പരാജയപ്പെട്ട ജാലവിദ്യ

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

(മൂസാനബി(അ): 10)

അങ്ങനെ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ സത്യം ആരുടെ ഭാഗത്താണ് എന്നത് തെളിയിക്കാന്‍ പോകുകയാണ്. അതിന് മുമ്പ് ഒന്നുകൂടെ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലത്തെ കുറിച്ച് ചോദിച്ച് ഉറപ്പ് വരുത്തി:

''അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 26:41,42).

വിജയം ഉറപ്പിച്ച മട്ടില്‍ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട്, ഞങ്ങള്‍ ജയിച്ചാല്‍ വാഗ്ദാനം നിറവേറ്റുമല്ലോ എന്ന് ചോദിച്ചു. അതെ, എന്നു മറുപടി നല്‍കി. കൊട്ടാരത്തില്‍ എന്റെ ഏറ്റവും വലിയ അടുപ്പം സിദ്ധിക്കുന്നവരില്‍ നിങ്ങള്‍ ആയിരിക്കുകയും ചെയ്യും. ഒരു രാജാവില്‍ നിന്ന് ലഭിക്കുന്ന മുന്തിയ വാഗ്ദാനമാണല്ലോ ഇത്.  ഈ സ്ഥാനത്ത് എത്തിപ്പെട്ടാല്‍ പിന്നെ ഏത് ആവശ്യവും നേടുകയും ചെയ്യാം. ഫിര്‍ഔനില്‍ നിന്നുള്ള മോഹിപ്പിക്കുന്ന വാഗ്ദാനം കേട്ട് നില്‍ക്കുന്ന ആ ജാലവിദ്യക്കാരോട് മൂസാ(അ) പറഞ്ഞു:

''...നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 20:61).

അല്ലാഹുവിന്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി അല്ലാഹു നല്‍കിയ തെളിവുകളെ മൂസാ(അ) അവര്‍ക്ക് മുന്നില്‍ കാണിച്ചപ്പോള്‍ അവയെ നിഷേധിക്കുന്നതിനായി സ്വയം നിര്‍മിതമായ സിഹ്‌റ് ചെയ്യുവാനാണ് അവര്‍ മുതിരുന്നത്. അത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടി ചമക്കലാണല്ലോ. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവരെ അല്ലാഹു ഉന്മൂലനം ചെയ്യുമെന്ന മൂസാ(അ)യുടെ ഈ താക്കീതിന്റെ സ്വരം അവരില്‍ വലിയ അങ്കലാപ്പും ഭീതിയും ഉണ്ടാക്കി.

''(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു'' (ക്വുര്‍ആന്‍ 20:62).

അവര്‍ക്കിടയില്‍ പരസ്പരം സംസാരം നടന്നു. മത്സരം വേണോ? പിന്മാറണോ? പ്രതിസന്ധികളുടെ വേളയില്‍ തങ്ങളുടെ ഭീതിയും ധൈര്യമില്ലായ്മയും ഭിന്നതയും എല്ലാം മറച്ചുവെച്ച് ധൈര്യം പ്രകടിപ്പിക്കുകയും തങ്ങള്‍ ഐക്യത്തിലാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യല്‍  സത്യത്തിന്റെ വൈരികളുടെ സ്ഥിരം അടവാണല്ലോ. അവരും അത് പുറത്തെടുത്തു:

''(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക'' (ക്വുര്‍ആന്‍ 20:63,64).

നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിക്കൂടാ. നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുക. മൂസായുടെ മുന്നില്‍ പതറരുത്. മികവ് തെളിയിക്കുക. വിജയിക്കും... ഇത്തരത്തിലുള്ള വാക്കുകള്‍ അവരില്‍ ആവേശം പകര്‍ന്നു. അതില്‍ വഞ്ചിതരായ ആ ജാലവിദ്യക്കാര്‍ മൂസാനബി(അ)നോട് പറയുന്നത് നോക്കൂ:

''...ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌കൊള്ളുക'' (ക്വുര്‍ആന്‍ 20:65,66).

