എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മെയ് 05 1439 ശഅബാന്‍ 17

ജുഡീഷ്യറി കൂടുതല്‍ സുതാര്യമാവണം

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിക്കുന്ന ഗുരുതരമായ അപാകതകളെ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചത് സുപ്രീംകോടതിയിലെ നാലു പ്രധാന ജഡ്ജിമാരായിരുന്നു. അവരുടെ മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന തരത്തിലാണ് പിന്നീട് വന്ന പല വാര്‍ത്തകളും. അടുത്തിടെ പുറത്ത് വന്ന മൂന്ന് വ്യത്യസ്ത വിധിന്യായങ്ങള്‍ മാത്രമെടുത്ത് പഠനം നടത്തിയാല്‍ തന്നെ ഈ രംഗത്ത് നടക്കുന്ന പാകപ്പിഴവുകള്‍ സുതരാം ബോധ്യപ്പെടും

ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുള്ള എന്‍.ഐ.എ പ്രത്യേക കോടതിയുടെ വിധിന്യായമാണ് ഇതില്‍ ആദ്യത്തേത്. 2007 മെയ് 18 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവേളയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ധാരാളമാളുകള്‍ക്ക് പരിക്കേറ്റ ഈ കേസില്‍, നേരത്തെ കുറ്റമേറ്റ് പറഞ്ഞ അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി ഇപ്പോള്‍ കുറ്റവിമുക്തരാക്കിയിട്ടുള്ളത്. നേരത്തെ സമാനസ്വഭാവമുള്ള അജ്മീര്‍ സ്‌ഫോടന കേസിലും അസീമാനന്ദയെ കുറ്റവിമുക്തനാക്കിയിരുന്നു. അപ്പോള്‍ പിന്നെ പ്രസ്തുത സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യം പ്രസക്തമാവുകയാണ്.

ജൂഡീഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ രണ്ടാമത്തെ സംഭവം ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായമായിരുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയായിരുന്നു ബി എച്ച് ലോയ. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ പോയ വേളയിലാണ് ഏറെ സംശയകരമായ സാഹചര്യത്തില്‍ അദ്ദേഹം മരിക്കുന്നത്. എന്നാല്‍, ലോയയുടെ മരണത്തില്‍ യാതൊരു അവ്യക്തതകളുമില്ലെന്നും അതാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ജുഡീഷ്യറിക്കെതിരെയുള്ള തുറന്ന ആക്രമണമാണെന്നുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. 2014ല്‍ ബി.എച്ച് ലോയ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാലുപേരുടെ സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിധിന്യായം. പുനഃപരിശോധനക്കായുള്ള കോണ്‍ഗ്രസിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും ബോംബെ ലോയേഴ്‌സ് അസോസിയേഷന്റെയും ശ്രമങ്ങളോടും ധിക്കാരപൂര്‍വമായ നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിന് അനുബന്ധമായി ഏറെ സംശയങ്ങളുണര്‍ത്തുന്ന വിധിന്യായം പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള അറുപതോളം പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ടുനല്‍കിയ രാജ്യസഭാ പ്രമേയത്തിനോടും ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു സ്വീകരിച്ച നയം സംശയമുണര്‍ത്തുന്നതാണ്.

ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മുന്‍ മന്ത്രി മായ കോഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട സംഭവമാണ് ദുരൂഹതയുണര്‍ത്തുന്ന മൂന്നാമത്തെ വിധി. ഗോധ്ര സംഭവവുമായി ബന്ധപ്പെട്ടാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. 2002 ഫെബ്രുവരി 28നുണ്ടായ ഈ കൂട്ടക്കൊലയില്‍ 97 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ചേതോവികാരമായതും ജനക്കൂട്ടത്തെ തിരിച്ചുവിട്ടതും മായ കോഡ്‌നാനിയാണെന്നാണ് വിചാരണക്കോടതി കണ്ടെത്തിയിരുന്നത്. എന്നാല്‍, കോഡ്‌നാനിക്കെതിരെ സാക്ഷിമൊഴി നല്‍കിയ 11 പേരുടെ വിവരണം വിശ്വസനീയമല്ലെന്ന് പറഞ്ഞാണ് നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ അംഗത്തെ കോടതി കുറ്റവിമുക്തമാക്കിയത്.

മുമ്പ് സൂചിപ്പിച്ച മൂന്ന് വിധിന്യായങ്ങളിലുമുള്ള ഏക സമാനത  ആനുകൂല്യം ലഭിച്ച പ്രതികള്‍ സംഘപരിവാറുമായി ബന്ധമുള്ളവരാണെന്നതാണ്. ദേശീയസുരക്ഷയുടെ പേരില്‍ ജഡ്ജിമാരുടെ നിയമനത്തില്‍ പോലും വീറ്റോ അധികാരം നേടാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വസ്തുത കൂടി ഇതോടൊന്നിച്ച് വായിക്കുമ്പോള്‍ ജുഡീഷ്യറിയും ഹിന്ദുത്വ ഭരണകൂടവും തമ്മില്‍ നടക്കുന്ന അവിഹിതബന്ധത്തെ സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയുകയില്ല.

-അബൂ ഹൈസ