എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

വ്യാജ വാര്‍ത്തകള്‍

ഇലക്ടോണിക് മാധ്യമങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ അതിവേഗ വാര്‍ത്താവിനിമയം സുസാധ്യമായി. ഇന്ന് ജനങ്ങളില്‍ അറപ്പും വെറുപ്പും ഭീതിയും ഉണ്ടാക്കുന്ന വിധം ചിലരെങ്കിലും വ്യാജ വാര്‍ത്തകളും ചിത്രങ്ങളും അശ്ലീലതകളും പ്രചരിപ്പിച്ച് സ്വയം അപഹാസ്യരായി മാറുന്നു. ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണിതെങ്കിലും നിര്‍ബാധം അത് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

ചെയ്യുന്നതിന്റെ ഗൗരവം തീരെ മനസ്സിലാക്കാതെയാണ് പലരും ഇതിന് ഒരുമ്പെടുന്നത്. നിമിഷ നേരം കൊണ്ട് ലോകം മുഴുവന്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അത് ഉള്‍പ്പെടുന്ന വ്യക്തിയെ എത്ര മാനസികമായി തളര്‍ത്തുന്നു എന്ന് ഇവര്‍ അറിയുന്നില്ല. പലപ്പോഴും ആത്മഹത്യക്ക് വരെ ഇത്തരം വ്യാജ വാര്‍ത്തകളും ഫോട്ടോകളും കാരണമാകുന്നു. എന്നാല്‍ നല്ല കാര്യങ്ങള്‍ പലപ്പോഴും ആരും അറിയാതെ പോകുന്നുണ്ട് എന്നതും ഓര്‍ക്കുക. പലരും ഒരു വിനോദം എന്ന നിലയിലാണ് വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. സത്യവിശ്വാസികള്‍ അത് ഗുരുതരമായ പാതകമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

വിനോദവൃത്താന്തങ്ങള്‍ക്ക് പിന്നാലെ പോയി അല്ലാഹുവിനോടുള്ള കടമകള്‍ മറന്നുകളയുന്ന അനവധിയാളുകളുണ്ട്. അല്ലാഹു പറയുന്നു: ''യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്. അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്തയറിയിക്കുക'' (ക്വുര്‍ആന്‍ 31:6,7).

-ആര്‍.എം. ഇബ്‌റാഹീം, വെളുത്തൂര്‍


പ്രളയം സമ്മാനിച്ച തിരിച്ചറിവ്

മനുഷ്യര്‍ക്കിടയിലെ സകല വേര്‍തിരിവുകളെയും ഭേദിച്ചുകൊണ്ട് എല്ലാവരെയും ഒരുപോലെ ഭീതിപ്പെടുത്തിക്കളഞ്ഞ ഒരു പ്രകൃതിദുരന്തത്തിന് നാം സാക്ഷ്യം വഹിച്ചു. കണക്കില്ലാത്ത നാശനഷ്ടങ്ങള്‍ക്ക് വിധേയരായിരിക്കുന്നുവെന്ന് നമ്മള്‍ സ്വയം വിലയിരുത്തുന്ന ഈ സന്ദര്‍ഭത്തില്‍ പരലോക നഷ്ടത്തെക്കാള്‍ എത്രയോ തുച്ഛമാണ് ഇഹത്തിലെ ഈ നാശനഷ്ടങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതായിരിക്കട്ടെ പ്രളയം ബാക്കി വെച്ച ഒരേ ഒരു നേട്ടം.

'ഏറ്റവും വലിയ ശിക്ഷ കൂടാതെ ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ മടങ്ങിയേക്കാമല്ലോ' എന്ന ക്വുര്‍ആന്‍ വചനം (സൂറഃസജദ :21) ഈ സന്ദര്‍ഭത്തില്‍ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇതില്‍ പറഞ്ഞ ഏറ്റവും വലിയ ശിക്ഷ എന്നത് പരലോകശിക്ഷയാണ്. ചെറിയ തരം ശിക്ഷ കൊണ്ടുദ്ദേശ്യം ക്ഷാമം, രോഗം, പ്രളയം, യുദ്ധം തുടങ്ങിയ വിവിധ പരീക്ഷണങ്ങളും മനഃക്ലേശങ്ങളും കഷ്ടപ്പാടുകളുമായേക്കാം. ഇങ്ങനെയുള്ള പരീക്ഷണങ്ങളില്‍ നിന്നെങ്കിലും അവര്‍ പാഠം പഠിച്ച് മടങ്ങാന്‍ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കില്‍ ഇതിനു പുറമെ പരലോകത്ത് വമ്പിച്ച ശിക്ഷയും അവര്‍ അനുഭവിക്കേണ്ടിവരും. 

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 2:155-157).

നാം ഭയപ്പെട്ടില്ലേ? പലരും താല്‍ക്കാലികമാെയങ്കിലും പട്ടിണിയിലായില്ലേ? ധനനഷ്ടവും ജീവനഷ്ടവും വിഭവനഷ്ടവും സംഭവിച്ചില്ലേ? അല്ലാഹുവിലേക്ക് മടങ്ങുന്നവരാണ് ഞങ്ങള്‍ എന്നു പറയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഇനിയും നമ്മള്‍ തയ്യാറായില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ദുരന്തമാണ് പരലോകത്ത് നമ്മെ കാത്തിരിക്കുന്നതെന്ന് ഓര്‍ക്കുക.

-നസീമ പൂവത്തൂര്‍