എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു?

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യകുലത്തോട് ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ഇതിന്റെ തലക്കെട്ട്. പ്രാവര്‍ത്തികമാക്കാത്ത കാര്യങ്ങള്‍ പറയുക എന്നത് അല്ലാഹുവിന്ന് ക്രോധമുള്ള കാര്യമാണ്. പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും. പക്ഷെ, ക്വുര്‍ആനിന്റെ അനുയായികളുടെ അവസ്ഥ പരിതാപകരമാണ്. ദൈവിക വചനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാത്തവരാണ് ഭൂരിഭാഗവും. ക്വുര്‍ആനും ഹദീസും ഉള്‍ക്കൊള്ളുന്ന സലഫുകളുടെ പാതയിലാണെന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ അവസ്ഥ എന്താണ്? പ്രവാചകന്‍ കാണിച്ചു തന്ന പ്രകാശപൂരിതമായ നേര്‍രേഖയിലാണോ നാം നിലക്കൊള്ളുന്നത്? 

നാം പറയുന്നത് മാത്രമല്ല, മനസ്സില്‍ മറച്ച് വെച്ച കാര്യവും കൃത്യമായി അറിയുന്നവനാണ് അല്ലാഹു എന്ന ബോധം നമ്മില്‍ എത്ര പേര്‍ക്കുണ്ട്? കളവ് പറയരുത്, വാക്ക് പാലിക്കണം, സാമ്പത്തിക ഇടപാടുകളില്‍ മാന്യത പുലര്‍ത്തണം എന്നെല്ലാം സ്‌റ്റേജുകളിലും പേജുകളിലും ജനങ്ങളെ ഉണര്‍ത്തുമ്പോള്‍ നാം സ്വന്തത്തെ മറക്കുന്നുണ്ടോ? നാം വെറും സുവിശേഷ പ്രാസംഗികന്‍മാര്‍ ആയി മാറുന്നുണ്ടോ?

'നിങ്ങളില്‍ ഉത്തമന്‍ തന്റെ ഇണയോട് മാന്യമായി സഹവസിക്കുന്നവന്‍' എന്ന പ്രവാചക വചനം ഉള്‍ കൊള്ളാത്തവന്റെ സ്ഥാനം എവിടെയായിരിക്കും? 'ശാപ വാക്കുകള്‍ പറയരുത്' എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. സ്വന്തം മക്കളെ ശപിക്കുന്നവന്‍ പിശാചിന്റെ വലയില്‍ പെട്ടവനായിരിക്കില്ലേ? സ്വന്തം ഇണയെ കണ്ണീര്‍ കുടിപ്പിക്കുന്നവന്‍ പിശാചിന്റെ വലയില്‍ കുടുങ്ങിയവനായിരിക്കില്ലേ? 

ആദം(അ) നബിയെ ചതിച്ചവനാണ് പിശാച് എന്ന് നമുക്കറിയാം. യൂനുസ് നബി(അ)യെയും അവന്‍ ചതിച്ചു. ചതിയില്‍ പെട്ടെങ്കില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരാണധികവും. വാക്‌സാമര്‍ഥ്യം കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാം, കയ്യടി വാങ്ങാം. ഇവിടെ രക്ഷപ്പെടാം.

പക്ഷെ, നാളെ സ്രഷ്ടാവിന്റെ മുമ്പില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്നോര്‍ക്കേണ്ടതുണ്ട്. ഭൂമിയും പരിസരവും നമ്മുടെ തന്നെ കാലും കയ്യും കണ്ണും സാക്ഷിയാവുകയും വായ സീല്‍ വെക്കപ്പെടുകയും നമ്മുടെ കര്‍മങ്ങളുടെ രേഖ കൊണ്ട് വരപ്പെടുകയും ചെയ്താല്‍ ആരാണ് നമ്മുടെ രക്ഷക്ക്?

അമ്പിയാക്കളോ ഔലിയാക്കളോ രക്ഷിക്കുമെന്ന വിശ്വാസം നമുക്കില്ലല്ലോ? എങ്കില്‍ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമാക്കണം. പറയുന്നത് പ്രാവര്‍ത്തികമാക്കണം. സല്‍സ്വഭാവത്തേക്കാള്‍ അന്ത്യനാളില്‍ കനം തൂങ്ങുന്ന മറ്റൊന്നുമില്ല എന്നത് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ. കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍ നന്നാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടേണ്ടതില്ല എന്ന ക്വുര്‍ആന്‍ വചനം ആശക്ക് വക നല്‍കുന്നു. നൂറ് മനുഷ്യരെ കൊല ചെയ്തവന് മാപ്പ് നല്‍കിയ കരുണാനിധിയാണവന്‍. മരണം വരുന്നതിന്ന് മുമ്പ് ആര്‍ക്കും ഏത് നിമിഷവും പാപ മോചനത്തിന് കവാടം തുറന്ന് കിടക്കുകയാണ്. ദൈവം തന്റെ അടിമയോട് അക്രമം കാണിക്കില്ല. മാത്രമല്ല, വാക്കുകള്‍ മാറ്റി പറയുന്നവനുമല്ല.

- മമ്മദ്. പി തിക്കോടി


നീതിപീഠത്തില്‍ നടക്കുന്നതെന്ത്?

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നടക്കുന്ന അരുതായ്മകളെ പരാമര്‍ശിക്കുന്ന നേര്‍പഥം കവര്‍‌സ്റ്റോറി വായിച്ചു. പരാമൃഷ്ട നിരീക്ഷണങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. നേര്‍പഥം ലക്കം 35ല്‍ മുത്ത്വലാഖ് വിഷയത്തില്‍ നടത്തിയ അവലോകനത്തിന് അനുബന്ധമായി വേണം ഈ വിഷയത്തെ മനസ്സിലാക്കാന്‍. 

അതേസമയം ചീഫ് ജസ്റ്റിസിനെതിരെ സഹപ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ എത്ര തന്നെ ആധികാരികമാണെങ്കിലും ആത്യന്തികമായി അത് നമ്മുടെ നിയമ സംവിധാനത്തെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം വിസ്മരിക്കാവതല്ല. ഈ കാര്യം കണക്കിലെടുത്ത് കൊണ്ട് നേര്‍പഥം നടത്തിയ പക്വമായ ഇടപെടല്‍ ശ്രദ്ധേയമായി.

-അസ്‌ക്കര്‍ നെല്ലാണി