ഭാര്യമാരോട്

ജാസിമുല്‍ മുത്വവ്വ

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

സാന്ത്വന സ്പര്‍ശം കൊതിക്കുന്നതാണ് ഭര്‍തൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂര്‍ണവുമാക്കാനുള്ള യത്‌നത്തില്‍ രാപകലുകള്‍ ചെലവിട്ട് ഓടിനടക്കുന്നവരാണ് പുരുഷന്മാര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഗൃഹനാഥനായ പുരുഷന്റെ മനഃസംഘര്‍ഷങ്ങളും പ്രയാസങ്ങളും ചെറുതല്ല. സമ്മര്‍ദങ്ങളുടെ ഫലമായുള്ള പിരിമുറുക്കങ്ങള്‍ അവന്റെ സന്തത സഹചാരിയാണ്. 

വീട്ടിനു പുറത്ത് തന്നെ വേട്ടയാടുന്ന നിരവധി പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും മധ്യേയാണ് അവന്റെ ജീവിതം. മനസ്സും ശരീരവും തളര്‍ന്ന് വീടണയുന്ന തനിക്ക് സാന്ത്വനവും സമാശ്വാസവും നല്‍കുന്ന കൈകളെയാണ് അവനാവശ്യം. അവളുടെ വര്‍ത്തമാനങ്ങള്‍ അവന് സന്തോഷം പകരണം. അവളുടെ സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശത്താല്‍ അവന്റെ മനസ്സും ശരീരവും കുളിരണിയണം. പുഞ്ചിരിതൂകി അവന്റെ മനോഭാരങ്ങള്‍ ലഘൂകരിക്കാന്‍ അവള്‍ക്ക് കഴിയണം. 

പുരുഷന്‍ ആഗ്രഹിക്കുന്ന ഈ സമീപനത്തില്‍ മിക്ക സ്ത്രീകളും ശ്രദ്ധ കാണിക്കാറില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള നിരാശയും നെടുവീര്‍പ്പുകളുമായി കൗണ്‍സിലര്‍മാരെ സമീപിക്കുന്നവര്‍ നിരവധിയാണ്. വീടിന് പുറത്തും അകത്തും തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അസന്തുഷ്ടിയുമാണ് അവരുടെ ആവലാതി. വീട്ടിനകത്ത് പിരിമുറുക്കം, വീട്ടിന് പുറത്തും പിരിമുറുക്കം എന്നതാണ് അവരുടെ പ്രശ്‌നം. വീട്ടുവേലക്കാരിയായ ഒരു സ്ത്രീയെയല്ല ഭര്‍ത്താവിന് വേണ്ടത്. സാന്ത്വനത്തിന്റെയും സ്‌നേഹവചനങ്ങളുടെയും മുഖപ്രസാദത്തിന്റെയും നോക്കും വാക്കും താങ്ങും നല്‍കുന്ന ഒരു ഇണയെയാണ് ഏതൊരു പുരുഷനും കൊതിക്കുന്നത്. ഭര്‍തൃഹൃദയത്തില്‍ ഇടം തേടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സമീപനരീതി പരീക്ഷിച്ചുനോക്കുന്നത് നന്നായിരിക്കും.

ജീവിതത്തില്‍ മാറ്റവും പുതുമയും കൊതിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. സ്ത്രീകളാകട്ടെ സ്ഥിരത കൊതിക്കുന്നവരും. മാറ്റത്തിന് വേണ്ടിയുള്ള പുരുഷന്മാരുടെ ഈ താല്‍പര്യം കണക്കിലെടുത്ത് സ്ത്രീയും തന്റെ സമീപനത്തിലും ചിട്ടകളിലും മാറ്റം വരുത്തുന്നത് നല്ലതാണ്. പാചകത്തില്‍ രുചിവൈവിധ്യത്തിന് പ്രാധാന്യം കൊടുത്ത് ആഹാരവിഭവങ്ങളില്‍ മാറ്റം, വീട്ടിലെ ഫര്‍ണിച്ചര്‍ സൗന്ദര്യബോധത്തോടെ സ്ഥാനം മാറ്റി ക്രമീകരിക്കല്‍, തന്റെ സ്‌നേഹപ്രകടനങ്ങളും ഊഷ്മള സ്വഭാവവും ഹൃദ്യമായ ഒരനുഭവമാക്കാനുതകും വിധം പ്രസാദാത്മകമായി പെരുമാറല്‍ തുടങ്ങിയവയാണ് സ്ത്രീക്ക് എളുപ്പത്തില്‍ ചെയ്യാവുന്നത്. 

ആദരവിന്റെ വിഷയം പുരുഷലോകത്തെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. താന്‍ ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കപ്പെടണമെന്നതാണ് അവന്റെ ആഗ്രഹം. തന്റെ തീരുമാനത്തിനൊത്ത് ഭാര്യയും കുടുംബവും നീങ്ങണമെന്നാണ്, പുറമെ ആരെന്ത് പറഞ്ഞാലും അവന്റെ ഉള്ളിലിരുപ്പ്. മക്കളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നില്‍ താന്‍ പരിഹാസപാത്രമാകുന്നതോ കൊച്ചാക്കപ്പെടുന്നതോ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനാലും ഭര്‍ത്താവിന് വേണ്ടത്ര ആദരവും പരിഗണനയും നല്‍കാത്തതിനാലും വിവാഹമോചനത്തില്‍ കലാശിച്ച എത്രയോ ദാമ്പത്യബന്ധങ്ങളുണ്ട്. ചെറിയൊരു പരിശ്രമം വലിയൊരു നേട്ടത്തിന് കാരണമാകുെമന്ന് സഹോദരിമാര്‍ തിരിച്ചറിയുക. 

0
0
0
s2sdefault