എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

'ഞമ്മളെ നെയ്മറല്ലേ അത്?!'

ചില വാക്കുകള്‍ അങ്ങനെയാണ്. കേട്ട മാത്രയില്‍ സുചിന്തതയിലേക്ക് ആഴ്ന്നിറങ്ങാന്‍ വക നല്‍കും. സന്തോഷ പെരുന്നാളിന്റെ അനിവാര്യയാത്രക്കിടെ സഹ സഞ്ചാരിയായിരുന്ന മകള്‍ നാലരവയസ്സുകാരി പൊടുന്നനെ ഉരുവിട്ട വാക്കുകളാണത്!

െ്രെഡവിംഗിനിടെ ഒരു നിമിഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ബ്രസീല്‍ ഫ്‌ളക്‌സ് കാണുകയും ചെയ്തു. യാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

ക്രാന്തതയോടെ വണ്ടി നിയന്ത്രിക്കുന്നുവെങ്കിലും റോഡില്‍ നിന്നും മിന്നി മറയുന്ന ചുറ്റുപാടില്‍ നിന്നും എന്റെ ചിന്താമണ്ഡലം ഏറെ അകലം പാലിച്ചുകൊണ്ടിരുന്നു. ഒപ്പം അനേകം ചോദ്യങ്ങളും. കേവലം നാലര വയസ്സുകാരി എങ്ങനെ അത് പറഞ്ഞു? ആര് അവളെ പഠിപ്പിച്ചു? അവള്‍ക്കെന്ത് ഫുട്ബാള്‍? എന്ത് ടീം, എന്ത് നെയ്മര്‍?!

പരിസരത്തൊന്നും ടി.വിയില്ലാഞ്ഞിട്ടും, 'കളിഭ്രാന്തന്‍മാര്‍' വസിക്കാത്തൊരിടമായിട്ടും ഇത്ര കൃത്യമായി അവള്‍ ആ ഫോട്ടോയെ തിരിച്ചറിഞ്ഞത് എങ്ങനെ? ചോദ്യങ്ങള്‍ കുമിഞ്ഞ് കൂടി.

സഹോദരാ, ചുറ്റുപാടിനെ മോശമാക്കി സ്വതന്ത്ര സ്വപ്‌നങ്ങളെപ്പോലും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന മീഡിയകളുടെ ദുഃസ്വാധീനത്തിലേക്കാണ് നമ്മെയിത് കൊണ്ടെത്തിക്കുന്നത്.

നമ്മുടെ കാഴ്ചയിലും കേള്‍വിയിലും അനുഭവങ്ങളിലും നമ്മേക്കാളേറെ സ്വാതന്ത്ര്യം മീഡിയകള്‍ നേടിക്കഴിഞ്ഞു. അങ്ങനെയങ്ങനെ മാധ്യമ തമ്പ്രാക്കന്മാര്‍ രൂപകല്‍പന ചെയ്ത വളയത്തിലൂടെ മാത്രം ചാടേണ്ടുന്ന അധോഗതി വരികയും ചെയ്തു. ഒരു കളവ് നൂറാള് ഏറ്റുപറഞ്ഞാല്‍ സത്യമായി ഗണിക്കപ്പെടുന്ന ആധുനിക കാലത്ത് മീഡിയകള്‍ തടിച്ചുകൊഴുക്കുന്നത് സ്വാഭാവികം മാത്രം.

ജൂണ്‍ മാസത്തെ കുളിരുന്ന ദിനരാത്രങ്ങളില്‍ ലോകം മുഴുവന്‍ ഒരു പന്തില്‍ കേന്ദ്രീകരിക്കാനും പ്രത്യാശകളുടെ ചീട്ടുകൊട്ടാരത്തിലേറി, താങ്ങും തണലുമാവേണ്ട ആത്മബന്ധങ്ങളോട് പോലും വാക്‌പോരുകളിലേക്ക് വരെ നയിച്ചുകൊണ്ടിരിക്കുന്ന ഫുട്ബാള്‍ ജ്വരവും മാധ്യമങ്ങളുടെ പൊലിമയാര്‍ന്ന അവതരണത്തിന്റെ അനന്തരഫലംതന്നെ.

തങ്ങളുടെ വെള്ളത്തില്‍ കളി ക്യാമറയില്‍ പകര്‍ത്താന്‍ മൊബൈല്‍ ക്യാമറ പോസ് ചെയ്ത് വെച്ച് വെള്ളത്തിലിറങ്ങിയ മൂന്ന് യുവാക്കള്‍ അതേ ക്യാമറക്കു മുന്നില്‍ മുങ്ങി മരിക്കുന്നത് ഒപ്പിയെടുക്കേണ്ട ഗതികേടുള്ള 'മൊബൈലുകള്‍' ഉള്ള ഇക്കാലത്ത് മനുഷ്യന്‍ അകപ്പെട്ട ഊരാകുടുക്കുകള്‍ ഏതെല്ലാമാണെന്ന് അവനു തന്നെ അറിയില്ല.

 കളിയും വിനോദവും അനിവാര്യമാണന്ന ജൈവികബോധം മറന്നു കൊണ്ടല്ല ഈ കുറിപ്പ്. മറിച്ച് അധികമായാല്‍ അമൃതും വിഷമെന്ന സാമൂഹിക ബോധത്തില്‍ നിന്ന് മാത്രമാണ്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ കഴിയാത്ത വ്യക്തികള്‍ക്കും ചെന്നെത്താന്‍ കഴിയാത്ത രാജ്യത്തിനും വേണ്ടി ചിന്തയും സമയവും ചെലവഴിച്ച് സ്വയം നശിച്ചതുകൊണ്ടുള്ള ലാഭം എന്താണെന്ന് ഏത് സമവാക്യങ്ങള്‍ കൊണ്ട് കൂട്ടിയിട്ടും കിഴിച്ചിട്ടും കിട്ടുന്നില്ല.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് പ്രകൃതിക്ക് പോലും ശല്യമായ ഫ്‌ളക്‌സ് ഫൈറ്റിന് മുന്നില്‍ നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം സങ്കടകരമാണ്.

നിത്യവൃത്തിക്ക് വകയില്ലാത്തവനും കോടികള്‍ കൊണ്ട് അമ്മാനമാടുന്നവന്റെ കട്ടൗട്ട് നിര്‍മാണത്തില്‍ വ്യാപൃതനാണെങ്കില്‍ വിഡ്ഢി എന്ന വാക്കിന് പര്യായ പദം വേറെ തിരയേണ്ടതില്ല! യാഥാര്‍ഥ്യബോധത്തെ പരിഗണിക്കാത്ത ഇത്തരം വില കുറഞ്ഞ പരിപാടികള്‍ മലയാളക്കരയില്‍, വിശിഷ്യാ മലബാറില്‍ എങ്ങും കാണുന്നു. മീഡിയയാവട്ടെ ഈ പേക്കൂത്തുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാഥന്റെ വാക്കുകള്‍ എത്ര അന്വര്‍ഥം.

''യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.'' (ക്വുര്‍ആന്‍ 31:6)

-മുസ്‌ലിം ബിന്‍ ഹൈദര്‍