എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

ആസന്ന മരണ ചിന്തകള്‍

അനുഭവം: 1

തലേദിവസം യാത്ര പോയി മടങ്ങി വരുന്ന ഭര്‍ത്താവ് വീടിന്റെ വിളിപ്പാടകലെ നിന്ന് പ്രഭാത ഭക്ഷണത്തിനായ് വീട്ടുകാരിയെ വിളിച്ച് കാര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നു. ഫോണ്‍ കട്ട് ചെയ്ത ഭാര്യ ഭര്‍ത്താവിന് പ്രഭാതഭക്ഷണമൊരുക്കി കാത്തിരിക്കുന്നു.  നൂറിലധികം കിലോമീറ്റര്‍ ഓടിയ വണ്ടി ഒരു 20 മിനിറ്റു കൂടെ ഓടിയിരുന്നെങ്കില്‍ തന്റെ ചാരത്തണയുമായിരുന്ന ഭര്‍ത്താവിനുണ്ടാക്കിയ ഭക്ഷണത്തിന്റെ ചൂടാറും മുമ്പ്  അദ്ദേഹം ലോകത്തോട് വിട പറയുക! വിട പറഞ്ഞ വിവരമറിയാതെ പാകം ചെയ്ത ഭക്ഷണം വിളമ്പി സന്തോഷ സ്വീകരണത്തിന് കാത്തിരിക്കുന്ന നേരം ഹൃദയം തകരുന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരിക! ഒരക്ഷരം പറയാതെ ഓര്‍ക്കാപ്പുറത്ത് എല്ലാം നഷ്ടപ്പെട്ടവനായി ഒറ്റക്കാവുക!

സഹിക്കാവുന്നതിലുമപ്പുറമാണ് കാര്യങ്ങള്‍.

അനുഭവം: 2

കിളിക്കൊഞ്ചല്‍ മാറാത്ത പിഞ്ചു പൈതല്‍ അപ്രതീക്ഷിതമായി കിണറ്റില്‍ വീഴുക. വീണപാടെ രക്ഷപ്പെടുത്താനായി പ്രായം തളര്‍ത്തിയ ശരീരത്തെ വകവെക്കാതെ അതേ കിണറ്റിലേക്ക് എടുത്തു ചാടുക; രണ്ടാളും മരണത്തിന് കീഴടങ്ങുക. നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി ഒരു ദുരന്ത ചിത്രം പൂര്‍ത്തിയാവുക.

അനുഭവം: 3

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വിദേശത്ത് പോയ യുവാവ് ഒന്നര വര്‍ഷത്തിനു ശേഷം സ്വപ്‌നലോകത്തേക്ക് തിരിച്ചു വരാന്‍ ടിക്കറ്റെടുത്ത് ദിവസങ്ങളെണ്ണി കാത്തു നില്‍പ്പാണ്. വീടും കുടുംബവും സന്തോഷത്തിലും. നാട്ടിലേക്ക് മടങ്ങേണ്ട പതിനൊന്ന് ദിവസങ്ങള്‍ക്ക് മുമ്പേ ഒരു വാഹനാപകടം പ്രതീക്ഷകള്‍ക്കു മീതെ കരിനിഴല്‍ വീഴ്ത്തി, ആശുപത്രി കിടക്കയില്‍ ഉറ്റവരെ അവസാനമായി ഒരു നോക്കുപോലും കാണാതെ വിധിക്ക് കീഴടങ്ങുക. സുഗന്ധപൂരിത സന്തോഷത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിന്ന് പകരം എംബാം ചെയ്ത ശരീരം ഏറ്റുവാങ്ങേണ്ടി വരിക.

പ്രിയരേ പോയവാരത്തില്‍ മലപ്പുറം ജില്ലയിലുണ്ടായ 3 അനുഭവസാക്ഷ്യങ്ങളാണ് അക്ഷരങ്ങളില്‍ തെളിഞ്ഞത്. നിനച്ചിരിക്കാതെ നാല് കുടുംബത്തിലേക്ക് കേറി വന്ന മരണങ്ങള്‍. ഒരു വിശ്വാസിക്ക് അനുഭവങ്ങള്‍ പാഠമാണ്. പ്രായമില്ലാത്ത, സമയമില്ലാത്ത, സന്ദര്‍ഭമില്ലാത്ത, മരണം.

അല്ലാഹുവിന്റെ വചനങ്ങള്‍ എത്ര സുചിന്തിതം. ''തീര്‍ച്ചയായും, അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്.. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (ക്വുര്‍ആന്‍ 31:34)

ഓടി രക്ഷപ്പെടാനാവാത്ത മരണത്തിന് വശംവദരാവേണ്ടവരാണ് നാം. എങ്കില്‍ പിന്നീടുള്ള ജീവിതവിജയത്തിന് വേണ്ടി പണിയെടുക്കലാണ് ബുദ്ധി. അവനാണ് ബുദ്ധിമാന്‍. യഥേഷ്ടം അനുഭവങ്ങള്‍ നമുക്കായ് തുറന്നു തരുന്ന ആ ചിന്തയിലേക്ക് സ്വമേധയാ തിരിയാനും അറച്ച് നില്‍ക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിപ്പിക്കാനുമാണ് ഈ അനുഭവങ്ങളെല്ലാം നാഥന്‍ നമുക്ക് കാണിച്ചു തന്നത്. മരണശേഷമുള്ള വിജയചിത്രം നാഥന്‍ വരച്ചുനല്‍കിയത് ഇവിടെ പ്രസ്താവ്യമാണ്

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.'' (ക്വുര്‍ആന്‍: 3:185)

അതിനാല്‍ ചിന്തിക്കുക. വായിച്ച മൂന്ന് അനുഭവങ്ങളും സ്വജീവിതത്തിലേക്ക് ചേര്‍ത്തിവെക്കുക? താങ്ങാനാവുമോ ആ സമയങ്ങളിലെന്ന് പലവട്ടം ചിന്തിക്കുക. ഈമാനിക ശക്തി കൊണ്ട് മാത്രമാണ് ഇത്തരം സമയങ്ങളില്‍ പിടിച്ചു നില്‍ക്കാനാവുക. ദീനീ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ആരാരുമില്ലാത്ത സമയങ്ങളില്‍ ആശ്വാസമരുളുക. ആയതിനാല്‍ ആരെയും കാത്ത് നില്‍ക്കാതെ മുന്നോട്ട് പോവുക.  അല്ലാഹു തുണക്കട്ടെ. ആമീന്‍

-മുസ്ലിം ബിന്‍ ഹൈദര്‍

0
0
0
s2sdefault