സ്ത്രീകളെ ആദരിച്ച മതം

ദുല്‍ക്കര്‍ഷാന്‍. എ

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

മാന്യതയാകുന്നു സ്ത്രീയുടെ മുഖമുദ്ര. സ്ത്രീ സമൂഹത്തില്‍ വളരെ ഏറെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നവളാണ്. മകളായും ഭാര്യയായും സഹോദരിയായും മാതാവായും അമ്മായിയുമ്മയായും വല്യുമ്മയായുമൊക്കെ ഏറെ ദൗത്യങ്ങള്‍ നിറവേറ്റേണ്ടവള്‍. വീടിന്റെ വിളക്കാണവള്‍. ഗാര്‍ഹിക കാര്യങ്ങളില്‍ അവളുടെ റോള്‍ വളരെ വിലപ്പെട്ടതും അനിവാര്യവുമാണ്.  

ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയത്ര പദവിയും പരിഗണനയും മറ്റൊരു മതമോ ദര്‍ശനമോ നല്‍കിയതായി കാണുക സാധ്യമല്ല. 

ഞാന്‍ ഏറ്റവും നല്ലനിലയില്‍ സഹവസിക്കേണ്ടത് ആരോടാണ് എന്ന ഒരാളുടെ ചോദ്യത്തിന് മൂന്ന് തവണ പ്രവാചകന്‍ ﷺ നല്‍കിയ 'നിന്റെ ഉമ്മയോട്' എന്ന മറുപടി മാതാവ് എന്ന നിലയില്‍ സ്ത്രീക്ക് നല്‍കിയ ഏറ്റവും വലിയ ആദരവും പരിഗണനയുമാണ്. 

'നിങ്ങളില്‍ ഉത്തമര്‍ തങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണ്' എന്ന നബി ﷺ യുടെ പ്രഖ്യാപനം ഭാര്യ എന്ന പദവിയലങ്കരിക്കുന്ന സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന മാന്യമായ പദവിയെ സൂചിപ്പിക്കുന്നു.

മൂന്ന് പെണ്‍മക്കളുള്ള ഒരു പിതാവ് തന്റെ മക്കളെ പ്രായപൂര്‍ത്തിയെത്തുന്നതുവരെ ഇസ്‌ലാമിക സംസ്‌കാരത്തില്‍ വളര്‍ത്തി വലുതാക്കി അവരെ നിക്കാഹ് ചെയ്ത് കൊടുത്താല്‍ അവന് സ്വര്‍ഗമുണ്ടെന്ന പ്രവാചകന്‍ ﷺ യുടെ ഉണര്‍ത്തല്‍ പെണ്‍മക്കള്‍ക്ക് ഇസ്‌ലാം നല്‍കുന്ന തുല്യതയില്ലാത്ത അംഗീകാരത്തെ അടയാളപ്പെടുത്തുന്നു.

ഇനിയും പ്രവാചക വചനങ്ങളില്‍ നിന്ന് സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന മഹത്ത്വവും പ്രാധാന്യവും സൂചിപ്പിക്കുന്ന വാക്കുകള്‍ ഉദ്ധരിക്കുവാന്‍ കഴിയും. ഇത്രയും പ്രാധാന്യവും മഹത്ത്വവുമുള്ള സ്ത്രീ സമൂഹം തങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടും കര്‍ത്തവ്യങ്ങള്‍ നിറവേറ്റിക്കൊണ്ടും ജീവിതം നയിക്കേണ്ടതുണ്ട്. 

 പല പദവികളും കൈകാര്യം ചെയ്യുന്നവള്‍ എന്ന നിലയില്‍ തികഞ്ഞ സൂക്ഷ്മതയും ശ്രദ്ധയും അവളില്‍ അനിവാര്യമാണ്. ഇളംതലമുറ അവളുടെ കൈകളിലൂടെയാണ് വളര്‍ന്ന് വരുന്നത്. അഥവാ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് സ്ത്രീകള്‍ക്കാണ്. 

ഇസ്‌ലാം സ്ത്രീയോടും പുരുഷനോടും കല്‍പിക്കുന്നത് മാന്യതയോടെ ജീവിക്കുവാനാണ്. സ്ത്രീ സമൂഹത്തില്‍ മടിയും ലജ്ജയും ഉള്ളവളായിരിക്കണം. പരിപൂര്‍ണമായും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ ഉള്‍ക്കൊള്ളുകയും മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ അവളെ സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്ന തന്റെ സ്രഷ്ടാവിനോട് കൂറുപുലര്‍ത്തുന്നവളും ആ സ്രഷ്ടാവ് നിയോഗിച്ച പ്രവാചകന്റെ അധ്യാപകനങ്ങളോട് പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നവളുമായിരിക്കും. 

മാതാപിതാക്കള്‍ മുസ്‌ലിംകളായതിന്റെ പേരിലോ, മുസ്‌ലിം നാമം സ്വീകരിച്ചതിന്റെ പേരിലോ, ഔദ്യോഗിക രേഖകളില്‍ മതം ഇസ്‌ലാം എന്നെഴുതിയതുകൊണ്ടോ മാത്രം ഒരാളും പരിപൂര്‍ണ മുസ്‌ലിമാകുന്നില്ല.

മുസ്‌ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും തല മറക്കുന്നതുമിന്ന് പലര്‍ക്കും വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്! ധരിക്കുന്ന സ്ത്രീകള്‍ക്കില്ലാത്ത വിഷമം കാണുന്നവര്‍ക്ക് എന്തിനെന്ന് ചോദിക്കരുത്. ഇതിനെ അടിമത്തമെന്നും കാടത്തമെന്നും വിശേഷിപ്പിച്ച് മുസ്‌ലിം സ്ത്രീകളുടെ മതസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ; തിന്മകളില്‍ മുഴുകി, തോന്നിവാസങ്ങളില്‍ അഭിരമിച്ച്, താന്തോന്നിയായി ജീവിക്കുവാന്‍ ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെങ്കില്‍ നന്മ ചെയ്ത് നല്ലവരായി ജീവിക്കുവാനും നന്മയെക്കുറിച്ച് ചിന്തിക്കുവാനും മാന്യമായി തങ്ങളുടെ മതം അനുശാസിക്കുന്ന വസ്ത്രരീതി പാലിച്ച് ജീവിക്കുവാനും ഈ രാജ്യത്ത് സ്വാതന്ത്ര്യമില്ലേ?