എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

വര്‍ഗീയാരോപണങ്ങള്‍ യഥാര്‍ഥ വര്‍ഗീയത വളര്‍ത്തും

ഇസ്‌ലാമിക പ്രബോധനരംഗത്തും മത താരതമ്യ പഠന രംഗത്തും തന്റേതായ പങ്ക് വഹിച്ച പ്രഭാഷകനാണ് എം.എം അക്ബര്‍. വര്‍ഗീയതക്കും ഭീകരവാദത്തിനുമെതിരെ ശക്തമായ രചനകളും പ്രഭാഷണങ്ങളും വഴി കേരളത്തിലെ മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ അനല്‍പമായ പങ്ക് വഹിച്ചയാളാണ് അദ്ദേഹം. കേവലം വൈകാരികമായ പ്രഭാഷണങ്ങളെന്നതിലുപരി കൃത്യമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയുമടിസ്ഥാനത്തില്‍ പ്രബോധനം നിര്‍വഹിച്ച അദ്ദേഹം വര്‍ഗീയതയുടെ അപകടം കേരള ജനതയെ ബോധ്യപ്പെടുത്തുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയെന്ന കാര്യത്തില്‍ സംശയമില്ല.

ഇത് പുതുതായി വന്ന ഒരു ചിന്താരീതിയല്ല. മറിച്ച് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളായ മുജാഹിദ് സംഘടനകളും അതിന്റെ മുന്‍ഗാമികളും മലയാളി മനസ്സിനെ ബോധ്യപ്പെടുത്തിയ വസ്തുതകളാണ്. ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം' തീരെ വിലപ്പോവാതെ പോയ മണ്ണായിരുന്നു കേരളം. അതിന് പ്രധാന കാരണം ഇത്തരം മനുഷ്യ സൗഹാര്‍ദ പാഠങ്ങള്‍ പ്രമാണങ്ങളുദ്ധരിച്ച് സമുദായത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ അക്കാലത്ത് പണ്ഡിതന്മാര്‍ ഉണ്ടായി എന്നുള്ളത് തന്നെയാണ്. ഇവര്‍ക്കൊക്കെ ആശയ സ്രോതസ്സായി വര്‍ത്തിച്ചതാവട്ടെ വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തുമടങ്ങിയ ഇസ്‌ലാമിക പ്രമാണങ്ങളായിരുന്നു താനും.

ഇസ്‌ലാമിക പ്രമാണങ്ങളുദ്ധരിച്ച് വര്‍ഗീയതയെ ചെറുക്കുന്ന പ്രഭാഷകരെയും എഴുത്തുകാരെയും ഭരണകൂടത്തിന്റെ മുഷ്‌ക്കുപയോഗിച്ച് തടവിലിട്ടാല്‍ ഫലത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയവാദികള്‍ തന്നെയാവും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഇത്രയും കാലം രൂക്ഷമായ ഭാഷയില്‍ വര്‍ഗീയതയെ പ്രതിരോധിച്ചവര്‍ തന്നെ വര്‍ഗീയതയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ യഥാര്‍ഥ വര്‍ഗീയതയുടെ വക്താക്കളും ഒരു കാലത്ത് ഭരണകൂടത്തിന്റെ ഇരകളായിരുന്നു എന്ന പൊതുബോധം രൂപപ്പെടാന്‍ കാരണമാകുമെന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു.

സാക്കിര്‍ നായിക്കിനെതിരെയും എം.എം അക്ബറിനെതിരെയും ആഭ്യന്തരനടപടി കഴിഞ്ഞ്, കുറഞ്ഞ സമയം കൊണ്ട് തന്നെ അത്തരം രചകള്‍ സമകാലികങ്ങളില്‍ ഇടം പിടിച്ചു എന്നത് നല്ല സൂചനയല്ല മതേതര ഭാരതത്തിന് നല്‍കുന്നത്.

വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന ഗവണ്മെന്റിന്റെ പ്രഖ്യാപനം വീണ്‍വാക്കല്ലെങ്കില്‍ അവര്‍ ചെയ്യേണ്ടത് വര്‍ഗീയതക്കെതിരെ ശബ്ദിക്കുന്നവരുടെ ശബ്ദങ്ങള്‍ക്ക് കരുത്ത് പകരുകയും പ്രചാരണ സംവിധാനങ്ങള്‍ക്ക് അവസരമൊരുക്കുകയുമാണ്. അതോടൊപ്പം തന്നെ യഥാര്‍ഥ വര്‍ഗീയവാദികള്‍ സമൂഹത്തില്‍ വിലസുകയും തങ്ങളുടെ വിഷലിപ്ത രചനകള്‍ തെരുവിലും സോഷ്യല്‍ മീഡിയയിലും നിര്‍ബാധം പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഇവരെ കണ്ടെത്തി നടപടിയെടുക്കുകയും വേണം. അല്ലാത്തപക്ഷം സമീപഭാവിയില്‍ തന്നെ വര്‍ഗീയവാദികളുടെ അതിപ്രസരമായിരിക്കും സമൂഹത്തില്‍ കാണാന്‍ കഴിയുക. അത്തരമൊരു ദുര്യോഗത്തിന് ഉദ്ബുദ്ധമായ കേരളമണ്ണില്‍ അവസരമൊരുങ്ങാതിരിക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

മറ്റേത് രംഗത്തുമെന്ന പോലെ സമചിത്തതയോടെ ഈ വിഷയം ചര്‍ച്ച ചെയ്ത നേര്‍പഥം വാരികയെ അഭിനന്ദിക്കുന്നു. സമൂഹത്തിന്റെ വികാരത്തിനൊപ്പമല്ല, സമൂഹത്തെ നേര്‍വഴി നടത്താനാണ് വിവേകമുള്ളവരുടെ പ്രതികരണങ്ങള്‍ നിമിത്തമാവേണ്ടത്. നേര്‍പഥം ആ ഉദ്യമത്തില്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. അല്ലാഹു നിലനിര്‍ത്തട്ടെ.


മറുകണ്ടം ചാടുന്ന മതലയന വാദികള്‍

ഇസ്‌ലാമിനെപ്പോലെ സൗഹാര്‍ദവും സാഹോദര്യവും ഉദ്‌ഘോഷിക്കുകയും പ്രയോഗവത്ക്കരിച്ചു കാണിക്കുകയും ചെയ്ത മറ്റൊരു ആദര്‍ശ സംഹിതയുമില്ല. അനിസ്‌ലാമിക നാടുകളിലേക്ക് കച്ചവടാവശ്യാര്‍ഥവും മറ്റുമെല്ലാം കടന്നുചെന്ന സത്യവിശ്വാസി സമൂഹത്തിന്റെ മാനവസമത്വത്തിലധിഷ്ഠിതമായ, അജയ്യമായ വിശ്വാസാനുഷ്ഠാനങ്ങളില്‍ ആകൃഷ്ടരായാണ് ഒരു കാലത്ത് ഇതര മതാനുയായികള്‍ ഇസ്‌ലാമിനെ വാരിപ്പുണര്‍ന്നത്. എന്നാല്‍ ഇന്ന് സംഗതി നേരെ തകിടം മറിഞ്ഞിരിക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ പലതും അണികളെ ഇന്ന് പഠിപ്പിക്കുന്നത് അനിസ്‌ലാമികാചാരങ്ങളില്‍ തങ്ങള്‍ ഭാഗഭാക്കായാലേ അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് മതിപ്പുണ്ടാകൂ എന്നാണ്! ഇതര മതസ്ഥരുമായി മൈത്രീബന്ധം പുലര്‍ത്താനും അവരുടെ സഹായസഹകരണങ്ങള്‍ ലഭ്യമാകാനും തങ്ങളുടെ വിശ്വാസാദര്‍ശങ്ങളെ ബലികഴിക്കേണ്ടതുണ്ടെന്ന ഇവരുടെ ചിന്താഗതി വലിയ വിപത്തിലേക്കാണ് നയിക്കുക എന്നതില്‍ സംശയമില്ല.

