എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

>2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

സ്വവര്‍ഗരതി: കോടതിവിധി വിലയിരുത്തുമ്പോള്‍

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അസാധാരണവിധിയെ അനുകൂലമായും പ്രതികൂലമായും രാജ്യം ചൂടോടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ധാര്‍മികച്യുതി നേരിട്ട ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ -അതൊരുപക്ഷേ, മാനസിക ശാരീരിക വൈകല്യങ്ങളാണെങ്കില്‍ പോലും- അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കാതെ ആ അധാര്‍മികതയ്ക്ക് നിയമപരിരക്ഷ നല്‍കുക എന്നത് യുക്തിക്ക് നിരക്കുന്നതല്ല.

മനുഷ്യര്‍ ചെയ്യുന്ന എല്ലാ അധര്‍മങ്ങള്‍ക്കും 'മൃഗതുല്യം' എന്ന വിശേഷണം കൊടുക്കുന്ന ചിലരെ കാണാറുണ്ട്. അത് എത്രമാത്രം ശരിയായ പ്രയോഗമാണ് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ഒരു കാര്യം ഉറപ്പ്,  മൃഗങ്ങളൊന്നും സ്വവര്‍ഗരതിയില്‍ ഏര്‍പെടാറില്ല. ഒരു സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന  വൃത്തികെട്ട പ്രവൃത്തിക്ക് നിയമപരിരക്ഷ നല്‍കുന്നത് ശരിയാണോ? നാളെ ഒരുവേള നമ്മുടെ മക്കള്‍, ''ഞാനെന്റെ കൂട്ടുകാരനെ, കൂട്ടുകാരിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നു'' എന്ന് പറഞ്ഞാല്‍ നിസ്സഹായരായി മൗനം പാലിക്കാനേ ഈ കോടതിവിധിക്കു മുന്നില്‍ മാതാപിതാക്കള്‍ക്ക് കഴിയുകയുള്ളൂ. ഈ ഒരു സ്ഥിതിവിശേഷം സംജാതമായാല്‍ കുടുംബങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് മനസ്സിലാക്കുവാന്‍ അതീവ ബുദ്ധിയൊന്നും ആവശ്യമില്ല.

സ്വവര്‍ഗരതിയെക്കുറിച്ച് താക്കീത് നല്‍കാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ ലൂത്വ് നബി(അ)യുടെ ജനതയുടെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. അവരില്‍ പുരുഷന്മാര്‍ക്കിടയില്‍ മാത്രമെ സ്വവര്‍ഗരതി നടമാടിയിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്കിടയിലും അത് വ്യാപകമാണ്. നബിﷺ സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിച്ചതായി ഹദീഥുകളില്‍ കാണാം. അല്ലാഹുവിന്റെ ശാപമെന്നാല്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും ആട്ടിയോടിക്കപ്പെടലാണ്. അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ.  

ലൂത്വ് നബി(അ)യുടെ ജനതയെ അല്ലാഹു ആകാശത്തുനിന്നുള്ള ചരല്‍വര്‍ഷം കൊണ്ടും ഭൂമി തലകീഴായി മറിച്ചും ശിക്ഷിച്ചത് ഉദാര ലൈംഗികതക്ക് വാതില്‍ തുറന്ന് കൊടുക്കുന്ന രാജ്യങ്ങള്‍ക്ക് പാഠമാവേണ്ടതുണ്ട്. ''ഏതെങ്കിലും ഒരു ജനതയില്‍ മ്ലേഛത പ്രത്യക്ഷപ്പെടുകയും അവരത് പരസ്യപ്പെടുത്തുകയും ചെയ്യുന്നപക്ഷം മുന്‍ഗാമികളില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാമാരികളും രോഗങ്ങളും അവരില്‍ വ്യാപിക്കാതിരിക്കില്ല'' എന്ന നബിവചനവും നമ്മുടെ ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ.

സമൂഹം എത്ര മോശമായാലും തിന്മയിലേക്ക് പോകാതെ നന്മയില്‍ നിലകൊള്ളുക. കുഴപ്പങ്ങള്‍ ഓരോ വര്‍ഷവും കൂടുകയല്ലാതെ കുറയുകയില്ല. പരലോക വിജയമാണ് ശാശ്വത വിജയമെന്ന തിരിച്ചറിവോടെ അതിനുവേണ്ടി നിലകൊള്ളുകയും ക്ഷമിക്കുകയും ചെയ്യുക. ഇത്തരം നീചവൃത്തികള്‍ക്കെതിരെ തന്നെക്കൊണ്ട് സാധ്യമാകും വിധം പ്രതിഷേധവും പ്രതിരോധവും തീര്‍ത്ത് മുന്നോട്ടു പോകുക. 

-നസീമ പുവ്വത്തൂര്‍