എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

മതരഹിത ചിന്തകളില്‍ നിന്ന് വര്‍ഗീയതയിലേക്കോ?

കമ്യൂണിസ്റ്റുകാരുടെ മതരഹിത ചിന്തകളെ തെളിവ് സഹിതം സമര്‍ഥിച്ച് ലേഖനമെഴുതിയ അഫ്താബ് കണ്ണഞ്ചേരിയുടെ കവര്‍‌സ്റ്റോറി പുറത്തിറങ്ങിയതിന് ശേഷമാണ് മലപ്പുറത്തെ എ.ആര്‍ നഗറിലെ റോഡുപരോധവുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവിന്റെ 'മുസ്‌ലിം തീവ്രവാദി' പ്രയോഗം പുറത്ത് വന്നത്. തൊട്ട് പിറകെ ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്ന പലരും ഇതിന് സമാനമായി പ്രതികരിച്ചു കണ്ടു. 

ലേഖനത്തില്‍ ഉദാഹരിച്ച മുന്‍കാല കേരള കമ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ മതരഹിത ചിന്തയില്‍ നിന്ന് പുതിയ തലമുറയും ഒട്ടും പുരോഗമിച്ചിട്ടില്ലെന്ന് മാത്രമല്ല അടവ് നയത്തിന്റെ ഭാഗമാട്ടാണെങ്കില്‍ പോലും വര്‍ഗീയ കാര്‍ഡിറക്കി കളിക്കാമെന്ന മൗഢ്യധാരണയിലേക്കെത്തിപ്പെട്ടു എന്നതിന്റെ പ്രത്യക്ഷ തെളിവായി മാറി പ്രസ്തുത ചാനല്‍ ചര്‍ച്ചാ പ്രയോഗം. കേരളത്തിലെ ചിലയിടങ്ങളില്‍ നടക്കുന്നതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വര്‍ഗീയ പ്രയോഗമായി വേണം അത്തരം പ്രസ്താവനകളെ മനസ്സിലാക്കാന്‍. അത് മതേതര കേരളത്തിനുണ്ടാക്കുന്ന ആഴമേറിയ മുറിവുകളെ കുറിച്ച് ഇനിയും നമ്മുടെ നേതാക്കന്മാര്‍ മനസ്സിലാക്കിയിട്ടില്ല എന്നത് ഖേദകരമാണ്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയപേക്ഷിച്ച് നന്മയുടെ തുരുത്താണ് കേരളം. അതിന് വലിയൊരു കാരണമായി മാറിയത് വര്‍ഗീയ-ഫാസിസ്റ്റുകള്‍ക്ക് മലയാള മണ്ണിലിടം കൊടുക്കാന്‍ ഇവിടുത്തെ ഇടത്-വലത് മുന്നണികള്‍ അനുവദിച്ചിട്ടില്ല എന്നത് തന്നെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായിട്ടുള്ള വര്‍ഗീയ-വിധ്വംസക പ്രവര്‍ത്തനങ്ങളും അത് മുതലെടുക്കാനായി വര്‍ഗീയ കക്ഷികളോടൊപ്പം ചേര്‍ന്ന് മതേതര സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നിട്ടിറക്കവും കാണുമ്പോള്‍ സഹതാപമാണ് തോന്നിപ്പോവുന്നത്. വര്‍ഗീയതയെ തുരത്താന്‍ മതേതര കക്ഷികളെ ഒന്നിപ്പിക്കണമെന്ന സാമാന്യ ബോധം നഷ്ടപ്പെട്ട് 'വര്‍ഗീയയ്‌ക്കെതിരെ വര്‍ഗീയബോധം' എന്ന തല തിരിഞ്ഞ ചിന്തയിലേക്ക് പാരമ്പര്യമുള്ള പാര്‍ട്ടികള്‍ കൂടി എത്തിയെങ്കില്‍ രാജ്യത്ത് ആരിലാണ് ഇനി പ്രതീക്ഷയര്‍പ്പിക്കാനാവുക?

-മന്‍സൂര്‍ മലപ്പുറം


മാധ്യമങ്ങള്‍ നാടു വാണീടും കാലം

'കഴുകന് ഏത് ജീവിയുടെയും ഇറച്ചി ഭക്ഷിക്കാം എന്നാല്‍ കഴുകന്റെ ഇറച്ചി ആര്‍ക്കും പഥ്യമല്ല' എന്ന് പറയുന്നത് പോലെയാണ് മാധ്യമങ്ങളുടെ അവസ്ഥ. ലോകത്തുള്ള സര്‍വതിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തുന്നവരാണ് മാധ്യമങ്ങള്‍. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറത്തിനും മാധ്യമ മുതലാളിമാരുടെ കാഴ്ചപ്പാടിനുമനുസരിച്ച് പക്ഷ-പ്രതിപക്ഷ ഭേദങ്ങളുണ്ടാവുമെന്ന് മാത്രം. 

എന്നാല്‍ ഏതെങ്കിലുമൊരു കോണില്‍ നിന്ന് മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ന്നാല്‍ തെരുവുകളില്‍ വായ മൂടിക്കെട്ടിയും, മാധ്യമങ്ങളില്‍ വലിയ വായില്‍ ഒച്ച വെച്ചും അസഹിഷ്ണുത കാണിക്കുന്നവരാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും. സ്വന്തമായി അച്ചുകൂടങ്ങളുള്ളതു കൊണ്ട് തന്നെ ഭരണീയരും രാഷ്ട്രീയ പാര്‍ട്ടികളും പരമാവധി മൗനം പാലിക്കുകയും ചെയ്യുന്നു. 

സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി മാധ്യമങ്ങള്‍ക്കും കുറ്റമറ്റൊരു പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന നിയമനിര്‍മാണങ്ങള്‍ക്ക് പകരം മെച്ചപ്പെട്ട പത്രപ്രവര്‍ത്തന തത്ത്വങ്ങള്‍ അവരുമായി കൂടിയാലോചിച്ച് കണ്ടെത്തുകയാവും ഉചിതം.

-ഹൈദിന്‍ തെരട്ടമ്മല്‍