന്ന വിവരക്കേടുകളാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

ഇവിടെ സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്ത് ജിന്നുകളെയും മലക്കുകളെയും കീഴ്‌പെടുത്തിക്കൊടുത്തു എന്നതാണ്. അത് സാധാരണ മനുഷ്യര്‍ക്ക് സാധിക്കാത്ത കാര്യമാണല്ലോ. 

സുലൈമാന്‍ നബി(അ) തന്റെ ഈ സൈനികരെയെല്ലാം ഒരുമിച്ച് കൂട്ടുകയും അവരെ എണ്ണി പരിശോധിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു അവരെല്ലാവരും.

ഒരിക്കല്‍ അവര്‍ ഒരു യാത്ര പുറപ്പെട്ടു. ആ യാത്രക്കിടയില്‍ ഉണ്ടായ രണ്ട് സംഭവങ്ങളാണ് നംല് എന്ന അധ്യായത്തില്‍ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നത്. ഈ രണ്ട് സംഭവത്തിലും അത്ഭുതകരമായ ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ യാത്രയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചുകളയാതിരിക്കട്ടെ'' (ക്വുര്‍ആന്‍ 27:18).

സുലൈമാന്‍ നബി(അ) ഉള്‍പെടുന്ന ആ സൈനികവ്യൂഹം യാത്ര പുറപ്പെട്ടു. അങ്ങനെ അവരുടെ യാത്ര ധാരാളം ഉറുമ്പുകളുള്ള ഒരു താഴ്‌വരയില്‍ എത്തി. ആ സന്ദര്‍ഭത്തില്‍ ആ ഉറുമ്പിന്‍ കൂട്ടത്തില്‍ നിന്ന് ഒന്നാണ് തന്റെ ആശങ്ക വിളിച്ചു പറഞ്ഞത്. 

ഉറുമ്പിന്റെ സംസാരം സുലൈമാന്‍(അ) കേട്ടു. അദ്ദേഹത്തിന് കാര്യം മനസ്സിലാകുകയും ചെയ്തു. എന്നാല്‍ മനുഷ്യര്‍ക്ക് അസാധ്യമായ ഈ കഴിവ് അല്ലാഹു തനിക്ക് നല്‍കിയതിന്റെ പേരില്‍ അേദ്ദഹം അഹങ്കരിച്ചില്ല. കേവലം ഒരു ഉറുമ്പിന്റെ സംസാരത്തെ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം ചിന്തിച്ചില്ല.  

ഏതൊരു അനുഗ്രഹം ലഭിക്കുമ്പോഴും അത് നല്‍കിയവനെ ഓര്‍മിക്കലും നന്ദി കാണിക്കലുമാണ് നല്ലവരുടെ ലക്ഷണം. അത് അഹങ്കാരത്തിനോ ദുരഭിമാനത്തിനോ നിമിത്തമാക്കുന്നത് മോശപ്പെട്ടവരുടെ അടയാളമാണ്.

ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ)ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്ന് സുലൈമാന്‍(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്:

''അപ്പോള്‍ അതിന്റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്ക്കും  നീ ചെയ്ത് തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 27:19).

മൂന്നു കാര്യങ്ങള്‍ക്കായാണ് സുലൈമാന്‍(അ) അല്ലാഹുവിനോട് തേടുന്നത്. ഒന്ന്, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ തോന്നിപ്പിക്കാന്‍. രണ്ട്, അല്ലാഹുവിന് തൃപ്തിയുള്ള സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ തോന്നിപ്പിക്കാന്‍. മൂന്ന്, സദ്‌വൃത്തരായ ദാസന്മാരുടെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍.

അല്ലാഹുവാണ് മുഴുവന്‍ അനുഗ്രഹങ്ങളുടെയും ഉടമസ്ഥന്‍. അത് നമ്മുടെ മനസ്സിനെ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്ന വചനമാണ് സൂറത്തുല്‍ ഫാതിഹയിലെ 'അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍' (ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും) എന്നത്. ലോകത്തുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും അവയ്ക്ക് ആവശ്യമായത് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അവനോട് നന്ദികാണിക്കല്‍ അടിമകളുടെ ബാധ്യതയാണ്. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കലും അല്ലാഹുവിന് ഇഷ്ടമുള്ളത് മാത്രം ചെയ്യലുമാണ് യഥാര്‍ഥമായ നന്ദികാണിക്കല്‍. അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ നന്മയില്‍ മാത്രം ഉപയോഗപ്പെടുത്തല്‍ അവയുടെ പേരിലുള്ള നന്ദി പ്രകടിപ്പിക്കലാണ്. 

മനുഷ്യരില്‍ അല്ലാഹുവിന് നന്ദികാണിക്കുന്നവരില്‍ മുന്‍നിരക്കാരാണ് പ്രവാചകന്മാര്‍. അല്ലാഹുവിന് കീഴ്‌പെടുന്ന വിഷയത്തില്‍ അവരോളം ഉയരാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല. ആ പ്രവാചകന്മാരില്‍ ഒരാളായ സുലൈമാന്‍(അ) ആണ് അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ തോന്നിപ്പിക്കണേ എന്ന് പ്രാര്‍ഥിക്കുന്നത്.

'നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‌കേമണമേ' എന്നതാണ് അടുത്ത തേട്ടം. അല്ലാഹുവിന് തൃപ്തിയുള്ള കര്‍മങ്ങള്‍ ചെയ്യലാണല്ലോ നന്ദിയുള്ള അടിമകളുടെ സ്വഭാവം. പ്രവാചകന്മാര്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന കാര്യത്തില്‍ നമുക്ക് സംശയവുമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേകമായ പാപസുരക്ഷിതത്വം നല്‍കപ്പെട്ടവരാണല്ലോ അവര്‍. അതിനാല്‍ തന്നെ തിന്മകളിലേക്ക് ഒരിക്കലും വഴുതി വീഴുന്നതല്ല അവര്‍. അതോടൊപ്പം, അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുന്നതിനായി ധാരാളം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ് അവര്‍. എന്നാലും  അല്ലാഹുവിനോട് അനുസരണ കാണിക്കുന്നതില്‍ വീഴ്ച സംഭവിക്കുമോ എന്ന പേടി അവര്‍ക്കുണ്ടായിരുന്നു. അത് അവരെ കൂടുതല്‍ വിനയാലുക്കളാക്കി. സല്‍കര്‍മനിരതരായി ജീവിക്കുവാന്‍ അവര്‍ ശ്രദ്ധപുലര്‍ത്തി. അതിനായി പ്രാര്‍ഥിച്ചു. നാം ചിന്തിക്കുക; അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന കാര്യത്തില്‍ നാം എത്ര മാത്രം ആഗ്രഹം വെച്ചുപുലര്‍ത്തുന്നുവെന്ന്.

മൂന്നാമതായി അദ്ദേഹം തേടുന്നത് 'നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ' എന്നാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കൂടുതല്‍ സാമീപ്യം അര്‍ഹിക്കുന്നവരാണല്ലോ പ്രവാചകന്മാര്‍. അവര്‍ സ്വര്‍ഗാവകാശികളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും സുലൈമാന്‍ നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നോക്കൂ! മറ്റു പ്രവാചകന്മാരും ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു എന്ന് ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

സുലൈമാന്‍ നബി(അ)യും സൈന്യവും തങ്ങളുടെ സഞ്ചാരപാതയിലൂടെ വരുന്നുണ്ടെന്ന് ആ ഉറുമ്പുകള്‍ക്ക് മനസ്സിലായല്ലോ. അദ്ദേഹത്തിന്റെ പേര് പോലും മനസ്സിലായിട്ടുണ്ട് എന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. 

ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടു എന്നതും ഉറുമ്പ് അവരെക്കുറിച്ച് മനസ്സിലാക്കി എന്നതും ക്വുര്‍ആന്‍ വ്യക്തമാക്കിയതാണെങ്കിലും ചില മതയുക്തിവാദികള്‍ക്ക് അത് വിശ്വസിക്കാന്‍ സാധിക്കാത്ത ഒന്നാണ്. അല്ലാഹുവിന്റെ വചനങ്ങളില്‍ പലതിനെയും നേര്‍ക്കുനേര്‍ അംഗീകരിക്കാന്‍ മനസ്സ് വരാത്ത ഇക്കൂട്ടര്‍ ഈ സംഭവത്തെയും അവരുടെ പരിമിതമായ ബുദ്ധികൊണ്ട് ദുര്‍വ്യാഖ്യാനിച്ച് തള്ളിക്കളയുകയാണ് ചെയ്യുന്നത്. 

ഉറുമ്പുകള്‍ സംസാരിച്ചു എന്നതും സുലൈമാന്‍ നബി(അ)യുടെയും പട്ടാളത്തിന്റെയും വരവ് അവ മനസ്സിലാക്കി എന്നതും ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറല്ല. അതിനാല്‍ തന്നെ ക്വുര്‍ആനിന്റെ വ്യക്തമായ ഈ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉറുമ്പിന്റെ താഴ്‌വര (വാദിന്നംല്) എന്ന ക്വുര്‍ആനിലെ പ്രയോഗെത്ത അവിടുത്തെ ഒരു പ്രദേശത്തിന്റെ പേരായി അവര്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. 

ഉറുമ്പ് എന്താണ് പറഞ്ഞത് എന്ന് അല്ലാഹു വ്യക്തമാക്കിയതാണ്. ഉറുമ്പ് സംസാരിക്കുക, ഉറുമ്പ് കാര്യങ്ങള്‍ ഗ്രഹിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവരുടെ ബുദ്ധിക്കും യുക്തിക്കും ഉള്‍കൊള്ളുവാന്‍ കഴിയുന്നില്ല. അതിനാല്‍ ഉറുമ്പ് സംസാരിച്ചു എന്നതിന് 'നംലത്ത് ഗോത്രക്കാരിയായ ഒരു പെണ്ണ് പറഞ്ഞു' എന്ന് ഇവര്‍ ദുര്‍വ്യാഖ്യാനിച്ചു. അതിലെ വിഡ്ഢിത്തം അവര്‍ കാണാതെ പോയി. ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചുകളയാതിരിക്കട്ടെ' എന്നാണല്ലോ ഉറുമ്പ് പറഞ്ഞത്. നംലത്ത് ഗോത്രക്കാരിയായ പെണ്ണിന്റെ വാക്കാണിതെങ്കില്‍ എന്തായിരിക്കും ഇതിന്റെ ആശയം? സുലൈമാന്‍ നബി(അ)യുടെയും കൂടെയുള്ളവരുടെയും കണ്ണില്‍ പെടാത്തതിനാല്‍ ചവിട്ടിയരക്കപ്പെടും വിധം ചെറിയ മനുഷ്യരായിരുന്നു നംലത്ത് ഗോത്രക്കാരെന്ന്! ബുദ്ധിയുള്ളവര്‍ ചിന്തിക്കുക. 

അല്ലാഹുവിന്റെ വചനങ്ങള്‍ നബിﷺ അനുചരന്മാര്‍ക്ക് ഓതിക്കേള്‍പിച്ചപ്പോള്‍ അല്‍പം പോലും സംശയമില്ലാതെ അവര്‍ അത് സ്വീകരിക്കുകയും ഉള്‍കൊള്ളുകയുമാണ് ചെയ്തത്. അതാണ് സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ ചെേയ്യണ്ടത്.