സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നിലെ ചതിക്കുഴികള്‍

ഉമ്മുഖദീജ പൂക്കത്ത് പറമ്പ്

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

ആധുനിക സമൂഹത്തില്‍ സ്ത്രീ വിലകുറഞ്ഞൊരു വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. അവളുടെ നഗ്‌നതയാണ് വിറ്റഴിക്കപ്പെടുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതിലൂടെ അവള്‍ സംസ്‌കാര ശൂന്യയും അപഹാസ്യയുമായിത്തീരുന്നു എന്ന വസ്തുത അവള്‍ പോലും മനസ്സിലാക്കാതെ പോകുന്നു. 'ചുംബന സമര'മെന്നും 'മാറ് തുറക്കല്‍ സമര'മെന്നും പേരിട്ട് നടക്കുന്ന സമരങ്ങളില്‍ അവള്‍ പങ്കാളിയാകുന്നു. ഇങ്ങനെ സമൂഹ മധ്യത്തില്‍ തങ്ങളെ അപഹാസ്യരാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ മാധ്യമ അജണ്ടകളെ സ്ത്രീകള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതൊക്കെയെങ്കില്‍ എന്താണ് സ്ത്രീ സ്വാതന്ത്ര്യം? 

18ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ 'ചാന്നാര്‍ ലഹള'യിലൂടെ മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിച്ചു. ഇന്ന് മാറ് തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു അധ്യാപകന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച് ചില സ്ത്രീകള്‍ സമരത്തിനിറങ്ങുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളെ കുറ്റമറ്റ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. സ്ത്രീയുടെ നേരെയുള്ള ഇസ്‌ലാമിന്റെ സമീപനമാണ് പലരും വിമര്‍ശനവിധേയമാക്കുന്നത്. മുസ്‌ലിം സമൂഹത്തിലൂടെ ഇസ്‌ലാമിലെ സ്ത്രീയെ നോക്കിക്കാണാതെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ തിരിച്ചറിയണം. പ്രമാണങ്ങളെ ആധാരമാക്കി ഇസ്‌ലാമിനെ പഠിക്കാനും അതിന്റെ വിശ്വാസാചാരങ്ങളെ വിലയിരുത്താനും ശ്രമിക്കാതെ ഇസ്‌ലാമിക നിയമങ്ങളെയും തത്ത്വങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വിമര്‍ശന ദൃഷ്ടിയോടെ കാണുന്നവരാണ് ഇസ്‌ലാമികസംസ്‌കാരത്തിനെതിരില്‍ ഉറഞ്ഞുതുള്ളുന്നത്. 

മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ മുസ്‌ലിം നാമം സ്വീകരിച്ചതുകൊണ്ടോ ഔദ്യോഗിക രേഖകളില്‍ മതം 'ഇസ്‌ലാം' എന്നെഴുതിയകൊണ്ടോ ഒരാളും മുസ്‌ലിമാകുന്നില്ല. മറിച്ച്, സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങള്‍ അഥവാ വിശുദ്ധ ക്വുര്‍ആനും തിരുനബി ﷺ യുടെ ചര്യയും പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ മുസ്‌ലിം ആകുന്നുള്ളൂ. 

''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു''(ക്വുര്‍ആന്‍ 4:1).

ഈ ആഹ്വാനം മുഴുവന്‍ മനുഷ്യരോടുമാണെന്നോര്‍ക്കണം. യഥാര്‍ഥത്തില്‍ സ്രഷ്ടാവാണ് സൃഷ്ടികളെ കുറിച്ച് നന്നായറിയുന്നവന്‍. നമ്മളുണ്ടാക്കുന്ന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗക്രമമെങ്ങനെയെന്ന് നമ്മളാണല്ലോ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ തീരുമാനിക്കാതെ നമുക്ക് കേള്‍വിയും കാഴ്ചയും ഹൃദയവും ജീവിത വിഭവങ്ങളും നല്‍കി നമ്മെ ഭൂമിയിലേക്കയച്ചവന്റെ നിയമ നിര്‍ദേശങ്ങളെ പാലിക്കുമ്പോഴേ സൃഷ്ടികളായ നമുക്ക് യഥാര്‍ഥ സംരക്ഷണം ലഭിക്കുകയുള്ളൂ.

