യാഥാര്‍ഥ്യമായ സ്വപ്‌നം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഏപ്രില്‍ 14 1439 റജബ് 27

(യൂസുഫ് നബി(അ): 9)

തങ്ങളുടെ ചില മുന്‍കാല ചെയ്തികള്‍ വെളിച്ചത്തായെന്ന് ബോധ്യമായ മക്കള്‍ പിതാവിന്റെ മുന്നില്‍ കുറ്റം ഏറ്റു പറയുകയും അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ പൊറുത്തു തരുന്നതിനായി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

''അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു  വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കണേ. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു'' (ക്വുര്‍ആന്‍ 12:97).

''അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക്  വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (12:98).

മക്കളുടെ എല്ലാ ചെയ്തികളും പൊറുത്തു കിട്ടാനായി അല്ലാഹുവിനോട് തേടാം എന്ന് മക്കള്‍ക്ക് യഅ്ക്വൂബ്(അ) വാക്ക് കൊടുക്കുകയും ചെയ്തു. തേടുന്നു എന്നല്ല തേടാം എന്നാണല്ലോ പിതാവ് അവരോട് പറഞ്ഞത്. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

തേട്ടം രാവിന്റെ അന്ത്യയാമത്തിലേക്ക് നീട്ടിവെച്ചു എന്നതാണ് അതിലൊന്ന്. ഈ സമയത്തെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണല്ലോ. (അത്താഴത്തിന് എഴുന്നേല്‍ക്കുന്ന വേളയിലെല്ലാം നമുക്ക് ഈ സമയം ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. പലരും അത്താഴം കഴിച്ച് ഫജ്‌റിന്റെ ബാങ്കിന് അല്‍പം സമയം ഉണ്ടെങ്കില്‍ ആ സമയം ഉറങ്ങാന്‍ കിടക്കുകയാണ് ചെയ്യാറുള്ളത്. വിലപ്പെട്ട സമയം പാഴാക്കലാണത്.)

അല്ലാഹു നമ്മോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്ന സമയമാണ് അതെന്നും, എന്നിട്ട് പശ്ചാത്തപിക്കുന്നവരായി ആരെങ്കിലുമുണ്ടോ, ഞാന്‍ അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ് എന്നും ചോദിക്കുന്നവര്‍ക്ക് നല്‍കാമെന്നും, പാപമോചനം നടത്തുന്നവര്‍ക്ക് പൊറുത്തുകൊടുക്കാമെന്നും പറയുമെന്ന് നബി ﷺ അറിയിച്ചതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ഇറക്കത്തെ സംബന്ധിച്ച് മറ്റൊന്നിനോട് ഉപമിക്കാതെ, നിഷേധിക്കാതെ, വ്യഖ്യാനിക്കാതെ, പഠിപ്പിക്കപ്പെട്ടത് പോലെ വിശ്വസിക്കുക എന്ന അഹ്‌ലുസ്സുന്നയുടെ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. 

മക്കള്‍ക്കായുള്ള പാപമോചന തേട്ടം യഅ്ക്വൂബ്(അ) ശ്രേഷ്ഠമായ സമയത്തേക്ക് നീട്ടി വെച്ചു. ഇപ്രകാരം ഒരു വ്യാഖ്യാനം നമുക്ക് കാണാന്‍ കഴിയും. അല്ലാഹുവാണ്  നന്നായി അറിയുന്നവന്‍.

യൂസുഫ്(അ) പിതാവിന്റെ മുഖത്തിടാനായി കൊടുത്തയച്ച കുപ്പായം, ഇബ്‌റാഹീം(അ)നെ അഗ്‌നിയിലേക്ക് എറിഞ്ഞത് നഗ്‌നനാക്കിയിട്ടാണെന്നും അഗ്‌നിയില്‍ കിടക്കുന്ന ഇബ്‌റാഹീം(അ)നെ സ്വര്‍ഗത്തില്‍ നിന്നുള്ള പട്ടിനാലുള്ള ഒരു വസ്ത്രം കൊണ്ടു വന്ന് ജിബ്‌രീല്‍(അ) ധരിപ്പിച്ചുവെന്നും, അഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആ കുപ്പായം പുത്രന്‍ ഇസ്ഹാക്വിന് കൈമാറി എന്നും, ഇസ്ഹാക്വ്(അ) തന്റെമകനായ യഅ്ക്വൂബ്(അ)ന് അത് കൈമാറി എന്നും, ആ കുപ്പായം ഒരും ഐക്കല്ല് പോലെ യൂസുഫ്(അ)ന്റെ കഴുത്തില്‍ കെട്ടി വെച്ചിരുന്നുവെന്നും, പിന്നീട് കിണറ്റില്‍ എറിയപ്പെട്ട വേളയില്‍ ജിബ്‌രീല്‍(അ) വന്ന് യൂസുഫ്(അ)നെ ധരിപ്പിച്ച കുപ്പായമാണ് ഇത് എന്നുമൊക്കെയുള്ള ഒരു കെട്ടു കഥ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണിത്. ഐക്കല്ലും ഉറുക്കും മറ്റും കെട്ടിത്തൂക്കുന്നതിനുള്ള തെളിവായി ഈ കെട്ടുകഥയെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇതു സംബന്ധമായി യാതൊരു തെളിവും ഇല്ല.

യൂസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞത് പോലെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ഒന്നടങ്കം ഈജിപ്തിലേക്ക് പുറപ്പെട്ടു.

''അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക'' (12:99).

എത്രയോ കാലമായി കാണാന്‍ കഴിയാതെ പോയ ഉപ്പയെയും ഉമ്മയെയും ഈജിപ്തിന്റെ മന്ത്രിക്ക് കാണാന്‍ അവസരം വന്ന ദിവസം! സ്വാഭാവികമായും അന്ന് ഈജിപ്തില്‍ ഏറെ ആഹഌദം ഉണ്ടായിട്ടുണ്ടാകാം. കാരണം, ദൂര ദേശത്തു നിന്നും പ്രിയപ്പെട്ട മന്ത്രിയുടെ മാതാപിതാക്കള്‍ വരുന്ന ദിവസമാണല്ലോ അത്.

മാതാപിതാക്കളെ കണ്ടപാടെ സ്‌നേഹത്തോടെ യൂസുഫ്(അ) തന്നിലേക്ക് ഇരുവരെയും അണച്ചു പിടിച്ചു. എല്ലാവര്‍ക്കും അവിടെ നിര്‍ഭയത്തമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്‌നം പുലര്‍ന്നതാണിത്. എന്റെ  രക്ഷിതാവ് അതൊരു യാഥാര്‍ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (12:100).

ഇവിടെ യൂസുഫിന്റെ മുമ്പില്‍ അവര്‍ നടത്തിയ സുജൂദ് ആരാധനയുടെ സുജൂദല്ല. സുജൂദ് രണ്ട് വിധത്തിലുണ്ട്.

ഒന്ന്, ആരാധനയുടെ സുജൂദ്. ഇത് അല്ലാഹുവിന്റെ മുന്നിലേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ഇത് ചെയ്യുന്നത് ഹറാമാണ്, ശിര്‍ക്കാണ്.

രണ്ട്, ബഹുമാനത്തിന്റെയും അഭിവാദ്യത്തിന്റെയും സുജൂദ്. ഉപചാരത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം സൂജൂദ് ഇബാദത്തിന്റെ പരിധിയില്‍ വരാത്തതാണ്. ഈ സുജൂദ് ചെയ്യുന്നവന്റെ മനസ്സില്‍ അങ്ങേയറ്റത്തെ വിനയമോ താഴ്മയോ പ്രകടമാകാത്തതിനാല്‍ അത് ഇബാദത്തിന്റെ ഗണത്തില്‍ പെടുത്തിക്കൂടാ. ഇന്നാല്‍ ഇത് പോലും മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് നിഷിദ്ധമാക്കിയിട്ടുണ്ട്.

യമനില്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ട മുആദ്(റ) നബി ﷺ യുടെ സന്നിധിയില്‍ എത്തി. നബി ﷺ യെ കണ്ടപ്പോള്‍ അദ്ദേഹം സുജൂദ് ചെയ്തു. ഇത് എന്താണെന്ന് മുആദ്(റ)നോട് നബി ﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'നബിയേ, അവിടത്തുകാര്‍ അവരുടെ രാജാക്കന്മാര്‍ക്ക് അവരെ ബഹുമാനിച്ച് സാഷ്ടാംഗ പ്രണാമം ചെയ്യാറുണ്ട്. എനിക്ക് അപ്രകാരം സുജൂദ് ചെയ്യാന്‍ അര്‍ഹന്‍ അവിടുന്നാണ്.' നബി ﷺ അത് വിലക്കി. എന്നിട്ട് പറഞ്ഞു: 'അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ ഭര്‍ത്താവിന് മുന്നില്‍ ഭാര്യയോട് സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുക തന്നെ ചെയ്യുമായിരുന്നു.' ഇത് സ്വഹീഹായി വന്നിട്ടുള്ള ഒരു നബിവചനമാണ്. ഭാര്യ ഭര്‍ത്താവിന് മുന്നില്‍ ബഹുമാനത്തിന്റെ ഭാഗമായി സുജൂദ് ചെയ്യുന്നത് പോലും വിലക്കിയിട്ടുണ്ട് എന്നര്‍ഥം.

എല്ലാവരും യൂസുഫ്(അ)ന് മുന്നില്‍ സുജൂദ് ചെയ്തപ്പോള്‍ അദ്ദേഹം മുമ്പ് കണ്ട സ്വപ്‌നത്തെ പിതാവിനോട് ഓര്‍മിപ്പിക്കുകയും അല്ലാഹു അദ്ദേഹത്തിന് ചെയ്ത അനുഗ്രഹങ്ങളെ എടുത്തു പറയുകയും ചെയ്തു:

''(യൂസുഫ് പ്രാര്‍ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കു കയും ചെയ്യേണമേ'' (12:101).

ഏറ്റവും വലിയ വിജയം മുസ്‌ലിമായി മരിക്കലും നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കലുമാണല്ലോ. അതിന് വേണ്ടിയാണ് പ്രവാചകനായ യൂസുഫ്(അ) പ്രാര്‍ഥിച്ചത്. അപ്രകാരം നാം ഓരോരുത്തരും പ്രാര്‍ഥിക്കുകയും വേണം. 

(യൂസുഫ് നബി(അ)യുടെ ചരിത്രം അവസാനിച്ചു)