എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മാര്‍ച്ച് 24 1439 റജബ് 06

യുക്തിയിലാത്ത യുക്തിവാദം

'നേര്‍പഥം' ലക്കം 61ല്‍ യുക്തിവാദത്തിന്റ ബാലിശതകളെപ്പറ്റി അബ്ദുല്ല ബാസില്‍ എഴുതിയ ലേഖനം കാലികപ്രസക്തവും പഠനാര്‍ഹവുമായിരുന്നു. മതവിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ മതത്തെ സംബന്ധിച്ച് സംശയത്തിന്റെ വിത്തെറിഞ്ഞ് യുക്തിവാദത്തെയും നിരീശ്വരവാദത്തെയും മുളപ്പിച്ചെടുക്കുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണിന്ന് കേരളത്തിലെ വിവിധ യുക്തിവാദി ഗ്രൂപ്പുകാര്‍.

''പ്രപഞ്ചത്തില്‍ മനുഷ്യന് ആവശ്യമുള്ളതും അല്ലാത്തതുമായ വസ്തുക്കളുണ്ട് എന്നിരിക്കെ പിന്നെ എങ്ങനെയാണ് 'ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു' എന്ന ക്വുര്‍ആന്‍ പരാമര്‍ശം ശരിയാവുക'' എന്ന് മുസ്‌ലിം നാമധാരിയായ ഒരു യുക്തിവാദി ഒരിക്കല്‍ ഈയുള്ളവനോട് ചോദിച്ചതായി ഓര്‍ക്കുന്നു. 

യഥാര്‍ഥത്തില്‍ ഇത്തരം ഒരു ചോദ്യം അപക്വമായ യുക്തിബോധത്തിന്റെയും ശാസ്ത്രീയ വിജ്ഞാനത്തിന്റെ പരിമിതിയുടെയും പ്രതിഫലനമാണ്. കാരണം പ്രപഞ്ചത്തിലെ അചേതന സചേതന വസ്തുക്കളും സൂക്ഷ്മ സ്ഥൂലഘടനകളും തമ്മില്‍ ശാസ്ത്രനിഷ്ഠമായ ഒരു യുക്തിബന്ധം നിലനില്‍ക്കുന്നുണ്ട് എന്നു കാണാന്‍ പ്രയാസമില്ല. പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു തോന്നിക്കുന്ന വസ്തുക്കള്‍ക്കു തമ്മില്‍ പരോക്ഷമായ നിലയില്‍ ഉപകാരങ്ങള്‍ അടങ്ങിയതായും ശാസ്ത്രീയ പഠനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രാധിഷ്ഠിതമായ വിശകലനത്തിലൂടെ മനുഷ്യന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ അനേകം സത്യങ്ങളടങ്ങിയിട്ടുള്ള ഒരു വലിയ പുസ്തകമാണ് ഈ പ്രപഞ്ചമെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. 

പ്രപഞ്ചം ഉള്‍ക്കൊള്ളുന്നതും പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങളില്‍ പ്രതിഫലിക്കുന്നതുമായ സഹജഗുണങ്ങളും സ്വഭാവങ്ങളും അവയുടെ അടിത്തറയായി വര്‍ത്തിക്കുന്ന ശാസ്ത്രീയവും യുക്തിപരവുമായ നിര്‍വചനങ്ങളുമാണ് മനുഷ്യധിഷണയെയും ചിന്തയെയും ബാധിക്കുന്ന സുപ്രധാനമായ വിശ്വാസനിര്‍ണയങ്ങള്‍ക്കു പാശ്ചാത്തലമായി ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്. സൃഷ്ടിപ്പിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്വുര്‍ആനില്‍ പരാമര്‍ശിക്കുന്നത് വിശ്വാസത്തിന്റെ സാധൂകരണത്തിന് സത്യാന്വേഷകര്‍ അവലംബിക്കേണ്ടതുണ്ട്. പ്രപഞ്ചത്തെയും പ്രകൃതിയെയും പ്രാപഞ്ചിക പ്രകൃതി പ്രതിഭാസങ്ങളെയും സംബന്ധിച്ച് ക്വുര്‍ആനിലുള്ള പരാമര്‍ശങ്ങള്‍ മേല്‍പറഞ്ഞ ആശയതലത്തില്‍ നിന്നുകൊണ്ട് വിശകലനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും വിധേയമാക്കപ്പെടേണ്ടതുണ്ട്.  

-അബൂയാസിര്‍, കൈപമംഗലം


നിയമപഥം

ഈയിടെ തുടങ്ങിയ 'നിയമപഥം' പംക്തി ഏറെ ഉപകാരപ്രദമാണ്. ഏതൊരു പൗരനും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലളിതമായി വിവരിക്കുന്ന ശൈലി ആകര്‍ഷകമാണ്. കെട്ടിലും മട്ടിലും 'നേര്‍പഥം' മികച്ചു നില്‍ക്കുന്നു. അഭിനന്ദങ്ങള്‍.

-സല്‍വാ അന്‍വര്‍, ഷൊര്‍ണൂര്‍


മുഖം നോക്കാത്ത മുഖമൊഴി

'നേര്‍പഥം' ഓരോ ലക്കത്തിലെയും മുഖമൊഴി പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വിളിച്ചോതുന്നവയാണ്. കഴിഞ്ഞ ലക്കത്തിലെ 'മറുകണ്ടം ചാടുന്ന മതലയന വാദികള്‍' എന്ന തലക്കെട്ടില്‍ വന്ന മുഖമൊഴി മതത്തെ തൊലിയുരിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ തൊലിയുരിക്കുന്ന വിധത്തില്‍ മൂര്‍ച്ചയേറിയതായിരുന്നു. 

ഇതര മതസ്ഥരുമായി മൈത്രീബന്ധം പുലര്‍ത്തുവാനും അവരുടെ സഹായസഹകരണങ്ങള്‍ ലഭ്യമാകാനും തങ്ങളുടെ വിശ്വാസാദര്‍ശങ്ങളെ ബലികഴിക്കേണ്ടതുണ്ടെന്ന ചിന്താഗതി സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത് കാണാതിരിക്കാനാവില്ല. ഇത് വലിയ വിപത്തിലേക്കാണ് നയിക്കുക എന്നതില്‍ സംശയമില്ല.

-അഫ്ല്‍ ഹുസൈന്‍ പി.പി, മേലാറ്റൂര്‍

0
0
0
s2sdefault