എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

ശ്രദ്ധേയമായ ലേഖനം

സഹിഷ്ണുതയെക്കുറിച്ചുള്ള സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം(ലക്കം 50) ഏറെ ശ്രദ്ധേയമായിരുന്നു. വിഭിന്നമായ ആശയങ്ങളും അതത് ആശയങ്ങളിലെ വ്യത്യസ്ത പോഷക വാദങ്ങളുമെല്ലാം ലോകത്തിലെ പല ദിക്കുകളിലും- പ്രത്യേകിച്ച് ജനാധിപത്യം അന്തസ്സത്തയായ ഇന്ത്യ അടക്കമുള്ള പല ബഹുസ്വര രാഷ്ട്രങ്ങളിലും- നിലകൊള്ളുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. താന്‍ വിശ്വസിക്കുന്ന ആശയം മാത്രമാണ് ശരിയെന്നത് കൊണ്ടാണ് വിവിധ ആശയ പ്രചാരണങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്.തങ്ങളുടേതല്ലാത്ത ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു കൂടാ എന്ന ഫാസിസ്റ്റ് ചിന്തയാണ് ബഹുസ്വര സമൂഹത്തിന് വിള്ളല്‍ ചാര്‍ത്തുന്നത്. അതുകൊണ്ടാണല്ലോ മതംമാറ്റം ഒരു പ്രശ്‌നമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒരാളുടെ മനസ്സില്‍ അയാള്‍ രൂപപ്പെടുത്തിയിട്ടുള്ള വിശ്വാസ കാര്യങ്ങള്‍ തെറ്റെന്നു സ്വയം ബോധ്യപ്പെടുമ്പോള്‍ അവ തിരുത്തുവാനുള്ള സ്വാതന്ത്ര്യം അയാളുടെ മൗലികാവകാശങ്ങളുടെ പരിധിയിലാണ് വരിക എന്ന ലേഖകന്റെ പ്രയോഗം ചിന്തനീയമാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതിനെ മാത്രം മതം മാറ്റമായി ചിത്രീകരിക്കുകയാണെങ്കില്‍ ഒരു ദൈവത്തില്‍ പോലും വിശ്വാസമില്ലാത്ത നിരീശ്വരവാദിയായ ഒരു വ്യക്തി പ്രത്യേക മതത്തിലേക്ക് കടന്നുവന്നാല്‍ അത് ഏത് വകുപ്പിലാണ് പെടുകയെന്ന ചോദ്യം പ്രസക്തമാകുന്നതിവിടെയാണ്. 

നിര്‍ബന്ധിത മതംമാറ്റം എക്കാലത്തും എതിര്‍ക്കപ്പെടേണ്ടതാണ്.കാരണം, അതൊരു മതത്തെ വ്രണപ്പെടുത്തുകയെന്നതിനെക്കാള്‍ ഉപരി അസഹിഷ്ണുതയ്ക്ക് വിത്ത് പാകലും കൂടിയാണ്. ദൈവിക മതമായ ഇസ്‌ലാം അത്തരം പ്രവണതകളെ എതിര്‍ക്കുന്നു എന്നതിനുള്ള തെളിവാണ് പ്രവാചകനും പിതൃവ്യനായ അബൂത്വാലിബും തമ്മിലുള്ള ബന്ധം. രണ്ട് വിശ്വാസങ്ങളില്‍ കഴിഞ്ഞിരുന്നവരാണല്ലോ അവര്‍. താനറിഞ്ഞ സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ ഇസ്‌ലാം ആശ്ലേഷം നിര്‍ബന്ധമാണെന്ന കാരണത്താല്‍ പ്രവാചകന്‍ ﷺ  അദ്ദേഹത്തോട് ആശയ പ്രബോധനം നടത്തുകയാണ് ചെയ്തത്. നിര്‍ബന്ധം ചെലുത്തിയിട്ടില്ല.  അത് കൊണ്ടാണല്ലോ മരണം വരെ അവര്‍ക്കിടയില്‍ സ്‌നേഹ ബന്ധം നിലനിന്നത്.