പേടി ഉള്ളിലൊതുക്കി ധൈര്യം പുറത്തേക്ക് പ്രകടമാക്കിയായിരുന്നു ജാലവിദ്യക്കാരുടെ വാക്കുകള്‍. എന്നാല്‍ മൂസാ(അ) ഒട്ടും കൂസലില്ലാതെ, ഉള്ളിലും പുറത്തും നിറഞ്ഞ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ കരുത്തു തന്നെ.

''അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ. അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച. സത്യത്തെ അവന്റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ഥമാക്കിത്തീര്‍ക്കുന്നതാണ്. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി'' (ക്വുര്‍ആന്‍ 10:80-82).

''മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക്  ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടുവന്നത്'' (ക്വുര്‍ആന്‍ 7:116).

ജാലവിദ്യക്കാര്‍ ഇടാനുള്ളവയെല്ലാം ഇട്ടു. അവ കാണികള്‍ക്ക് ചലിക്കുന്നതായി അനുഭവപ്പെട്ടു. ഇത്തരം ചെപ്പടി വിദ്യകള്‍ക്കൊന്നും സ്ഥായീഭാവമില്ലെന്നും അത് നശിക്കുന്നതാണെന്നും അല്ലാഹു അവയെ തകര്‍ത്ത് സത്യത്തെ വിജയിപ്പിക്കുന്നതാണെന്നും മൂസാ(അ) പറഞ്ഞു.അദ്ദേഹത്തിന് പോലും അവരുടെ കയറുകളും വടികളും ചലിക്കുന്നതായി തോന്നി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

''അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്റെ  മനസ്സില്‍ ഒരു പേടി തോന്നി'' (ക്വുര്‍ആന്‍ 20:66,67).

ജാലവിദ്യക്കാരുടെ വടിയും കയറുമെല്ലാം ഇഴയുന്നതായി കണ്ടപ്പോള്‍ മാനുഷികമായ ഒരു പേടിമൂസാ(അ)ന് ഉണ്ടായി. തനിക്ക് തന്നെയായിരിക്കും വിജയം ലഭിക്കുക എന്നത് മൂസാ(അ)ന് ശരിക്കും അറിയാമായിരുന്നു.  ജനങ്ങളില്‍ ഈ ജാലവിദ്യക്കാരുടെ ചെപ്പടിവിദ്യ സ്വാധീനം ചെലുത്തുമോ, അല്ലെങ്കില്‍ ശേഷം തന്നിലൂടെ പ്രകടമാകാന്‍ പോകുന്ന കാര്യത്തിന് കാത്തുനില്‍ക്കാതെ ജനം തെറ്റുധരിച്ചേക്കുമോ എന്നൊക്കെയാണ് മൂസാ(അ) പേടിച്ചത്. അതല്ലാതെ തന്റെ കാര്യത്തില്‍ യാതൊരു ഭീതിയും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ സഹായം തന്നില്‍ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ച ആളായിരുന്നു മൂസാ(അ).

അല്ലാഹു മൂസാ(അ)നെ സാന്ത്വനപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ''...പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍. നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല'' (ക്വര്‍ആന്‍ 20:68,69).

ജാലവിദ്യക്കാര്‍ അവരുടെ വടിയും കയറുമെല്ലാം ഇട്ടു കഴിഞ്ഞു. ഇനി മൂസാനബി(അ)ന്റെ ഊഴമാണല്ലോ. അതിനായി അദ്ദേഹത്തിന് അല്ലാഹുവിന്റെ കല്‍പന ലഭിക്കുകയാണ്:

''മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു'' (ക്വുര്‍ആന്‍ 7:117).

ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍ കൃത്രിമമായി നിര്‍മിച്ചവയെയെല്ലാം നിമിഷനേരം കൊണ്ട് മൂസാനബി(അ)ന്റെ പാമ്പ് വിഴുങ്ങി. അല്ലാഹു നല്‍കിയ വാഗ്ദാനം അത് അവന്‍ ലംഘിക്കില്ലല്ലോ.

