എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

പുതുവര്‍ഷത്തില്‍ പുതിയമുഖം

പുതു വര്‍ഷത്തില്‍ പുതിയ മുഖവുമായാണ് 'നേര്‍പഥം' കൈകളിലെത്തിയത്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം അടിമുടി മാറ്റം. കൂടെ പുതിയ പംക്തികളും. എല്ലാം ഒന്നിനൊന്ന് മെച്ചം. നേര്‍പഥത്തോട് കിടപിടിക്കുന്ന ഇസ്‌ലാമിക ആനുകാലികം വേറെയുണ്ടെന്ന് തോന്നുന്നില്ല. വായനക്കാര്‍ക്ക് ആവശ്യമുള്ളതെന്തോ അത് അറിഞ്ഞുകൊണ്ടു തന്നെ നല്‍കുന്നു എന്നതാണ് നേര്‍പഥത്തിന്റെ സവിശേഷത. 'ബാലപഥം' കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. 'നിയമപഥം' ഓരോ പൗരനും സാമാന്യമായി അറിയേണ്ട നിയമ കാര്യങ്ങളിലേക്ക് വെളിച്ചം നല്‍കുന്ന രൂപത്തില്‍ ലളിതമായി അവതരിപ്പിക്കുന്നത് തുടരുമല്ലോ. 

- ആരിഫ അബൂബക്കര്‍, തിരൂര്‍


ഇത് അനുഷ്ഠാന തീവ്രതയോ?

'ആത്മീയ ചൂഷണം, അതിവാദം, അനുഷ്ഠാന തീവ്രത, ഇസ്‌ലാം' എന്ന സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം കാലോചിതവും പഠനാര്‍ഹവുമായിരുന്നു. മതത്തിന്റെ നിയമ നിര്‍ദേശങ്ങള്‍ യഥാവിധി അനുസരിച്ച് ജീവിക്കുന്നവരെ 'ആത്മീയ ജീവികള്‍' എന്നും 'അനുഷ്ഠാന തീവ്രത' വെച്ചു പുലര്‍ത്തുന്നവര്‍ എന്നുമൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ആരെയോ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി ഒച്ചവെക്കുന്ന ഇക്കൂട്ടര്‍ തങ്ങള്‍ ചെയ്യുന്ന അപരാധത്തിന്റെ ആഴമറിയാെത പോകുന്നു എന്നതാണ് വാസ്തവം.

അനുഷ്ഠാനങ്ങളിലെ കണിശതയും അനുഷ്ഠാന തീവ്രതയും രണ്ടും രണ്ടാണ്. കണിശത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തീവ്രത അപലപിക്കപ്പെടേണ്ടതുമാണ്. കണിശതയുടെ അടിസ്ഥാനം പ്രമാണങ്ങളാണ്. തീവ്രതയുടെ ആധാരം പ്രമാണങ്ങള്‍ക്കുള്ള മനുഷ്യനിര്‍മിത വ്യാഖ്യാനങ്ങളാണ്. പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടു വന്നിട്ടുള്ള അറിവുകളിലൂടെ ജീവിതം ക്രമപ്പെടുത്താനുള്ള ഒരു മുസ്‌ലിമിന്റെ തീരുമാനത്തെ ആദര്‍ശ കണിശത എന്നും അനുഷ്ഠാനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന സൂക്ഷ്മതക്കും കണിശതക്കും അനുഷ്ഠാനങ്ങളിലെ കണിശത എന്നുമാണ് പറയേണ്ടത്. ഭൗതികതയെ പാടേ ഉപേക്ഷിക്കാനോ കേവലം 'ആത്മീയ ജീവി'കളാവാനോ സ്വയം പീഡിപ്പിക്കാനോ ക്വുര്‍ആനോ സ്വീകാര്യയോഗ്യമായ ഹദീഥുകളോ ആഹ്വാനം ചെയ്യുന്നില്ല. 

വസ്തുത ഇതായിരിക്കെ ഒറ്റപ്പെട്ട ഏതെങ്കിലും വ്യക്തികള്‍ മതത്തിന്റെ അതിരുകള്‍ ഭേദിച്ച് സ്വയം നിര്‍മിത തീവ്രതയില്‍ അഭിരമിക്കുന്നുവെങ്കില്‍ അതിനെ ഇസ്‌ലാമിന്റെയോ മാന്യമായി ജീവിക്കുന്ന മുസ്‌ലിംകളുടയോ തലയില്‍ കെട്ടിവെക്കുന്നതില്‍ അര്‍ഥമില്ല.

-മുഹമ്മദ് ഫര്‍ഹാന്‍.കെ.പി, പെരുമ്പാവൂര്‍


തഫ്‌സീറുസ്സഅദി

പുതിയ ക്വുര്‍ആന്‍ പഠന പംക്തി തുടങ്ങിയത് ഏറെ ഉപകാരപ്രദമാണെന്ന് അറിയിക്കട്ടെ. തഫ്‌സീറുസ്സഅദിയുടെ സവിശേഷത വിവരിച്ചതും രണ്ടുലക്കങ്ങളില്‍ വന്ന ചെറിയ അധ്യായങ്ങളുടെ വിശദീകരണവും കണ്ടപ്പോള്‍ ഏത് സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതായിരിക്കും തുടര്‍ന്നുവരുന്ന ഭാഗങ്ങളും എന്ന് മനസ്സിലാക്കുന്നു. അഭിനന്ദനങ്ങള്‍.

-ഫര്‍ഹാന്‍ ബിന്‍ അഹ്മദ്, പാലക്കാട്


ചരിത്രപഥം പുസ്തകമാക്കണം

നേര്‍പഥത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഹുസൈന്‍ സലഫിയുടെ ചരിത്രപഥം ഓരോ പ്രവാചകന്റെതും കഴിയുന്ന മുറയ്ക്ക് കൊച്ചുപുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത് ഗുണകരമാവും. മറ്റു ചരിത്ര കഥനങ്ങളെ അപേക്ഷിച്ച് വ്യക്തവും ആധികാരികവുമാണ് പ്രസ്തുത കോളം. വാരികക്ക് അഭിനന്ദനങ്ങള്‍.

-അനീസ് തിരുവല്ല