എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

നന്മയാണഖില സാരമൂഴിയിലുമാവശ്യം

നന്മക്ക് എന്നും പത്തരമാറ്റാണ്. കാണാനും കേള്‍ക്കാനും ചെയ്യാനും ചെയ്യിക്കാനും ഏറ്റവും ഉത്തമം നന്മ തന്നെ.

''അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം. എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്.'' (ക്വുര്‍ആന്‍ 2:83).

നന്മക്കുവേണ്ടിയുള്ള ദൈവാഹ്വാനം വിശുദ്ധ വേദങ്ങളിലെല്ലാം നിറഞ്ഞ് നില്‍ക്കുന്നതായി കാണാം. അത് ഉപകരിക്കാത്ത ഒരിടവുമില്ലന്നര്‍ഥം.

'പറയുകയാണങ്കില്‍ നല്ലത് പറയട്ടെ, അല്ലങ്കില്‍ മിണ്ടാതിരിക്കട്ടെ' എന്ന നബിവചനം പ്രവൃത്തിപഥത്തില്‍ കൊണ്ട് വരുന്നവര്‍ക്ക് അനിര്‍വചനീയ സമാധാനവും കര്‍മ മണ്ഡലങ്ങളില്‍ പ്രതിഫലനങ്ങളും ദര്‍ശിക്കാം.

കഴിഞ്ഞ ദിവസം സമയം രാത്രി 11.30. ഒരു ലേസര്‍ പ്രിന്റിംഗ് കടയാണ് വേദി. നേരം പുലര്‍ന്നാല്‍ നടക്കുന്ന സുഹൃത്തിന്റെ വിവാഹത്തിന് ന്യൂ ജനറേഷന്‍ ആശംസാ കാര്‍ഡ് തയ്യാറാക്കുകയാണ് അല്‍പം 'മുടി'യന്‍മാരായ പുത്രന്‍മാര്‍.

ഒറ്റ നോട്ടത്തില്‍ ആര്‍ക്കും സംസ്‌കാരം അളക്കാവുന്ന വാചകങ്ങളാണ് നെയ്ത് ഒപ്പിച്ചു കൊണ്ടിരിക്കുന്നത്. ആശംസാ കാര്‍ഡിന്റെ അവസാന വാക്കായി മോണിറ്ററില്‍ ഇങ്ങനെ തെളിഞ്ഞു: 'എന്ന്, സ്വന്തം കൂതറ ഫാന്‍സ്.'

ജീവിതത്തില്‍ ആദ്യമായി കണ്ട ഒരു പറ്റം യുവാക്കള്‍. എവിടെ തുടങ്ങണമെന്നറിയാതെ അല്‍പസമയം ശങ്കിച്ചു നിന്നു. പിന്നെ രണ്ടും കല്‍പിച്ച്...

'സഹോദരങ്ങളേ, ആദ്യ വരികള്‍ ആര്‍ക്കും സന്തോഷം സമ്മാനിക്കില്ലെങ്കിലും സങ്കടം സമ്മാനിക്കും. അവസാന വരികളാവട്ടെ അല്‍പമാളുകളുടെ കണ്ണെങ്കിലും നനക്കാതിരിക്കില്ല. 'സന്തോഷക്കല്യാണ'ത്തിന് സങ്കടം സമ്മാനിക്കുന്നത് ഉചിതമാണങ്കില്‍ ആ വരികള്‍ ഒന്നു കൂടെ തെളിച്ചത്തില്‍ നല്‍കുക. മറിച്ചാണങ്കില്‍ ഈ അക്ഷരക്കൂട്ടങ്ങളെ അടിമുടി മാറ്റണ'മെന്ന സംസാരം, അവരെ ഒരല്‍പം മാറി നിന്ന് കൂടിയാലോചനയിലേക്കും മാന്യമായ അക്ഷര അച്ചിലേക്കും നയിച്ചത് ഉറക്കം തൂങ്ങിയ കണ്ണുകള്‍ കൊണ്ട് കാണാനായത് സംതൃപ്തി സമ്മാനിച്ചു.

സംസാരം മറ്റൊരാംഗിളിലായിരുന്നെങ്കില്‍ ആ കാര്‍ഡിന് പുതുജീവന്‍ നഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോഴും നിഴലിച്ച് നില്‍ക്കുന്നത് നന്മയുടെ വെണ്‍മ തന്നെ.

-മുസ്‌ലിം ബിന്‍ ഹൈദര്‍


വര്‍ഗീയവിരുദ്ധരെ വര്‍ഗീയവാദികളാക്കരുത്

വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ, കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വര്‍ഗീയാരോപണം ഉന്നയിക്കുന്നത് സങ്കടകരമാണ്. യഥാര്‍ഥ വര്‍ഗീയവാദികള്‍ രക്ഷപ്പെടാനും അതുവഴി വര്‍ഗീയതക്ക് വളംവെക്കാനും മാത്രമേ ഇത്തരം നീച ആരോപണങ്ങള്‍ ഉപകരിക്കൂ എന്ന് മനസ്സിലാക്കി, കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു.

-സത്താര്‍ ചെനക്കല്‍