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:36).

സത്യവിശ്വാസം ഉള്‍ക്കൊണ്ട സ്ത്രീകള്‍ പ്രത്യേകമായി പാലിക്കേണ്ട വസ്ത്രധാരണ മര്യാദകളെക്കുറിച്ച് അല്ലാഹു പറയുന്നു:

''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 33:59).

ഇത്തരം വസ്ത്രധാരണ രീതി സ്വീകരിക്കുമ്പോള്‍ അസാധാരണമായ ഒരു സുരക്ഷിതത്വബോധം വന്നുചേരുന്നതായി അനുഭവപ്പെടാറുണ്ട്. പുരുഷന്മാരുടെ കള്ളനോട്ടങ്ങളൊന്നും അവളെ ബാധിക്കുകയില്ല. പുരുഷന്മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും കല്‍പിച്ചത് പോലെ സ്ത്രീയോടും ക്വുര്‍ആന്‍ കല്‍പിക്കുന്നു. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ എന്ന് കല്‍പിക്കുന്ന സൂറത്തുന്നൂറിലെ 31ാമത്തെ വചനത്തില്‍ആരില്‍ നിന്നൊക്കെ സൗന്ദര്യം മറച്ചുവെക്കണമെന്നും കാലുകൊണ്ട് ശബ്ദമുണ്ടാക്കി അന്യരെ ആകര്‍ഷിക്കരുതെന്നും ഉണര്‍ത്തുന്നുണ്ട്. ഇതെല്ലാം വിജയം പ്രാപിക്കുന്നതിനുവേണ്ടിയാണെന്ന ഒരു ലക്ഷ്യബോധവും കൂടി നല്‍കിക്കൊണ്ടാണ് ദീര്‍ഘമായ ഈ സൂക്തം അവസാനിക്കുന്നത്. 

''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 33:33).

ഈ വചനം വിരല്‍ ചൂണ്ടുന്നത് ശരീരത്തിലെ മറയ്‌ക്കേണ്ട ഭാഗം മുഴുവനും മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമായ വസ്ത്രം ധരിക്കുക, പുരുഷനെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഉപയോഗിക്കുക എന്നിവ പാടില്ല എന്നു തന്നെയാണ്. സ്ത്രീ തന്റെ വീട്ടിനകത്ത് ഭര്‍ത്താവിന് വേണ്ടി അലങ്കാരങ്ങളണിയാതെ, പുറത്തേക്കിറങ്ങുമ്പോള്‍ അതൊക്കെ വാരിവലിച്ചണിയുകയും ചമഞ്ഞിറങ്ങുകയും ചെയ്യുന്നത് ആര്‍ക്ക് ആഹ്ലാദം പകരാനാണ്? 

വിശുദ്ധ ക്വുര്‍ആന്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത് അവരെ ഇകഴ്ത്തുവാനല്ല; ഏറ്റവും നല്ല ഒരവസ്ഥയിലേക്ക് അവരെ നയിക്കുവാനും പാരത്രിക വിജയം അവര്‍ക്ക് നേടിക്കൊടുക്കാനുമാണ്. 

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 17:9).