''അങ്ങനെ സത്യം സ്ഥിരപ്പെടുകയും അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു. അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും അവര്‍ നിസ്സാരന്മാരായി മാറുകയും ചെയ്തു'' (ക്വുര്‍ആന്‍ 7:118,119).

സത്യം വിജയിച്ചു. പരാജിതരായ ജാലവിദ്യക്കാര്‍ വലിയ ജനക്കൂട്ടത്തിനു മുന്നില്‍ അപമാനിതരാവുകയും ചെയ്തു. ജാലവിദ്യ നന്നായി പഠിച്ച അവര്‍ക്ക് മൂസാ(അ)ലൂടെ സംഭവിച്ചത് ജാലവിദ്യയല്ലെന്ന് ബോധ്യമാകുകയും ചെയ്തു.

സത്യം വെളിപ്പെട്ടു കഴിഞ്ഞാല്‍ അത് സ്വീകരിക്കുകയാണല്ലോ വേണ്ടത്. സത്യം മനസ്സിലാക്കിയതിന് ശേഷം അവയോട് പുറംതിരിയുന്നവര്‍ അപമാനിതരില്‍ അപമാനിതരാണ്. ജാലവിദ്യക്കാര്‍ക്ക് സത്യം മനസ്സിലായി. ആ സമയം അവിടെ വലിയ ഒരു തിരുത്ത് കുറിക്കപ്പെടുകയാണ്.

അടുത്ത നിമിഷം വരെ ഫിര്‍ഔനിന് വേണ്ടി സംസാരിച്ചവര്‍, മൂസാനബി(അ)നെ കളവാക്കിയവര്‍, വെല്ലുവിളിച്ചവര്‍... സത്യം മനസ്സിലായപ്പോള്‍ ഒന്നും ആലോചിച്ചില്ല. അവര്‍ ഭാവിയില്‍ എന്തെല്ലാം സംഭവിക്കുമെന്നൊന്നും ചിന്തിച്ചില്ല. സത്യത്തെ പുല്‍കുവാന്‍ അവര്‍ തയ്യാറായി. ക്വുര്‍ആന്‍ ആ രംഗം വിവരിക്കുന്നത് കാണുക:

''ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂനിന്റെയയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 20:70).

അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍'' (ക്വുര്‍ആന്‍ 26:4648).

''അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍'' (ക്വുര്‍ആന്‍ 7:120-122).

ഒരാളുടെ വിശ്വാസത്തെ മറ്റൊരാള്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ലല്ലോ. ആ വിശ്വാസത്തിന് എതിരായ സമീപനം സ്വീകരിക്കുന്നവര്‍ സ്വാര്‍ഥരും ദേഹേച്ഛകള്‍ക്ക് സ്ഥാനം നല്‍കുന്നവരുമായിരിക്കും.

മൂസാനബി(അ)യിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ സുജൂദില്‍ വീണു. ഫിര്‍ഔന്‍ അടക്കമുള്ള പ്രമാണിമാരും നേതാക്കന്മാരും നോക്കി നില്‍ക്കെ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഫിര്‍ഔന്‍ ഞെട്ടി. തന്റെ ചെലവില്‍ ഒരുമിച്ചു കൂടിയ ജാലവിദ്യക്കാര്‍, തൊട്ടു മുമ്പുള്ള നിമിഷം വരെ തന്റെ റാന്‍ മൂളികളായിരുന്നവര്‍,  തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങിയിരുന്നവര്‍, ഇപ്പോള്‍ ഇതാ തന്റെ ഒരു നിര്‍ദേശവും കിട്ടാതെ നിലപാട് മാറ്റിയിരിക്കുന്നു. തന്നെ തള്ളിപ്പറയുകയും ലോകരക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കോപാകുലനായ ഫിര്‍ഔന്‍ അവരോട് ഇപ്രകാരം ചോദിച്ചു:

''...ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക്  മനസ്സിലാകുകയും ചെയ്യും'' (ക്വുര്‍ആന്‍ 20:71).

''അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍ വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 26:49).

''ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. നിങ്ങളുടെ കൈകളും കാലുകളും എതിര്‍ശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച'' (ക്വുര്‍ആന്‍ 7:123,124).

ഫിര്‍ഔന്‍ കോപിഷ്ടനായി നില്‍ക്കുകയാണ്. എന്റെ ചെലവില്‍, എന്റെ കൊട്ടാരത്തില്‍ വന്ന് എന്റെ കല്‍പനക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന് പകരം സ്വന്തമായ തീരുമാനം എടുത്ത് മൂസായില്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ. സമ്മതിക്കില്ല.

വിശ്വാസം ആത്മാര്‍ഥമാണെങ്കില്‍ അതില്‍നിന്ന് ഒരാളെയും പിന്തിരിപ്പിക്കുക സാധ്യമല്ല. അതാണ് ഇവിടെ നാം കാണുന്നത്. ഫിര്‍ഔനിന്റെ അധികാര സ്വരത്തിനോ, അവന്‍ നല്‍കുന്ന വലിയ സൗകര്യങ്ങള്‍ക്കോ ഒന്നും അവര്‍ യാതൊരു വിലയും കല്‍പിച്ചില്ല. ഒരു സ്വേച്ഛാധിപതിക്ക് എങ്ങനെ ഇത് സഹിക്കാനാവും?

പ്രമാണങ്ങള്‍ക്ക് മാത്രമെ നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകള്‍ സ്ഥാനം നല്‍കുകയുള്ളൂ. ആ പ്രമാണം സത്യമാണെന്ന് മനസ്സിലായപ്പോള്‍ ജാലവിദ്യക്കാര്‍ ഒന്നടങ്കം മൂസാ(അ)യിലും ഹാറൂന്‍(അ)ലും വിശ്വസിച്ചു. ഫിര്‍ഔനിന് പ്രാമാണികമായി ഒന്നും പറയാനില്ലാതെയായി. അവസാനം 'ജാലവിദ്യക്കാര്‍ക്കെല്ലാം ജാലവിദ്യ പഠിപ്പിച്ചുതന്ന വലിയ ഗുരുവാണ് മൂസാ. എല്ലാവരും ഒത്തു കളിച്ചതാണ്' എന്നു പറഞ്ഞ് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. മൂസാ(അ) ആ ജാലവിദ്യക്കാര്‍ക്ക് ജാലവിദ്യ പഠിപ്പിച്ച് കൊടുത്തിട്ടില്ല എന്ന് ഫിര്‍ഔനിന് അറിയാം. കാരണം, എത്രയോ കൊല്ലം മുമ്പ് ഒരു കൊലപാതകത്തിന്റെ പേരില്‍ പേടിച്ച് ഈജിപ്തില്‍ നിന്നും മദ്‌യനിലേക്ക് പോയ ആളാണ് മൂസാ(അ). പിന്നീട് ഈജിപ്തിലേക്ക് വന്നത് ഭാഷ പോലും നന്നായി വശമല്ലാത്തവനായിട്ടാണ്. മാത്രവുമല്ല, ഈ ജാലവിദ്യക്കാരെ അതിന് മുമ്പ് പരിചയപ്പെടുവാനുള്ള സാധ്യതയും ഇല്ല. എന്നാലും ഫിര്‍ഔന്‍ കളവ് പറഞ്ഞു.

പിന്നെ അധികാര സ്വരം മുഴക്കി. മൂസായുടെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍ ദിശകളില്‍ നിന്നായി മുറിച്ച് മാറ്റി, ഈത്തപ്പനയില്‍ നിങ്ങളെ ഞാന്‍ ആണി അടിച്ച് ക്രൂശിച്ച് കൊന്നുകളയും. വിശ്വാസം രൂഢമൂലമല്ലെങ്കില്‍ ആരും പതറിപ്പോകുന്ന ഭീഷണി. എന്നാല്‍ ആ ഭീഷണിക്കൊന്നും യാതൊരു മാറ്റവും അവരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ സധീരം ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു:

''അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച്‌കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമെ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും. തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. അതായത് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം'' (ക്വുര്‍ആന്‍ 20:72-76).

''അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു. ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു'' (ക്വുര്‍ആന്‍ 26:50,51).

''അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 7:125.126).

അല്ലാഹുവിലുള്ള ശരിയായ വിശ്വാസമണല്ലോ ജീവിതത്തില്‍ നിര്‍ഭയത്വം നല്‍കുന്നത്. ആ നിര്‍ഭയത്വം അവര്‍ ഫിര്‍ഔനിന് നല്‍കിയ മറുപടിയില്‍ മുഴച്ച് കാണാം. അല്ലാഹുവിനെക്കാളും അവന്‍ ഇറക്കിയ തെളിവുകളെക്കാളും വലിയ സ്ഥാനം നിനക്ക് ഞങ്ങള്‍ കാണുന്നില്ല. നീ ഭീഷണി മുഴക്കി പറഞ്ഞ ശിക്ഷയൊക്കെ നിനക്ക് ഇഹലോകത്ത് വെച്ചല്ലേ നല്‍കാന്‍ കഴിയൂ. അതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ പേടിയില്ല. നിനക്ക് വിധിക്കാം. നിനക്ക് വധിക്കാം. ഞങ്ങള്‍ പിന്‍മാറുവാന്‍ തയ്യാറല്ല തന്നെ. ഞങ്ങള്‍ ഞങ്ങളുടെ റബ്ബില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അവനിലേക്കാണ് മടക്കപ്പെടുന്നത്. അവന്‍ ഞങ്ങള്‍ക്ക് എല്ലാം പൊറുത്തു തരണം എന്ന് ഞങ്ങള്‍ ആശിക്കുന്നു. ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചു എന്നതല്ലാത്ത വേറൊരു പാതകവും നിനക്ക് ഞങ്ങളില്‍ പറയുവാനും ഇല്ല. അതിന്റെ കാരണത്താല്‍ നീ ഞങ്ങളെ ശിക്ഷിക്കുന്നുവെങ്കില്‍ നിനക്ക് ശിക്ഷിക്കാം. ഞങ്ങള്‍ പിന്മാറുന്ന പ്രശ്‌നമില്ല...എന്നെല്ലാം അവര്‍ ധൈര്യസമേതം തുറന്നു പറഞ്ഞു. 

ഭീഷണി മുഴക്കിയത് രാജാവായ ഫിര്‍ഔനാണ്. തൂന്റ തീരുമാനം നടപ്പില്‍ വരുത്തന്നതിന് യാതൊരു മടിയും വിഷമവും ഇല്ലാത്തവന്‍. ഫിര്‍ഔന്‍ എന്താണ് അവരെ ചെയ്തതെന്ന് ക്വുര്‍ആന്‍ വിശദമാക്കുന്നില്ല. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) പറയുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''പകലിന്റെ തുടക്കത്തില്‍ അവര്‍ ജാലവിദ്യക്കാരും അതിന്റെ അവസാനത്തില്‍ അവര്‍ പുണ്യവാളന്മാരായ രക്തസാക്ഷികളും ആയി.'' ഫിര്‍ഔന്‍ അവരെ ഒന്നും ചെയ്യാതെ ഒഴിവാക്കി എന്ന് പറയുന്ന റിപ്പോര്‍ട്ടും കാണാവുന്നതാണ്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

മൂസാ(അ) പ്രവാചകനാണെന്ന് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ ഒന്നടങ്കം അല്ലാഹുവില്‍ വിശ്വസിച്ചു. എന്നാല്‍ ഫിര്‍ഔനും അവന്റെ പ്രമാണിമാരും മറ്റും അവരുടെ അവിശ്വാസത്തിലും അഹങ്കാരത്തിലും നിലയുറപ്പിച്ചുകൊണ്ടേയിരുന്നു.