'മതത്തിന്റെ കാര്യത്തില്‍ ബലാല്‍കാരം ഇല്ല...' (2:256) എന്നത് ക്വുര്‍ആനിന്റെ പ്രഖ്യാപനമാണ്. ബഹുസ്വര, മതേതര രാജ്യത്തുള്ള ജീവിതം അനിസ്‌ലാമികമല്ല. എല്ലാ നബിമാരും അയക്കപ്പെട്ടത് പ്രത്യേക സമൂഹങ്ങളിലേക്കാണ്. ഇബ്‌റാഹീം(അ) അയക്കപ്പെട്ടത് ബഹുദൈവാരാധന ശക്തമായി നിലനിന്ന സമൂഹത്തിലേക്കാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബഹുദൈവാരാധ്യനായിരുന്നു. അദ്ദേഹം പ്രബോധനം ചെയ്തതാകട്ടെ നേര്‍വിപരീതമായ ആശയവും. പക്വമായ രീതിയിലുള്ള ഉദ്‌ബോധനം നടത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. മുഹമ്മദ് നബി ﷺ  അയക്കപ്പെട്ടതും ഇത്തരം സമൂഹത്തിലേക്കാണ്. നിഷ്‌കളങ്കമായ പ്രാര്‍ഥനയിലൂടെയും വിവേകപൂര്‍ണമായ ഇടപെടലുകളിലൂടെയുമാണ് അവര്‍ പ്രതിസന്ധികളെ തരണം ചെയ്തതെന്ന് ചരിത്രം പഠിപ്പിക്കുന്നു. 

മുന്‍ കാലങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര മുസ്‌ലിം നേതാക്കളും ഈ നിലപാടാണ് സ്വീകരിച്ചതെന്ന് ചരിത്രം മനസ്സിലാക്കിത്തരുന്നു. മൗലാനാ മുഹമ്മദലി ജൗഹര്‍ ബക്കിങ്ങ്ഹാം കൊട്ടാരത്തില്‍ വെച്ച് ഇന്ത്യയുടെ പ്രതിനിധിയായി അല്ലാഹുവിനെയും റസൂലിനെയും സ്മരിച്ചു പ്രസംഗം തുടങ്ങുകയും ഇത് കേട്ട ജോര്‍ജ്ജ് ചക്രവര്‍ത്തി ആ നാമം ഇവിടെ പറയരുതെന്ന് രോഷാകുലനായി ആജ്ഞാപിക്കുകയും ചെയ്തത് ചരിത്രമാണ്. തന്റെ രാജ്യം എതെന്ന് ചോദിച്ചാല്‍ ഇന്ത്യയാണെന്നും മതമേതെന്ന് ചോദിച്ചാല്‍ ഇസ്‌ലാമാണെന്നുമുള്ള മൗലാനയുടെ മറുപടി ചിന്തനീയമാണ്.

1931 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദീര്‍ഘകാല പ്രസിഡന്റും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുല്‍ കലാമിന്റെയും കേരള മണ്ണിലെ മഹാരഥന്മാരായ പണ്ഡിതരുടെയും ഇടപെടലുകള്‍ മാതൃകാപരമാണ്. അവര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളില്‍ ശക്തമായി ഉറച്ച് നില്‍ക്കുകയും അത് തുറന്ന് പറയാനുള്ള അവസരങ്ങളെ വിവേകപൂര്‍വം ഉപയോഗപ്പെടുത്തുകയും ചെയ്തതായി നമുക്ക് കാണാന്‍ സാധിക്കും. സഹിഷ്ണുതയോട് കൂടി സഹവര്‍ത്തിച്ച് മതേതര ബഹുസ്വര സമൂഹത്തില്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിച്ച് കാണിക്കുകയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്. അതല്ലാതെ, ഒളിച്ചോടുകയല്ല.

- സഹല്‍ ആദം