എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 മെയ് 12 1439 ശഅബാന്‍ 26

സൗദി വായനയിലൂടെ ബോധ്യപ്പെട്ടത്

സൗദി ഗവണ്‍മെന്റിനെ കുറിച്ചും അവിടുത്തെ കിരീടാവകാശി മുഹമ്മദ്ബ്‌നു സല്‍മാന്‍ രാജാവിന്റെ നയനിലപാടുകളെ കുറിച്ചും അടുത്തിടെ നിരന്തരമായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് നേര്‍പഥത്തിലെ ലേഖനം

മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യേക കോളത്തില്‍ പ്രസിദ്ധീകരിക്കാറുള്ളത് എന്ന് നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാം. സൗദി 'പുരോഗമന'ത്തിന്റെ പാതയില്‍ എന്ന വിധത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലെ ഒളിയജണ്ടകള്‍ തിരിച്ചറിയാതെ പോകരുത്. സൗദി വിമര്‍ശനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളെ കൂടി ഉള്‍ക്കൊള്ളുമെന്ന മിഥ്യാ ധാരണയാണ് അവരെ ഭരിക്കുന്നത്. ബോധപൂര്‍വമുള്ള ഈ മാധ്യമ ഇടപെടലുകളുടെ വക്താക്കളെയും അവരുടെ പ്രസിദ്ധീകരണങ്ങളെയും വിശ്വാസികള്‍ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

സൗദിയുടെ ചരിത്രത്തെ കുറിച്ചുള്ള ലേഖകന്റെ വിവരണത്തോടൊപ്പം അല്‍പം കൂടി കാര്യങ്ങള്‍ വിശദീകരിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. ഉദാഹരണത്തിന് 2021 ആകുമ്പോഴേക്കും 2000 സിനിമാ തിയേറ്ററുകള്‍ ആരംഭിക്കുമെന്നും മറ്റുമുള്ള മര്‍മപ്രധാനമായ കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അതോടൊപ്പം ആധുനിക സമൂഹത്തില്‍ ഭരണം നടത്തുന്ന ഭരണാധികാരികള്‍ എന്ന നിലയില്‍ എടുക്കുന്ന നിലപാടുകളെ ആയൊരു പരിപ്രേഷ്യത്തില്‍ വിശദീകരിക്കേണ്ടതുണ്ടെന്ന ഇസ്‌ലാമിക പണ്ഡിതന്മാരുടെ മതവിധികള്‍ ഇത്തരം കാര്യങ്ങളില്‍ ബാധകമാവുമോ എന്ന കാര്യവും പര്യാലോചിക്കേണ്ടതുണ്ട്.  

ഇരുഹറമുകളുടെയും സംരക്ഷര്‍ എന്ന നിലയില്‍ പ്രസ്തുത ഭരണാധികാരികള്‍ക്ക് നീതിപൂര്‍വം ഭരണം നടത്താനും ഏത് സാഹചര്യത്തിലും ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാനുമുള്ള ധൈര്യവും സ്ഥൈര്യവും അല്ലാഹു നല്‍കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

-നൗഫല്‍ പുത്തനത്താണി


കഫീല്‍ ഖാന്മാര്‍ ഇനി സൃഷ്ടിക്കപ്പെടരുത്

ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകള്‍ ചുമത്തി ഏഴ് മാസത്തോളം ജയിലിലടക്കപ്പെട്ട ഡോക്ടര്‍ കഫീല്‍ ഖാന്റെ അനുഭവം ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്നതാണ്.

ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. മരണനിരക്ക് കൂടാതിരിക്കാന്‍ കഫീല്‍ ഖാന്റെ സമയോചിത ഇടപെടലാണ് ഗുണകരമായത്. എന്നാല്‍ കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ അഭിനന്ദിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തത്. കഫീന്‍ ഖാനെ യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

ഭരണകൂടവും ഭരണീയരും എന്തു ചെയ്താലും അത് ന്യായീകരിക്കപ്പെടുന്ന അവസ്ഥ ഇല്ലാതെയാവണം. കഫീല്‍ ഖാന് ഏഴ് മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചു എന്നത് നേര് തന്നെ, എന്നാല്‍ കര്‍ത്തവ്യനിരതനായ ഒരു ഡോക്ടറുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യാന്‍ കാരണമായവര്‍ യാതൊരു പ്രശ്‌നവുമില്ലാതെ പൊതുസമൂഹത്തില്‍ ജീവിക്കുന്നു. ജുഡീഷ്യറി ഇത് അനുവദിക്കാന്‍ പാടില്ല. നിരപരാധികള്‍ രക്ഷപ്പെട്ടാല്‍ മാത്രം പോരാ, അപരാധികള്‍ ശിക്ഷിക്കപ്പെടുകയും വേണം. അപ്പോഴേ പൂര്‍ണമായും നീതി പുലരൂ.

-ആദില്‍