മിശ്ര വിവാഹത്തിലൂടെ കുറെ 'മതമില്ലാത്ത ജീവനുകളെ' വാര്‍ത്തെടുത്താല്‍ സമൂഹത്തില്‍ സമാധാനം കളിയാടുമെന്നാണ് ചിലര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നത്. അത്തരം മിശ്രവിവാഹിതരുടെ അതിജീവനത്തിന്റെ പുരാണങ്ങളും മതമിശ്രണത്തിന്റെ നിറം പിടിപ്പിച്ച കഥകളുമാണ് അവര്‍ക്കിന്ന് സദാസമയവും ഏറ്റുപിടിക്കാനുള്ളത്. മതത്തെ പ്രണയിക്കാത്ത കാഞ്ചനയുടെയും മൊയ്തീന്റെയും, റഹീമിന്റെയും പത്മാവതിയുടെയും, രശ്മിയുടെയും ശംസുദ്ദീന്റെയും, നസീമയുടെയും മനോജിന്റെയും, ഹഫ്‌സയുടെയും കരുണന്റെയുമെല്ലാം വീരഗാഥകളാണ് ഇവര്‍ക്ക് ജനങ്ങളെ അറിയിക്കാനുള്ളത്. ഇത്തരം വിഷലിപ്തമായ ചിന്താഗതികള്‍ ഊട്ടിയുറപ്പിച്ച് മതരഹിതമായ ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരെല്ലാം ഉന്നം വെക്കുന്നത് യുവതലമുറയെയാണ്. ഇസ്‌ലാമിക പ്രബോധനത്തിലൂടെ സത്യദീനിന്റെ പ്രകാശം കാമ്പസുകളില്‍ പൂര്‍വാധികം പ്രസരിപ്പിച്ച് പ്രശോഭിതമാക്കേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം അനുദിനം ഏറിക്കൊണ്ടിരിക്കുകയാണ്. കാരണം, ഇസ്‌ലാമിന്റെ പേരില്‍ മേനിനടിക്കുന്ന പലരും ഇന്ന് ഏറെക്കുറെ മുന്‍ചൊന്ന ചിന്താഗതികള്‍ക്ക് പൂര്‍ണ പിന്തുണയേകിക്കൊണ്ടിരിക്കുകയാണ്, വശംവദരായിക്കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമിനെ നെഞ്ചേറ്റുന്നവര്‍ക്ക് പുണ്യത്തിലും ധര്‍മനിഷ്ഠയിലും ആരുമായും സഹകരിക്കുന്നതില്‍ യാതൊരുവിധ വിലക്കുകളുമില്ല. (ക്വുര്‍ആന്‍ 5:2). എന്നാല്‍ മനുഷ്യസൗഹാര്‍ദം എന്നതിലുപരി ഇതര മതങ്ങളുടെ വിശ്വാസാചാരങ്ങളെ അനുകരിച്ചുകൊണ്ടുള്ള ഒരു ലയനം ഇസ്‌ലാം കണിശമായി വിരോധിച്ചതാണ്. അല്ലാഹുവിന്റെ മതത്തെക്കുറിച്ചും വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുമുള്ള അതിപ്രധാനമായ ഒരു ഉത്തമബോധ്യം മനസ്സിന്റെ അന്തരാളങ്ങളില്‍ ഇത്തരുണത്തില്‍ വേരൂന്നേണ്ടതുമുണ്ട്:

 ''അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 41:42).

ഈ അടിസ്ഥാനപരമായ അറിവിലൂന്നി ഇന്നത്തെ ഇസ്‌ലാമിക സമൂഹത്തോട് വിശുദ്ധ ക്വുര്‍ആനിലേക്കും നബിചര്യയിലേക്കും സര്‍വാത്മനാ തിരിച്ചുവരാന്‍ സമാധാനപൂര്‍വം പ്രബോധിപ്പിക്കല്‍ അനിവാര്യമാണ്. 

-ഷെന്‍ഹ തുവക്കാട്