എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

സ്വവര്‍ഗരതി: പ്രമാണങ്ങള്‍ പറയുന്നത്...

ഒരേ ലിംഗത്തില്‍ പെട്ടവരോട് ലൈംഗികാഭിനിവേശം തോന്നുന്ന വൈകൃതമാണ് സ്വവര്‍ഗരതി. ഒരേ വര്‍ഗത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥയിലേക്ക് വരെ ഇത് കൊണ്ടെത്തിക്കും. ഈ നീചവൃത്തി ചെയ്യുന്നതില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെയുണ്ട് എന്നത് ഇതിന്റെ ഗൗരവം എത്രത്തോളമുണ്ടെന്നാലോചിക്കുന്നതിലേക്ക് വഴികാണിക്കുന്നു.

പുരുഷ വിഭാഗത്തിന്റെ ഏറ്റവും മോശപ്പെട്ട ലൈംഗിക വ്യതിചലനമാണ് ആണ്‍ സ്വവര്‍ഗരതി അഥവാ 'സഡോമി.' ലൂത്ത് നബി(അ)യുടെ സമുദായത്തിന് മുമ്പ് മാനവകുലം പരിചയിച്ചിട്ടില്ലാത്ത ഒരു വന്‍ പാതകമാണിത്. അതിനാല്‍ തന്നെ അവരിലേക്ക് ചേര്‍ത്ത് അറബിയില്‍ സഡോമിക്ക് 'ലിവാത്', ലൂത്ത് ജനതയുടെ പ്രവര്‍ത്തനം, 'സ്വദൂമിയ്യ' എന്നിങ്ങനെ പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നു. ലൂത്ത് നബി(അ) നിയോഗിക്കപ്പെട്ട ജനതയാണ് സ്വദൂം. അതിലേക്ക് ചേര്‍ത്താണ് 'സ്വദൂമിയ്യ' എന്ന പേര് വന്നത്.

ക്വുര്‍ആനിലും നബി(അ)യുടെ വചനങ്ങളിലും സ്വവര്‍ഗരതി കഠിന ശിക്ഷയര്‍ഹിക്കുന്ന പാപമാണ് എന്ന് വ്യക്തമായി കാണാം. എന്നാല്‍ ചില വിവരമില്ലാത്ത സംസ്‌കാരശൂന്യര്‍ അതിന് പല പേരുകളുമിട്ട് അനുഭാവപൂര്‍ണമായ സമീപനം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിക്കുന്നു. അത്തരം കുറ്റവാളികള്‍ക്ക് സാമൂഹികാവകാശങ്ങള്‍ വരെ നേടിക്കൊടുക്കുവാനും ഒരുവേള സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷ നല്‍കുവാന്‍ തിടുക്കം കൂട്ടുക വരെ ചെയ്യുന്ന പൗര പ്രമുഖന്‍മാരെയും സമൂഹത്തില്‍ കണ്ട് വരുന്നു. ഖേദകരമെന്ന് പറയട്ടെ നമ്മുടെ രാജ്യം ഈ നീചവൃത്തി നിയമവിധേയമാക്കുകയും ചെയ്തിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ പീനല്‍കോഡ് തിന്‍മയായി പ്രഖ്യാപിക്കുകയും സമൂഹം ഒന്നടങ്കം പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമെന്ന് പറയുകയും ചെയ്ത ഈ ദുഷ്ട ചെയ്തിക്ക് കൂട്ടു നില്‍ക്കുന്നത് ആരായിരുന്നാലും ശരി ആധുനിക സംസ്‌കാരം എത്തിച്ചേര്‍ന്നിരിക്കുന്ന അധഃപതനത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് തന്നെയാണ് അത് വിരല്‍ചൂണ്ടുന്നത്.

മനുഷ്യനെ സൃഷ്ടിക്കുകയും, അവന്‍ ജീവിക്കേണ്ട രീതി പഠിപ്പിക്കുകയും ചെയ്ത രക്ഷിതാവിന്റെ ശാപ കോപങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനമാണ് സ്വവര്‍ഗരതി. ഇബ്നു അബ്ബാസ്(റ)യില്‍ നിന്ന്: നബിﷺ പറഞ്ഞു: ''സ്വന്തം പിതാവിനെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. സ്വന്തം മാതാവിനെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. ഭൂമിയുടെ അതിരുകള്‍ മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാണ്. അന്ധനായ ഒരാളെ വഴിതെറ്റിപ്പിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. മൃഗങ്ങളുമായി വേഴ്ച നടത്തുന്നവന്‍ ശപിക്കപ്പെട്ടവനാണ്. ലൂത്ത് നബിയുടെ സമുദായത്തിന്റെ പ്രവര്‍ത്തനം (സ്വവര്‍ഗരതി) ചെയ്യുന്നവന്‍ ശപിക്കപെട്ടവനാണ്.'' (അഹ്മദ്)

ശപിക്കപെട്ടവന്‍ എന്ന് നബിﷺ എണ്ണിപ്പറഞ്ഞ കൂട്ടത്തിലാണ് സ്വവര്‍ഗരതിക്കാരന്‍. അല്ലാഹു ഒരിക്കലും പൊറുക്കാത്ത, നരകത്തില്‍ ശാശ്വതമായി കിടക്കുന്ന ശിര്‍ക്കെന്ന വന്‍പാപത്തിന്റെ കൂട്ടത്തിലാണ് ഇതിനെ എണ്ണിയത് എന്നത് തന്നെ ഇതിന്റെ ഗൗരവത്തെ എടുത്തു കാണിക്കുന്നു. മാത്രമല്ല, നബിﷺ തന്റെ സമുദായത്തിന്റെ മേല്‍ ഏറ്റവും അധികം ഭയപ്പെട്ട കാര്യങ്ങളിലൊന്ന് കൂടിയാണിത്.

നബിﷺ പറഞ്ഞു: ''എന്റെ സമുദായത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ലൂത്ത് നബി(അ) യുടെ ജനതയുടെ പ്രവര്‍ത്തന(സ്വവര്‍ഗരതി)മാണ്.'' (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം)

മഹാനായ താബിഈ പണ്ഡിതന്‍ ഫുളൈല്‍ ബ്‌നു ഇയാളിന്റെ വാക്കുകള്‍ ഇതിന്റെ ഗൗരവം വിളിച്ചോതുന്നതാണ്. ''സ്വവര്‍ഗരതി ചെയ്തവന്‍ ആകാശത്ത് നിന്ന് ഉറ്റിവീഴുന്ന മുഴുവന്‍ തുള്ളി(ജലം)യില്‍ കുളിച്ചാലും ശുദ്ധിയില്ലാത്തവനായാണ് അല്ലാഹുവിനെ കണ്ടുമുട്ടുക.'' (ഇമാം ഥൗരിയുടെ ദമ്മു ലിവാഥ് എന്ന ഗ്രന്ഥം)

മാനവകുലത്തിന് ആദ്യമായി ഈ നീചവൃത്തി പഠിപ്പിച്ച ജനതയെ അല്ലാഹു നശിപ്പിച്ചത് പ്രതിപാദിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍(15:72-77) ആധുനിക തലമുറക്കുള്ള വ്യക്തമായ താക്കീതാണ്.

-അബൂ മുസ്ലിം അഴീക്കല്‍