ക്വുര്‍ആനിലെ നിയമങ്ങളും നിര്‍ദേശങ്ങളും താക്കീതുകളും വിധിവിലക്കുകളും ചിന്തിക്കുന്നവര്‍ക്കും സൂക്ഷ്മാലുക്കള്‍ക്കും ഫലം ചെയ്യുമെന്നതില്‍ സംശയമില്ല. ആധുനികതയുടെ പുറംമോടിയില്‍ മയങ്ങി ജീവിക്കുന്നവര്‍ ഇതുതന്നെയാണ് യഥാര്‍ഥ ജീവിതം എന്ന് ധരിച്ചുവശായവരാണ്. നബി ﷺ  പറഞ്ഞു:

''തീര്‍ച്ചയായും ഇഹലോകം ഹരിത മധുരിതമാണ്. നിശ്ചയം അല്ലാഹു അതില്‍ നിങ്ങളെ അനന്തരാവകാശികളാക്കിയിരിക്കുന്നു; എപ്രകാരമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിരീക്ഷിക്കുവാന്‍ വേണ്ടി. അതിനാല്‍ ഇഹലോകത്തെ നിങ്ങള്‍ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും ഇസ്‌റാഈല്‍ സന്തതികളുടെ ആദ്യകുഴപ്പം സ്ത്രീകളില്‍ നിന്നായിരുന്നു'' (മുസ്‌ലിം).

'പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു' എന്ന് ക്വുര്‍ആന്‍ (4:34) പറയുന്നു. സൃഷ്ടിപ്പില്‍ തന്നെ അവനില്‍ ചില മേന്മകള്‍ അവളെക്കാള്‍ കൂടുതല്‍ നല്‍കി എന്നതിനാലാണത് എന്ന് തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാവും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണല്ലോ. അതുകൊണ്ട് തന്നെ സ്ത്രീ പുരുഷ സമത്വം എന്നത് അസാധ്യമായ കാര്യമാണ്. ക്വുര്‍ആനിലെ നിയമങ്ങള്‍ സ്ത്രീയെ സംരക്ഷിക്കുകയും അവള്‍ക്ക് അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും ചെയ്തു. പുരുഷന് ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും കാര്യനിര്‍വഹണാധികാരം ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ശാരീരിക, മാനസിക അവസ്ഥാവിശേഷങ്ങള്‍ക്കനുസരിച്ച് തന്നെയാണ് അനന്തരാവകാശ വിഷയത്തിലും സാക്ഷി നില്‍ക്കുന്ന കാര്യത്തിലും അവളെ പരിഗണിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ ശക്തമായ ഇടപെടലുകള്‍ വേണ്ട ജിഹാദ്, നമസ്‌കാരത്തിന് നേതൃത്വം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുക. അവയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയത് അവളുടെ ശാരീരിക അവസ്ഥകളെ കണ്ടറിഞ്ഞാണ്. അത് അവളോട് കാണിക്കുന്ന കാരുണ്യവുമാണ്. അവള്‍ക്ക് നമസ്‌കാരത്തിന് പള്ളിയില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുഷന്മാരെ പോലെ അവളുടെ മേല്‍ അത് നിര്‍ബന്ധമാക്കിയിട്ടില്ല. 

ഇസ്‌ലാമിലെ സ്ത്രീ മാന്യയും കുലീനയുമാണ്. ഇസ്‌ലാം അവള്‍ക്ക് ജീവിക്കാനുള്ള അവകാശവും സ്വത്തവകാശവും നല്‍കി മാനിച്ചു. അവള്‍ സമൂഹത്തില്‍ മകള്‍, ഭാര്യ, സഹോദരി, മാതാവ്, അമ്മായിയുമ്മ, വല്യുമ്മ തുടങ്ങിയ പലതരത്തിലുള്ള പദവികളില്‍ ദൗത്യനിര്‍വഹണം നടത്തുന്നവളും വീട്ടിലെ ഭരണാധികാരിയുമാണ്. മക്കളുടെ പാഠശാലയാണവള്‍. നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അവള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് മാന്യമായ പെരുമാറ്റം ലഭിക്കുവാന്‍ അവകാശമുള്ളവളാണ് മുസ്‌ലിം സ്ത്രീ. ഭര്‍ത്താവിന്റെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവളാണവള്‍. അന്യരോട് അനുനയ സ്വരത്തില്‍ സംസാരിക്കരുതെന്നും അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും എന്നും ക്വുര്‍ആനിലെ 33ാം അധ്യായത്തിലെ 32ാം വചനം അവളെ ഉണര്‍ത്തുന്നു. അനാഥകളെയും വിധവകളെയും പരിഗണിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കുന്നതിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയാണ്. ബഹുഭാര്യത്വം അനുവദിക്കുന്നതോടൊപ്പം അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിച്ചാല്‍ മതിയെന്നും പുരുഷനെ ഉണര്‍ത്തുന്നു. ഇസ്‌ലാമിലെ സ്ത്രീ ഭര്‍ത്താവിനെ സംതൃപ്തിപ്പെടുത്തുന്നവളും അയാള്‍ക്ക് സമാധാനം നല്‍കുന്നവളുമായിരിക്കണം.

