എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

വേലി വിള തിന്നരുതായിരുന്നു

-മുസ്‌ലിം ബിന്‍ ഹൈദര്‍

വിള വളരേണ്ടത് വിശപ്പുള്ളവന്റെ ആവശ്യമാണ്. അതിനാല്‍ ആവശ്യമായ പരിചരണവും സൂക്ഷ്മ സംരക്ഷണവും വിളക്കായി ഒരുക്കേണ്ടത് മാനവന്റെ നിലനില്‍പ്പിനാവശ്യമാണ്. വിള നശിച്ചാലും നശിപ്പിച്ചാലും കര്‍ഷകന് പ്രയാസമാണ്; അന്നമാവശ്യമുള്ളവരുടെ നിലനില്‍പ്പിന് ഭീഷണിയും. അതില്ലാതിരിക്കാനാണ് സുശക്തമായ വേലി കര്‍ഷകന്‍ ഒരുക്കുന്നത്.

എന്നാല്‍, നിഷ്‌കളങ്കനായ കര്‍ഷകന്‍ സ്വപ്‌നത്തില്‍ പോലും കരുതാത്തതാണ് വെള്ളവും വളവും ഒപ്പം അധ്വാനവും സമം ചേര്‍ത്ത് വളര്‍ത്തി വലുതാക്കിയ വിളയെ അതിന് സംരക്ഷണമൊരുക്കുന്ന വേലി തന്നെ തിന്നുതീര്‍ത്ത് നാശത്തിലാക്കുമെന്ന ക്രൂരസത്യം!

രാജ്യത്തെ ലജ്ജിപ്പിച്ച ബുലന്ദ്ശഹര്‍ കലാപത്തിന്റെ അണിയറ ശില്‍പികളെ കുറിച്ചുള്ള അന്വേഷണ ചുരുളുകള്‍ നാള്‍ക്കുനാള്‍ അഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ രംഗത്ത് തെളിയുന്ന ജീട്ടു ഫൗജി എന്ന സൈനികന്റ പങ്ക്, നടന്ന അക്രമത്തിന്റെയും സമ്മാനിച്ച വേദനകളുടെയും വ്യാപ്തിയും വേദനയും വര്‍ധിപ്പിക്കുകയാണ്.

അരുതായ്മകള്‍ക്ക് അറുതി വരുത്താന്‍ തന്നാലാവുന്നത് ചെയ്യാന്‍ ദേഹത്തോടും ദേശത്തോടും കൂറുള്ള ഒരു പോലീസ് ഓഫീസര്‍ മുന്നിട്ടിറങ്ങുമെന്നത് യാഥാര്‍ഥ്യം. തന്റെ ദൗത്യനിര്‍വഹണത്തിനിടെ ഒരുപക്ഷേ ജീട്ടു ഫൗജിയെ കണ്ടപ്പോള്‍ സുബോധ് സാര്‍ സന്തോഷിച്ചു കാണും. തന്നോടൊപ്പം അക്രമികളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സൈനികനായ അദ്ദേഹം ചേരുമെന്ന ആശ്വാസ ചിന്ത കൊണ്ട്...

പക്ഷെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന വിരുതന്റെ റോളാണ് ജീട്ടു ഏറ്റെടുത്തത്. ലഭ്യമായ തെളിവുകളില്‍ പ്രബലമായത് സുബോധ് കുമാര്‍ സിംഗിന് നേരെ വെടിയുതിര്‍ത്തതും അദ്ദേഹത്തിന്റെ ജീവനെടുത്തതും എല്ലാവര്‍ക്കും സംരക്ഷണമേകുമെന്ന് ധരിച്ചിരുന്ന ജീട്ടു ഫൗജിയുടെ കരങ്ങളിലേന്തിയ തോക്കില്‍ നിന്നുള്ള ഉണ്ട കൊണ്ടായിരുന്നു. 

കലാപങ്ങളില്‍ പരിക്ക് പറ്റുകയും ഹേമന്ദ് കര്‍ക്കറെ പോലുള്ള ഉന്നത പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരുകാലത്തും സങ്കടം വിട്ടുമാറാത്ത സംഭവമായി സുബോധ് കുമാര്‍ സിംഗിന്റെ മരണം ഇന്ത്യന്‍ ചരിത്രങ്ങളില്‍ രേഖപ്പെടും. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുള്ളത് കൊണ്ട് കുറ്റവാളികള്‍ക്ക് അര്‍ഹമായത് കിട്ടുമെന്ന് പ്രതീക്ഷിക്കാം.

സമൃദ്ധമായ വിളകള്‍ക്കിടയില്‍ ഇത്തരം കളകള്‍ ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. 


'കിത്താബി'നെ കാത്തിരിക്കുന്നവരോട്

-ഷെന്‍ഹ തുവ്വക്കാട്

'വാങ്കും കിത്താബും' വിപ്ലവക്കുട്ടികള്‍ കണ്ട ഭരണഘടനയും എന്ന ഡിസംബര്‍ ആദ്യലക്കത്തിലെ നേര്‍പഥം കവര്‍‌സ്റ്റോറി അവസരോചിതമായി, എന്ന് മാത്രമല്ല പ്രവചന സ്വഭാവമുള്ളത് കൂടിയായി. നേര്‍പഥം പ്രസ്തുത വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പേ തന്നെ വിവാദത്തിന് തിരി കൊളുത്തിക്കഴിഞ്ഞിരുന്നുവെങ്കിലും അത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തിരുന്നില്ല. 

എന്നാല്‍ സംസ്ഥാന യുവജനോത്സവത്തോടെ ഇസ്‌ലാം വിമര്‍ശനത്തിന്റെ പേറ്റെന്റ് സ്വയമേറ്റെടുത്തു എന്ന് മാത്രമല്ല അതിന് നാടൊട്ടുക്കും സ്റ്റേജ് കെട്ടിക്കൊടുക്കാനുള്ള സന്നദ്ധത കൂടി പാര്‍ട്ടി പ്രകടിപ്പിച്ചു കഴിഞ്ഞു. അര്‍ഥരഹിതമായ മത ഭത്സനങ്ങള്‍ കൊണ്ട് മലിനമായ പ്രസ്തുത നാടകത്തെ ജാതി മത സംഘടനകള്‍ കക്ഷി വ്യത്യാസമില്ലാതെ എതിര്‍ക്കുമ്പോഴും തങ്ങളുടെ മുയലിന്റെ മൂന്ന് കൊമ്പുകള്‍ തടവി സായൂജ്യമടയുകയാണ് 'വിപ്ലവക്കുട്ടികള്‍'.

നാടക ബഹിഷ്‌കരണം അസഹിഷ്ണുതയാണെന്ന് ആണയിടുന്ന സംഘടനാനേതാക്കളുടെ സഹിഷ്ണുതയുടെ ആഴം ബോധ്യപ്പെടണമെങ്കില്‍ സ്വന്തം ആചാര്യനായ എ.കെ ഗോപാലന്റെ ഒളിജീവിതമോ സൈദ്ധാന്തികാചാര്യന്റെ വെപ്പാട്ടി സ്‌നേഹമോ നാടകരൂപത്തിലേക്കൊന്ന് മാറ്റിയാല്‍ മതിയാവും.