എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

പ്രണയിച്ചില്ലെങ്കില്‍ പ്രശ്‌നമോ?

ആധുനിക യുവതലമുറ പ്രണയത്തിന്റെ പിന്നാലെയാണിന്ന്. പ്രണയിക്കാത്തവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതുന്നവരുള്ള കാലം. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം തെല്ലൊന്നുമല്ല നമ്മുടെ സംസ്‌കാരത്തെ മലീമസമാക്കിയിട്ടുള്ളത്. വെറും പ്രണയമല്ല; മാംസനിബദ്ധമായ പ്രണയം. പ്രണയിക്കുന്നവര്‍ക്കായി 'വാലന്റൈന്‍സ് ഡേ' എന്ന പേരില്‍ ആഘോഷിക്കുവാനും സമ്മാനങ്ങള്‍ കൈമാറുവാനും ഒരു ദിവസവും കണ്ടെത്തിയിരിക്കുന്നു! 

ഇസ്‌ലാം ഇതിനൊന്നും  എതിരല്ല എന്ന് പലരും കരുതുന്നുണ്ട്. വിവാഹത്തിനു മുമ്പുള്ള അന്യ സ്ത്രീ-പുരുഷ പ്രണയം ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രണയത്തെ ദിവ്യവല്‍ക്കരിക്കുവാന്‍ വേണ്ടി പലരും ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് തെളിവ് കണ്ടെത്തുവാന്‍ ശ്രമിച്ചിട്ടുമുണ്ട്. ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതൊക്കെ പാഴ്ശ്രമമാണ് എന്നതാണ് വസ്തുത.

- അറഫാത്ത്


ഇസ്‌ലാമിന്റെ മിതത്വം

ഏതിലും മധ്യമ നിലപാട് പുലര്‍ത്തുന്ന മതമാണ് ഇസ്‌ലാം. ജീര്‍ണവും തീവ്രവുമായ യാതൊരുവിധ സമീപനങ്ങളും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആരാധനാ കാര്യങ്ങളിലായാലും വിശ്വാസ കാര്യങ്ങളിലായാലും തീവ്ര നിലപാടുകളില്‍ ഇതു തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്.

''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി...'' (ക്വുര്‍ആന്‍ 2:143).

ഇതര ജനവിഭാഗങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് മുസ്‌ലിംകള്‍ എന്നര്‍ഥം. സകല നന്മകളുടെയും സല്‍കര്‍മങ്ങളുടെയും വിളനിലമായി മുസ്‌ലിംകള്‍ നിലകൊള്ളുമ്പോള്‍, തീവ്രമായ ചിന്താഗതികളും പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന് അന്യമാണെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുമ്പോള്‍ ഉത്തമ സമൂഹമായി മാറുമെന്ന് മാത്രല്ല അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.

-അബ്ദുല്‍ റഊഫ് എസ്.എസ്, തിരുവനന്തപുരം


പാരന്റിംഗ് നിലവാരം പുലര്‍ത്തുന്നു

പാരന്റിംഗുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഏറെ പഠനാര്‍ഹവും ചിന്തനീയവുമായിരുന്നു. മുഹമ്മദ്‌നബില കൊച്ചുമക്കളെ ലാളിച്ചതും സ്‌നേഹിച്ചതും അംഗീകരിച്ചതുമൊക്കെ സോദാഹരണം വിവരിച്ചത് പുതിയ ഒരറിവായിരുന്നു. ഇത്രയും ഉദാത്തമായ പാരന്റിംഗ് മാതൃക ലോകത്തിന് സമ്മാനിച്ച മറ്റാരാണുള്ളത്? 

'ന്യൂ ജനറേഷന്‍' എന്ന് വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന ആധുനിക മക്കളെ വളര്‍ത്തുവാനും നേര്‍വഴിയിലാക്കുവാനും പെടാപാട് പെടുകയാണ് മാതാപിതാക്കള്‍. പ്രവാചകന്‍ കാണിച്ചുതന്ന മാതൃക പിന്‍പറ്റിയാല്‍ മാത്രം മതി ഉത്തമമായ ഒരുതലമുറയുടെ സൃഷ്ടിക്ക് എന്ന കാര്യത്തില്‍ സംശയമില്ല. നേര്‍വഴി കാണിക്കുന്ന 'നേര്‍പഥ'ത്തിന് ഭാവുകങ്ങള്‍.

-ഉമ്മുഅശ്ഫാഖ്, കൊളത്തറ


അതിരുവിടുന്ന പ്രാര്‍ഥന

പ്രാര്‍ഥനയെ സംബന്ധിച്ച് ലക്കം 52ല്‍ ഫൈസല്‍ പുതുപ്പറമ്പ് എഴുതിയ ലേഖനം വളരെ ഉപകാരപ്രദമായിരുന്നു. അറിയാത്തതും അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ പോകുന്നതുമായ കുറെ കാര്യങ്ങളില്‍ അത് വെളിച്ചം നല്‍കി. 'നേരം പുലരുവോളം നിസ്‌കരിക്കാന്‍ തീരുമാനമെടുത്തവനും കൊല്ലം മുഴുവന്‍ നോമ്പെടുക്കാന്‍ തീരുമാനിച്ചവനും വിവാഹം പോലും കഴിക്കാതെ ആരാധനയില്‍ തന്നെ മുഴുകാന്‍ തീരുമാനിച്ചവനുമെല്ലാം പ്രവാചകന്‍ല നല്‍കിയ താക്കീത് വളരെ ഗൗരവമേറിയതായിരുന്നു. 

ഇതൊന്നും എന്റെ ചര്യയല്ലെന്നും എന്റെ ചര്യയെ താല്‍പര്യപ്പെടാത്തവന്‍ എന്നില്‍ പെട്ടവനല്ലെന്നുമായിരുന്നു പ്രവാചക പ്രതികരണം. ആരാധനയില്‍ പോലും അതിരുവിടാന്‍ പാടില്ലെന്ന ഇസ്‌ലാമിന്റെ അധ്യാപനം എത്ര പ്രസക്തം!

-അന്‍വര്‍ പി.പി കൊണ്ടോട്ടി