ജാലവിദ്യക്കാരുടെ വിശ്വാസ മാറ്റം ഫിര്‍ഔനിലും അവന്റെ അനുയായികളിലും വരുത്തിയ ജാള്യത ചില്ലറയായിരുന്നില്ല. ഈ മാനക്കേട് മറച്ച് വെക്കുന്നതിനായി ഫിര്‍ഔന്‍ അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിച്ചു. അവന്റെ സില്‍ബന്ദികള്‍ അതിന് പ്രോത്സാഹനവും നല്‍കി.

''ഫിര്‍ഔനിന്റെ  ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളെയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്‌റാഈല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വാധിപത്യമുള്ളവരായിരിക്കും'' (ക്വുര്‍ആന്‍ 7:127).

ഫിര്‍ഔനിന്റെ പല ഔദാര്യങ്ങളും പറ്റി ജീവിക്കുന്ന അവന്റെ സില്‍ബന്ദികള്‍ ഫിര്‍ഔനിനെ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന രൂപത്തില്‍ സംസാരിക്കാന്‍ തുടങ്ങി. മൂസായെയും അവന്റെ ആളുകളെയും വെറുതെ വിടുകയാണോ? അവര്‍ നമ്മുടെ നാട്ടില്‍ കുഴപ്പം ഉണ്ടാക്കും. അവര്‍ അവരുടെ മതം ഇവിടെ പ്രചരിപ്പിക്കും. അവര്‍ക്ക് അതിലൂടെ ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതായി തീരും. അങ്ങനെ ഈജിപ്തിന്റെ മുക്കുമൂലകളില്‍ വലിയ ജനസംഖ്യ അവര്‍ സൃഷ്ടിച്ചെടുക്കും. അങ്ങയുടെ നാട്ടില്‍ താങ്കളെയും താങ്കളുടെ ആരാധ്യരെയും (ഈജിപ്തുകാര്‍ ഫിര്‍ഔനിന് പുറമെ, അവന്‍ തന്നെ അവര്‍ക്ക് നിശ്ചിയച്ചു കൊടുത്ത ചില ആരാധ്യരെ ആരാധിച്ചിരുന്നു. സൂര്യന്‍ അതില്‍ ഉള്‍പെടും. സൂര്യനെ അവര്‍ ആരാധിക്കുകയും ചെയ്തിരുന്നു. പശുക്കളെയും അവര്‍ ആരാധ്യവസ്തുവായി സ്വികരിച്ചിരുന്നു. ഇതാണ് 'താങ്കളുടെ ആരാധ്യര്‍' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. അതല്ല താങ്കളെയും താങ്കളെ ആരാധിക്കുന്ന സ്വഭാവത്തെയും ഒഴിവാക്കുവാന്‍ പറയുന്ന മൂസായെയും അവന്റെ കൂടെയുള്ളവരെയും ഇവിടെ കുഴപ്പം ഉണ്ടാക്കുന്നതിന് വെറുതെ വിടുകയാണോ എന്നുമാകാം അര്‍ഥം എന്നും വിവരിക്കപ്പെട്ടിരിക്കുന്നു). അവര്‍ ഒഴിവാക്കിയിരിക്കയാണല്ലോ. അവരെ നാം വെറുതെ വിട്ടുകൂടാ... എന്നിങ്ങനെ പറഞ്ഞ് അവര്‍ ഫിര്‍ഔനിന്റെ വികാരത്തെ ആളിക്കത്തിച്ചു.

എല്ലാം കേട്ട ഫിര്‍ഔന്‍ അവരോട് താന്‍ എടുത്ത തീരുമാനം അറിയിച്ചു സമാധാനിപ്പിച്ചു. പണ്ടേ എടുത്ത തീരുമാനം ഉണ്ടായിരുന്നു. ആണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ കൊന്നുകളയുകയും പെണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ ആ തീരുമാനം. അത് പുനഃപ്രഖ്യാപനം നടത്തി നടപ്പിലാക്കുവാന്‍ അവന്‍ ഉത്തരവിറക്കി.