മുസ്‌ലിം സ്ത്രീ ലജ്ജയുള്ളവളായിരിക്കണം. 'ലജ്ജ സത്യവിശ്വാസത്തില്‍ പെട്ടതാണ്' (ഇമാം അഹ്മദ്, തിര്‍മുദി) എന്ന നബിവചനം സ്ത്രീയും പുരുഷനും മറന്നുകൂടാ. അന്യപുരുഷന് മുമ്പില്‍ സ്ത്രീ തന്റെ നഗ്നത വെളിവാക്കുന്നതും അവര്‍ക്ക് തന്റെ സൗന്ദര്യം പ്രകടമാക്കികൊടുക്കുന്നതും അസാന്മാര്‍ഗികവൃത്തിയായാണ് ഇസ്‌ലാം കാണുന്നത്. ഭര്‍ത്താവല്ലാത്ത ഒരാള്‍ക്ക് മുമ്പില്‍ ഒരു സ്ത്രീ തന്റെ നഗ്നത പ്രത്യക്ഷമാക്കിയാല്‍ അല്ലാഹു അവള്‍ക്ക് നല്‍കിയ ലജ്ജയുടെ മറ എടുത്ത് മാറ്റപ്പെടും. 

അറിവ് അന്വേഷിക്കുക എന്നത്‌പോലെ തന്നെ ഒരു മുസ്‌ലിമിന് മേല്‍ നിര്‍ബന്ധമായതാണ് നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും. 

''കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (ക്വുര്‍ആന്‍ 103: 1-3).

ഇൗ കടമകളില്‍നിന്ന് സ്ത്രീസമൂഹം ഒഴിവാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അവളുടെ പാരത്രിക വിജയത്തിന് അവള്‍ തന്നെ വിശ്വസിക്കുകയും സല്‍കമങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യേണ്ടതുണ്ട്. 

''ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല'' (4:124).

തിന്മകളില്‍ മുഴുകി, തോന്നിവാസങ്ങളില്‍ അഭിരമിച്ച് താന്തോന്നിയായി ജീവിക്കുവാന്‍ ഈ രാജ്യത്ത് അവകാശമുള്ളത് പോലെ നന്മ ചെയ്ത് നല്ലവരായി ജീവിക്കുവാനും തിന്മക്കെതിരെ ശബ്ദമുയര്‍ത്തുവാനും ഈ നാട്ടില്‍ സ്വാതന്ത്ര്യണ്ടെന്നോര്‍ക്കണം. എന്നാലിന്ന് സാംസ്‌കാരിക ജീര്‍ണതകളെ താലോലിക്കുകയും നല്ലതിലേക്ക് ക്ഷണിക്കുന്നതിനെ അപരാധമായി കാണുകയും ചെയ്യുന്ന പ്രവണത കാണപ്പെടുന്നു എന്നത് ഖേദകരമാണ്. സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ നാം കാണാതിരുന്നു കൂടാ.