എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ജൂണ്‍ 02 1439 റമദാന്‍ 17

നോമ്പ് മുസ്‌ലിംകള്‍ക്ക് മാത്രമോ?

റമദാന്‍ മാസം ആഗതമായാല്‍ പിശാച് ബന്ധനസ്ഥനാവുമെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. എന്നാല്‍ മനുഷ്യരില്‍ പെട്ട ഇത്തരം സൃഷ്ടികള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് വേണം മനസ്സിലാക്കാന്‍. എന്തിനും ഏതിനും ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ചിലയാളുകള്‍ പതിവ് പോലെ ബ്ലോഗെഴുത്ത് തുടങ്ങിയിട്ടുണ്ട്. 'തീറ്റ മഹോത്സവത്തിന് സ്വാഗതം' എന്നാണതിന്റെ തലക്കെട്ട്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന 'കാടന്‍' നിയമങ്ങളെ കുറിച്ച് എന്നത്തെയും പോലെ സവിസ്തരം വിശദീകരിച്ചിട്ടുമുണ്ട് ടിയാന്‍. 

യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ മാത്രമുള്ള ഒരു അനുഷ്ഠാനമെന്ന മിഥ്യാധാരണയില്‍ നിന്നാണ് ഈ വിമര്‍ശനം ഉടലെടുക്കുന്നത് തന്നെ. എന്നാല്‍ ഇക്കാര്യം അല്‍പമൊന്ന് പരിശോധിച്ചാല്‍ അതിലെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെടും.

ചെന്നൈ സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗം തലവനായിരുന്ന പ്രൊഫ. ടി.എം.പി. മഹാദേവന്‍ എഴുതുന്നു: ''ഉത്സവങ്ങളിലും വാര്‍ഷികാഘോഷങ്ങളിലും ചില ദിവസങ്ങള്‍ വ്രതത്തിനായിട്ടുണ്ട്, ഹിന്ദുമതത്തില്‍. ആത്മശുദ്ധിയും ഹൃദയപരിപോഷണവുമാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവതയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ചില പ്രത്യേക വ്രത ദിവസങ്ങളുണ്ട്. അന്ന് അധികപേരും നോമ്പെടുത്തിരുന്നു; ആഹാരപാനീയങ്ങള്‍ വെടിയുകയും രാത്രികളില്‍ നിദ്രാവിഹീനരായി പ്രാര്‍ഥനയില്‍ മുഴുങ്ങുകയും ചെയ്തിരുന്നു. ഹിന്ദുക്കളില്‍ അധികമാളുകളും 'വൈകുണ്ഠ ഏകാദശി' കൊണ്ടാടുന്നു. വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ടതാണെങ്കിലും, വിഷ്ണുവിനെ ആരാധിക്കുന്നവര്‍ മാത്രമല്ല മറ്റു പലരും അന്ന് വ്രതമനുഷ്ഠിക്കുക പതിവായിരുന്നു. സ്ത്രീകള്‍ മാത്രം വത്രമനുഷ്ഠിക്കുന്ന ചില ദിവസങ്ങളുമുണ്ട്. അന്ന് അവര്‍ ഐശ്വര്യത്തിന്റെ ദേവതയെ വിളിച്ചു പ്രാര്‍ഥിക്കുന്നു. എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തിയ്യതികളില്‍ ബ്രാഹ്മണര്‍ വ്രതമെടുക്കാറുണ്ട്. ഇങ്ങനെ കൃത്യമായി നോമ്പെടുക്കുന്ന ബ്രാഹ്മണന്‍ വര്‍ഷത്തില്‍ ഇരുപത്തിനാലു ദിവസം അതിനായി നീക്കിവെക്കുന്നുണ്ട്.'' (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക).

കുറേക്കൂടി കര്‍ക്കശമായ വ്രതാനുഷ്ഠാനമാണ് ജൈനരുടേത്. തുടര്‍ച്ചയായി നാല്‍പതു ദിവസമാണ് അവര്‍ നോമ്പെടുക്കുന്നത്. പൗരാണിക ഈജിപ്തുകാര്‍ ഉത്സവ ദിനങ്ങളോടനുബന്ധിച്ച് വ്രതമനുഷ്ഠിച്ചിരുന്നതായി ചരിത്രത്തില്‍ നിന്ന് ഗ്രഹിക്കാം. ഗ്രീക്ക് മാസങ്ങളിലൊന്നായ 'തിസ്മൂഫിരിയാ'യുടെ മൂന്നാമത്തെ ദിവസം സ്ത്രീകള്‍ക്ക് മാത്രമുള്ള വ്രതദിനമുണ്ടായിരുന്നു. പാഴ്‌സികള്‍ പൊതുവെ വ്രതമനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വേദപുസ്തകത്തില്‍ വ്രതാനുഷ്ഠാനം നിര്‍ദേശിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്.

യഹൂദികള്‍ ദുഃഖസൂചകമായിട്ടാണ് വ്രതം ആചരിച്ചു പോരുന്നത്. എന്തെങ്കിലും വിഷമസന്ധികളോ ക്ലേശങ്ങളോ ഉണ്ടായാല്‍ അവര്‍ വ്രതമെടുത്തിരുന്നു. യഹൂദന്മാര്‍ക്കിടയില്‍ പ്രായശ്ചിത്താര്‍ഥമല്ലാതെയുമുള്ള ധാരാളം വ്രതങ്ങളുണ്ട്. ജൂതന്മാര്‍ തങ്ങളുടെ വ്രതം പ്രഭാതം മുതല്‍ ആരംഭിക്കുകയും മൂവന്തിയില്‍ ആദ്യനക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

യേശു സ്വന്തമായി വ്രതശാസന പുറപ്പെടുവിച്ചിരുന്നില്ല. കാരണം പഴയ നിയമങ്ങളുടെ പുനരുദ്ധാരകന്‍ മാത്രമായിരുന്നു അദ്ദേഹം. പഴയ നിയമത്തിലെ അടിസ്ഥാനാശയങ്ങളും മൗലിക സിദ്ധാന്തങ്ങളും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ ക്രൈസ്തവ ഗ്രന്ഥങ്ങളില്‍ പൗലോസിന്റെ വ്രതത്തെക്കുറിച്ചും ആദ്യകാലത്ത് യഹൂദികളായിരുന്ന ക്രിസ്ത്യാനികളുടെ പ്രായശ്ചിത്ത വ്രതത്തെക്കുറിച്ചും പരാമര്‍ശങ്ങള്‍ കാണാം. എല്ലാ ആഴ്ചയിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കാന്‍ തുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ്. മാമോദീസ നടത്തുന്ന വേളയില്‍ ഒന്നോ രണ്ടോ ദിവസം എല്ലാവരും വ്രതമനുഷ്ഠിച്ചിരുന്നു എന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലീജ്യന്‍സ് ആന്റ് എത്തിക്‌സില്‍ കാണാം.

ചുരുക്കത്തില്‍ ഇസ്‌ലാമില്‍ മാത്രമുള്ള ഒരു ആരാധനാ കര്‍മമെന്ന നിലയ്ക്ക് മതശാസനകളെ കാടു കയറി വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നേ വിനീതബുദ്ധ്യാ സൂചിപ്പിക്കാനുള്ളൂ.

-ഇബ്‌നു ഹൈസ