ഇസ്‌ലാമും സ്ത്രീകളും

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

ഇസ്‌ലാമിന്റെ പ്രകാശം പരക്കുന്നതിനു മുമ്പ് ഒരു കറുത്ത കാലഘട്ടം അറബികള്‍ക്കുണ്ടായിരുന്നു; ജാഹിലിയ്യ കാലഘട്ടം. സ്ത്രീ എന്നു കേള്‍ക്കുന്നതേ അവരില്‍ പലര്‍ക്കും വെറുപ്പായിരുന്നു. സ്ത്രീയുടെ ജന്മം അവര്‍ വെറുത്തു. അവളെ വളര്‍ത്തുന്നത് അപമാനമായി അവര്‍ കണ്ടു:

''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (നഹ്ല്‍ (58,59).

ജീവനോടെ െപണ്‍കുട്ടികള്‍ കുഴിച്ചുമൂടപ്പെട്ടു! പരലോകത്ത് അതിനെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യപ്പെടും:''(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്'' (തക്‌വീര്‍ 8,9).

അക്രമങ്ങളും പീഡനങ്ങളും സഹിച്ചുകൊണ്ട് ഒരു ഭര്‍ത്താവിന്റെ കീഴില്‍ എണ്ണമറ്റ ഭാര്യമാര്‍ ജീവിതം തള്ളിനീക്കി.

ഇവിടേക്കാണ് ഇസ്‌ലാം കടന്നുവന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കി.അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചു: ''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു''(ഹുജറാത് 13).

നന്മചെയ്താല്‍ അവര്‍ക്കും പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിച്ചു:''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും''(നഹ്ല്‍ 97).

ഭര്‍ത്താവ് മരണപ്പെട്ട ശേഷം സ്വത്ത് അനന്തരമെടുക്കുമ്പോള്‍ ഭാര്യയെയും അനന്തരസ്വത്തായി പരിഗണിക്കുന്നതില്‍നിന്ന് വിലക്കി: ''സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല...''(നിസാഅ് 19).

അനന്തരസ്വത്തില്‍ അവര്‍ക്കും അവകാശം നല്‍കി: ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു'' (നിസാഅ് 7).

ഉമ്മയായാലും സഹോദരിയായാലും ഭാര്യയായാലും സ്ത്രീക്ക് സ്വത്ത് നല്‍കാന്‍ അല്ലാഹു വസ്വിയ്യത്ത് ചെയ്തു: ''നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരുഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണെ്ടങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (നിസാഅ് 11).

''നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വജ്ഞനും സഹനശീലനുമാകുന്നു'' (നിസാഅ് 12).

നാലില്‍ കൂടുതല്‍ പേരെ ഭാര്യമാരാക്കിവെക്കരുതെന്ന് നിര്‍ദേശം നല്‍കി. അവിടെയും നീതിപാലിക്കാന്‍ പ്രത്യേകം ഉണര്‍ത്തി: ''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ യപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്'' (നിസാഅ് 3).

അവരോട് മാന്യമായി പെരുമാറാന്‍ കല്‍പിച്ചു. വിവാഹ വേളയില്‍ അവര്‍ക്ക് മഹറ് നല്‍കാന്‍ പറഞ്ഞു: ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക'' (നിസാഅ് 4).

വീട്ടിലെ അധികാരം സ്ത്രീക്ക് നല്‍കി. ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് താക്കീത് നല്‍കി. അവളുടെ വസ്ത്രവും ഭക്ഷണവും മറ്റും പുരുഷന്റെ മേല്‍ നിര്‍ബന്ധ ബാധ്യതയാക്കി.

ഇസ്‌ലാമിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കള്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയിട്ടുള്ള ആദരവിലും അഭിമാനബോധത്തിലും സംരക്ഷണത്തിലും കോപാകുലരും അസംതൃപ്തരുമാണ്. കാരണം ദുര്‍ബലവിശ്വാസികളെ വേട്ടയാടാനും നാശങ്ങള്‍ സൃഷ്ടിക്കുവാനും സ്ത്രീകളെ ഉപകരണമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. വില നിശ്ചയിച്ച് തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കലും അവരുടെ ലക്ഷ്യമാണ്.  

''...എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന് ) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്'' (നിസാഅ് 27).

പൈശാചിക വിളികളുടെയും വികാരജീവികളുടെയും മുമ്പില്‍ വിലകുറഞ്ഞ ഒരു വില്‍പനച്ചരക്കാക്കി സ്ത്രീകളെ വെച്ചുകൊടുക്കാന്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ ഉദ്ദേശിക്കുന്നു! അവളുടെ സൗന്ദര്യം ആസ്വദിക്കാനും അതിനുമപ്പുറമുള്ള വലിയ തിന്മകളിലെത്തിച്ചേരാനും തങ്ങളുടെ കണ്ണുകള്‍ക്കുമുമ്പില്‍ അനാവരണം ചെയ്യപ്പെട്ട വില്‍പനച്ചരക്കാക്കി അവളെ അവര്‍ വെച്ചിക്കുന്നു. പ്രസിദ്ധീകരണങ്ങളില്‍ അവളുടെ നഗ്‌ന ചിത്രങ്ങള്‍ കൊടുക്കുന്നു. സന്താനപരിപാലനത്തിലും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും ശ്രദ്ധിക്കാതെ അവള്‍ വീടുവിട്ടിറങ്ങുന്നു. ഇപ്പറഞ്ഞതിനര്‍ഥം സ്ത്രീകള്‍ ജോലിക്കോ വിദ്യാഭ്യാസം നേടുവാനോ ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കുന്നതിനോ മതപഠന ക്ലാസുകള്‍േക്കാ മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കോ പുറത്തിറങ്ങരുതെന്നല്ല. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചേ അവള്‍ പുറത്തിറങ്ങാവൂ:

1. ഇസ്‌ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ടായിരിക്കണം പുറത്തിറങ്ങുന്നത്. മഹ്‌റമില്ലാതെ ഒരു പുരുഷനുമായി ഒറ്റക്കാകുന്ന അവസ്ഥയുണ്ടാകരുത്.

2. അടിസ്ഥാനപരമായി വീട്ടില്‍ നിര്‍വഹിക്കേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ശേഷമായിരിക്കണം പുറത്തു പോകുന്നത്. 

3. പുരുഷന്മാരില്‍നിന്ന് പരമാവധി അകന്നുനില്‍ക്കാനും ഇടകലരാതിരിക്കാനും ശ്രദ്ധിക്കണം.

0
0
0
s2sdefault